'ഞാന്‍ പുണ്യാളന്‍' ഒരു അനുസ്മരണം- A Tribute To A Departed Soul....

31 comments

'ഞാന്‍ പുണ്യാളന്‍' ഒരു അനുസ്മരണം 


 'പുണ്യാളന്‍' ഈ ഭൂമിയില്‍ നിന്നും മാറ്റപ്പെട്ടു !!!

ഒരു ഞെട്ടലോടെയാണാ വാര്‍ത്ത ശ്രവിച്ചത്.  'ഞാന്‍ പുണ്യാളന്‍' എന്ന പ്രശസ്ത യുവ ബ്ലോഗറുടെ വേര്‍പാട്. എന്റെ കണ്‍കള്‍ നിറച്ചു.


വെബ്‌ ഉലകത്തില്‍ പരിചയപ്പെട്ട നിരവധി മുഖങ്ങളില്‍ എന്നും മായാതെ നില്‍ക്കുന്നു ആ  മുഖം,   പുണ്യാളന്‍ എന്ന അപരനാമത്തില്‍ ഭൂലോകത്ത് പരക്കെ അറിയപ്പെട്ട മധു എന്ന ഷിനു എന്നും വിളിക്കുന്ന,  പിന്നെ extra decent man എന്നും അറിയപ്പെട്ടിരുന്ന എന്റെ പ്രീയ മിത്രത്തിന്റെ വേര്‍പാട് നല്‍കിയ വേദന എത്രയെന്നു കുറിക്കാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല.


ഞങ്ങള്‍ തമ്മില്‍ ചുരുങ്ങിയ കാലത്തെ മാത്രം പരിചയമേ  ഉണ്ടായിരുന്നെങ്കിലും എന്തോ ഒരു പ്രത്യേക മമതയും അടുപ്പവും പുണ്യാളനോട് എനിക്കു തോന്നിയിരുന്നു. അതെ, ഒരു നീണ്ട കാല സൌഹൃദവുമായി അതനുഭവപ്പെട്ടു.


മനസ്സ് (ഇപ്പോൾ കനൽ എന്ന ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായി അതു മാറി)  എന്ന സൌഹൃദ കൂട്ടായിമയിലേക്ക് എന്നെ മാടി വിളിച്ച ആ മൃദു സ്വരം ഇപ്പോഴും എന്റെ കര്‍ണ്ണ പുടങ്ങളില്‍ മന്ദമായി ധ്വനിക്കുന്നു. 


തന്റെ വിയോഗ വാര്‍ത്ത കേട്ട്  'പാവം മലയാളിയി'ലും, 'മനസ്സിലും' ആദ്യം കുറിച്ച വരികള്‍ വീണ്ടും ഇവിടെ കുറിക്കട്ടെ!


ഹൃദയം നൊന്തു കുറിക്കുന്നൂ ഈ വരികള്‍.  ഇപ്പോഴാണീ ഞട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടത്.  പൊട്ടിക്കരയാനാണ് തോന്നിയത്. പിന്നീടാണോര്‍ത്തത് താന്‍ ഓഫീസ്സില്‍ ആണെല്ലോ എന്ന്. പരിസ്സര ബോധം  വന്ന ഞാന്‍ സ്വയം അടക്കി. 

വെബ്‌ ലോകത്തില്‍ നിരവധി പേരെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര മാത്രം ആത്മ ബന്ധം തോന്നിയ ഒരാള്‍ വേറെ ഇല്ലാ തന്നെ എന്ന് പറഞ്ഞാല്‍  അതില്‍ ഒട്ടും അതിശയോക്തിയില്ല.  പലവട്ടം ഫോണിലൂടെയും ചാറ്റിലൂടെയും ബന്ധം പുലര്‍ത്തിയിരുന്നു. 


