സീമ എന്ന സാമുവേൽ മാത്യു (Seema, The Samuel Mathew) A Mini Story

No Comments

"സാമുവേൽ മാത്യു"
തന്റെ ജീവിത സപര്യയിൽ നാളിതുവരെ ഇത്രയധികം ആത്മാർഥതയോടെ താൻ ആരേയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?  
Image Credit: Google.com
അങ്ങനെ മറ്റൊരു വ്യക്തിയേ തനിക്കു കണ്ടെത്താനും നാളിതുവരെ കഴിഞ്ഞിട്ടില്ലല്ലോ!

അല്ല അങ്ങനെ ഒരു വ്യക്തി ഉണ്ടോ!

അയാൾ വീണ്ടും വീണ്ടും ഓർത്തു.

ഇല്ല സാമുവേൽ മാത്യുവിനു പകരം സാമുവേൽ മാത്യു മാത്രം. 

സാമുവേൽ മാത്യുവിന്റ് സ്ഥാനത്തു മറ്റൊരാളെ സ്ഥാപിക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ല.

ആ പഴയ കാലങ്ങളിലേക്ക് തന്റെ ചിന്തകൾ വീണ്ടും  ഊളിയിട്ടു.

ഒരേ ബെഞ്ചിൽ തോളോടു തോളുരുമ്മിയിരുന്ന ആ സുന്ദര ദിനങ്ങൾ.

കൊച്ചു കൊച്ചു കാര്യങ്ങൾക്ക് പോലും വെറുതെ ഒരു രസത്തിനു വേണ്ടി വഴക്കിട്ട നാളുകൾ.

എത്ര പിണങ്ങിയാലും വേഗത്തിൽ അടുക്കുന്ന ഒരു പ്രകൃതിക്ക് ഉടമായായിരുന്നു സാമുവേൽ മാത്യു.

സ്കൂളിനു അടുത്ത വീടായിരുന്നതിനാൽ മിക്കപ്പോഴും അയാൾ തന്നെയായിരുന്നു ആദ്യം സ്കൂളിൽ എത്തുക. പക്ഷെ സാമുവേൽ മാത്യുവിന്റ് വീട് സ്കൂളിൽ നിന്നും കുറെ അകെലെയായതിനാൽ പലപ്പോഴും താൻ വരുന്നതും നോക്കി അയാൾ ഗയിറ്റിങ്കൽ തന്നെ നിൽക്കുമായിരുന്നു. സാമുവേൽ മാത്യു വന്ന ശേഷം അവർ ഒരുമിച്ചു മാത്രമേ ക്ലാസ്സിലേക്ക് കയറിയിരുന്നുള്ളൂ. അത്രമാത്രം ആത്മ ബന്ധം അവർ തമ്മിൽ ഉണ്ടായിരുന്നു.

തികച്ചും ഒരു സാധു ആയിരുന്നു സാമുവേൽ മാത്യു.  അയാൾ അവനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു.  തന്റെ ശബ്ദത്തിനു പോലും ഒരു മൃദുത്വം അനുഭവപ്പെട്ടിരുന്നു.  അത് വളരെ സത്യവും ആയിരുന്നു, കാരണം തന്റെ ശബ്ദം ഒരു പുരുഷന്റെ ശബ്ദം അല്ലായിരുന്നതു തന്നെ!

ഒരു സ്ത്രീ ശബ്ദം പോലെ തികച്ചും മൃദുവും കർണ്ണാനന്ദകരവുമായ ഒരു ശബ്ദത്തിനു ഉടമയായിരുന്നു സാമുവേൽ മാത്യു.

ക്ലാസ്സിലെ ചില കുസൃതികൾ സാമുവേൽ മാത്യുവിനെ "പെണ്ണ്" എന്നു കളിയാക്കി വിളിക്കുന്നതിനും മടി കാട്ടിയിരുന്നില്ല.

അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, കാരണം ഒരു പെണ്ണിനുള്ള മിക്ക ഗുണങ്ങളും തന്നിൽ കണ്ടിരുന്നു.
തന്റെ ശബ്ദത്തിനു മാത്രമല്ല തന്റെ നടത്തം, മറ്റു ചലനങ്ങൾ ഇവയിൽ എല്ലാ സ്ത്രീത്വത്തിന്റെ ഒരു വകഭേദം വളരെ വ്യക്തമായി സാമുവേൽ മാത്യുവിൽ ദൃശ്യമായിരുന്നു.

സാമുവേൽ മാത്യു അയാളെ വിളിച്ചിരുന്നത്‌ "കുഞ്ഞേ" എന്നായിരുന്നു. മറിച്ചു അയാൾക്ക്‌ അവനെ എന്തു വിളിക്കണം എന്ന പ്രതിസന്ധിയിലും.  

ഒരു ദിവസം അയാൾ അതു ചോദിക്കാനും മടിച്ചില്ല 

"സാംകുട്ടി എനിക്കിനി നിന്നേ സാംകുട്ടീന്നു വിളിക്കാൻ വയ്യാ, പകരം ഞാൻ നിന്നെ 'സീമേ' എന്നു' വിളിച്ചോട്ടെ! 
അതായത് നിന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ, അതായത് സാമുവേലിന്റെ "സാ" യും മാത്യുവിന്റ്  "മ" യും ചേർന്നുള്ള രൂപം "സീമ"

അല്പം ദേക്ഷ്യത്തിലുള്ള ഒരു നോട്ടമായിരുന്നു അയാൾക്കതിനു ലഭിച്ച പ്രതികരണം.

നാളിതുവരെ ദേഷ്യത്തിൽ ഒന്നും പറയുകയോ നോക്കുകയോ പോലും ചെയ്യാത്ത സാമുവേൽ മാത്യുവിന്റെ നോട്ടം അയാളെ കൂടുതൽ അസ്വസ്ഥനാക്കി.

ആ നോട്ടത്തിനു മുന്നിൽ അയാൾ ശരിക്കും ചൂളിപ്പോയി.
എങ്കിലും സാംകുട്ടി അത് വലിയ കാര്യമാക്കിയില്ല എന്ന് പിന്നീടുള്ള സാമുവേൽ മാത്യുവിന്റെ പെരുമാറ്റത്തിലൂടെ അയാൾക്ക്‌ മനസ്സിലായി.

അങ്ങനെ നീണ്ട നാളുകൾ അവർ പിരിച്ചു മാറ്റാൻ പറ്റാത്ത വിധം നല്ല സുഹൃത്തുക്കളായി മുന്നോട്ടു പോയി.

അത് സുഹൃത്തുക്കളിൽ പലർക്കും അസൂയക്കു വക നൽകി.
അങ്ങനെ അവരെ രണ്ടു പേരേയും ചേർത്ത് പല കഥകളും മെനയുവാൻ മറ്റു കുട്ടികൾ മടിച്ചില്ല.

കൂട്ടത്തിൽ ചില കൊമ്പൻമാർ  "കൊച്ചു പെണ്ണിനൊരു ആണ്‍ തുണ", "നല്ല ജോഡികൾ തന്നെ",  "മെയിഡ് ഫോർ ഈച്ച്തർ" എന്നിങ്ങനെ പലതും പറയുവാൻ തുടങ്ങി. 
ആദ്യം അയാൾക്കതൽപ്പം ദുഃഖം ഉളവാക്കിയെങ്കിലും സാംകുട്ടിയുടെ സ്വാന്തന വാക്കുകൾ തനിക്കു കരുത്തേകി.
"കുഞ്ഞു എന്തിനു വിഷമിക്കണം പറയുന്നവർ പറയട്ടെ, നമ്മുടെ സുഹൃദ് ബന്ധം നമുക്കല്ലേ അറിയൂ"  എന്നിങ്ങനെ പറഞ്ഞു പുറത്തു തട്ടി സാമുവേൽ മാത്യു അയാളെ ആശ്വസിപ്പിച്ചു.

