A Thank You Note and a bit of memories: "കടന്നു വന്ന/പോയ വഴികള്‍: ഈ ശുഭദിനത്തില്‍ (June 22) പിന്നിലേക്കൊരു ചെറിയ തിരിഞ്ഞു നോട്ടം"

7 comments


കടന്നു വന്ന/പോയ വഴികള്‍: ഈ ശുഭദിനത്തില്‍ (June 22) പിന്നിലേക്കൊരു ചെറിയ തിരിഞ്ഞു നോട്ടം:  A Thank You  Note and a bit of memories

വെബ്‌ ലോകത്തേക്ക്  ആദ്യമായി ഇംഗ്ലീഷു  ഭാഷയിലൂടെ കടന്നു വന്ന് പലയിടങ്ങളിലും നടന്നു നടന്നു ഒടുവില്‍ മലയാള നാട്ടില്‍, അല്ല മലയാള വെബ്‌ ഉലകത്തില്‍ വന്നു നില്‍ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സംതൃപ്തി തോന്നുന്നു ഇപ്പോള്‍. കാരണം സ്വന്തം ഭാഷ കൈകാര്യം  ചെയ്യുന്നത് പോലെ മറ്റൊരു ഭാഷ പഠിച്ചെടുത്തു കൈകാര്യം ചെയ്യുമ്പോള്‍ പാകപ്പിഴകള്‍ ധാരാളം കടന്നു കൂടാന്‍ വഴിയുണ്ടല്ലോ. എന്നാല്‍ മാതൃ ഭാഷയിലാകുമ്പോള്‍ അത് തീര്‍ച്ചയായും കുറേക്കൂടി  സുഗമമായി തന്നെ കൈകാര്യം ചെയ്യാം എന്ന ആത്മ വിശ്വാസം എന്നെ ഇവിടെത്തന്നെ പിടിച്ചു നിര്‍ത്തി.

ഇടയില്‍ ഒരല്പം ബാല്യകാല കഥ കൂടി കുറിക്കട്ടെ !

ബാല്യകാലം മുതലുള്ള വായനാ ശീലം അറിയപ്പെടുന്ന ഒരു എഴുത്തുകാരനായി തീരണം എന്ന ആശയിലെക്കെന്നെ 

നയിച്ചുകൊണ്ടേയിരുന്നു. പേരുകേട്ട മലയാളം എഴുത്തുകാരുടെ കഥ നോവല്‍ പുസ്തകങ്ങള്‍ മാതാപിതാക്കളുടെ ദൃഷ്ടിയില്‍ പെടാതെ കൊണ്ട് നടന്നു വായിക്കുമായിരുന്നു, ഞങ്ങളുടെ നാട്ടിലെ അന്നത്തെ ഏക വായനശാലയായിരുന്ന മഹാത്മാ ഗാന്ധി സ്മാരക ഗ്രന്ഥശാല, അവിടെ അംഗം ആകുന്നതിനും പുസ്തകങ്ങള്‍ കടമെടുത്തു വായിക്കുന്നതിനും എനിക്കു സാധിച്ചു, എന്തിനധികം പരീക്ഷാ കാലങ്ങളില്‍പ്പോലും കഥ പുസ്തകങ്ങള്‍ എന്റെ പുസ്തകങ്ങള്‍ക്കിടയില്‍ ഒളിച്ചു വെച്ച് വായിക്കുമായിരുന്നു ഞാന്‍. എന്റെ വല്യമ്മ (അമ്മയുടെ അമ്മ) ഒരു നല്ല വായനക്കാരി ആയിരുന്നു അവരുടെ പക്കല്‍ ഒരു നല്ല കൂട്ടം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു, അവയില്‍ മിക്കതും ക്രൈസ്തവ  സഭാ സംബന്ധമായ വിഷയങ്ങള്‍ ഉള്‍ക്കൊണ്ടവ ആയിരുന്നു. അവയില്‍ പലതും കുട്ടികള്‍ക്കായുള്ളവയും ഉണ്ടായിരുന്നു അവ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തു വായിച്ചിരുന്നു.