അടുത്തിടെ ഞാന്‍ എഴുതിയ ഒരു കുറിപ്പില്‍ 'ഹി ഹി' എന്ന് മാത്രം കമന്റു വീശിപ്പോയ പുണ്യനോട് സത്യത്തില്‍ എനിക്കു ദേഷ്യം തോന്നി.  എപ്പോഴും കമന്റില്‍ വിശദമായി മറുപടി എഴുതുന്ന ആള്‍ക്കിതെന്തു പറ്റി എന്ന് തോന്നി.  അതെപ്പറ്റി ഞാന്‍ അടുത്തിടെ  എഴുതിയ പോസ്റ്റില്‍ "വര്‍ഷാന്ത്യ ക്കുറിപ്പ്‌"  പുണ്യനെ തന്നെ തൊട്ടു തുടങ്ങി അതു വായിച്ച താന്‍ അവിടെ വന്നു നല്ലൊരു മറുപടിയും തന്നു. അത് കാണാത്തവര്‍ക്ക് ഇവിടെ വായിക്കാം.


അതിനു താന്‍ എഴുതിയ മറുപടിയും ഒപ്പം വായിക്കുക. 

സുഹൃത്തേ താങ്കളുടെ സ്നേഹത്തിനു മുന്നില്‍ എന്റെ ഹൃദയം നുറുങ്ങും വാക്കുകള്‍ അര്‍പ്പിക്കുന്നു. എന്തു കുറിക്കണം എന്ന് അറിയുന്നില്ലയെങ്കിലും എന്റെ കുറെ കണ്ണുനീര്‍ കണങ്ങള്‍ ഇവിടെ വീഴ്ത്തട്ടെ നിനക്കായ് !


പ്രിയ മിത്രമേ നിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. 
ഒപ്പം  പുണ്യന്റെ മാതാവിനും മറ്റെല്ലാ പ്രീയ ബന്ധുമിത്രാദികള്‍ക്കും 

ഞങ്ങളുടെ കൂപ്പു കൈ:-(

ഞാന്‍ എഴുതിയ കുറിപ്പിന്റെ തുടക്കം അതു പടി ഇവിടെ പകര്‍ത്തുന്നു.

pic by futureenterprise,in
Punyaalan
ബ്ലോഗില്‍ സജീവമായിരുന്ന പുണ്യാളനേക്കൊണ്ടു തന്നെ തുടങ്ങാം അല്ലെ! ഒരു സുപ്രഭാതത്തില്‍ തന്റെ ബ്ലോഗില്‍ നിന്നും അപ്രത്യക്ഷനായ നമ്മുടെ തിരുവനന്തപുരംകാരന്‍  സാക്ഷാല്‍ പുണ്യാളന്‍. പിന്നൊരു സുപ്രഭാതത്തില്‍ നല്ലൊരു ഭൂലോകം കവിതയുമായി എത്തി, അതെപ്പറ്റി ആദ്യം ഞാന്‍ ഒരു കുറിപ്പിട്ടതിനു അദ്ദേഹം   'ഹി ഹി എന്ന രണ്ടുവാക്കില്‍ തന്റെ പ്രതികരണം ഒതുക്കി.  ഞാന്‍ വിട്ടില്ല ! കയ്യോടെ പിടിച്ചു. അദ്ദേഹം ഓടി വന്നൂ  മറുപടികളുമായി വായിക്കുക അതിവിടെ:
pic credit punyaalan/google 


എന്റെ പ്രതികരണം:
ഹി ഹി ഹി ഹി ഹി കൊള്ളാം വീണ്ടും കമന്റാന്‍ ഒന്നും കിട്ടുന്നില്ല
കമന്റില്‍ ഉത്തരം കൊടുക്കെണ്ടവര്‍ക്ക് ഉത്തരം കൊടുക്കുക.
ഒരു പൊതു മറുപടിയായി ഒതുക്കാതിരിക്കുക പുന്യാളാ !!!!
വെറും ഹി ഹി ഹി നടക്കില്ല!!!
സുഖമല്ലേ?