ആ സ്വാന്തന വാക്കുകൾ അയാൾക്ക്‌ ബലമേകിയെങ്കിലും തന്റെ ഉള്ളിന്റെ ഉള്ളിൽ സാം കുട്ടിയോടുള്ള സ്നേഹത്തിനു മറ്റൊരു മുള പൊട്ടി മുളക്കുന്നതു പോലൊരു തോന്നൽ ഉടലെടുക്കുകയും ചെയ്തു.

ചുരുക്കത്തിൽ 'സീമയായി ത്തന്നെ സാമുവേൽ മാത്യുവിനെ അയാൾ  കാണാൻ തുടങ്ങി.

ഒരിക്കൽ അയാൾ അങ്ങനെ വിളിക്കുകയും ചെയ്തു.

അതിനും രൂക്ഷമായ ഒരു നോട്ടം മാത്രം സാമുവേൽ മാത്യുവിൽ  നിന്നും ഉണ്ടായുള്ളൂ.

അന്നും പതിവ് പോലെ സ്കൂൾ വിട്ടു ബൈ പറഞ്ഞു ഇരുവരും തങ്ങളുടെ വീടുകളിലേക്കു മടങ്ങി.

അതിൽ പിന്നെ സാമുവേൽ മാത്യു സ്കൂളിൽ വന്നില്ല.

അതിനടുത്ത ദിവസവും അവൻ വന്നില്ല. 

ദിവസങ്ങൾ മാസങ്ങൾ കടന്നു പോയി.

സാമുവേൽ മാത്യുവിന്റെ ഒരു വിവരവും ഇല്ല.

സ്കൂളിൽ നിന്നും വളരെ അകലെയായ തന്റെ വീട്ടിലെത്താൻ ഒരു വഴിയും അയാൾക്ക്‌ കണ്ടെത്താനായില്ല.

ആരോട് ചോദിക്കാൻ.

ഒരു ദിവസം പോലും സാമുവേൽ മാത്യുവിനെ കണ്ടില്ലങ്കിൽ ഉറക്കം വരാത്ത അയാൾ ആകെ അസ്വസ്ഥനായി കാണപ്പെട്ടു.
മനസ്സിന് ഒരു സുഖവും ലഭിക്കാതെ അയാൾ ജ്വരം പിടിച്ചു കുറേ നാൾ കിടപ്പിലായി.

അങ്ങനെ നാളുകൾ പലതു കടന്നു പോയെങ്കിലും സാമുവേൽ മാത്യുവിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

നാളുകൾക്കു ശേഷം സ്കൂളിൽ പിന്നീട് ആരോ പറയുന്നത് കേട്ടു സാമുവേൽ മാത്യു തന്റെ ജ്യേഷ്ഠ സഹോദരനൊപ്പം അമേരിക്കയിലേക്ക് പോയെന്നും അവിടെ പഠിക്കാനായി പോയതാണെന്നും.

പിന്നീടൊരിക്കലും അയാൾക്ക്‌ സാമുവേൽ മാത്യുവിനെ കാണാനോ അയാളെപ്പറ്റി ഒന്നും കേൾക്കുവാനോ കഴിഞ്ഞില്ല.
അമേരിക്കയുടെ ഏതോ ഒരു കോണിൽ ഭാര്യയോടും മക്കളോടുമൊപ്പം സുഖമായി സാമുവേൽ മാത്യു കഴിയുന്നുണ്ടാകും.
അയാൾ ആശ്വസിച്ചു. 

സീമയായി വന്നു അയാളുടെ മനസ്സിന്റെ കോണിൽ ഇടം പിടിച്ച ആ നല്ല വ്യക്തിത്വത്തിന് നല്ലതു വരട്ടെ എന്നയാൾ 
ആത്മാർഥമായി ആഗ്രഹിച്ചു. 


                                         ശുഭം Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.