പ്രശസ്ത കവയിത്രി എം ടി ഗിരിജാകുമാരിയുടെ"ചേമ്പിലക്കുട" കവിതാ സമാഹാരത്തിനൊരു അടിക്കുറിപ്പ്

2 comments

പ്രശസ്ത കവയിത്രി
ശ്രീമതി എം ടി ഗിരിജാകുമാരിയുടെ
"ചേമ്പിലക്കുട"
എന്ന
 കവിതാ സമാഹാരത്തിനൊരു അടിക്കുറിപ്പ്




പുസ്തകപ്രകാശനം പ്രശസ്ത സാഹിത്യകാരാൻ  ശ്രീ. ഷിഹാബുദിൻ പൊയ്തുംകടവ്  
ശ്രീ കലവൂർ  രവികുമാറിന്   നൽകി നിർവ്വഹിക്കുന്നു .





ഗിരിജാകുമാരിയുടെ











ഇംഗ്ലീഷ് ബ്ലോഗെഴുത്തിലൂടെ വെബ് ലോകത്തേക്ക് കടന്നു വന്ന്‌ പിന്നീട് മലയാളം ബ്ലോഗെഴുത്തിലേക്കു ചേക്കേറിയ എനിക്കു നിരവധി മിത്രങ്ങളെസമ്പാദിക്കാൻ കഴിഞ്ഞു എന്നത് ചാരിതാർത്ഥ്യത്തോടെ ഓർക്കുന്നു.  പ്രത്യേകിച്ച് കേരളത്തിന്റെ  തെക്കും വടക്കുമുള്ള  പ്രാന്തങ്ങളിൽ നിന്നും ഒരു നല്ലപങ്കു  മിത്രങ്ങളെ ലഭിക്കാനിടയായി. ഞാനിതു പറയുമ്പോൾ എന്റെ ഇംഗ്ലീഷ് ബ്ലോഗെഴുത്തിലൂടെ ആരുമായും ബന്ധം പുലർത്താൻ കഴിഞ്ഞില്ല എന്ന്കരുതരുതേ, അവിടെയുമുണ്ട് നിരവധി പേർ. ചുരുക്കത്തിൽ അതായിരുന്നു വെബ് ലോകത്തേക്കുള്ള എന്റെ ആദ്യ പടി തന്നെ. അവിടെയും നിരവധിപേരെ നേടാൻ കഴിഞ്ഞെങ്കിലും മാതൃ ഭാഷയായ മലയാളത്തിലേക്കുള്ള മടക്ക യാത്ര ഒരു പ്രത്യേക അനുഭൂതി തന്നെ പകർന്നു തന്നു എന്നെഴുതിയാൽഅതിൽ ഒട്ടും അതിശയോക്തി ഇല്ലതന്നെ. കാരണം ഏതു ഭാഷയിൽ എത്ര പ്രാവീണ്യം നേടിയാലും മാതൃഭാഷയോടുള്ള മമത, അനുഭൂതി അഥവാ വാഞ്ഛ ഒന്ന് വേറെ തന്നെയാണ്‌  അത് അനുഭവവേദ്യമായവർക്കെ മനസ്സിലാകൂ.   ഈ വസ്തുത എന്റെ മറ്റൊരു ബ്ലോഗ്‌ പോസ്റ്റിലും സൂചിപ്പിച്ചിരുന്നു എന്നുതോന്നുന്നു. 

മുകളിൽ ഇത്രയും പറഞ്ഞത്,  അടുത്തിടെ മലയാളത്തിൽ വായിച്ച, കണ്ണൂരിൽ നിന്നും പ്രസിദ്ധീകരിച്ച ഒരു കവിതാ സമാഹാരത്തെപ്പറ്റി ചിലതുകുറിക്കുവാനത്രേ. 