ഷിബു പറഞ്ഞതുപോലെ പൊടിയിട്ടു നോക്കിലായ്ലും ഈ പുണ്യാളനെ കിട്ടില്ല എന്ന വാശിയാണെന്ന് തോന്നുന്നു :-)  കൂടുതല്‍ ഇവിടെ വായിക്കുക ഒപ്പം ഇനി ഞാന്‍ മരിക്കില്ല എന്ന തന്റെ കവിതയും. :-( :-( :-(


അടിക്കുറിപ്പ്:

പുണ്യാളാ, ഈശ്വരന്‍ നിനക്ക് ഭൂമിയില്‍ നല്‍കിയ നാളുകള്‍ അനേകരെ ആകര്‍ഷിക്കും വിധം  പ്രയോജനം നല്‍കും വിധം  വിവിധ പ്രവര്‍ത്തികളില്‍  ഏര്‍പ്പെട്ടു നീ കടന്നു പോയി. അതെ, ജീവിച്ചിരിക്കുന്ന അനേകര്‍ക്ക്‌ മാതൃകയാകും വിധം ആ ചുരുങ്ങിയ നാളുകള്‍ നീ ജീവിച്ചു തീര്‍ത്തു.  അടുത്ത അവധിക്കു തിരുവനന്തപുരം കാണാനും നിന്നെ കാണാനും ആഗ്രഹിക്കുകയും അത് നിന്നോട് പറയുകയും ചെയ്ത ആ ആഗ്രഹവും ഇവിടെ പൊലിഞ്ഞു.  നിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു ഒപ്പം ഒരല്‍പ്പം ബാഷ്പ കണങ്ങളും ഇവിടെ പൊഴിക്കുന്നു !

ഒടുവില്‍ കിട്ടിയ വാര്‍ത്ത: 
ഇന്നത്തെ (11.01.13) 
മലയാളം ന്യൂസില്‍ 
പുണ്യാളനെക്കുറിച്ചു വന്ന വാര്‍ത്ത.


ചിത്രം കടപ്പാട് ശ്രീ രമേശ്‌ അരൂര്‍ ഫെയ്സ് ബുക്ക്‌ പേജ് 


ചിത്രം കടപ്പാട് 
മലയാളം ന്യൂസ്, ഗള്‍ഫ്,


31 comments

ബാഷ്പാഞ്ജലികള്‍ മാത്രം

പുണ്യാളനും ഫിലിപ് സാറുമായുള്ള ആത്മബന്ധം കഴിഞ്ഞ വാര്‍ഷിക പോസ്റ്റില്‍ ഞാന്‍ അറിഞ്ഞതാണ് ,,അത് കൊണ്ട് തന്നെ ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ നിങ്ങലെയാണ് ഓര്‍ത്തതും ,,എന്‍റെ പ്രവാസി മരണപ്പെട്ടാല്‍............ ??
എന്ന പോസ്റ്റ്‌ ഞാന്‍ പറയാതെ തന്നെ ഒരു പാട് പേര്‍ക്ക് പുണ്യാളന്‍ ഷെയര്‍ ചെയ്തു ,ഇരു ഗ്രൂപ്പിലും നടന്ന ബ്ലോഗ്‌ ഓഫ് ദി മന്ത് മത്സരത്തിനു അയച്ചു ,,ആ പോസ്റ്റിനെ കുറിച്ച് വാചാലനായി ,കേള്‍ക്കാത്ത ശബ്ദത്തിലെ അവസാന പോസ്റ്റും ഒരു മരണ കുറിപ്പായിരുന്നു വല്ലോ ,,,,,,പറയാന്‍ വാക്കുകള്‍ ഇല്ല ,,പുണ്യാളന്‍ ജീവിക്കും ബൂലോകത്തിലെഴുതിയ പോസ്റ്റുകളിലൂടെ ,സാറിനെ പോലെയുള്ള ആത്മാര്‍ത്ഥ കൂട്ടുകാരിലൂടെ ,,,ആ ആതമാവിനു നിത്യശാന്തി ,

ചാറ്റ് വിൻഡോയിലൂടെ കുശലം പറഞ്ഞ് മനസ്സിലേക്ക് എന്നെ കൈപിടിച്ചു കൂട്ടിക്കൊണ്ടുപോയ അനിയൻ ഓർമ്മയായി എന്നത് വിശ്വസിക്കാനാവുന്നില്ല......
പ്രാർത്ഥനകളോടെ......

