ബ്ലോഗ്‌ മാന്ദ്യമോ? ചില ചിന്തകൾ

11 comments
Updated on September 22, 2019.

ശ്രീ. ഇ എ സജിം തട്ടത്തുമല
"പ്രസിദ്ധ  എഴുത്തുകാരനും, ബ്ലോഗറും, പത്രാധിപരുമായ ശ്രീ. ഇ എ സജിം തട്ടത്തുമലയുമായി" ഇന്ന് അൽപ്പ സമയം  ചാറ്റിലൂടെ സംസാരിക്കുകയുണ്ടായി, വിവിധ വിഷയങ്ങൾ സംസാരിച്ചെങ്കിലും,  പെട്ടന്നു ബ്ലോഗെഴുത്തും  അതിന്റെ ഇപ്പോഴത്തെ 'മന്ദതയും' അഥവാ 'മെല്ലപ്പോക്കും' ആയി പ്രധാന സംസാര വിഷയം.

ഞാൻ പറഞ്ഞു, 'വളരെ ഗൗരവതരമായ ഒരു വിഷയം തന്നെ,  എഴുത്തുകാരിൽ പലരും ഇന്ന് ബ്ലോഗ്‌ ഉപേക്ഷിച്ചു സോഷ്യൽ സൈറ്റുകളിൽ അഭയം തേടുന്നതിനാൽ പലരുടേയും ബ്ലോഗിൽ കാര്യമായൊന്നും പ്രത്യക്ഷപ്പെടുന്നുമില്ല.' ഒരു പക്ഷെ തങ്ങൾക്കു കിട്ടുന്ന സമയത്തിന്റെ  ഒരു നല്ല പങ്കും അവിടെ ചിലവഴിക്കുന്നതായിരിക്കാം ഒരു കാരണം.   എന്തായാലും ഇതൊരു സത്യമായി തന്നെ അവശേഷിക്കുന്നു.

ഈ നില തുടർന്നാൽ ബ്ലോഗെഴുത്തിന്റെ ഭാവി എന്താകും ?

ആശങ്കാജനകമായ ഒരു ചോദ്യമത്രേ ശ്രീ സജിം ഉന്നയിച്ചത് !

അതേപ്പറ്റി ചിന്തിച്ച എനിക്കും അതു തന്നെ തോന്നി.

ഇവിടെ നമുക്കു എന്ത് ചെയ്യുവാൻ കഴിയും!

നമുക്കൊന്നുറക്കെ ചിന്തിക്കാം!

ബ്ലോഗെഴുത്തിന്റെ സാദ്ധ്യതകൾ സീമാതീതമത്രെ, ഇവിടെ അതിനൊരു വിലക്കോ, നിയന്ത്രണമോ ഇല്ല എന്നതു തന്നെ അതിന്റെ മുഖ്യ കാരണവും.  ഈ നല്ല സന്ദർഭം നമുക്കു തക്കത്തിൽ ഉപയോഗിക്കാം. നമ്മുടെ സർഗ്ഗ സൃഷ്ടികൾ നമുക്കു കുറിച്ചു വെക്കാം, അത് വരും തലമുറകൾക്കു ഒരു മുതൽക്കൂട്ടാകും എന്നതിൽ സംശയം വേണ്ട.  

ഇവിടെ നാം തന്നെ എഴുത്തുകാരും പ്രസാധകരും ആകുമ്പോൾ  അത് വായിക്കുന്നവർ അതിൽ വരുത്തേണ്ട മാറ്റങ്ങൾ, കുറവുകൾ പരസ്പരം പറയുകയും ചർച്ച ചെയ്യുകയും ചെയ്താൽ നമ്മുടെ സൃഷ്ടികൾ ഉത്തമ രചനകളുടെ കൂട്ടത്തിൽ എത്തുകയും ചെയ്യും. അത് ബ്ലോഗെഴുത്തിനെ സംശയ ദൃഷ്ടിയോടെ കാണുന്നവർക്കും, അതിനെ ചവറെഴുത്തെന്നും, മറ്റു ചില സാഹിത്യങ്ങൾ എന്നു ഓമനപ്പേരിട്ടു വിളിക്കാൻ  വെമ്പൽ കൊള്ളുന്നവർക്കും ഒരു നല്ല തിരിച്ചടിയാകും.

അതുകൊണ്ടു നമ്മുടെ രചനകൾ കഴിവുള്ളിടത്തോളം ബ്ലോഗിൽ തന്നെ എഴുതുവാനും അതു മറ്റുള്ളവരിലേക്ക് എത്തിക്കാനും നമുക്കു പരമാവധി ശ്രമിക്കാം, ഇക്കാര്യത്തിൽ നമുക്കു തീർച്ചയായും മറ്റു സോഷ്യൽ വെബ്‌ സൈറ്റുകളെ ആശ്രയിച്ചേ മതിയാകൂ.

ബ്ലോഗ്‌ എഴുതുന്ന സുഹൃത്തുക്കൾ, ഇപ്പോൾ കൂടുതലും സോഷ്യൽ സൈറ്റുകളിൽ സമയം ചിലവഴിക്കുന്ന എഴുത്തുകാർ, ഇത് വളരെ ഗൌരവതരമായി തന്നെ എടുക്കേണ്ടതുണ്ട്‌.  പലപ്പോഴും ഫേസ് ബുക്ക്‌ തുടങ്ങിയ സൈറ്റുകളിൽ എഴുതുന്നതു പിന്നീട് വായിക്കാനോ ചിലപ്പോൾ തിരഞ്ഞു പിടിക്കാനോ കഴിയാതെ വരുന്നു. ചിലപ്പോൾ ഒരിക്കലും പിന്നീടത്‌ കണ്ടെത്താനും കഴിഞ്ഞെന്നു വരില്ല. ഫേസ് ബുക്കിന്റെ അടിത്തട്ടിലേക്കതു ഇനി ഒരിക്കലും പൊങ്ങി വരാതവണ്ണം താഴ്ന്നു പോകുന്നു, എത്ര മുങ്ങിത്തപ്പിയാലും കണ്ടെത്താനാകാതെ അത് നഷ്ടമാകുന്നു.  അങ്ങനെ അനേകരിലേക്കു എത്തേണ്ട നല്ല നല്ല രചനകൾ പലപ്പോഴും നഷ്ടമാവുകയും ചെയ്യുന്നു. ഇവിടെയാണ്‌ ബ്ലോഗെഴുത്തിന്റെ പ്രസക്തി പ്രബലപ്പെടുന്നതും.

ബ്ലോഗിൽ ഒരു കാലത്തു സജീവമായിരുന്ന പലരും ഇന്ന് മാറി നിൽക്കുന്നതുപോലെ ഒരു  തോന്നൽ, ഒരു പക്ഷെ അവർക്കിവിടെ ലഭിക്കുന്ന പ്രതികരങ്ങങ്ങളുടെ/പ്രോത്സാഹനങ്ങളുടെ കുറവോ, അതോ സമയ ദാരിദ്ര്യമോ എന്താണന്നറിയില്ല, തീർച്ചയായും സമയം ഇവിടെ ഒരു വില്ലൻ ആണെന്നതിൽ സംശയം ഇല്ല. 

പിന്നെ ബ്ലോഗിൽ ഇപ്പോൾ കണ്ടു വരുന്ന ഈ മാന്ദ്യതക്കുള്ള മറ്റൊരു കാരണം.  തങ്ങൾ എഴുതുന്നവ വായിക്കുവാൻ ആളെ കിട്ടാതെ പോകുന്നു എന്നൊരു തോന്നൽ മൂലം പലരും ബ്ലോഗ് ഉപേക്ഷിച്ചു പോകുവാൻ തീരുമാനിക്കുന്നു. എങ്കിലും എഴുത്തുകാർ കുറേക്കൂടി മുൻകൈ എടുത്താൽ ബ്ലോഗുകൾ സജീവം ആകും എന്നതിലും  സംശയം ഇല്ല.  

ബ്ലോഗ്‌ എഴുത്തിനൊപ്പം മറ്റുള്ളവരുടെ ബ്ലോഗു സന്ദർശിക്കാനും അവിടെ ക്രീയാത്മകമായ ചില കുറിപ്പുകൾ അഥവാ കമന്റുകൾ എഴുതാൻ അൽപ്പസമയം കണ്ടെത്തുകയും ചെയ്താൽ പുതുതായി ബ്ലോഗ്‌ എഴുത്തിലേക്ക്‌ വരുന്നവർക്കു അതൊരു വലിയ പ്രോത്സാഹനം ആവുകയും അവർക്ക് ഇനിയും ഇനിയും എഴുതണം ഇവിടെത്തന്നെ പിടിച്ചു നിൽക്കണം എന്നൊരു തോന്നൽ ഉണ്ടാകുന്നതിനും സംഗതിയാകുന്നു, ഒപ്പം, അത്, കൂടുതൽ എഴുതണം എന്നുള്ള ഒരു പ്രേരണ ലഭിക്കുന്നതിനും കാരണമാകുന്നു. 

കമന്റു ഇടുന്നവർ, ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ബ്ലോഗു വായിക്കാതെ വെറുതെ രണ്ടു വാക്ക് കമന്റിനു വേണ്ടി മാത്രം പറയാതിരിക്കുക, ബ്ലോഗ്‌ വായിച്ചു തന്നെ, ഉള്ളത് ഉള്ളത് പോലെ മുഖസ്തുതിയല്ലാതെ  പറയുവാൻ ശ്രമിച്ചാൽ മിക്കവർക്കും അവർക്ക് സംഭവിച്ച പാളിച്ചകൾ മനസ്സിലാക്കുവാനും അത് തിരുത്തി കൂടുതൽ നല്ല രചനകൾ സൃഷ്ടിക്കുവാനും അത് സഹായകമാകുന്നു. 