ജീവിതത്തിലെ വൈഷമ്യമേറിയ പല ചുറ്റുപാടുകളിലൂടെ കടന്നു പോയപ്പോഴും ഈ വായനാ സപര്യ എനിക്കു എന്തോ ഒരു തരം ഉത്തേജനം പകര്‍ന്നു തരുന്നതുപോലെ തോന്നി. അതെന്നെ തുടര്‍ന്നും വായിക്കാന്‍ പ്രേരിപ്പിച്ചു.  അങ്ങനെ വായനക്ക് അമിത പ്രാധാന്യം നല്‍കി കൈയ്യില്‍ കിട്ടുന്നതെന്തും വായിക്കാന്‍ തുടങ്ങി. മറുനാട്ടില്‍ ജോലി ചെയ്യുന്ന ജേഷ്ഠ സഹോദരി (എന്റെ വായനാ കമ്പം ശരിക്കും മനസ്സിലാക്കിയിരുന്നതിനാല്‍) അവധിക്കു നാട്ടില്‍ വരുമ്പോള്‍ അന്നുണ്ടായിരുന്ന Illustrated Weekly, Readers Digest, Hindu ദിനപ്പത്രം തുടങ്ങിയവ എനിക്കായി പ്രത്യേകം കൊണ്ടുവരുമായിരുന്നു, അവ ഒരു നിധിയായി ഞാന്‍ സൂക്ഷിച്ചു വച്ച് വായിക്കുമായിരുന്നു ആ പ്രായത്തില്‍ ഒന്നും മനസ്സിലായില്ലെങ്കില്‍പ്പോലും ഒരു രസത്തിനു ഞാന്‍ അത് ഉച്ചത്തില്‍ വായിക്കുമായിരുന്നു.  ആ വാരികകളും മാസികകളും ഏല്‍പ്പിച്ച ശേഷം ചേച്ചി പറയുമായിരുന്നു, തുടക്കത്തില്‍ ഒന്നും മനസ്സിലായില്ലന്നു വരാം പക്ഷെ വായന നിര്‍ത്തരുത് ഒപ്പം  വേദപുസ്തകത്തിന്റെ (New Testament)  ഒരു ഇംഗ്ലീഷ് പതിപ്പ് തന്ന ശേഷം പറഞ്ഞു ഇതും വായിക്കുക ഓരോ അദ്ധ്യായം വായിക്കുമ്പോഴും ഇംഗ്ലീഷില്‍ നിന്നും ഒരു വാക്യം വായിച്ചു അതിന്റെ മലയാള പരിഭാഷ മലയാളം പുതിയ നിയമത്തിലും നോക്കുക അങ്ങനെ വായിച്ചു പഠിച്ചാല്‍ ഇംഗ്ലീഷും വശമാകും ആ പ്രക്രീയ ഞാന്‍ കുറേക്കാലം തുടര്‍ന്നു, സത്യത്തില്‍ അതെന്റെ ഇംഗ്ലീഷ് പഠനത്തിനൊരു വഴികാട്ടി ആയി എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ഇംഗ്ലീഷു പഠിക്കാന്‍ കൊതിക്കുന്ന എന്റെ മലയാളം വായനക്കാരോടും എനിക്കു പറയാനുള്ളതും ഇതു മാത്രം.  ഇതൊന്നു പരീക്ഷിച്ചു നോക്കികൂടെ! ഇവിടെ ഒരു കാര്യം സൂചിപ്പിക്കാനുള്ളത് അതിനു പുതിയനിയമം തന്നെ വേണമെന്നില്ല പകരം ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള മറ്റേതെങ്കിലും ആധികാരികമായ ഗ്രന്ഥം ഇതിനായി ഉപയോഗിക്കാം, എന്നാല്‍ കൂടുതല്‍ ലഭ്യമായതും ശരിയായ ഭാഷന്തരവും പുതിയനിയമം തന്നെ.  ഇതു നിങ്ങളുടെ ചോയിസ്സിനു വിടുന്നു.  ഇവിടെ ഞാനല്‍പ്പം കാട് കയറിയോ എന്നൊരു സംശയം, പറഞ്ഞു വന്നതിലേക്ക് തന്നെ മടങ്ങട്ടെ!