കവയിത്രി  ഗിരിജാകുമാരി  നന്ദി അറിയിക്കുന്നു 



നേരത്തെ സൂചിപ്പിച്ചതുപോലെ മലയാളം ബ്ലോഗെഴുത്തിലൂടെ നിരവധി മിത്രങ്ങളെ കേരളത്തിന്റെ എല്ലാ പ്രാന്തങ്ങളിൽ നിന്നും നേടുവാൻ കഴിഞ്ഞു.അക്കൂട്ടത്തിൽ ലഭിച്ച ഒരു മിത്രമത്രെ പത്തനംതിട്ടയിൽ  ജനിച്ചെങ്കിലും കണ്ണൂരിന്റെ പ്രിയ പുത്രിയായി മാറിയ കവയിത്രി ശ്രീമതി ഗിരിജാകുമാരി. അവർഅടുത്തിടെ എഴുതി പ്രസിദ്ധീകരിച്ച "ചേമ്പിലക്കുട" എന്ന കവിതാ സമാഹാരത്തെപ്പറ്റി ഒരു കുറിപ്പ് എഴുതുന്നതിനു മുൻപ് രണ്ടു വാക്ക്:

കണ്ണൂരിനെപ്പറ്റിയും കണ്ണൂർകാരെപ്പറ്റിയും പറയാതിരിക്കാൻ നിർവ്വാഹമില്ല, നേരത്തെ പറഞ്ഞതുപോലെ നിരവധി കണ്ണൂർക്കാരെ മിത്രങ്ങളായി ഇതിനകം ലഭിച്ചെങ്കിലും എന്റെ ആദ്യ കണ്ണൂർ മിത്രത്തെ കണ്ടുമുട്ടിയത് ഒരു നിമിത്തമായത്‌ ഇവിടെ കുറിക്കാതെ പോകാൻ മനസ്സു വരുന്നില്ല.  ഏതാണ്ട് മുപ്പതിലധികം വർഷങ്ങൾക്കു മുൻപ് അലഹബാദിൽ ജ്യേഷ്ഠ സഹോദരന്റെയും ചേച്ചിയുടെയും ഒപ്പം ആയിരുന്ന കാലം, അവരുടെസഹപ്രവർത്തകയായ കണ്ണൂർകാരി ഒരു വനജയും അവരുടെ സഹോദരൻ.  കൃഷ്ണകുമാറും അവിടെയുണ്ടായിരുന്നു. കൃഷ്ണകുമാറുമായി എനിക്കുവളരെ അടുത്തിടപഴകുവാൻ കഴിഞ്ഞു.  പ്രാരാബ്ധങ്ങൾ  നിറഞ്ഞ ഒരു  കുടുംബ പാശ്ചാത്തലത്തിൽ നിന്നുമുള്ള തന്റെ ദുഃഖ കഥകൾ ഒന്നൊന്നായി അദ്ദേഹം എനിക്കു മുൻപിൽ ഒരു സ്വസഹോദരനോടെന്നവണ്ണം പങ്കു വെച്ചിരുന്നു. കാലങ്ങൾ കടന്നു പോയതോടെ ഞങ്ങൾ രണ്ടു വഴിക്ക് പിരിഞ്ഞു. പിന്നീടയാളെപ്പറ്റി ഒരു വിവരവും ഇല്ലാതായി. തമ്മിൽ കാണാനും നാളിതുവരെ ഭാഗ്യമുണ്ടായില്ല. ഒരു പക്ഷെ ഇത് വായിക്കുന്ന ആർക്കെങ്കിലും ഇവരെപരിചയം ഉണ്ടെങ്കിലോ എന്നോർത്തു പൊയി. കൃഷ്ണകുമാർ  ഒരു ശാന്ത സ്വഭാവി ആയിരുന്നു.

ഇത്രയും ഇവിടെ കുറിച്ചത് കവയിത്രി തന്റെ ആമുഖത്തിൽ മറ്റു പ്രദേശക്കാർ കണ്ണൂർക്കാർക്ക് ഇന്ന് കല്പ്പിച്ചിരിക്കുന്ന അയിത്തത്തിനെതിരെ കണ്ണൂർ ജനതയുടെ നന്മയെപ്പറ്റി ചില ഉദാഹരണങ്ങൾ എഴുതി കണ്ടതുകൊണ്ടത്രെ.  ദേശം ഏതായാലും അവിടെ നല്ലവരും, ചീത്ത സ്വഭാവം ഉള്ളവരും ഉണ്ട് എന്നതിൽ രണ്ടു പക്ഷം ഇല്ല. അതുകൊണ്ട് കണ്ണൂരിൽ ഈ അടുത്ത കാലങ്ങളിൽ അരങ്ങേറിയ ചില സംഭവങ്ങളുടെ ചുവടു പിടിച്ചു അവരെ ഒറ്റപ്പെടുത്താൻ ഒരിക്കലും പാടുള്ളതല്ല. മറിച്ചു നാമെല്ലാം ഒന്ന് എന്ന ചിന്ത നമ്മെ  ഭരിക്കേണ്ടതുണ്ട് എന്ന്‌ കവയിത്രി ആഹ്വാനം ചെയ്യുന്നു. 