കുറേക്കാലം മുൻപ് ബ്ലോഗ്‌ കമന്റുകളോടുള്ള ബന്ധത്തിൽ ഞാൻ എഴുതിയ ഒരു ലേഖനം ഇത്തരുണത്തിൽ പ്രസ്താവ്യമത്രേ, അത്  ഇവിടെ വായിക്കുക. കമന്റു എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അനുഭവത്തിലൂടെ പഠിച്ചവ അവിടെ കുറിച്ചിരിക്കുന്നു.


മറ്റൊരു നിർദ്ദേശം:
ബ്ലോഗ്‌ എഴുത്തിലും വായനയിലും താല്പര്യം ഉള്ളവർ. ഓരോ ദിവസവും തങ്ങൾക്കു ലഭിക്കുന്ന സമയത്തിൽ ഒരു പങ്കു മറ്റു ബ്ലോഗുകൾ സന്ദർശിക്കാനും, (കുറഞ്ഞത്‌ ഒരു മൂന്നോ നാലോ എണ്ണം, സമയ ലഭ്യതയനുസരിച്ച് എണ്ണം കൂട്ടുകയും ചെയ്യാം) അവിടെ ക്രീയാത്മകാമായ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ശ്രമിക്കും എന്നൊരു തീരുമാനം എടുക്കുകയും, അത് പ്രാവർത്തികമാക്കുകയും ചെയ്താൽ പിന്മാറി നില്ക്കുന്ന പലരും വീണ്ടും ബ്ലോഗിൽ എത്താനും, സജീവമാകാനും  സാദ്ധ്യതയുണ്ട്. ഇത്തരം ഒരു തീരുമാനം എടുക്കുവാൻ നമ്മിൽ ചിലർ ഒരുമിച്ചു ശ്രമിച്ചാൽ അതൊരു വലിയ കൂട്ടായ്മയുടെ തുടക്കമാകും. ഇങ്ങനെ ഒരു ശ്രമം നമുക്ക് നടത്തിക്കൂടെ!!!
ചിന്തിക്കുക.

ഈ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിച്ചാൽ ഇപ്പോഴുള്ള ഈ മാന്ദ്യതക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും എന്നാണെന്റെ വിശ്വാസം 

ഇക്കാര്യത്തിൽ നമുക്കോരോരുത്തർക്കും എന്തു ചെയ്യുവാൻ കഴിയും? 

കമന്റു ബോക്സിലൂടെ നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും പങ്കു വെക്കുക. അങ്ങനെ അതിൻപ്രകാരം മുൻപോട്ടു പോകുവാനും ബ്ലോഗുലകം തന്മൂലം കൂടുതൽ സജീവമാകുവനും, അത് കൂടുതൽ പേരിലേക്ക്  എത്തിക്കുവാനും കാരണമാകും.

ഈ കാര്യത്തിൽ സഹകരിക്കാൻ താൽപ്പര്യം ഉള്ളവർ ദയവായി ശ്രീ സജിം തട്ടത്തുമലയുമായി ബന്ധപ്പെടുക. 
അദ്ദേഹത്തിന്റെ ഈ മെയിൽ വിലാസം: easajim@gmail.com 
ബ്ലോഗിലേക്കുള്ള വഴി: വിശ്വമാനവികം


ഏതായാലും ബ്ലോഗെഴുത്തുകാർ കുറേക്കൂടി പരസ്പരം സഹകരിച്ചാൽ ഇപ്പോഴുള്ള ഈ മാന്ദ്യത്തിനു ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും എന്നാണെന്റെ വിശ്വാസം.


ഒരു വാൽക്കഷണം:
ബ്ലോഗ്‌ എഴുത്തിൽ അടുത്തിടെ ശ്രദ്ധയിൽപ്പെട്ട ഒരു വസ്തുത ചില പ്രീയപ്പെട്ടവരുടെ അറിവിലേക്കായി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.

സമയ ലഭ്യത അനുസരിച്ച് നാം പല ബ്ലോഗുകളും സന്ദർശിക്കുന്നവരാണല്ലോ, ഒപ്പം മിക്കപ്പോഴും ആ ബ്ലോഗുകളിൽ നാം ഫോളോവെർസ് ആയി ചേരാറുമുണ്ടല്ലോ അതുപോലെ മറ്റു സന്ദർശകർ നമ്മുടെ ബ്ലോഗുകളിലും എത്തുകയും ബ്ലോഗിൽ ചേരുകയും ചെയ്യാറുണ്ടല്ലോ, എന്നാൽ നിർഭാഗ്യവശാൽ അവരുടെ അവതാർ ചിത്രത്തിൽ അമർത്തി  അവരുടെ പേജിൽ എത്തിയാൽ അവരുടെ ബ്ലോഗിലേക്കുള്ള വഴി കണ്ടെത്താൻ കഴിയാതെ വരുന്നു. പ്രാധാനമായും ഗൂഗിൾ പ്ലസ്സിൽ ചേർന്നവരുടെ ഗൂഗിൾ പ്ലസ് പേജിൽ ചെന്നാൽ അവരുടെ ബ്ലോഗിലേക്കുള്ള ലിങ്കിന്റെ ഒരു തരി പോലും അവിടെ കാണില്ല,  അതുകൊണ്ട് പലപ്പോഴും അവർ എഴുതിയത് വായിക്കാനോ അവരുടെ ബ്ലോഗിൽ ചേരാനോ കഴിയാതെ വരുന്നു. ഈ നാളുകളിൽ നിരവധിപ്പേർ ഗൂഗിൾ പ്ലസ്സിൽ ചേരുന്നു, അതിനുള്ള ഒരു കാരണം ഗൂഗിൾ പ്ലസ് പേജിൽ ഇടുന്ന പ്രതികരണങ്ങൾ അപ്പോൾ തന്നെ അവരുടെ ബ്ലോഗുകളിലും പ്രത്യക്ഷമാകുന്നു എന്നതു തന്നെ.ഇവിടെ  ഗൂഗിൾ പ്ലസ് അവതാർ പിക്ചർ ആയി നൽകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക: അവരുടെ about പേജിൽ കുറഞ്ഞ പക്ഷം തങ്ങളുടെ ബ്ലോഗ്‌ പേജിൽ എത്താനുള്ള വഴി  url (ലിങ്ക്) തീർച്ചയായും ചേർക്കുക (ഒപ്പം മറ്റു കോണ്ടാക്റ്റ് വിവരങ്ങളും ഇവിടെ നൽകാവുന്നതാണ്) ഇല്ലെങ്കിൽ നിങ്ങൾ സന്ദർശിക്കുകയും, ചേരുകയും, കമന്റു ഇടുകയും ചെയ്യുന്ന ബ്ലോഗിൽ നിന്ന് പോലും അവർക്കു നിങ്ങളുടെ പേജിൽ എത്താൻ കഴിയാതെ പോകുന്നു. 

ഇങ്ങനെ എന്റെ ബ്ലോഗിൽ ചേർന്ന പലരുടെ ബ്ലോഗുകളിലും എനിക്കു ചെന്നു ചേരുവാനോ അവരുടെ ബ്ലോഗിൽ ചേരാനോ  കഴിയാതെ പോയി എന്നതു ഖേദത്തോടെ ഇവിടെ കുറിക്കുന്നു. 

എന്നാൽ ഇവർ ബ്ലോഗിൽ ചെരുന്നതോടൊപ്പം ഒന്നോ രണ്ടോ വാക്കിൽ ഒരു കമന്റു പോസ്റ്റു ചെയ്താൽ അവരുടെ ബ്ലോഗിൽ എത്താൻ എളുപ്പമായിരിക്കും എന്നും തോന്നുന്നു. ഇതിന്റെ ടെക്നിക്കൽ വശം അറിയാവുന്നവർ അതേപ്പറ്റി വിവരങ്ങൾ നൽകിയാൽ നന്നായിരിക്കും.

ഈ കാര്യങ്ങൾ ബ്ലോഗ്‌ എഴുത്തുകാരും, സന്ദർശകരും വായനക്കാരും ഓർക്കുന്നത് വളരെ നല്ലതാണ്.

ഇവിടെ വന്നു ഇത് വായിക്കുന്നതിനും അഭിപ്രായം കുറിക്കുന്നതിനും മുൻ‌കൂർ നന്ദി രേഖപ്പെടുത്തുന്നു.


എന്റെ ബ്ലോഗിൽ കഴിഞ്ഞ നാളുകളിൽ ചേർന്ന താഴെക്കുറിക്കുന്നവരുടെ ബ്ലോഗുകളിൽ ഇന്നുവരേയും ചെന്നെത്താൻ കഴിഞ്ഞിട്ടില്ല കാരണം അവരുടെ അവതാർ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ താഴെ ചിത്രത്തിൽ കാണുന്ന  ഒരു ബോക്സ് പ്രത്യക്ഷപ്പെടുന്നു. അവരുമായി
ബന്ധപ്പെടുവാനോ അവരുടെ ബ്ലോഗിൽ എത്തുവാനോ ഉള്ള വഴി അവിടെ ഇല്ല. ദയവായി താഴെ കൊടുത്തിരിക്കുന്ന പേരുകാർ ഒന്നുകിൽ അവരുടെ ബ്ലോഗ്‌ പേജ് ലിങ്ക് അവരുടെ പേജിൽ കൊടുക്കുകയോ അല്ലെങ്കിൽ അവരുടെ ലിങ്ക് ഒരു കമന്റായി ഇവിടെ ചേരർക്കുകയോ ചെയ്താൽ നന്നായിരുന്നു.  അവരുടെ ബ്ലോഗ്‌ പേജിലേക്ക് എത്താൻ അതു സഹായകമാകും. 

