ഉള്ളിയെക്കുറിച്ച് ചില ഉള്ളകാര്യങ്ങൾ - Onion Some Facts

No Comments

ചിത്രം കടപ്പാട് :  sxc.hu 
തരംഗിണി ഓണ്‍ലൈൻ മാസികയിൽ പ്രസിദ്ധീകരിച്ച എന്റെ ഒരു ലേഖനം

ആരോഗ്യം


ഉള്ളിയെക്കുറിച്ച് ചില ഉള്ളകാര്യങ്ങൾ


പി.വി.ഏരിയൽ


ഉള്ളിയുടെ വില പിടിച്ചാൽ കിട്ടാത്തവിധം കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ദിനങ്ങൾ.  ഉള്ളി നമുക്കിനി അന്യമായി പോകുമോ എന്നു പോലും തോന്നുന്ന വിധം കാര്യങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ ഈ ഉള്ളിക്കുട്ടന്റെ മാഹാത്മ്യം വിളിച്ചറിയിക്കുന്ന ചില വസ്തുതകൾ ഈ ചെറുകുറിപ്പിലൂടെ പങ്കു വെക്കാം എന്നാഗ്രഹിക്കുന്നു.

അല്പം ഉള്ളിചരിത്രം:

ഉള്ളിയുടെ ചരിത്രം പരിശോധിച്ചാൽ, അതിപുരാതന കാലം മുതലേ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്നു മനസ്സിലാക്കാൻ കഴിയും.  നമ്മുടെ വേദങ്ങളിലും പുരാണങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും ഉള്ളിയെപ്പറ്റി പരാമര്‍ശിച്ചു കാണുന്നു.  മദ്ധ്യ ഏഷ്യയാണ് (മിക്കവാറും ഇറാന്‍ പാക്കിസ്ഥാന്‍ പ്രാന്തപ്രദേശം) ഇതിന്റെ ജന്മ നാടെന്നു വിശ്വസിക്കുന്നു .  എന്തായാലും പുരാതന കാലം മുതലേ മദ്ധ്യ കിഴക്കന്‍ പ്രദേശങ്ങളിലും ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ഇത് കൃഷി ചെയ്തു വരുന്നു എന്ന് ചരിത്രം പറയുന്നു.  ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഇത് ഒരു പ്രധാന ഭക്ഷണമായിരുന്നു, പ്രസിദ്ധമായ ഈജിപ്ഷ്യന്‍ ടൂമ്പുകളില്‍ (മമ്മി) ഇത് കണ്ടിരുന്നു. യെഹൂദന്മാര്‍ ഇത് വളരെ ഇഷ്ടപ്പെട്ടിരുന്നു എന്ന് കാണുന്നു, എന്തിനധികം അവര്‍ ഒരു പട്ടണത്തിനു Onion city എന്ന് നാമകരണവും ചെയ്തു.  173 ബി സി യില്‍ ഈ പട്ടണം സൂയസ്സ് കനാലിനടുത്ത് സ്ഥാപിക്കപ്പെട്ടുതു. B C 343 വരെ അത് നിലനിന്നിരുന്നു.   ഉള്ളി ഇന്ന് പ്രധാനമായും ഇന്ത്യ, മലേഷ്യ, ഇന്‍ഡോനേഷ്യ, ബര്‍മ്മ, ഫിലിപ്പിയന്‍സ്,ചൈന, ഈജിപ്ത്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, അമേരിക്ക തുടങ്ങി മറ്റു കരീബിയന്‍ പ്രദേശങ്ങളിലും കൃഷി ചെയ്തു വരുന്നു.

ഉള്ളി നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്തിനധികം ചിലര്‍ക്ക് ഭക്ഷണം കഴിക്കുമ്പോഴെല്ലാം വെറുതെ ഒരുള്ളിയുടെ കഷണം കടിച്ചു തിന്നുന്നത് ഒരു രസവും ഒപ്പം ഒരു പതിവുമായി മാറിയിരിക്കുന്നു.  ഈ ഭക്ഷണ രീതി ശീലമാക്കി മാറ്റിയ പലരേയും ഞാന്‍ കണ്ടിട്ടുണ്ട്. 