കേരളമെന്ന പേരുകേട്ടാൽ തുടിക്കണം ചോര ഹൃദയങ്ങളിൽ എന്ന കവി വാക്യം ഇത്തരുണത്തിൽ ഓർത്ത്  പോവുകയാണ്. 

കവയിത്രി ഇതോടനുബന്ധമായി ചില ഉദാഹരണങ്ങൾ (സംഭവ കഥകൾ) ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. ചേമ്പിലക്കുട യുടെ ആമുഖത്തിൽ പറഞ്ഞതുപോലെ, ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ ഇവിടുത്തുകാർ സമാധാന പ്രേമികൾ തന്നെ എന്നു കവയിത്രിയുടെ എഴുത്തിലൂടെയും, നേരിട്ടുള്ള വാക്കുകളിലൂടെയും മനസ്സിലാക്കാൻ കഴിയുന്നു.
.
തെക്കന്റെയും വടക്കന്റെയും ചില വിശേഷങ്ങൾ നർമ്മരസത്തിൽ ആമുഖത്തിൽ അവതരിപ്പിച്ചിരിക്കുന്നതും രസമായിട്ടുണ്ട്.

ഈ കവിതാ സമാഹാരത്തിലൂടെ കവയിത്രി പുറം ലോകത്തെ വിളിച്ചറിയിക്കാൻ വെമ്പൽ കൊള്ളുന്നതും ഇതേ വികാരങ്ങൾ ഉൾക്കൊണ്ടു തന്നെയാണ് എന്നു മനസ്സിലാകുന്നു. 


അവതാരികയിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ വി മധുസൂദനൻ നായർ  ഇപ്രകാരം കുറിച്ചു :

"ഗിരിജാകുമാരിയുടെ എഴുത്തിനുള്ളിൽ 
ഏതോ  തീവ്രമായ ചില 
അനുഭവങ്ങളുടെ തേക്കമുണ്ട്. 
മനുഷ്യവർഗ്ഗത്തോടുള്ള ഹൃദയബന്ധമുണ്ട് 
അനീതിയോടും അസമത്വത്തോടുമുള്ള 
എതിർപ്പും അകലവുമുണ്ട്. ഒപ്പം 
നിഷ്ക്കളങ്കവും ആർദ്രവുമായ ഒരു ബാല്യത്തിന്റെ 
മഴയോർമ്മകളെ കൂടെ കൊണ്ടു നടക്കുന്നു 
ഈ എഴുത്തുകാരി."

ജന്മം പിഴച്ചവൾ, പെണ്ണേ എന്നാരംഭിക്കുന്ന "അവശേഷിപ്പുകൾ" എന്ന കവിതയിൽ ഒരു സ്ത്രീ ജന്മത്തിന്റെ വിവിധ അവസ്ഥാന്തരങ്ങൾ വളരെഹൃദയഹാരിയായി അവതരിപ്പിച്ചിരിക്കുന്നു.  ചില വരികൾ ശ്രദ്ധിക്കുക:

"ക്രൂരമാം ജാതകം ഹോമിച്ച ജന്മങ്ങൾ
ആയിരം ചോദ്യ ശരങ്ങൾ ഉയർത്തവെ
കണ്ണില്ല കാണുവാൻ കരൾ നീറി നിൽക്കുന്ന
പെണ്ണിന്റെ മനസ്സിന്റെ കാണാക്കയങ്ങളെ
കാതില്ല കേൾക്കുവാൻ കരൾ പിളർന്നെത്തുന്നൊ
രായിരം ഹൃത്തിൻ വിമൂകമാം രോദനം."

"മതിപ്പുവില" എന്ന കവിതയിൽ, ഹീനമായി പുറം തള്ളപ്പെടുന്ന  സ്ത്രീ ജന്മത്തിന്റെ അവസ്ഥ അഥവാ ചരിതം ഇങ്ങനെ കോറിയിട്ടിരിക്കുന്നു.