എന്റെ ബ്ലോഗിൽ വന്നതിനും ചേർന്നതിനും വീണ്ടും നന്ദി  

1.       Sharath Prasad
2.       Elizebeth Thomas
3.       Rajeev
4.       Haadik Ali
5.       Rani Priya
6.       Kuriachen
7.       Swantham Suhruth
8.       Girish Kalleri
9.       Anil Kumar
10.   Lali tsy
11.   Lijitha T Thampy
12.   Admi jabeer
13.   Rajesh Rajashekharan

Mr. Sankaranarayana Panikar's Google+ page
മറ്റൊരുദാഹരണം: 
മുകളിൽ സൂചിപ്പിച്ചതുപോലെ പലരുടേയും ഗൂഗിൾ പ്ലസ് പേജിൽ അവരുടെ ബ്ലോഗിലേക്കുള്ള ലിങ്ക് കാണുന്നില്ല ഉദാഹരണത്തിന്  പണിക്കർ സാറിന്റെ ഗൂഗിൾ പ്ലസ് പേജിൽ  (സ്ക്രീൻ ഷോട്ട് കാണുക) പോയാലോ അവിടെ അദ്ദേഹത്തിന്റെ  YouTube ലിങ്ക് മാത്രം കാണാം.   അദ്ദേഹത്തിന്റെ പ്രധാന ബ്ലോഗിലേക്കുള്ള ലിങ്ക് അവിടെ കാണുന്നില്ല, പിന്നെ, അദ്ദേഹത്തിന്റെ post പേജിൽ പോയി ലിങ്ക് കണ്ടുപിടിക്കണം എന്നിട്ടു വേണം അവിടേക്കു പോകുവാൻ.  അധികമാരും അതിനു മുതിരുകയില്ല, പകരം അവർ മടങ്ങിപ്പോകുന്നു.  ഇങ്ങനെ പുതുതായി ബ്ലോഗിൽ വന്നവരുടേയും  ഗൂഗിൾ പ്ലസ്സിൽ പുതുതായി അക്കൗണ്ട് തുറന്നവരുടെയും പേജിൽ അവരുടെ പ്രധാന ബ്ലോഗ്‌ പേജിലേക്കുള്ള വഴി അഥവാ ലിങ്ക് ഇല്ല.  ഇവിടെ പണിക്കർ സാർ ഒരു കമന്റു നൽകിയതിന്നൽ അദ്ദേഹത്തിന്റെ പേജിൽ എത്താൻ ബുദ്ധിമുട്ടുണ്ടായില്ല.


ബ്ലോഗ്‌ എഴുത്തുകാർ ഈ സംഗതികൾ ഗൌരവമായി എടുത്താൽ തീർച്ചയായും നമ്മുടെ ബ്ലോഗുകളിൽ സന്ദർശകരുടെ തിരക്കു വർദ്ധിക്കും, നാം ചേരുന്ന ബ്ലോഗിൽ  നിന്നും തിരിച്ചു അവർ നമ്മുടെ ബ്ലോഗും സന്ദർശിക്കാൻ ഇടയുണ്ട്.

വീണ്ടും ഒരു വാൽക്കഷണം:


മുകളിൽ ഗൂഗിൾ പ്ലസിനെപ്പറ്റിക്കുറിച്ചതിനൊരു അനുബന്ധം:
അടുത്തകാലത്തു അകാലത്തിൽ ചരമം അടഞ്ഞ  ഗൂഗിൾ പ്ലസ്സിനെപ്പറ്റി ഓർക്കുമ്പോൾ ദുഃഖം തോന്നുന്നു. മുകളിലെ വരികൾ മരണത്തിനു മുമ്പ് കുറിച്ചതാണ്.  
അതേപ്പറ്റി ഇംഗ്ലീഷിൽ ഞാൻ കുറിച്ച ഒരു കുറിപ്പ് ഇവിടെ വായിക്കുക

Google Plus Is Going To Die, Here Are Few Alternatives To Google Plus


Published on Sep 20, 2013


കനലെരിയും മനസ്സുകൾ നെടിയൂട്ടം ദേവി കെ പിള്ളയുടെ പുസ്തകത്തിനൊരവ ലോകനം

5 comments
 കനലെരിയും മനസ്സുകൾ നെടിയൂട്ടം ദേവി കെ പിള്ളയുടെ പുസ്തകത്തിനൊരവ ലോകനം 

ഒന്നര പതിറ്റാണ്ടിലധികം ഓൺലൈൻ എഴുത്തിൽ സജീവമായി പങ്കെടുത്തു വന്നതിനാൽ ദേശത്തും വിദേശത്തുമായി നിരവധി സുഹൃത്തുക്കളേ എനിക്കു നേടുവാൻ കഴിഞ്ഞു.  

അതിൽ നിരവധി മലയാളി സുഹൃത്തുക്കളും ഉണ്ടെന്ന വിവരം ചാരിതാർഥ്യത്തോടെ ഇവിടെ ഓർക്കുകയാണ്. 

അക്കൂട്ടത്തിൽ വളരെ സജീവമായി എഴുത്തിലൂടെ അടുത്തറിയുവാനും പരിചയിക്കാനും കഴിഞ്ഞ ഒരു പ്രിയ മിത്രമത്രേ ദേവിയന്ന പേരിൽ മിത്രങ്ങൾക്കിടയിൽ പരക്കെ അറിയപ്പെടുന്ന  ശ്രീമതി നെടിയൂട്ടം ദേവി കെ പിള്ള എന്ന എഴുത്തുകാരി.

ഏതാണ്ട് മൂന്നു പതിറ്റാണ്ടുകളോളം  മറുനാട്ടിൽ  വസിച്ചിട്ടും   ജന്മനാടിനെയും അമ്മമലയാളത്തെയും തന്റെ രക്തത്തോടാലിയിച്ചു ജീവിക്കുന്ന ഒരസ്സൽ മലയാളിവനിതയെന്ന് ഈ മിത്രത്തേ വിശേഷിപ്പിച്ചാൽ അതൊരു അതിശയോക്തിയാകില്ല.

ജീവിതത്തോടുള്ള തെളിഞ്ഞ കാഴ്ചപ്പാടിന്റെ നിറവിൽ വിലസുന്ന ഒരു ശുഭാപ്തവിശ്വാസിയാണവർ. 

ദേവിയുടെ ടൈംലൈനിൽ ചില വർഷങ്ങൾക്കു മുമ്പ് വായിക്കാനിടയായ 'കൂടപ്പിറപ്പ് ' എന്ന കവിതയാണ് എന്റെ ശ്രദ്ധ അവരിലേക്ക്‌ ആകർഷിതമായതിനു പ്രധാന കാരണം. 

അവരുടെ നിർമ്മല  ഹൃദയത്തിന്റെ നൊമ്പരമായിത്തോന്നി എനിക്ക് ആ രചന... 

വളരെ ഇരുത്തം വന്ന ഒരു കവയിത്രിയത്രേ ദേവിയെന്നു അവരുടെ കവിതകൾ വായിക്കുന്ന ഏവരും നിസംശയം പറയും.

ദേവിയുടെ കന്നി പ്രസിദ്ധീകരണങ്ങളായ 
 'കനൽപ്പൂക്കൾ ' ' നന്മ ' എന്നീ രണ്ടു കാവ്യസമാഹാരങ്ങളും ഞാൻ ആവശ്യപ്പെട്ടതുപോലെ എനിക്കയച്ചുതന്നിരുന്നു. 


അവരുടെ ആദ്യരചനകളായ ആ രണ്ടു പുസ്തകങ്ങൾക്കും വേണ്ടത്ര അംഗീകാരം നേടി  ഇതിനകം മലയാള മനസ്സുകളിൽ ഇടംപിടിച്ചു കഴിഞ്ഞു.  

  
ഈ കവിതാ സമാഹാരങ്ങൾക്കു യഥാക്രമം പി കേശവദേവ് സ്മാരക പുരസ്‌കാരം ശ്രീ അയ്യപ്പൻസ്മാരക പുരസ്‌കാരം  എന്നീ അവാർഡുകൾ ലഭിക്കുകയുണ്ടായി.

ഇപ്പോൾ പ്രസിദ്ധീകൃതമായ "കനലെരിയും മനസ്സുകൾ" എന്ന ഈ കഥാസമാഹാരത്തിനൊരു അവലോകനം എഴുതാൻ കഴിഞ്ഞതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. 

ഈ പുസ്തകത്തിലെ ഉള്ളടക്കം നമ്മോടു പറയുന്നത്  പദ്യം മാത്രമല്ല ഗദ്യവും അവർക്കിണങ്ങും എന്നാണ്.
'കനലെരിയും മനസ്സുകൾ 'പുസ്തക പ്രകാശനം പ്രസിദ്ധ കവി സിപ്പി പള്ളിപ്പുറം നിർവ്വഹിക്കുന്നു 
ആമുഖത്തിൽ കഥാകാരി പറയുന്നതുപോലെ, താൻ വസിക്കുന്ന ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളും അതിലൂടെ ഉരുവാകുന്ന പാഠങ്ങളും ഉൾക്കൊണ്ടു കൊണ്ട് അതു ഭാവനയിലൂടെ ചാലിച്ചെടുത്ത വരികളത്രേ ഇവിടെ വിവിധ കഥകളായി മാറിയത്. 

ഇതിലെ കഥകൾ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചമായ വിഷയങ്ങളും ആർക്കും മനസ്സിലാവുന്ന രീതിയിലുള്ള രചനാ ശൈലിയിൽ തികച്ചും നല്ല  പാടവത്തോടെ കോർത്തിണക്കിയവയെന്നു എടുത്തുപറയേണ്ടിയിരിക്കുന്നു.

മെരുക്കം വന്ന ഒരു നല്ല കഥാകാരികൂടിയാണ് ദേവിയന്ന്  ഇതിലെ കഥകൾ വിളിച്ചറിയിക്കുന്നു. 
വായിച്ചു  തുടങ്ങിയാൽ അവസാനം വരെ നമ്മെ  പിടിച്ചിരുത്തി വായിപ്പിക്കുന്ന വികാരതീവ്രതയുള്ള കഥകൾതന്നെ മിക്കതും.. 

ക്ഷമയും, ദയയും, സ്നേഹവും, വിശ്വാസവും, പ്രണയവും എല്ലാം ഇടകലർന്ന രചനകൾ ആകാംക്ഷാഭരിതം തന്നെ.  ഏതൊരു വായനക്കാരനേയും ഇരുത്തി ചിന്തിപ്പിക്കുന്ന കഥകളത്രേ ഇതിലെ എല്ലാ കഥകളും.