ഇന്നും പ്രധാനമായും ഒരു ഭക്ഷ്യ വസ്തുവായിട്ടാണല്ലോ നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉള്ളി ഉപയോഗിക്കാറുള്ളതും. എന്നാൽ പലർക്കും അറിയാത്ത ചില ഔഷധ ഗുണ വിശേഷങ്ങൾ ഉള്ളിക്കുണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത്. ഇതാ ചില വസ്തുതകൾ:

ഉള്ളിയുടെ ഗന്ധം മടുപ്പുളവാക്കുന്നതെങ്കിലും ഇതിന്റെ ഔഷധ ഗുണ മേന്മ വളരെയാണ്. പുരാതന ഈജിപ്ഷ്യൻ വൈദ്യ ശാസ്ത്രന്ജ്ജന്മാർ വിവിധ അസുഖങ്ങൾക്ക് മരുന്നായി ഉള്ളി നൽകിയിരുന്നുയെന്നു ചരിത്രം പറയുന്നു. അത്ഭുതകരമായ ഔഷധഗുണം ഇതിൽ അടങ്ങിയിരിക്കുന്നുയെന്ന് വൈദ്യ ശാസ്ത്ര ചരിത്രം പറയുന്നു.  ഉള്ളിയുടെ നീരാണ് ഉള്ളി മുഴുവനായും ഉപയോഗിക്കുന്നതിനേക്കാൾ ഗുണം ചെയ്യുന്നതെന്ന് അവർ കണ്ടെത്തിയിരുന്നു. പുരുഷ ബീജം വർദ്ധിപ്പിക്കുന്നതിനും, ദന്ത രോഗാണുക്കൾ ഇല്ലാതാക്കുന്നതിനും, മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്കും ഉള്ളി ഒരു നല്ല ഔഷധമത്രേ.

ശ്വാകോശ സംബന്ധമായ അസുഖങ്ങൾക്കും ഉള്ളി ഒരു നല്ല പ്രതിവിധിയത്രേ.  ജലദോഷം, ചുമ, വലിവ്, പകർച്ചപ്പനി തുടങ്ങിയ അസുഖങ്ങൾക്കും ഉള്ളിയുടെ നീരു ഔഷധമായി ഉപയോഗിക്കുന്നു. ഉള്ളി നീരും തേനും സമാസമം ദിവസേന സേവിക്കുന്നതിലൂടെ ഈ അസുഖങ്ങൾക്ക് വിടുതൽ ലഭിക്കുന്നു. തണുപ്പു കാലങ്ങളിലും മറ്റും ഇത് രോഗ പ്രതിരോഗ വസ്തുവായി ഉപയോഗിക്കാവുന്നതാണ്.

ഒരു വ്യക്തി ദിവസവും ഓരോ ഉള്ളി ചവച്ചരച്ചു തിന്നാൽ ദന്ത സംബന്ധമായ നിരവധി രോഗങ്ങളിൽ നിന്നും മോചനം ലഭിക്കും എന്ന് അടുത്തിടെ നടത്തിയ ഒരു റക്ഷ്യൻ ഗവേഷണം വെളിപ്പെടുത്തുന്നു.  ബി പി ടോഹ്ക്കിൻ എന്ന റഷ്യൻ ഡോക്ടർ പറയുന്നു : ഏകദേശം മൂന്നു മിനിറ്റു ഉള്ളി ചവച്ചരച്ചാൽ വായിലുണ്ടാകുന്ന എല്ലാ രോഗാണുക്കളെയും ഉന്മൂലനം ചെയ്യാൻ കഴിയും" ചുരുക്കത്തിൽ ഒരു കഷണം ഉള്ളി കരുതി വെക്കുന്നത് മോണ സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഒരു പരിഹാരമത്രേ.

ശാരീരിക വിളർച്ചക്ക് ഇതിലടങ്ങിയിരിക്കുന്ന അയണ്‍ വളരെ ഗുണം ചെയ്യുന്നു.  നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഹാർട്ട് അറ്റാക്കിന് ഉള്ളി ഒരു  നല്ല  ഔഷധമത്രേ.

അനേക വർഷത്തെ നീണ്ട പരിശ്രമത്തിനു ശേഷം കേരളത്തിലെ ഒരു കൂട്ടം ഡോക്ടർമാർ ഉള്ളിയുടെ ഉപയോഗം രക്ത സമ്മർദ്ദമായ  വിവിധ രോഗങ്ങൾക്കു ഉള്ളിക്കു ഒരു വലിയ പങ്കു വഹിക്കുവാൻ കഴിയും എന്നു കണ്ടെത്തിയിരിക്കുന്നു. ദിവസവും നൂറു ഗ്രാം ഉള്ളി ഭക്ഷിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ പല രോഗങ്ങളും ഒഴിവാക്കാം എന്ന് ഇവർ കണ്ടെത്തിയിരിക്കുന്നു.*

ഉള്ളി നല്ലൊരു ഉത്തേജക വസ്തുവാണെന്ന വസ്തുത പലർക്കും അറിയില്ല. ലൈംഗിക തൃഷ്ണ വർദ്ധിപ്പിക്കുന്നതിനും ഉല്പ്പാദന നേന്ദ്രിയത്തിനു ശക്തി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകുന്നു. 