..."മാറിടത്തിന്റെ വലുപ്പം മാനദണ്ഡമാക്കി
പെണ്ണിൻ മൂല്യ നിർണ്ണയം
അവമതിക്കപ്പെടും
അവൾ തൻ മാനം
അവന്റെ നിഘണ്ടുവിനന്യം
കാമ മോഹിതന്റെ
പ്രീണനങ്ങളിൽ
മതിമറക്കുമ്പോൾ
അവളറിയുമോ
കമ്പോളത്തിൽ
വില കുറഞ്ഞ
ഉപഭോഗ വസ്തുവായിത്തീരും
സ്ത്രീയെന്ന്.

എണ്ണമറ്റ രാവുകളിൽ
അവന്റെ സ്വപ് നങ്ങൾക്ക്
നിറം പകർന്നവൾ
ഒടുവിൽ കുപ്പയിൽ
വിഴുപ്പായ്
വലിച്ചെറിയപ്പെടുന്നവൾ
കേവല ജന്മമങ്ങളായ് 
എരിഞ്ഞടങ്ങുംമ്പോൾ

ഉള്ളറകളിൽ
നെറികേടിന്റെ
ചാവുതീനി കഴുകുകൾ
മൂല്യ ബോധത്തിൻ
അടിവേരും തകർത്ത്
ആടി തിമിർക്കുന്നത്
കണ്ടതേയില്ല
നാം ....!

സ്ത്രീകൾ ഇന്നത്തെ സമൂഹത്തിൽ ഹീനവും നികൃഷ്ടവുമായി പീഡിപ്പിക്കപ്പെടുമ്പോൾ വെറും നോക്കു കുത്തികളായി നിൽക്കുന്ന പുരുഷസമൂഹത്തോടുള്ള ഒരു വലിയ വെല്ലുവിളിയായി, ചോദ്യമായി, ഈ വരികൾ നിൽക്കുന്നില്ലേ എന്നു തോന്നുകയാണ്.

ഗൌരവമാർന്ന വിവിധ വിഷയങ്ങൾ തന്റെ കവിതകളിലൂടെ കവയിത്രി ഈ സമാഹാരത്തിൽ ചേർത്തിട്ടുണ്ടെങ്കിലും. ബാല്യകാല സ്മരണകൾ തൊട്ടുണർത്തുന്ന, ഗൃഹാതുരത്വം തുളുമ്പുന്ന കവിതകളും ഈ സമാഹാരത്തിൽ  കണ്ടെത്താം.

അത്തരം ഒന്നത്രേ "മഴയോർമ്മകൾ" എന്ന കവിത യിൽ അവർ  കുറിച്ചിട്ടിരിക്കുന്നത്. ബാല്യകാലത്തിലെ ചില ഓർമ്മകൾ കവിതയിലൂടെ കവയിത്രി ഓർമ്മപ്പെടുത്തുന്നത് വളരെ ഹൃദ്യമായിത്തോന്നി.

ഒരു ബാല്യകാല സുഹൃത്തും കവിതയിലെ നായികയും ചേമ്പില കുടക്കീഴിൽ പങ്കിട്ട അസുലഭ നിമിഷങ്ങൾ ഒരു മഴയോർമ്മയായി വളരെ മനോഹരമായികോറിയിട്ടിരിക്കുന്നു ഈ കവിതയിൽ

"...നിഷ്ക്കളങ്ക ബാല്യത്തിൻ
സിനിഗ്ധ സ്നേഹാമൃതം
നുകുർന്നു ഞാൻ !!"

എന്ന വരികൾ ആരെയും രോമാഞ്ചമണിയിക്കും എന്നതിനു സംശയം വേണ്ട.
ജീവിത യാത്രയിൽ കണ്ടതും കേട്ടതുമായ നിരവധി വിഷയങ്ങൾ കവയിത്രി തന്റെ കവിതകൾക്ക് വിഷയമാക്കിയിട്ടുണ്ട്.  "മംപി" എന്ന കവിതയിൽപശ്ചിമ ബംഗാളിലെ ഒരു  കുഗ്രാമത്തിലെ ദരിദ്രയായ ഒരു പന്ത്രണ്ടു വയസ്സുകാരി തന്റെ ജീവിതം ഹോമിച്ച് അച്ഛനേയും സഹോദരനെയുംജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുന്ന  രംഗം ഹൃദയഹാരി യായി  അവതരിപ്പിച്ചിരിക്കുന്നു.