വായനക്കൊപ്പം പഠനം തുടര്‍ന്ന ഞാന്‍ ഒരുവിധം  പത്താം തരം പൂര്‍ത്തിയാക്കി. പഠിപ്പില്‍ വലിയ മിടുക്കൊന്നും കാട്ടാന്‍ കഴിഞ്ഞില്ല എന്ന്  വേദനയോടെ ഇന്നു ഓര്‍ക്കുന്നു. ഇനി എന്ത് എന്ന ഒരു വലിയ ചോദ്യ ചിഹ്നം മുന്നിലവശേഷിച്ചു. ജേഷ്ഠ സഹോദരന്റെയും ചേച്ചിയുടെയും സഹായ വാഗ്ദാനം തുടര്‍ന്നുള്ള പഠനത്തിനു പിന്‍ബലമേകി, അങ്ങനെ ഞങ്ങളുടെ നാട്ടിലെ ഏറ്റവും നല്ല കോളേജുകളില്‍ ഒന്നായ എടത്വാ സെന്റ്‌ അലോഷ്യസ് കോളേജില്‍ തന്നെ പ്രീ ഡിഗ്രീ പഠനം പൂര്‍ത്തിയാക്കാന്‍ സംഗതിയായി.  അപ്പോഴെല്ലാം  ഇനിയും എഴുതണം, നല്ലൊരു എഴുത്തുകാരന്‍ ആകണം എന്ന മോഹം എന്റെ  ഉള്ളിന്റെ ഉള്ളില്‍ വളര്‍ന്നു കൊണ്ടേയിരുന്നു.   ആ ആഗ്രഹം അങ്ങനെ താലോലിച്ചു കൊണ്ട് നടക്കാന്‍ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ.  കാരണം നിനച്ചിരിക്കാത്ത നേരത്ത് സംഭവിക്കുന്നവയെപ്പറ്റി എന്ത് പറയാന്‍. അതുവരെ പുലര്‍ത്തിയ/പരിപാലിച്ച പിതാവ് പക്ഷപാതം പിടിപെട്ടു കിടപ്പിലായതോടെ ഭാവി തന്നേ ഇരുളടഞ്ഞു പോയോ എന്ന് തോന്നിത്തുടങ്ങി. ചില അലോപ്പതി വൈദ്യ ചികിത്സ പിതാവിന് നല്‍കിയെങ്കിലും കാര്യമായ മാറ്റം ഒന്നും കാണാഞ്ഞതിനാല്‍ നാട്ടിലെ പേരെടുത്ത ആയ്യുര്‍വേദ വിദഗ്ദന്‍ മാണത്താറ വിശ്വനാഥന്‍ ഡോക്ടറുടെ ചികിത്സ തുടങ്ങി ഏതാണ്ട് ആറു മാസത്തിനുള്ളില്‍ പിതാവിന് പരസഹായം കൂടാതെ നടക്കുവാനുള്ള ശേഷി തിരിച്ചു കിട്ടി. പിന്നീട് താന്‍ ഏകദേശം മൂന്ന് വര്‍ഷം വലിയ പ്രയാസങ്ങള്‍ ഒന്നും ഇല്ലാതെ ജീവിച്ചു. പിന്നീടുണ്ടായ ഒരു ഹൃദയാഘാദത്തില്‍ താന്‍ ഇഹലോക വാസം വെടിഞ്ഞു. 