ഇതിലെ കനലെരിയും മനസ്സുകൾ, വീണ്ടും വസന്തം, നിലാവിനെ വരച്ചത്, മണൽത്തരികളെ നിങ്ങൾക്കായ്,  ആരാധന തുടങ്ങിയ കഥകൾ മനോഹരമായി ആവിഷ്ക്കരണം ചെയ്തിരിക്കുന്നവ എന്നു എടുത്തു പറയേണ്ടിയിരിക്കുന്നു. 

മറ്റുകഥകളും നമുക്ക്  പാഠം ചൊല്ലുന്നവതന്നെ... 

ആദ്യ കഥ വായിച്ചപ്പോൾ, കഥാകൃത്തിനൊരൽപ്പം  വേഗത കൂടിയോ എന്നൊരു തോന്നൽ ഉണ്ടായി.... അതൊരൽപം  ധൃതിയിൽ പറഞ്ഞവസാനിപ്പിച്ചതുപോലെ ഒരു തോന്നൽ എനിക്കുണ്ടായി. അത്രമാത്രം. ഒരുപക്ഷെ അതെനിക്കുമാത്രം തോന്നിയ ഒരു തോന്നലാകാനും മതി.

വിസ്താര ഭയത്താൽ കഥകളുടെ ഉള്ളടക്കം ഞാനിവിടെ പ്രതിപാദിക്കുന്നില്ല.. അത് നിങ്ങൾ ഓരോരുത്തരും വായിച്ചറിയുന്നതായിരിക്കും ഉത്തമം. 

മനുഷ്യമനസ്സുകളിലെ  നന്മയും സ്നേഹവും ആണ് ഭൂമിയിലെ  ജീവിതത്തിനാധാരം എന്നൊരു പ്രമേയം ഉൾക്കൊള്ളാൻ ഇവരുടെ രചനകൾ നമ്മേ പ്രേരിപ്പിക്കുന്നു.

ഇതിലെ 'നിലാവിനെ വരച്ചത് ' എന്ന കഥ വായിച്ചുതീരുമ്പോൾ ഒരു ജീവിത കഥ അഭ്രപാളികളിൽ വിരിയിച്ചെടുത്തതുപോലെ തോന്നും.

എൻറെ മറ്റൊരു ഓൺലൈൻ മിത്രമായ ശ്രീമതി ഗീതാഞ്ജലി അവതാരികയിൽ കുറിച്ചതുപോലെ, അതു കടമെടുത്തുകൊണ്ടു വീണ്ടും കുറിക്കട്ടെ,  "വികാരങ്ങളുടെ വേലിയേറ്റത്താൽ ഇതിലെ ഓരോ കഥയും ബന്ധിതമാണ്.  ഈ കഥകളിലെ കഥാപാത്രങ്ങളെ നമ്മൾ എന്നെങ്കിലും എവിടെവെച്ചെങ്കിലും കണ്ടു മുട്ടിയവരാണെന്നു തോന്നും. അത്രമാത്രം സുപരിചിതരാണ് ഓരോ കഥാപാത്രങ്ങളും."
മലയാള ഭാഷാ സാഹിത്യരംഗത്തേയ്ക്കുള്ള നല്ലോരു മുതൽക്കൂട്ടുതന്നെ ദേവിയുടെ ഈ സംഭാവനയും എന്ന് എനിക്കുറപ്പിച്ചു പറയാനാകും...

ഈ പുസ്തകത്തിനു മനോഹരമായ പുറംചട്ട തയാറാക്കിയ എ കെ സുകുമാരനും പ്രസാധകരായ ഗീതം ബുക്‌സും അഭിനന്ദങ്ങൾ അർഹിക്കുന്നു.

ദേവിയുടെ കൈകളിലൂടെ വിരിയുന്ന രചനകൾ  മുഴുവനും അനുവാചകരിൽ എത്തുവാൻ സർവ്വേശ്വരൻ തുടർന്നും സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ഒപ്പം  സമൂഹത്തെ ഉണർത്തും വിധം ഇനിയും നല്ല നല്ല രചനകൾ ദേവിയുടെ തൂലികയിൽനിന്നും ജനിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
എന്റെ പ്രിയസുഹൃത്തായ ദേവിക്ക് എല്ലാ  നന്മകളും നേരുന്നു.

ഹൃദയം നിറഞ്ഞ ഭാവുകങ്ങൾആശംസകൾ....

നമ്മൾ അനുവാചകരാണ് ഇതുപോലുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കേണ്ടത്... 

എല്ലാ മലയാളികളും ഈ പുസ്തകത്തിൻറെ ഒരു കോപ്പി സ്വന്തമാക്കുക വായിക്കുക,  വിലയിരുത്തുക ഈ എഴുത്തുകാരിയെ.... പ്രോത്സാഹിപ്പിക്കുക.  

നൂറോളം പേജുകളുള്ള ഈ പുസ്തകത്തിൻറെ വില 110 രൂപയാണ് ആവശ്യപ്പെടുന്നവർക്ക്  പോസ്റ്റേജ് സൗജന്യമായി പുസ്തകം ലഭിക്കുന്നതാണ്.  

ഈ  പുസ്തകം ആവശ്യമുള്ളവർ 100/- രൂപ മാത്രം താഴെ കൊടുക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കു അയക്കുക, ഒപ്പം പുസ്തകം അയക്കേണ്ട വിലാസം താഴെ കൊടുക്കുന്ന ഇമെയിലിലേക്കോ ഫേസ്ബുക്ക് ഇൻബോക്സിലേക്കോ  അയക്കുക, പണം അയച്ച വിവരവും ഒപ്പം അറിയിക്കുക.

ഇമെയിൽ:  saro25.devi@gmail.com 

ബാങ്ക് വിവരങ്ങൾ:

BANK DETAILS:

BANK NAME: SOUTH INDIAN BANK
CHENDAMANGALAM BRANCH
In Favor of  SAROJADEVI  P A
SAVINGS  BANK A/c No. 0104053000010432
IFSC: SIBL 0000104

TO SEND MONEY VIA POST OFFICE: 

SAROJADEVI  P A
A/c No. 4366236912
CHENDAMANGALAM S.O
SAVINGS  BANK GENERAL 
IPOS : 370735015

എല്ലാവർക്കും നല്ലൊരു വായനാ വാരം നേരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ, ചോദ്യങ്ങൾ തുടങ്ങിയവ ഇവിടെ കമന്റു പെട്ടിയിൽ ഇടാവുന്നതാണ് മറുപടി ഉടൻ നൽകുന്നതുമായിരിക്കും.
നിങ്ങളുടെ വിലയേറിയ സമയത്തിനു നന്ദി.
വീണ്ടും വരുമല്ലോ, വായിക്കുക, എഴുതുക അറിയിക്കുക.
നന്ദി നമസ്‌കാരം 
നിങ്ങളുടെ സ്വന്തം 
ഫിലിപ്പ് വറുഗീസ്  'ഏരിയൽ', സിക്കന്തരാബാദ് 

Dumb it down, or clear it up?

2 comments

കെ.എസ്. മിനിയുടെ പുരനിറഞ്ഞ പുരുഷൻ എന്ന പുസ്തകത്തിന്റ ആസ്വാദനം Book Review

9 comments

ഹാസ്യ സാഹിത്യത്തിലൂടെ മലയാള മനസ്സിൽ ഇടംപിടിച്ച പ്രസിദ്ധ എഴുത്തുകാരി കെ എസ്പു മിനിയുടെ ഏറ്റവും പുതിയ പുസ്തകം "പുരനിറഞ്ഞ പുരുഷൻ"എന്ന കഥാസമാഹാരത്തിനു പ്രസിദ്ധ സാഹിത്യകാരൻ  പൈതൽ പി. കാഞ്ഞിരോട് എഴുതിയ ഒരു ആസ്വാദനം ഏരിയലിന്റെ കുറിപ്പുകൾ വായനക്കാർക്കായി സമർപ്പിക്കുന്നു. 

എഴുത്തുകാരിക്കും ആസ്വാദകനും ഫിലിപ്‌സ്‌കോമിൻറെ നന്ദി നമസ്‌കാരം 

     

കെ.എസ്. മിനിയുടെ കഥാപ്രപഞ്ചം
  
കെ.എസ്. മിനിയുടെ പുരനിറഞ്ഞ പുരുഷൻ എന്ന പുസ്തകം പുരനിറഞ്ഞു നിൽക്കുന്ന ഹാസ്യസാഹിത്യത്തിന്റെ മുതൽക്കൂട്ടാണ്. 

ഈ പുരതുറന്ന് അകത്തു കടന്നാൽ കഥയുടെ പഞ്ചതന്ത്രം സ്വായത്തമാക്കിയ മിനി ടീച്ചറുടെ ഓരോ കഥയും മുത്തുകളായി കാണാനാവും. 

വർത്തമാന ലോകത്ത് നാം ചെയ്യുന്ന വിഡ്ഡിത്തങ്ങളും അമിതമായ മുൻ‌ധാരണകൾ വരുത്തുന്ന പിഴവുകളും നമുക്കുതന്നെ ദോഷകരമായി ഭവിക്കുന്നത് പല കഥകളിലും ചിത്രീകരിച്ചുകാണാം. 

ജീവിതത്തിൽ നാം പഠിക്കേണ്ട ഗുണപാഠങ്ങളാണ് ഇതിലെ ഓരോ കഥകളും.

എത്ര അന്വേഷണം നടത്തിയിട്ടും തൃപ്തിയുള്ള പെണ്ണിനെ കെട്ടാൻ കഴിയാതെ പോകുന്ന സംശയാലുവായ മനസ്സിന്റെ ഉടമയാണ് പുരനിറഞ്ഞ പുരുഷൻ. 

