ഈ പ്രസംഗവും പ്രവർത്തിയും, എഴുത്തും പ്രവർത്തിയും രണ്ടും ഒന്നാണല്ലേ!

No Comments
ഈ പ്രസംഗവും പ്രവർത്തിയും, 
എഴുത്തും പ്രവർത്തിയും  രണ്ടും ഒന്നാണല്ലേ! 


ചിത്രം കടപ്പാട് ഗൂഗിൾ 
ഫോണിൽ വിളിച്ച അയാൾ  ഒരു പക്ഷെ ഇന്നലെ ഞാൻ എഴുതിയ ഇംഗ്ളീഷ് ബ്ലോഗു വായിച്ചിരിക്കാൻ സാദ്ധ്യത ഉണ്ട്. 

Insecure Writer's Support Group (IWSG) എന്ന ഇംഗ്ളീഷ് ബ്ലോഗ്‌ ഗ്രൂപ്പിൽ മാസത്തിന്റെ എല്ലാ ആദ്യ ബുധാനാഴ്ചയും നടത്തുന്ന ഒരു ബ്ലോഗെഴുത്ത്.  ആ പൊസ്റ്റിട്ടു ഒരാഴ്ച ആയിക്കാണില്ല.
ഈ മാസത്തെ കുറിപ്പ്, ബ്ലോഗ്‌ കമന്റുകളെപ്പറ്റിത്തന്നെ ആയിരുന്നു.

കമന്റുകൾ നമ്മുടെ ബ്ലോഗിൽ എഴുതുന്നവർക്ക് അതിനുള്ള മറുപടി വൈകാതെ കൊടുക്കണം.

അല്ലെങ്കിൽ നിങ്ങളുടെ ബ്ലോഗിൽ കമന്റു എഴുതുന്നവരുടെ കമന്റിനോടുള്ള നിങ്ങളുടെ സമീപനം എങ്ങനെ?  തുടങ്ങി കുറെ ചോദ്യങ്ങളും അവക്കുള്ള മറുപടികളും ചില നിർദേശങ്ങളും മറ്റുമായിരുന്നു ആ കുറിപ്പിലെ ഉള്ളടക്കം. ചുരുക്കത്തിൽ അതേപ്പറ്റിയുള്ള  ഒരു ചെറു പ്രസംഗം തന്നെ ആ കുറിപ്പിലൂടെ നടത്തി എന്ന് വെച്ചോളൂ.  ഫോണിനു മറുതലക്കൽ ഉള്ള ആൾ അത് തീർച്ചയായും വായിച്ചിരിക്കും. ഞാൻ ഓർത്തു.

പെട്ടന്ന്,  അയാൾ അത് പറയുകയും ചെയ്തു. മാഷേ, ഞാൻ താങ്കളുടെ ഇംഗ്ലീഷ് കുറിപ്പ് കണ്ടു കേട്ടോ.
ഞാൻ താങ്കളുടെ   ബ്ലോഗിൽ ഒരു കമന്റു വീശിയിട്ട്‌ മാസങ്ങൾ കുറെ ആയി.

ഈ നീണ്ട പ്രസംഗം നടത്തുന്ന ആൾ എന്താണ് ചെയ്യുന്നത്?

അതിനൊരു മറുപടി ഇത് വരെ തന്നില്ലല്ലോ മാഷേ!

പിന്നെന്തിനാ ഇങ്ങനെ ഗീർവാണം മുഴക്കുന്നത്?

ഇത് നമ്മുടെ ചില രാഷ്ട്രീയക്കാരേപ്പോലെ ആയിപ്പോയല്ലോ മാഷേ!

എന്തിനു പറയുന്നു താങ്കൾ ഉൾപ്പെട്ട് നിൽക്കുന്ന സഭയിലെ ചില പ്രസംഗകർ നടത്തുന്ന പ്രസംഗം 
 പോലെയായിപ്പോയല്ലോ മാഷെ ഇത് ! താങ്കളും അവരുടെ കൂടെക്കൂടിയോ?