I really liked some of his writings- my sincere tributes- something connects me with his write up'enikku maranamilla' and his untimely demise- anyhow my prayers are with his bereived family members

ഒന്നും പറയാനില്ല മാഷേ... അദ്ദേഹത്തിന് ആദരാഞ്ജലികൾ...

പുണ്യാളന്‍ ഇല്ല എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. നേരിട്ട് പരിചയമില്ലായിരുന്നു. എന്നാലും അദ്ദേഹം എഴുതിയത് കുറെയൊക്കെ വായിച്ചിട്ടുണ്ട്.

ആദരാഞ്ജലികള്‍

പുണ്യാളന്റെ ബ്ലോഗിലേക്ക് ഇടയ്ക്കിടെ പോയി സാറും അവനും തമ്മിലുള്ള കുസൃതി നിറഞ്ഞ സംഭാഷണം വായിച്ചു നെടുവീര്‍പ്പിടുകയാണ് ഇന്ന് ഉച്ച മുതല്‍

പ്രിയ സ്നേഹിതന് ഭാഷ്പാഞ്ജലികള്‍

Anonymous delete 10.1.13

വർഷാന്ത്യ്ക്കുറിപ്പിലെ നിങ്ങൾ തമ്മിലുള്ള കുശലസംഭാഷണം ശ്രദ്ധയിൽ പെട്ടതാണ്.
വല്ലാത്തൊരു നൊമ്പരമായിപ്പോയി ഈ വാർത്ത. സുഹൃത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഒപ്പം ആ കുടുംബത്തിന് ആശ്വാസത്തിനായി പ്രാർത്ഥിക്കുന്നു.

ബാഷ്പാഞ്ജലികള്‍

ഞാന്‍ ശരിക്കും ഞെട്ടി. രണ്ടു ദിവസത്തിനു ശേഷം ബൂലോകം തുറന്നപ്പോള്‍ വിഷമിപ്പിക്കുന്ന വാര്‍ത്ത. എനിക്ക് നേരിട്ട് പരിചയമില്ല പുന്ന്യാലനെ എങ്കിലും എവിടെയോ ഒരു നഷ്ട ബോധം.

അപ്രതീക്ഷിതമായിട്ട് ആ വാർത്ത ഇന്നലെ അറിഞ്ഞു, വിശ്വസിക്കാൻ പ്രയാസം തോന്നി. ബ്ലോഗിലൂടെ മാത്രം പരിചയപ്പെട്ട ആ സുഹൃത്തിന് ആദരാഞ്ജലികൾ.

ഞാന്‍ രണ്ടു ദിവസമായി നിലമ്പൂരില്‍ ആയിരുന്നു. ഇന്നു വെളുപ്പിന് തിരിച്ചെത്തിയപ്പോഴാണ് പ്രിയപ്പെട്ട കൂട്ടുകാരന്റെ മരണവാര്‍ത്തയറിഞ്ഞത്. പുണ്യാളന്‍ എന്നും മനസ്സില്‍ പുണ്യാളനായിത്തന്നെ നിലനില്‍ക്കും... ആദരാഞ്ജലികള്‍... ഉറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു...

ഞാന്‍ രണ്ടു ദിവസമായി നിലമ്പൂരില്‍ ആയിരുന്നു. ഇന്നു വെളുപ്പിന് തിരിച്ചെത്തിയപ്പോഴാണ് പ്രിയപ്പെട്ട കൂട്ടുകാരന്റെ മരണവാര്‍ത്തയറിഞ്ഞത്. പുണ്യാളന്‍ എന്നും മനസ്സില്‍ പുണ്യാളനായിത്തന്നെ നിലനില്‍ക്കും... ആദരാഞ്ജലികള്‍... ഉറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു...