ഓരോ കഥകളും അതിന്റെ ക്ലൈമാക്സിൽ എത്തുന്നതുവരെ വായനക്കാർക്ക് പിടികൊടുക്കാതെ കൊണ്ടുപോകാൻ രചയിതാവിന് സാദ്ധ്യമാകുന്നു. അതുകൊണ്ടുതന്നെ അവിചാരിതമായ പരിണാമത്തിലെത്തുന്ന കഥകളിൽ നാം വിസ്മയപ്പെട്ടുപോകുന്നു.

കല്ല്യാണക്കച്ചേരിയും ഏപ്രിൽ‌ഫൂൾ ആകുന്നതും മുൻ‌ധാരണയില്ലാതെ പണം കടം കൊടുക്കുന്നതും പ്രണയിക്കുന്ന യുവാക്കളുടെ കുസൃതികളും വായനക്കാർക്ക് രസം കൂട്ടുന്നു. ‘കവിയരങ്ങിലെ കളികൾ’ വികൃതികളായി പോകുന്ന സാഹിത്യരംഗത്തിന് ഒരു കൊട്ട് കൊടുക്കുകയാണ്. 

സൌന്ദര്യലഹരിയിൽ മുഴുകിപ്പോകുന്ന യുവാവിന്റെ പ്രയാസം നന്നായി പ്രതിപാദിച്ചിട്ടുണ്ട്.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ മഹാബലി ചരിതം സറ്റയർ ആണെങ്കിലും കേരളത്തിന്റെ ഇന്നത്തെ അവസ്ഥ നന്നായി ചിത്രീകരിച്ചിരിക്കുന്നു. 

മഹാബലിയുടേയും വാമനന്റെയും സങ്കടം,, ഏറ്റവും ചുരുങ്ങിയ വരികളിൽ ഏറ്റവും നല്ല ഒരു കഥ മെനഞ്ഞെടുത്തിരിക്കുന്നു. 

അടിച്ചു പിരിയുന്ന കാമുകന്മാരുടെ കഥ രസകരമായി വായിക്കാം. അടുക്കള പരിചയമില്ലാത്തവർക്ക് സംഭവിച്ചു പോകുന്നത് പുത്തൻ വധുക്കൾക്ക് ഒരു പാഠമാണ്.

കൂടുതൽ വിശദീകരണം തുടരാതെ നിർത്തട്ടെ,, ഓരോ കഥയിലും ഓരോ ഗുണപാഠം ആലോചിച്ചാൽ കാണാനാവും. 

നർമരസമാണെങ്കിലും നാം പാലിക്കേണ്ട ഗുണങ്ങൾ ഈ കഥാസമാഹാരം സൂക്ഷ്മദൃഷ്ടിയോടെ വായിച്ചാൽ ഹൃദിസ്ഥമാവും. 

കഥാകൃത്തിന്റെ ലക്ഷ്യവും അതായിരിക്കും എന്നതിൽ രണ്ടു പക്ഷമില്ല. 

 ഇന്നത്തെ കാലത്ത് ഇത്രയും വിഷയങ്ങൾ തെരഞ്ഞെടുത്ത് അതിൽ മുത്തും മണിയും കോർത്തെടുത്ത് മാലയാക്കി കൈരളിയുടെ കണ്ഠത്തിൽ ചാർത്തിയ മിനി ടീച്ചർക്ക് അഭിനന്ദനങ്ങൾ.

പൈതൽ പി. കാഞ്ഞിരോട്, കണ്ണൂർ 

​മലയാളം ബ്ലോഗ് ചലഞ്ചിലേക്കൊരു പോസ്റ്റ് - A Post For Malayalam Blog Challenge

11 comments

മലയാളം ബ്ലോഗ് ചലഞ്ചിലേക്കൊരു പോസ്റ്റ് - A Post For Malayalam Blog Challenge

ചിത്രത്തിന് കടപ്പാട് ശ്രീ രമേശ് അരൂർ 
മലയാളം ബ്ലോഗ് ഉലകത്തിൽ ചില വർഷങ്ങളായി സംഭവിച്ചുകൊണ്ടിരുന്ന ബ്ലോഗ് മാന്ദ്യത്തെപ്പറ്റി രണ്ടു വർഷം മുമ്പ് ഒരു ചെറുകുറിപ്പ്  നമുക്ക് ബ്ലോഗ്‌ എഴുത്തിലേക്കു മടങ്ങാം അല്ലെ! എന്ന തലക്കെട്ടിൽ ഞാൻ ഈ ബ്ലോഗിൽ  എഴുതിയിരുന്നു.  ഒപ്പം  അതേപ്പറ്റിയുള്ള കുറിപ്പുകൾ/അറിയിപ്പുകൾ  എൻ്റെ സോഷ്യൽ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളെ അറിയിക്കുവാനും കഴിഞ്ഞു.

പക്ഷെ നമ്മുടെ സുഹൃത്തുക്കളിൽ ഒരു നല്ല പങ്കും സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ ബ്ലോഗിലേക്കു മടങ്ങിവരാൻ പലരും താൽപ്പര്യം കാണിച്ചില്ല, അങ്ങനെ ഞാൻ ആ സംരംഭത്തിൽ നിന്നും പിന്മാറി പൂർണ്ണ സമയം ഇംഗ്ലീഷ് ബ്ലോഗെഴുത്തിലേക്ക് തിരിയുകയും ചെയ്തു. അതിപ്പോൾ സജീവമായി തുടരുകയും ചെയ്യുന്നു.


എന്നാൽ കഴിഞ്ഞ ദിവസം തികച്ചും അവിചാരിതമായിട്ടാണ് ബ്ലോഗറും കഥാകാരിയും ഓൺലൈൻ മിത്രവുമായ ശ്രീമതി റോസിലിൻ, 
ശ്രീ രമേശ് അരൂരിൻ്റെ ഒരു  ഫേസ്ബുക്ക് നോട്ടിഫിക്കേഷനിൽഎന്നെ ടാഗ് ചെയ്തത് ശ്രദ്ധയിൽപ്പെട്ടത്.  ബ്ലോഗെഴുത്തിൽ വന്ന  മാന്ദ്യം മാറ്റുന്നതിനായി ചില മിത്രങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുന്നു!

വളരെ സന്തോഷം തോന്നി! കാരണം, ബ്ലോഗ് മാന്ദ്യം മാറണം, ഒപ്പം ഒരു ഉദ്ധാരണം ഉണ്ടാകണം എന്ന്  വളരെ ആത്മാർത്ഥമായി ആഗ്രഹിച്ച ഒരു ബ്ലോഗറാണ് ഞാൻ.   

കാരണം ബ്ലോഗെഴുത്തിൻറെ ആ പഴയ കാലം തികച്ചും ആഹ്ലാദകരമായ ഒരു അനുഭവം ആയിരുന്നു.   ഇംഗ്ലീഷ് ബ്ലോഗെഴുത്തിലൂടെ അതിപ്പോൾ അനുഭവിക്കുന്നുണ്ടെങ്കിലും    മാതൃഭാഷയിൽ ലഭ്യമാകുന്ന ആ അനുഭൂതി ഒന്നു വേറെ തന്നെ! രമേഷിൻറെ ഫേസ്ബുക്ക് നോട്ടിഫിക്കേഷനു ഉടൻ തന്നെ ഞാൻ ഒരു മറുപടി നൽകി.  "ശ്രീ രമേശ് നല്ല ആഹ്വാനം, ആശംസകൾ. 


കുറേക്കാലം മുൻപ് ഞാൻ ബ്ലോഗ് ഉലകം ഒന്ന് ഉഷാറാക്കാൻ ഒരു എളിയ യഗ്‌നം നടത്തി നോക്കി പക്ഷെ ഒരു തണുത്ത പ്രതികരണമാണ് എനിക്കു കിട്ടിയത്, ഞാൻ തോറ്റു പിന്മാറി വീണ്ടും ഇംഗ്ലീഷ് ബ്ലോഗിൽ സജീവവായി.  അവിടെ രണ്ടു തുട്ടു തടയുകയും ചെയ്യുമല്ലോ! 

ഇപ്പോൾ രമേഷിന്റെയും റോസിലിൻറെയും പ്രയഗ്നം സഫലമാകുമെന്നു പ്രതീക്ഷിക്കുന്നു.  എല്ലാ പിന്തുണയും ഒപ്പമുണ്ടാകും. ആശംസകൾ. ~ഫിലിപ്പ് ഏരിയൽ 

മയങ്ങി കിടക്കുന്ന ബ്ലോഗിനു ജീവൻ നൽകാനുള്ള ഒരു ആഹ്വാനമായിരുന്നു രമേശ് കുറിച്ച വരികൾ.  എൻ്റെയും ആഗ്രഹം സഫലമാകുവാൻ പോകുന്നു എന്നോർത്തപ്പോൾ വളരെ സന്തോഷം തോന്നുകയും  'ഈ ബ്ലോഗ് ചലഞ്ചിൽ ഞാനും ഒപ്പമുണ്ടാകും' എന്ന് കുറിപ്പിലൂടെ അറിയിച്ചു. താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻഷോട്ട് കാണുക. എൻ്റെ  മ റുപടി 

രമേഷിന്റെ ആ കുറിപ്പത്രേ ഈ പോസ്റ്റിനു ആധാരം. ബ്ലോഗ് മിത്രം  ശ്രീ ജിമ്മിയുടെ ( ജിമ്മി ജോൺ) "സ്വന്തം സുഹൃത്ത്" എന്ന ബ്ലോഗ് പേജിൽ 2015 ൽ  ഞാൻ ഇട്ട ഒരു കമന്റു കഴിഞ്ഞ ദിവസം വീണ്ടും കാണുവാനിടയായി. അന്ന് കുറിച്ച വരികൾ വീണ്ടും കുറിക്കട്ടെ!