വാദസംബന്ധമായ വിവിധ രോഗങ്ങൾക്കും ഉള്ളി ഒരു സിദ്ധൌഷദമത്രെ.  ശ്വാസകോശ സംബന്ധമായ വിവിധ രോഗങ്ങൾക്കും ഉള്ളിയുടെ ഉപയോഗം വളരെ ഗുണം ചെയ്യുന്നു ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനത്രേ ഇവിടെ ഗുണം ചെയ്യുന്നത്. അതുകൊണ്ട് കഴിക്കുക ഉള്ളിയോടൊപ്പം  ബീറ്റാ കരോട്ടിൻ അടങ്ങിയ ക്യാരറ്റ് തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ.

നമ്മുടെ ഭക്ഷണത്തിൽ ഉള്ളിയുടെ അളവ് വർദ്ധിപ്പിക്കുന്നതുമൂലം,   കോളൻ കാൻസർ, ഒവേറിയൻ കാൻസർ, മോണ സംബന്ധമായ കാൻസർ, ശ്വാസനാള ദ്വാര സംബന്ധമായ കാൻസർ, അന്നനാള കാൻസർ തുടങ്ങിയ   മാരകമായ  അഞ്ചു തരം കാൻസർ  അകറ്റി നിർത്താൻ  കഴിയും എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. 

വിവിധ തരം ചർമ്മ രോഗങ്ങൾക്കും ഉള്ളിയുടെ ഉപയോഗം ഗുണം ചെയ്യുമത്രേ. രക്ത ചംക്രമണം ഉത്തേജിപ്പിക്കുന്നതിനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു, ഇതു ചർമ്മത്തിൽ തുടർച്ചയായി ഉരസ്സിയാൽ ചർമ്മത്തിൽ ഉണ്ടാകുന്ന അരിമ്പാറ പോലുള്ള രോഗങ്ങൾ പൂർണ്ണമായും മാറും എന്നു പറയുന്നു. മുറിവു, ചതവ്, വൃണം തുടങ്ങിയവയിൽ എണ്ണയിൽ മൂപ്പിച്ചെടുത്തതോ, അല്ലാതെയോ ഉള്ള ഇതിന്റെ രസം ലേപനമായി ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കും എന്നും ഗവേഷണങ്ങൾ പറയുന്നു.

ചെവി സംബന്ധമായ രോഗങ്ങൾക്കും ഇതിന്റെ നീരു നല്ലൊരു മരുന്നത്രേ, ചെവി വേദനക്കു ഇതിന്റെ നീര് പഞ്ഞിയിൽ മുക്കി ചെവിയിൽ ഒഴിച്ചാൽ വേദനക്ക് വേഗത്തിൽ ശമനം ലഭിക്കുന്നു. കോളറ തുടങ്ങിയ രോഗങ്ങള്ക്കും ഇതൊരു ഉത്തമ മരുന്നത്രേ. 30 ഗ്രാം ഉള്ളിയും 7  കുരുമുളകും നല്ലവണ്ണം ചതച്ചരച്ചു കൊടുത്താൽ  കോളറക്ക് വേഗത്തിൽ ശമനം ലഭിക്കുകയും അതു സംബന്ധമായ  ചർദ്ദിൽ തുടങ്ങിയ എല്ലാ  അസ്വസ്ഥതകൾക്കും കാര്യമായ മാറ്റം വരുകയും ചെയ്യുന്നു. 

മൂത്രാശയ സംബന്ധമായ പല രോഗങ്ങൾക്കും  ഉള്ളി ഒരു നല്ല മരുന്നത്രേ. മൂത്രത്തിൽ ഉണ്ടാകുന്ന ചുടിച്ചിലിനു ആറു ഗ്രാം ഉള്ളി 500 ഗ്രാം വെള്ളത്തിൽ തിളപ്പിച്ച്‌ വെള്ളം പകുതിയാകുന്നതു വരെ തിളപ്പിച്ച്‌ അരിച്ചെടുത്ത് തണുപ്പിച്ച് ശേഷം രോഗിക്ക് കുടിക്കുവാൻ കൊടുക്കുക, വളരെ വേഗത്തിൽ ഇതിനു ഭേദം ലഭിക്കുന്നു. 