ചുരുക്കത്തിൽ വളർന്നു വരുന്ന ഈ കവയിത്രി മലയാള ഭാഷയ്ക്ക് ഒരു മുതൽക്കൂട്ട് തന്നേ എന്നതിൽ രണ്ടു പക്ഷം ഇല്ല.
ഒറ്റ വാക്കിൽ പറഞ്ഞാൽ:
"ഓർമ്മയും സ്വപ്നങ്ങളും യാഥാർത്ഥ്യവും ഇട കലരുന്ന കവിതകൾ."

ഇനിയും നിരവധി കവിതാ കുസുമങ്ങൾ കണ്ണൂരിന്റെ ഓമനപ്പുത്രിയായി മാറിയ  ഈ കവയിത്രിയിൽ നിന്നും ഉരുത്തുരിയട്ടെ എന്ന ആശംസകളോടെ ഈവിശകലനത്തിനിവിടെ വിരാമം കുറിക്കുന്നു.

ലിഖിതം ബുക്സ് കണ്ണൂർ-2,  പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം കേരളത്തിലെ എല്ലാ പുസ്തകശാലകളിലും ലഭ്യമാണ്. 
കൂടാതെ കവയത്രിയിൽ നിന്നും നേരിട്ടും ലഭ്യമാണ് 
വില 50 രൂപ 

കവയത്രിയെപ്പറ്റി രണ്ടു വാക്ക്:
ശ്രീ. തങ്കപ്പൻ ചെല്ലമ്മ ദമ്പതിമാരുടെ മകളായി പത്തനംതിട്ട ജില്ലയിലെ ഇടമുറി (റാന്നി) എന്ന സ്ഥലത്തു ജനിച്ച ഗിരിജ, ഇടമുറി ഗവ: ഹൈ സ്കൂൾ, എസ്. സി. ഹൈസ്കൂൾ റാന്നി, സെന്റ്‌ തോമസ്‌ കോളേജു റാന്നി, കാതോലിക്കേറ്റു കോളേജ് പത്തനംതിട്ട, മൌണ്ട് കാർമൽ ട്രെയിനിംഗ് കോളേജ് കോട്ടയം എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി.  ജന്തു ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും, ബി എഡും നേടിയിട്ടുണ്ട്. ഇപ്പോൾ ക്ഷീര വികസന വകുപ്പിൽ ഹെഡ് ക്ലെർക്കായി സേവനമനുഷ്ടിക്കുന്നു. ഭർത്താവ് ഡോ. ടി കെ രാജീവ് മൃഗസംരക്ഷണ വകുപ്പിൽ അസ്സിറ്റന്റ് ഡയരക്ടർ ആയി സേവനം അനുഷ്ടിക്കുന്നു. മക്കൾ: അശ്വിൻ, അരവിന്ദ്, കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾ.

കവയിത്രിയുടെ വിലാസം:

എം ടി ഗിരിജാകുമാരി 
'പ്രയാഗ'
ചാല വെസ്റ്റ്‌, തോട്ടട പി ഒ 
കണ്ണൂർ 2 
ഫോണ്‍: 09847774637
e-mail: girijaprayaga@gmail.com


ശുഭം  


2 comments

"ക്രൂരമാം ജാതകം ഹോമിച്ച ജന്മങ്ങൾ
ആയിരം ചോദ്യ ശരങ്ങൾ ഉയർത്തവെ
കണ്ണില്ല കാണുവാൻ കരൾ നീറി നിൽക്കുന്ന
പെണ്ണിന്റെ മനസ്സിന്റെ കാണാക്കയങ്ങളെ
കാതില്ല കേൾക്കുവാൻ കരൾ പിളർന്നെത്തുന്നൊ
രായിരം ഹൃത്തിൻ വിമൂകമാം രോദനം."

"ക്രൂരമാം ജാതകം ഹോമിച്ച ജന്മങ്ങൾ
ആയിരം ചോദ്യ ശരങ്ങൾ ഉയർത്തവെ
കണ്ണില്ല കാണുവാൻ കരൾ നീറി നിൽക്കുന്ന
പെണ്ണിന്റെ മനസ്സിന്റെ കാണാക്കയങ്ങളെ
കാതില്ല കേൾക്കുവാൻ കരൾ പിളർന്നെത്തുന്നൊ
രായിരം ഹൃത്തിൻ വിമൂകമാം രോദനം."

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.