"മാറാല കെട്ടിക്കിടന്ന ബ്ലോഗുകളിൽ  ഒരു അനക്കം, വരുത്താൻ, അല്ല,​ അവയിലെ പൊടിതട്ടിക്കുടഞ്ഞു വീണ്ടും സജീവമാക്കാൻ താങ്കൾ നടത്തിയ ​ ഈ അടുക്കി വെക്കലുകൾക്കു കഴിയട്ടെ  എന്ന് ആശംസിക്കുന്നു!" 

​അതെ ബ്ലോഗുകൾ സജീവമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കമ്മന്റിൻറെ പൂർണ്ണ രൂപവും ഒപ്പം ജിമ്മിയുടെ മറുപടിയും  താഴെക്കൊടുക്കുന്നു ​സ്‌ക്രീൻ ഷോട്ടിൽ കാണുക. ജിമ്മിയുടെ ബ്ലോഗിലേക്കുള്ള വഴിയും ഇവിടെ കൊടുക്കുന്നു.  സ്വന്തം സുഹൃത്ത് 

Malayalam blog challenge

അങ്ങനെ അന്നെഴുതിയെങ്കിലും സമയക്കുറവുമൂലം പലർക്കും സജീവമാകാൻ കഴിഞ്ഞില്ല എന്ന് വേണം കരുതാൻ, പക്ഷെ ഇത്തവണ, എല്ലാവരും ഈ ചലഞ്ചിൽ സജീവമാകും എന്നു തന്നെ ഞാൻ കരുതുന്നു, കാരണം, ഇതുവരെ കിട്ടിയ പ്രതികരണങ്ങൾ  അതാണ് വിളിച്ചറിയിക്കുന്നത്.

നിരവധിപേർ ഇതിനകം സജീവമാകാം എന്നറിയിച്ചിട്ടുണ്ട്.
മേൽ സൂചിപ്പിച്ച  കമൻറ്, ബ്ലോഗിലായതിനാൽ വീണ്ടും കാണാൻ കഴിഞ്ഞു മറിച്ചു ഫേസ്ബുക്കിൽ ആയിരുന്നെങ്കിൽ വീണ്ടും വായിക്കുന്ന, കാണുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല.

എത്രയോ നല്ല നല്ല രചനകൾ നമ്മുടെ മിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ കുറിച്ചവ ഒരിക്കലും മടങ്ങിവരാതെവണ്ണം ആഴങ്ങളിലേക്ക് താണുപോയ അവസ്ഥ എത്ര പരിതാപകരം.

പ്രിയ മിത്രങ്ങളേ നിങ്ങളുടെ രചനകൾ നിങ്ങളുടെ കാലശേഷവും വരും തലമുറകളിലേക്ക് എത്തണമെങ്കിൽ സോഷ്യൽ മീഡിയാ രചനകളിൽ നിന്നും എത്രയും വേഗം ബ്ലോഗിലേക്ക് മടങ്ങുക.

ഇതുപറയുമ്പോൾ സോഷ്യൽ മീഡിയ നമുക്കു വേണ്ടേ വേണ്ട എന്ന ധ്വനിയില്ലായിതിനു, മറിച്ചു, നമ്മുടെ രചനകളുടെ പ്രൊമോഷൻ കേന്ദ്രം സോഷ്യൽ മീഡിയകൾ തന്നെ. ആ കാര്യത്തിൽ രണ്ടു പക്ഷം ഇല്ല.
നമ്മുടെ  രചനകൾ, ചിന്തകൾ ആലോചനകൾ, വീണ്ടും ലഭ്യമാകുന്ന തരത്തിൽ അത്തരം പ്ലാറ്റുഫോമുകളിൽ കുറിക്കുക, അതാണ് കൂടുതൽ സുരക്ഷിതം എന്ന് മാത്രം.

നമുക്ക് സജീവമാകാം പരസ്‌പരം പിന്തുണക്കാം, ദിവസവും ചുരുങ്ങിയത് അഞ്ചോ ആറോ ബ്ലോഗുകൾ സന്ദർശിക്കുക, അഭിപ്രായങ്ങൾ കമൻറ് രൂപത്തിൽ എഴുതുക.

പിന്നൊരു കാര്യം ഓർത്തിരിക്കാൻ:
നാം കുറിക്കുന്ന കമന്റുകൾ വെറും കമന്റിനായി ഒറ്റവാക്കിൽ ഒതുക്കാതിരിക്കുക.

സൂപ്പർ, നന്നായി, ഗ്രേറ്റ്, ഓസം, അടിപൊളി, ഗുഡ്, തുടങ്ങിയ ഒറ്റ വാക്ക് കമന്റുകൾ കഴിവതും ഒഴിവാക്കുക, സത്യത്തിൽ അങ്ങനെ പറയുന്നതിൽ  വലിയ കഴമ്പില്ല എന്ന ചിന്താഗതിക്കാരനാണ് ഞാൻ.

പോസ്റ്റിനു ചേർന്ന കുറിക്കു കൊള്ളുന്ന വാക്കുകൾ ഒന്നു രണ്ടു വാചകത്തിൽ എഴുതുക. നിങ്ങളുടെ ആ കമൻറ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റും അവർ നിങ്ങളുടെ ബ്ലോഗിൽ വായനക്കായി  ഓടിയെത്തും
വായിക്കുന്ന ബ്ലോഗ് പോസ്റ്റിനെപ്പറ്റി പറയാനുള്ളതെല്ലാം വ്യക്തമായി കമന്റിൽ കുറിക്കുക അത് ഒരു ചർച്ചക്കു വീണ്ടും വഴി വെച്ചാൽ ഏറ്റവും നന്ന്.  നമ്മുടെ കമന്റുകൾ കഴമ്പുള്ളയായി മാറട്ടെ, വെറുതെ ഒരു ബാക്ക് ലിങ്കിനു വേണ്ടിയുള്ളതാകാതിരിക്കട്ടെ നമ്മുടെ കമെന്റുകൾ.

വർഷങ്ങളായി ഞാൻ സ്വീകരിച്ചു പോരുന്ന ഒരു സ്ട്രാറ്റജി എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം.  ഇങ്ങനെയുള്ള കമന്റെഴുത്തു കൂടുതൽ ആളുകളെ നമ്മുടെ പേജുകളിലേക്കു ആകർഷിക്കുന്നതിനും  ട്രാഫിക് കൂട്ടുന്നതിനും  നാം എഴുതുന്ന പ്രോത്സാഹജനകമായ കമന്റുകൾ സഹായകമാകുന്നു.

വായിച്ച പോസ്റ്റ് ഇഷ്ടമായെങ്കിൽ നിങ്ങളുടെ ബ്ലോഗിലോ, സോഷ്യൽ മീഡിയകളിലേക്കോ ഷെയർ ചെയ്യുക.

ബ്ലോഗ് ചലഞ്ചിലെ  ഈ ആദ്യ പോസ്റ്റിൽ ഒരു ഓൺലൈൻ  സുഹൃത്തിൻറെ കവിത കൂടി ഗസ്റ്റ് പോസ്റ്റ് ആയി അനുബന്ധമായി ചേർക്കുന്നു. ഈ പ്രീയ മിത്രം നമ്മുടെ പ്രോത്സാഹനം അർഹിക്കുന്നു, അദ്ദേഹത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ താഴെ വായിക്കുക:

കവിയെപ്പറ്റി രണ്ടു വാക്ക്:  
ശ്രീ എം എം ഡാനിയേൽ:  ഈ ബ്ലോഗിൻറെ ഒരു വായനക്കാരനും ഒരു നല്ല എഴുത്തുകാരനുമാണ്.
അദ്ദേഹം ഇന്ത്യൻ കരസേനയിൽ 20 വർഷം 
സേവനമനുഷ്ടിച്ചശേഷം  Junior Commissioned Officer ആയി റിട്ടയർ ചെയ്തു. 

തുടർന്ന്  Royal Air Force of Oman,  മസ്ക്കറ്റില്‍ Telecommunication Engineer  ആയി 1996 മുതല്‍   ജോലി ചെയ്‌തു വരികയായിരുന്നു.  2015 ഫെബ്രുവരിയിൽ അവധിക്കു നാട്ടിൽ വരികയും  മാർച്ച് ആറിന് തിരികെ മസ്‌ക്കറ്റിൽ എത്തണം എന്നാഗ്രഹിച്ചെങ്കിലും നിർഭാഗ്യവശാൽ മാർച്ച് മൂന്നിന് അദ്ദേഹത്തിനൊരു ഹൃദയാഘാതം സംഭവിച്ചതുമൂലം അതിനു കഴിഞ്ഞില്ല. 

തലച്ചോറിലേക്കുള്ള പ്രധാന ആർട്ടറിയിൽ ആയിരുന്നു ബ്ലോക്ക് ഉണ്ടായത്. സർജറി നടത്തി ബ്ലോക്ക് മാറ്റിയെങ്കിലും അതോടെ സംസാര ശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടു ഇപ്പോൾ ശയ്യാവലംബിയായി  കഴിയുകയും ഒപ്പം ചികിത്സ തുടരുകയും ചെയ്യുന്നു. 
അൽപമായി സംസാരശേഷി ഇപ്പോൾ തിരിച്ചു കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു സംസാരിക്കുകയുണ്ടായി, അപ്പോൾ താനയച്ച കവിതയെപ്പറ്റി ചോദിക്കുകയും ബ്ലോഗ് ആരംഭിക്കുന്ന കാര്യവും മറ്റും  പറയുകയുമുണ്ടായി. 

നിരവധി കവിതകൾ എഴുതിയ ഈ മിത്രത്തിൻറെ  "യാചകൻ"  എന്ന കവിത ഇവിടെ ചേർക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്:
വായിക്കുക അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ എഴുതുക. 