ബാഷ്പാഞ്ജലികള്‍,..............

അകാലത്തിൽ പൊലിഞ്ഞുപോയ ബ്ലോഗർമാരുടെ പ്രിയങ്കരനായ പുണ്യവാളന്‌ ആദരാഞ്ജലികൾ

പുണ്യാളന് ആദരാഞ്ജലികള്‍ .പ്രാര്‍ഥനയും.ഞാന്‍ ഇന്നാണ് വിവരം അറിഞ്ഞത്. വീട്ടുകാരെ ദുഃഖം മറികടക്കുവാന്‍ ദൈവം സഹായിക്കട്ടെ

പുണ്യാളന്‍ ..

ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ കുറഞ്ഞ കാലത്തെ പരിചയമുള്ള എനിക്ക് എന്നും പ്രോത്സാഹനം മാത്രം നല്‍കിയിട്ടുള്ള എന്റെ പ്രിയ സുഹൃത്ത്‌. ,. നേരിട്ട് കാണുവാന്‍ ഇത് വരെയും സാധിച്ചിട്ടില്ല എങ്കില്‍ കൂടി മനസ്സ് പിടയുന്നു ഇന്ന് ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍...,..വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

പുണ്യാളന്‍ എന്ന പേരില്‍ മാത്രമേ എനിക്ക് അദ്ദേഹത്തെ അറിയൂ.. ഞാന്‍ ബ്ലോഗെഴുതി തുടങ്ങിയ കാലത്ത്‌ എന്റെ പോസ്റ്റുകളില്‍ അഭിപ്രായമായി പ്രത്യക്ഷപ്പെട്ടിരുന്ന ഒരു പേരായിരുന്നു 'ഞാന്‍ പുണ്യാളന്‍' .. പേരിന്‍റെ കൌതുകം എന്നെ ചിന്തിപ്പിച്ചു ...അദ്ദേഹത്തിന്റെ ബ്ലോഗുകളില്‍ ഞാനും പോയി വരാന്‍ തുടങ്ങി. അവിടെ പുണ്യാളന്‍ പങ്കു വച്ചിരുന്ന ചിന്തകള്‍ ചിന്തനീയവും സാമൂഹിക പ്രസ്കതവുമായിരുന്നു ..

പുണ്യാളന്‍ അവസാനം എഴുതിയ കവിത വായിക്കാന്‍ ഇന്നാണ് എനിക്കവസരം ഉണ്ടായത്. ഞാന്‍ ഇത് വരെ പോകാതിരുന്ന പുണ്യാളന്റെ 'കേള്‍ക്കാത്ത ശബ്ദം ' എന്ന ബ്ലോഗില്‍ ഞാന്‍ പോയി..അവിടെ ഇങ്ങിനെ കുറിച്ചിട്ടിരുന്നു...

"മരണമില്ല ഇനിയെത് കാലന്‍ ജനിച്ചാലും
മരണം വിളയുന്ന മരുഭൂമികള്‍ തീര്‍ത്ത്‌
ഇനി ഞാനെന്നുമതിലജയ്യന്നായി വാഴും '
(http://kelkathashabdham.blogspot.com/2012/12/blog-post_9200.html)

പുണ്യാളന്‍ ഇനി എഴുതില്ലായിരിക്കാം ...ഇനി എന്നോട് അഭിപ്രായം പറയില്ലായിരിക്കാം.. പക്ഷെ എന്റെ മനസ്സില്‍ നിന്ന് ഒരിക്കല്‍ പോലും പുണ്യാളനു പോകാന്‍ സാധിക്കില്ല...

പ്രിയ സുഹൃത്തിന് ബാഷ്പ്പാന്ജലികള്‍

പുണ്യാളനുള്ള ഏറ്റവും നല്ല അനുസ്മരണം..