രക്തം വമിക്കുന്ന മൂലക്കുരുവിന് ഇത് നല്ലൊരു പ്രതിവിധിയത്രേ:  50 ഗ്രാം ഉള്ളി വെള്ളത്തിൽ നല്ലവണ്ണം ഉരച്ചു ചാലിച്ച് 60 ഗ്രാം പഞ്ചസാര ചേർത്ത് ദിവസവും രണ്ടു നേരം രോഗിക്ക് കൊടുക്കുക, ഇത് വളരെ ആശ്വാസം പ്രധാനം ചെയ്യുന്നു.

ഉള്ളി വിവിധ രീതിയിൽ നാം ഉപയോഗിക്കുന്നു, ഇത് പച്ചയായും പാചകപ്പെടുത്തിയും ഉപയോഗിക്കുന്നു. പൂർണ്ണ  വളർച്ച എത്തിയ ഉള്ളിയും ഇളപ്പമായ ഉള്ളിയും നാം ഉപയോഗിക്കുന്നു. സൂപ്പിലും സലാഡിലും, മറ്റു വിവിധയിനം കറികളിലും നാമിതു ഉപയോഗിക്കുന്നു. ചുരുക്കത്തിൽ നമ്മുടെ ഭക്ഷണത്തിലെ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു ഉള്ളി.  

ഉള്ളിയിൽ ഇത്രയധികം മാഹാൽമ്യം ഉൾ ക്കൊണ്ടിരിക്കുന്നു എന്നറിഞ്ഞു ഇതിനെ  വേണ്ടും വിധം നമുക്ക് ഉപയോഗിക്കാം. 

ചില  മുന്നറിയിപ്പുകൾ

ഉള്ളി ഭക്ഷണത്തിനായി ഉപയോഗിക്കുമ്പോള്‍ മുറിച്ച ഉടന്‍ തന്നെ അത് പാചകത്തില്‍ ഉള്‍പ്പെടുത്തണം, മുറിച്ച ശേഷം അധികം വന്നവ മാറ്റി വെച്ച് പിന്നീട് ഉപയോഗിക്കാം എന്ന ചിന്തയില്‍ ഒരിക്കലും അത് ചെയ്യരുത്, അങ്ങനെ ചെയ്താല്‍ അതില്‍ മാരകമായ വിഷം അടങ്ങിയ ബാക്ടീരിയ പ്രവേശിക്കുകയും അത് ഉദരസംബന്ധമായ രോഗം വരുത്തുന്നതിനും ഇടയാക്കുന്നു.  മുറിച്ചുമാറ്റി വെച്ച ഉള്ളിയില്‍ കേവലം ഒരു രാത്രികൊണ്ട് ഈ ബാക്ടീരിയ കടന്നു കൂടും എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

ഒരു പക്ഷെ നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കും/കണ്ടിരിക്കും  മലേറിയ ചിക്കന്‍ പോക്സ് തുടങ്ങിയ രോഗം ബാധിച്ചവര്‍ കിടക്കുന്ന മുറികളില്‍ നാലു മൂലയിലും ഉള്ളികള്‍ മുറിച്ചു വെച്ചിരിക്കുന്നത്.  ആ രോഗി കിടക്കുന്ന മുറിയില്‍ രോഗാണുക്കള്‍ തീര്‍ച്ചയായും ഉണ്ടാകുമല്ലോ ഇങ്ങനെ മുറിച്ചു വെച്ചിരിക്കുന്ന ഉള്ളിയിലേക്ക് ബാക്ടീരിയ പ്രവേശിക്കുന്നതു മൂലം ആ ഉള്ളിക്ക് കറുപ്പ് നിറം വരുന്നതായി കാണാം.

തീർന്നില്ല, ഇതാ ഒരു മുന്നറിയിപ്പു കൂടി നായ് പ്രേമികൾക്കായി മാത്രം:

നായ്ക്കള്‍ക്ക് ഒരിക്കലും ഉള്ളി കൊടുക്കാനോ അവയുടെ ഉള്ളില്‍ അത് കടന്നു കൂടാനോ ഇട വരരുത് നായ്ക്കള്‍ക്കു അത് ദഹിക്കുന്നതിനുള്ള ശേഷി കുറവാണത്രേ!
                                                                   
കടപ്പാട്: 
മാണത്താറ വിശ്വനാഥൻ ഡോക്ടർ, തലവടി, തിരുവല്ല,
ആയുർവ്വേദ ചരിത്രപുസ്തകം, വിവിധ സയൻസ് പത്രികകൾ

തരംഗിണി  ഇ മാസികയിൽ ആദ്യം പ്രസിദ്ധീകരിച്ചത്!

കൂടുതൽ വായിക്കാൻ ഈ ലിങ്കിൽ അമർത്തുക 

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.