യാചകന്‍


വല്ലതും തരികമ്മാ കേണു ഞാന്‍ പടി തോറും
ഇല്ലെന്നു ചൊല്ലിയാലോ നടക്കും നിരാശനായ്
ഇല്ലെന്നു ചൊല്ലാത്തവര്‍ നല്ലവര്‍ ചിലരെല്ലാം
ചില്ലറത്തുട്ടുകളെന്‍ പാത്രത്തിലിട്ടു തന്നു

        നാഴി നെല്ലരി പോലും കിട്ടിയില്ലെന്നു വന്നാല്‍
        ഏഴയാമെനിക്കന്ന് കഴിയില്ലുറങ്ങുവാന്‍
        ഒഴിഞ്ഞ വയറ്റിലെ കത്തുന്ന തീയണയ്ക്കാന്‍
        കഴിയാറില്ല നാഴി വെള്ളത്തിനൊരിക്കലും

കുഞ്ഞു കുട്ടികള്‍ രണ്ടു പേരുമമ്മയോടൊപ്പം
കഞ്ഞി കിട്ടുമെന്നോര്‍ത്തു കാത്തിരിക്കുന്നുണ്ടാകും
പഞ്ഞമാസവും തിരുവോണവുമെല്ലാം സമം
കഞ്ഞി കിട്ടിയാല്‍ തന്നേ എന്നുമേ തിരുവോണം

        ഈ വിധമെല്ലാമങ്ങു ചിന്തിച്ചു നടക്കുമ്പോള്‍
        ആ വഴി കണ്ടൂ ദൂരേ മിന്നുന്ന രഥമൊന്ന്
        ആവലെല്ലാമിന്നെന്റെ തീരുമെന്നുറപ്പിച്ചു
        ആ വരുന്നതു മഹാരാജന്റെ രഥമല്ലോ

പാതയോരത്തു നിന്നും നീങ്ങി ഞാനല്പം നിന്നു
ആ തിരുവെഴുന്നള്ളത്തേവമെന്‍ ചാരേ വരാന്‍
പാതയോരത്തു വന്നെന്‍ ചാരെയാ രഥം നിന്നു
സാദരം കൈകള്‍ കൂപ്പി നിന്നു ഞാന്‍ തിരുമുമ്പില്‍

        കൈകളെന്‍ നേരേ നീട്ടി നില്‍ക്കുന്നു മഹാരാജന്‍
        ആകെ ഞാന്‍ പകച്ചിതു സത്യമെന്നറിയാതെ
        ആകെയെന്‍ മാറാപ്പിന്റെ ഉള്ളിലുള്ളതില്‍ നിന്നും
        ഏകി നെന്മണിയൊന്നാ പൊന്നു തമ്പുരാനേവം

മന്ദഹാസം തൂകിക്കൊണ്ടെന്റെ നെന്മണി വാങ്ങി
മന്ദമാ മഹാരാജന്‍ യാത്രയായ് രഥമേറി
നിന്നു ഞാനവിടെന്റെ വിധിയേ പഴിച്ചേവം
ഒന്നനങ്ങുവാന്‍ പോലും കഴിയാതൊരു മാത്ര

        എത്തി ഞാന്‍ വിഷണ്ണനായ് എന്റെ കൂരയിലേവം
        ഇത്തിരിപ്പോന്ന ധാന്യം കുട്ടയില്‍ കുടഞ്ഞിട്ടു
        ഇത്തിരി വെളിച്ചത്തില്‍ കണ്ടു കണ്മിഴിച്ചു ഞാന്‍
        പത്തര മാറ്റുള്ളൊരു സ്വര്‍ണ്ണനെന്മണിയതില്‍

വിലപിച്ചു പോയി ഞാന്‍ ബുദ്ധി ശൂന്യതയോര്‍ത്തെന്‍
തലയിലെഴുത്തെങ്ങാന്‍ മായുമോ മായിച്ചെന്നാല്‍
നെല്ലിന്റെ മണിയെന്റെ മാറാപ്പിലുള്ളതെല്ലാം
വല്ലഭനേകാനപ്പോള്‍   തോന്നിയില്ലല്ലോ കഷ്ടം.

                                         ~  ഡാനിയേല്‍ എം എം

( മഹാകവി  രവീന്ദ്രനാഥ്  ടാഗോറിന്റെ "ഗീതാജ്ഞലി "യോട് കടപ്പാട് )പ്രീയ വായനക്കാരുടെ ശ്രദ്ധക്ക് !

താങ്കളുടെ വിലയേറിയ സമയത്തിനു നന്ദി.
നിങ്ങളുടെ സ്നേഹവും, പ്രതികരണങ്ങളും എനിക്ക് പ്രോത്സാഹനമേകുന്നു
 വായനക്കാരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾക്ക് അപ്പോൾ തന്നെ മറുപടി നൽകുന്നതിലും ഞാൻ ശ്രദ്ധിക്കുന്നു.
നിങ്ങളുടെ പ്രതികരണങ്ങൾ അതെന്തായാലും അറിയുവാൻ ആഗ്രഹിക്കുന്നു. താഴെയുള്ള കമെന്റ് ബോക്സിൽ അതെഴുതുക.
കമന്റെഴുതുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്. 
ഒറ്റവാക്കിൽ കമൻറ് ഒതുക്കുന്നവർ ദയവായി അതൊഴിവാക്കുക.
അതുപോലെ, പ്രോകോപനപരമായതും, പരിഹാസരൂപത്തിലുള്ളതുമായ  പ്രതികരണങ്ങൾക്കും
ഇവിടെ ഇടം ഇല്ല.
ഇംഗ്ലീഷിലും മലയാളത്തിലും എഴുതാം.
പോസ്റ്റുമായി പുലബന്ധം പോലുമില്ലാത്ത പ്രതികരണങ്ങൾ പ്രസിദ്ധീകരിക്കില്ല.
കമന്റിൽ അനുയോജ്യമല്ലാത്ത ലിങ്ക് ചേർത്താൽ അതു നീക്കം ചെയ്യുന്നതായിരിക്കും.
അതുപോലെ അനാവശ്യമായ ഉപദേശങ്ങൾ, നിർദ്ദേശങ്ങൾ ഒഴിവാക്കുക, ഒപ്പം പോസ്റ്റുമായി ബന്ധപ്പെട്ട വിമർശനാത്മകമായ പ്രതികരണങ്ങൾ കുറിക്കുക,  അതൊരു ചർച്ചക്കു കാരണമാകുമെങ്കിൽ നല്ലത്.
നിങ്ങളുടെ വിലയേറിയ സമയത്തിനു വീണ്ടും നന്ദി.
ഇവിടെ കുറിക്കുന്ന കമൻറ് എഴുത്തുകാരുടെ
ബ്ലോഗിൽ എത്തുന്നതും ഒപ്പം എൻറെ
പ്രതികരണങ്ങൾ അവിടെ എഴുതുന്നതുമാണ്.
എഴുതുക അറിയിക്കുക.
സസ്നേഹം
നിങ്ങളുടെ സ്വന്തം
ഫിലിപ്പ് വർഗീസ് ഏരിയൽ 

മലയാളം ബ്ലോഗ് ചലഞ്ചിലേക്കൊരു ക്ഷണം. An Invitation To Malayalam Blog challenge

20 comments
മലയാളം ബ്ലോഗ് ചലഞ്ച് വരുന്നു, പങ്കെടുക്കണം കേട്ടോ!

എന്ന്  ചില മിത്രങ്ങളോട് പറഞ്ഞപ്പോൾ കിട്ടിയ മറുപടി:

അതെന്നാ സംഭവം മാഷേ എന്നായിരുന്നു.

അതിനൊരു മറുപടി ബ്ലോഗ് പോസ്റ്റായി ഇടാം എന്ന് കരുതിയപ്പോൾ പ്രിയ സുഹൃത്ത് ഫൈസൽ ബാബു അതേപ്പറ്റി ഒരു ചെറു കുറിപ്പ് തൻ്റെ ബ്ലോഗിൽ ചേർത്തു കണ്ടു അതിനാൽ അതേപ്പറ്റി ഇനിയൊരു കുറിപ്പ് ആവശ്യം ഇല്ലാ എന്നു തോന്നി അതാണീ വരികൾക്കു പിന്നിൽ!
ചിത്രം കടപ്പാട് ശ്രീ രമേഷ് അരൂർ ഫേസ്ബുക്ക്  പേജ് 
മലയാളം ബ്ലോഗെഴുത്തിലെ മാന്ദ്യം കണ്ടു മനം  നൊന്ത ചില ബ്ലോഗേർസിന്റെ കൂട്ടായ ഒരു പരിശ്രമം എന്നും വേണമെങ്കിൽ ഇതിനെ വിളിക്കാം.

പ്രസിദ്ധ പത്രപ്രവർത്തകനും ബ്ലോഗറുമായ ശ്രീ രമേഷ് അരൂരിൻ്റെ ഒരു ആഹ്വാനമാണീ ബ്ലോഗ് ചലഞ്ചിന്റെ തുടക്കം.

അടുത്തിടെ അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വരികൾ മറ്റു ചില ബ്ലോഗ് മിത്രങ്ങൾ മുഖവിലക്കെടുത്തു മുന്നോട്ടു വരികയും അവരുടെ ഇതോടുള്ള താൽപ്പര്യം പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു.

അതേത്തുടർന്ന് പലരും മറ്റു മിത്രങ്ങളെ അവരുടെ ഫേസ്ബുക് പേജുകളിൽ ടാഗ് ചെയ്‌തും, ബ്ലോഗിലും അതേപ്പറ്റി വിളംബരം ചെയ്‌തു, ചലെഞ്ചിലേക്കു ക്ഷണിച്ചു.

ഓൺലൈൻ മിത്രവും പ്രസിദ്ധ കഥാകാരിയും റോസാപ്പൂക്കൾ എന്ന ബ്ലോഗുടമയുമായ  റോസിലി ഫേസ്ബുക്കിൽ എന്നെ ടാഗ് ചെയ്താണ് ഞാനീ വിവരം അറിഞ്ഞത്.