നമ്മുടെയെല്ലാം പ്രിയ മിത്രമായിരുന്ന പുണ്യാളന്റെ വേര്‍പാടില്‍
ഞാനെഴുതിയ ഈ അനുസ്മരണക്കുറിപ്പില്‍ വന്നു വീണ്ടും
തനിക്കു ആദരാഞ്ജലികള്‍ നേരുകയും,പുണ്യാളനെപ്പറ്റിയുള്ള
ഓര്‍മ്മകള്‍ പുതുക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി,
ഒരു ബ്ലോഗ്‌ മിത്രം ഇങ്ങനെ കുറിച്ച് "അവന്‍ മരിച്ചിട്ടില്ല അവന്‍ നമ്മുടെ തലക്കു
മുകളില്‍ നിന്നും ഇതെല്ലാം വീക്ഷിക്കുന്നു" അത് സത്യമായി
എനിക്കും തോന്നി. കാരണം അവന്റെ വാക്കുകള്‍ കുറിക്കു കൊള്ളൂന്നവയും,
ആശയ സമ്പുഷ്ടവും, സ്നേഹമശ്രുണവുമായവ ആയിരുന്നു. ഇനിയിപ്പോള്‍
അതെ, അവന്‍ നമ്മുടെ തലക്കു മുകളില്‍ നിന്നും ഇതെല്ലാം വീക്ഷിക്കുന്നു
എന്ന് സമാധാനിക്കാന്‍ മാത്രം നമുക്ക് കഴിയുകയുള്ളൂ, എന്തായാലും അവന്‍
നമുക്കൊരു മാതൃക വിട്ടിട്ടു പോയി:
"താന്‍ കടന്നു പോകുന്ന കഠിനതരമായ അവസ്ഥ
താന്‍ സ്നേഹിക്കുന്നവരോടും പറഞ്ഞു അവരെ
വേദനിപ്പിക്കാന്‍ താന്‍ ശ്രമിച്ചില്ല" എന്നത് തന്നെ,
അതൊരു അപാര കഴിവ് തന്നെ. എന്റെ പ്രിയ മിത്രമേ വീണ്ടും നന്ദി.
നിന്റെ നീറുന്ന ഹൃദയത്തിനൊപ്പം വേദനിക്കാന്‍ നീ ഒരവസരം തന്നില്ലല്ലോ
എന്നോര്‍ക്കുമ്പോള്‍ ദുഃഖം പിന്നെയും ഏറുന്നു, പലവട്ടം ഫോണിലൂടെ സംസാരിക്കാന്‍ കഴിഞ്ഞെങ്കിലും ഒരിക്കല്‍പ്പോലും നീ ഈ വിവരം പറഞ്ഞില്ലല്ലോ സോദര! ഇതിനു ഞാന്‍ എന്ത് മറുപടി പറയാന്‍! വാക്കുകള്‍ കിട്ടുന്നില്ല സോദര. നമുക്കിടയില്‍ ഇനിയും ഇത്തരം മനസ്സുള്ള പുണ്യാളന്മാര്‍ ഉയരട്ടെ എന്ന പ്രാര്‍ത്ഥനയോടെ,
സ്വന്തം
ഫിലിപ്പ് ഏരിയല്‍,
സിക്കന്ത്രാബാദ്

പ്രിയ സ്നേഹിതന് ബാഷ്പ്പാന്ജലികള്‍

അനുസ്മരണം നന്നായി. പുണ്യാളന് ആദരാഞ്ജലികള്‍

Aadaranjalikal...

ആദരാഞ്ജലികൾ..!!
Punyalane kurichu ente blog:

http://drpmalankot0.blogspot.com/2013/01/blog-post_9.html

അതൊരു തീര്‍ത്ഥയാത്ര തന്നെ ആയിരുന്നു...
'പുണ്യാളന്റെ' വീട്ടിലേക്കൊരു തീര്‍ത്ഥയാത്ര
പ്രിയ മിത്രം Vishnu Haridas ഉം ഒത്തു
പുണ്യാളന്‍ എന്ന ഷിനു വിട വാങ്ങിയതിന്റെ മൂന്നാം പക്കം...
...................
പെരൂര്കടയിലെ വീട്ടില്‍
നിഴല്‍ പോലെ ഒപ്പം നടന്ന അമ്മയെയും
എട്ടു വയസ്സ് മൂത്ത, അനുജനായി പ്രവാസ ജീവിതം വിട്ടു നാട്ടിലെത്തിയ, ചേട്ടനെയും
ഇന്നും മകന്റെ ചികിത്സക്ക് വേണ്ടി മരുഭൂവില്‍ വിയര്‍പ്പൊഴുക്കുന്ന അച്ഛനെയും
പ്രിയപ്പെട്ട ബ്ലോഗിനെയും ഫേസ് ബൂകിനെയും സുഹൃത്തുക്കളെയും വിട്ടകന്ന
പുണ്യാളന്‍ ഇല്ലാത്ത വീട്ടില്‍ രാവിലെ ഞങ്ങള്‍ എത്തി..
.........................
ബാല്യം മുതല്‍ ദ്വാരം വീണ ഹൃദയവുമായി
മുറിക്കുള്ളില്‍ 29 വയസ്സ് വരെ ഇന്റര്‍നെറ്റില്‍ കൂടി ലോകം കണ്ട പുണ്യാളന്‍..
ചുറ്റിനും നടക്കുന്ന എല്ലാറ്റിനെയും പറ്റി തുള വീണതെങ്കിലും വിശാല ഹൃദയത്തോടെ ചിന്തിച്ച, എഴുതിയ
പുണ്യാളന്റെ മുറിയും കമ്പ്യൂട്ടറും ഒക്കെ കണ്ടപ്പോള്‍....
പുണ്യാളന്റെ ബ്ലോഗുകളില്‍ കൂടി മനസ്സ് കടന്നു പോയി...
http://kelkathashabdham.blogspot.in/


http://njanpunyavalan.blogspot.in/


...........................
ഒടുവില്‍ ഡിസംബര്‍ 30 നു രാത്രി ചാറ്റ് ചെയ്ത വിന്‍ഡോ ഇപ്പോഴും മരവിച്ചു എന്റെ ഫേസ് ബുക്ക്‌ പേജില്‍
അതിന്റെ ഒടുവിലും കോറിയിട്ട മരണത്തിന്‍ മണമുള്ള ലിങ്ക് ....

http://kelkathashabdham.blogspot.in/2012/12/blog-post_9200.html



"കാലമിനിയുമുരുളും വിഷു വരും വര്ഷം വരും
തിരുവോണം വരും..
പിന്നെ ഓരോ മലരിലും പൂ വരും, കായ്‌ വരും ..
അപ്പോഴാരെന്നും എന്തെന്നും ആര്‍ക്കറിയാം"
..................................
പിന്നെ ഓരോ ബ്ലോഗിലും കമന്റ്‌ വരും ലൈക്‌ വരും..
അപ്പോഴും...
ആരെന്നും എന്തെന്നും ആര്‍ക്കറിയാം..

പ്രിയരേ,
നമുക്ക് അരികത്തു ചേര്‍ന്ന് നില്‍ക്കാം
വെറുപ്പും വിദ്വേഷവും അകറ്റാം..
എങ്കിലെ...
നമ്മുടെ ഈ യാത്ര
"സഫലമീ യാത്ര ആകൂ.."
പുണ്യാളന്റെ പോലെ....

This comment has been removed by the author.

ആദരാഞ്ജലികൾ

ആളെ എനക്ക് പരിചയമില്ല.. എങ്കിലും ഒരു കാര്യം ഉറപ്പായി.. ആ വ്യക്തി എത്ര
പ്രിയപ്പെട്ടവനായിരുന്നുവെന്നു..ഇവിടെയുള്ള കമന്റുകളിൽ പോകും അത് കാണാൻ കഴിയുന്നുണ്ട്..
ആദരാഞ്ജലികൾവ

എനിയ്ക്ക് അദ്ദേഹത്തെ പരിചയമില്ല. സങ്കടം.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.