ബ്ലോഗിൽ എഴുതുന്നത് പോലെ താങ്കൾ ചെയ്യുന്നുണ്ടോ?

തുടങ്ങി ചില ചോദ്യങ്ങൾ ശരവർഷം പോലെ ഫോണിൻറെ മറ്റേ തലക്കൽ നിന്നുയരാൻ തുടങ്ങി. ഞാൻ ചില  ന്യായങ്ങൾ നിരത്താൻ ശ്രമിച്ചെങ്കിലും കക്ഷി അതൊന്നും കേൾക്കാൻ മനസ്സ് കാട്ടിയില്ലാന്നു പറഞ്ഞാൽ മതിയല്ലോ.

മാഷെ ഞാൻ സാധാരണ എല്ലാ കമന്റുകൾക്കും മറുപടി നൽകുന്ന ആളാണ്‌ പക്ഷെ ഇവിടെ എന്തു സംഭവിച്ചു എന്നറിയില്ല തുടങ്ങിയ ചില മുടന്തൻ ന്യായങ്ങൾ ഞാൻ നിരത്തി, അവക്കൊന്നും അയാൾ ചെവി തന്നില്ല.

ഞാൻ വീണ്ടും ഓർത്തു

'അയാൾ പറഞ്ഞതിൽ വാസ്തവം ഉണ്ടല്ലോ, ഈ എഴുത്തും പ്രവർത്തിയും, പ്രസംഗവും പ്രവർത്തിയും രണ്ടും ഒന്നാണല്ലോ!

പറയുന്നത് പോലെ, എഴുതുന്നതു പോലെ പ്രവർത്തിക്കാൻ കഴിയുന്നില്ല എങ്കിൽ പിന്നെ ഈ പണി നിർത്തുന്നതല്ലെ നല്ലത് ! എന്നു തുടങ്ങി അനേകം ചിന്തകൾ എന്നെപ്പറ്റിയും മറ്റു ചില സുവിശേഷ  പ്രസംഗകരെപ്പറ്റിയും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.

കുറിപ്പിൽ ഞാൻ ഒരു പൊതു തത്ത്വം പറഞ്ഞു പോയതായിരുന്നു അതൊരു തിരിച്ചടിയാലല്ലോ!

ഹേ, അത് സാരമില്ല,  ഞാൻ മനസ്സിൽ പറഞ്ഞു.

ഹേ, അതെങ്ങനെ പറയാനും തള്ളിക്കളയുവാനും കഴിയില്ലല്ലോ അയാൾ പറഞ്ഞത് നൂറു ശതമാനവും ശരിയാണല്ലോ!

അതെ കുറ്റം എന്റേതു തന്നെ!

ഞാൻ മനസ്സിലോർത്തു,

തിരക്കു പിടിച്ച ഈ നാളുകളിൽ ചെയ്യേണ്ട പലതും സമയത്തു ചെയ് വാൻ സാധിക്കാതെ പോകുന്നു, അതുകൊണ്ട് പറയണ്ടത് പറയാതിരിക്കാനും കഴിയില്ലല്ലോ!

 ഇനി മുതൽ കുറേക്കൂടി  ജാഗ്രത പുലർത്തിയെ പറ്റൂ!

പറയുന്നതും എഴുതുന്നതും അപ്രകാരം ചെയ് വാൻ നമുക്കു കഴിയുന്നുണ്ടോ എന്ന് നന്നായി വിലയിരുത്തിയ ശേഷം വേണം പ്രസംഗവും എഴുത്തും നടത്താൻ ഞാൻ മനസ്സിലോർത്തു.

ഇവിടെ കാര്യം അൽപ്പം നിസ്സാരം എങ്കിലും, ഓർത്തിരിക്കെണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ഒന്ന് തന്നെ ഈ കാര്യം എന്ന് ഞാൻ വീണ്ടും ഓർത്തു.