അത്തരത്തിലൊരു കുറിപ്പ്/അറിയിപ്പ് ബ്ലോഗ് മിത്രവും, ബ്ലോഗ് നിരൂപകനുമായ ശ്രീ ഫൈസൽ ബാബു ഊർക്കടവ് എന്ന തന്റെ പ്രസിദ്ധമായ ബ്ലോഗിൽ കുറിച്ച വരികൾ ശ്രദ്ധേയമായി തോന്നി ആ കുറിപ്പ് ഇവിടെ താഴെ കുറിക്കുന്നു.

എന്നോട് സംശയം ഉണർത്തിച്ചു സുഹൃത്തുക്കൾക്ക് ഈ കുറിപ്പ് ഉപകാരമാകും എന്ന ചിന്തയോടും ഫൈസലിൻറെ അനുമതിയോടും ആ കുറിപ്പ് അതേപടി താഴെ ചേർക്കുന്നു.

ഇത്തരത്തിലുള്ള നിരവധി കുറിപ്പുകളും, കഥകളും മറ്റു ലേഖനങ്ങളും വായിക്കാനും അദ്ദേഹത്തിൻറെ ബ്ലോഗിലേക്കുള്ള വഴിയും (ലിങ്ക്) താഴെ കൊടുക്കുന്നു.

മലയാളം ബ്ലോഗെഴുത്തിലെ തുടക്കക്കാരും, ഒപ്പം പേരെടുത്തവരും ഇതൊരു ചലഞ്ചായി ഏറ്റെടുക്കുകയും നവംബർ 10 നു തങ്ങളുടെ ബ്ലോഗിൽ ഒരു പോസ്റ്റ് എഴുതി ഈ നല്ല സംരംഭത്തിനു  തുടക്കം കുറിക്കും എന്നു കരുതുന്നു.

ഇപ്പോഴും ബ്ലോഗ് എഴുത്തു തുടരുന്ന ചില മിത്രങ്ങളുണ്ട് അവരും നവംബർ പത്തിന് ഒരു പോസ്റ്റുമായി പ്രത്യക്ഷപ്പെടും എന്ന വിശ്വാസത്തോടെ,

നിങ്ങളുടെ സ്വന്തം മിത്രം


ഫിലിപ്പ് ഏരിയൽ 

ശ്രീ ഫൈസൈലൻറെ വാക്കുകളിലേക്ക്: 

ബ്ലോഗര്‍ ?  അതെന്താ സംഭവം എന്നറിയാത്ത ഒരു കാലമുണ്ടായിരുന്നു. പ്രവാസത്തിന്‍റെ വിരസതയിലൊരുനാള്‍ ഗൂഗിള്‍  സെര്‍ച്ചില്‍ നിന്നാണ് ബ്ലോഗ്‌ എന്ന നൂതന ആശയത്തെ കുറിച്ചറിയുന്നത്. അതൊരു E വായനയുടെ വസന്തകാലമായിരുന്നു. പുസ്തകവായനയില്‍ നിന്നും ഇ ലോകത്തെക്കുള്ള പറിച്ചു നടല്‍. കഥയും കവിതയും ലേഖനങ്ങളുമായി ആയിരക്കണക്കിന് പേര്‍ സ്വയം എഡിറ്റിംഗും പബ്ലിഷിംഗും,മുതല്‍  പ്രിന്‍റിംഗ്  ഒഴികെയുള്ളതെല്ലാം  സ്വയം ചെയ്യ്ത്  വായനാലോകത്തേക്ക് എത്തിച്ചത് നിലവാരമുള്ളതും ഇല്ലാത്തതുമായ എണ്ണമറ്റ കലാ സൃഷ്ടികളായിരുന്നു. 


അഭിപ്രായിച്ചും സുഖിപ്പിച്ചും വിയോജിച്ചും മലയാളം ബ്ലോഗുകള്‍ സജീവമായ ഓര്‍മ്മയുടെ സുവര്‍ണ്ണ കാലഘട്ടം ഇനി തിരിച്ചു വരുമോ എന്നറിയില്ല. ബ്ലോഗുപോസ്റ്റുകളില്‍ വിയോജനകുറിപ്പ് രേഖപെടുത്താന്‍ സൌഹൃദം ഒരു തടസ്സമായപ്പോള്‍ " അനോണി " കുപ്പായമിടേണ്ടിവന്നിട്ടുണ്ട് :) . ബ്ലോഗ് പോസ്റ്റുകളില്‍  കൂടി മാത്രം  പരിചയപ്പെട്ടവര്‍ , അവരില്‍ ചിലരെ നേരില്‍ കണ്ടപ്പോഴുള്ള സന്തോഷം. ചിലര്‍ക്കെങ്കിലും സഹായഹസ്തം നീട്ടാന്‍ കഴിഞ്ഞത്. ചിലരെ ചിരിപ്പിച്ചത് , ചിലരോട് കലഹിച്ചത് അങ്ങിനെ E ലോകത്ത്  വലിയൊരു സൌഹൃദമൊരുക്കിയതും ബ്ലോഗര്‍ എന്ന് അടയാളപ്പെടുത്തിയതുമെല്ലാം നന്ദിയോടെയല്ലാതെ സ്മരിക്കാന്‍ കഴിയില്ല.

സോഷ്യല്‍ മീഡിയയുടെ അതിപ്രസരം തന്നെയാണ് ബ്ലോഗിനോട് വിടപറയാന്‍ പലര്‍ക്കും കാരണമായത്.പലരും പ്രതീക്ഷിക്കുന്ന ഫാസ്റ്റ് റെസ്പോണ്‍സ്. മറുപടി അതിനെല്ലാം പുറമേ  ആറ്റികുറുക്കിയ നാല് വരിയില്‍ കിട്ടുന്ന കമന്റും ലിക്കും ഷെയറും പ്രതീക്ഷിച്ചു പലരും മൈക്രോ ബ്ലോഗിലേക്ക് കുടിയേറി. 

ബ്ലോഗേഴ്സ് ഗ്രൂപ്പുകള്‍. E മാഗസിനുകള്‍ എല്ലാം ഒരു നൊമ്പരമുള്ള കിനാവുകള്‍ മാത്രമാണിന്ന്. ഒരു തിരിച്ചു വരവ് സ്വപ്നം  കാണുന്ന മലയാള ബ്ലോഗുകള്‍ ഇഷ്ടപെടുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്. അവര്‍ക്കായി നവംബര്‍ പത്തു മുതല്‍ വീണ്ടും ബ്ലോഗുകള്‍ സജീവമാക്കുകയാണ് E "ചലഞ്ചിലൂടെ".
അപ്പൊ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുള്ള പ്രിയ ബ്ലോഗര്‍ മാര്‍ ആ ചിലന്തി കേറികിടക്കുന്ന ബ്ലോഗാപ്പീസ് ഒന്ന് പൊടിതട്ടിയെടുത്തോളൂ :) 

കമന്റ് ബോക്സില്‍ സാനിധ്യമറിയിക്കുന്ന എല്ലാവര്‍ക്കും ഊര്‍ക്കടവ് ബ്ലോഗിന്‍റെ ദര്‍ശനം ലഭിക്കുന്നതാണ് :) എന്താ റെഡിയല്ലേ ..നല്ല വായനക്കായി ഞാനും കാത്തിരിക്കുന്നു !!. 

ഫൈസലിൻറെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ 


Source: Oorkkadavu Blog 

പ്രീയ വായനക്കാരുടെ ശ്രദ്ധക്ക് !

താങ്കളുടെ വിലയേറിയ സമയത്തിനു നന്ദി.
നിങ്ങളുടെ സ്നേഹവും, പ്രതികരണങ്ങളും എനിക്ക് പ്രോത്സാഹനമേകുന്നു
 വായനക്കാരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾക്ക് അപ്പോൾ തന്നെ മറുപടി നൽകുന്നതിലും ഞാൻ ശ്രദ്ധിക്കുന്നു.
നിങ്ങളുടെ പ്രതികരണങ്ങൾ അതെന്തായാലും അറിയുവാൻ ആഗ്രഹിക്കുന്നു. താഴെയുള്ള കമെന്റ് ബോക്സിൽ അതെഴുതുക.
കമന്റെഴുതുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്. 
ഒറ്റവാക്കിൽ കമൻറ് ഒതുക്കുന്നവർ ദയവായി അതൊഴിവാക്കുക.
അതുപോലെ, പ്രോകോപനപരമായതും, പരിഹാസരൂപത്തിലുള്ളതുമായ  പ്രതികരണങ്ങൾക്കും ഇവിടെ ഇടം ഇല്ല.
ഇംഗ്ലീഷിലും മലയാളത്തിലും എഴുതാം.
പോസ്റ്റുമായി പുലബന്ധം പോലുമില്ലാത്ത പ്രതികരണങ്ങൾ പ്രസിദ്ധീകരിക്കില്ല.
കമന്റിൽ അനുയോജ്യമല്ലാത്ത ലിങ്ക് ചേർത്താൽ അതു നീക്കം ചെയ്യുന്നതായിരിക്കും.
അതുപോലെ അനാവശ്യമായ ഉപദേശങ്ങൾ, നിർദ്ദേശങ്ങൾ ഒഴിവാക്കുക, ഒപ്പം പോസ്റ്റുമായി ബന്ധപ്പെട്ട വിമർശനാത്മകമായ പ്രതികരണങ്ങൾ കുറിക്കുക,  അതൊരു ചർച്ചക്കു കാരണമാകുമെങ്കിൽ നല്ലത്.
നിങ്ങളുടെ വിലയേറിയ സമയത്തിനു വീണ്ടും നന്ദി.
ഇവിടെ കുറിക്കുന്ന കമൻറ് എഴുത്തുകാരുടെ
ബ്ലോഗിൽ എത്തുന്നതും ഒപ്പം എൻറെ
പ്രതികരണങ്ങൾ അവിടെ എഴുതുന്നതുമാണ്.
എഴുതുക അറിയിക്കുക.
സസ്നേഹം
നിങ്ങളുടെ സ്വന്തം
ഫിലിപ്പ് വർഗീസ് ഏരിയൽ 

Visit PHILIPScom

PHILIPScom On Facebook