വേഗത്തിൽ ഞാൻ സുഹൃത്ത്‌ പറഞ്ഞ പോസ്റ്റിൽ പോയി ഒന്ന് പരതി അയ്യോ അയാളുടെ കമന്റു കാണുന്നില്ലല്ലോ! അതെവിടെപ്പോയി!

പെട്ടന്ന്,  സ്പാം മെയിൽ പരിശോധിച്ചു.  അതാ അയാളുടെ കമന്റു.
അത് എന്നെ നോക്കി ഒരു ഇളിഭ്യച്ചിരി പാസ്സാക്കി.
വേഗത്തിൽ അതിനെ അവിടെനിന്നും പൊക്കിയെടുത്തു കമന്റിൽ ഇട്ടു ഒപ്പം ഒരു നീണ്ട മറുപടിയും ഇട്ടു.

നോക്കണേ എനിക്കു നേരിട്ട ഒരു അമളി! അതിനെ അമളി എന്ന് വിളിക്കാമോ എന്തോ, പെട്ടന്നു തന്നെ ഫോണിൽ സുഹൃത്തിനെ വിവരം ധരിപ്പിച്ചു, അയാൾ പറഞ്ഞതും തിരിച്ചെടുക്കുന്നു എന്ന് പറഞ്ഞു ആ സംഭാഷണം അവിടെ നിർത്തി.

ഈ കാര്യങ്ങൾ ഇവിടെ നിരത്തിയതിന് പിന്നിൽ മറ്റൊരു ഉദ്യേശ്യം കൂടിയുണ്ട്.  എനിക്കു പറ്റിയ ഈ അമളി ഇനിയാർക്കും സംഭാവിക്കാതിരിക്കാൻ ഇത് വായിക്കുന്നവർക്ക്  ഒരു മുൻകരുതൽ എടുക്കാമല്ലോ എന്ന് കരുതി ഇതൊരു കുറിപ്പായി ഇവിടെ ചേർക്കുന്നു.

അൽപ്പകാലത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും എൻറെ മലയാളം പേജിൽ ഇങ്ങനെ ഒരു കുറിയുമായി എത്താൻ സഹായിച്ച (നിമിത്തമായ) സുഹൃത്തിനും എൻറെ ഹൃദയം നിറഞ്ഞ നന്ദി.

എല്ലാ പ്രീയ ബ്ളോഗ്  മിത്രങ്ങൾക്കും ഞങ്ങളുടെ നന്ദി നമസ്കാരം.

വീണ്ടും കാണാം.

ഫിലിപ്പ് ഏരിയലും കൂട്ടരും
സിക്കന്ത്രാബാദ്


അടിക്കുറിപ്പ്:
കാര്യം ഇങ്ങനെയാണെങ്കിലും, ഇതിൽ ഞാൻ കുറ്റക്കാരൻ അല്ലെങ്കിലും എന്റെ മനസ്സിൽ പെട്ടന്ന് കടന്നു വന്ന ഒരു ബൈബിൾ വചനം ഇതോടുള്ള ബന്ധത്തിൽ കുറിക്കുന്നത് ഉചിതം ആയിരിക്കും എന്നു കരുതുന്നു.

ബൈബിളിലെ യാക്കോബിൻറെ ലേഖനത്തിൽ ഇപ്രകാരം ഒരു വാക്യം ഉണ്ട്:

"സഹോദരന്മാരെ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ട് എന്നു പറയുകയും പ്രവർത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ ഉപകാരം എന്ത്?  ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ? ... 
അങ്ങനെ വിശ്വാസവും പ്രവർത്തികളില്ലാത്തതായാൽ സ്വതവേ നിർജ്ജീവമാകുന്നു. 
 (യാക്കോബിന്റെ ലേഖനം  2: 14ഉം 17ഉം വാക്യങ്ങൾ) (James 2: 14 & 17)

NOTE: ഇവിടെ വിശ്വാസം എന്നതിനെ,  പ്രസംഗം, എഴുത്ത് എന്നിവയോട്  ചേർത്തു വായിക്കുക.)







Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.