തുടര്‍ന്നു ചില മാസങ്ങള്‍ക്ക് ശേഷം പഞ്ചസ്സാര ഫാക്ടറിയില്‍ പിതാവിനുണ്ടായിരുന്ന ജോലി അനുജന് ലഭിച്ചു (അവന്‍ പഠിച്ച ഐ. ടി. ഐ. ട്രേഡിന്റെ അടിസ്ഥാനത്തില്‍). 

തുടര്‍ന്ന് എനിക്കും ഒരു ജോലി ആവശ്യം എന്ന ചിന്ത എന്നെ ഭരിക്കുവാന്‍ തുടങ്ങി, അതെന്നെ ജനിച്ചു വളര്‍ന്ന നാട് വിടാന്‍ ആ ചിന്ത പ്രേരകമാക്കി.  

അങ്ങനെ ജോലി തേടി മൂത്ത ചേച്ചിയും(നേരത്തെ സൂചിപ്പിച്ച ജേഷ്ഠ സഹോദരി) അളിയനും താമസിക്കുന്ന ഹൈദ്രബാദു  പട്ടണത്തിലേക്ക് വണ്ടി കയറി.

അന്ത്രാപ്രദേശിലെ ഇരട്ടനഗരത്തില്‍ വന്ന് താവളം ഉറപ്പിക്കാന്‍ വിധിയായി, തന്മൂലം മലയാള ഭാഷയില്‍ ലഭിക്കാവുന്ന പലതും ഒന്നൊന്നായി എനിക്കു കൈവിട്ടു പോയി എന്ന് പറഞ്ഞാല്‍ മതി,എന്നാല്‍ ഇതിനകം മലയാളത്തില്‍ നിരവധി ലേഖനങ്ങളും കഥകളും കവിതകളും ഗാനങ്ങളും എഴുതി പ്രസിദ്ധീകരിച്ചു, അതെനിക്ക് വലിയൊരു അഭിമാനമായി തോന്നി.  ഒപ്പം ചില ക്രൈസ്തവ (മലയാളം) പ്രസിദ്ധീകരണങ്ങളുടെ സിക്കന്ത്രാബാദ് ലേഖകകനായും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു.

ജോലി തേടി ഇരട്ട നഗരത്തില്‍ എത്തിയെങ്കിലും കുറേക്കാലം  ജോലി ലഭിക്കാതിരുന്നതും ഒപ്പം ചേച്ചിയുടെ നിര്‍ബന്ധത്തിനു വഴങ്ങി പഠനം തുടരുന്നതിനും തീരുമാനിച്ചു. ഒപ്പം പലയിടങ്ങളിലും  തുശ്ച  ശമ്പളത്തില്‍  ചെറിയ ചെറിയ ജോലികളില്‍ പ്രവേശിച്ചെങ്കിലും ഒരിടത്തും ഒരു സംതൃപ്തി കണ്ടെത്താന്‍ കഴിഞ്ഞില്ല. ലഭിച്ച ജോലിക്കൊപ്പം പഠനം തുടരുന്നതിനും, ബി. ഏ. പഠനം പൂര്‍ത്തിയാക്കുന്നതിനും കഴിഞ്ഞു.   അതുകൊണ്ടെന്തു ജോലി ലഭിക്കാനാ എന്ന ചിന്ത എന്നെ അലട്ടി തുടങ്ങി അങ്ങനെ വീണ്ടും പഠിക്കുന്നതിനുള്ള ഒരു പ്രേരണ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തിന്റെ (എന്നിലെ കലാ വാസന മണത്തറിഞ്ഞ) നിര്‍ദേശപ്രകാരവും ചേച്ചിയുടെ പ്രേരണയാലും പോസ്റ്റു ഗ്രാഡുവേറ്റു  ജേര്‍ണലിസം ഡിപ്ലോമാ കോഴ്സിനു ചേര്‍ന്നു. ക്ലാസ്സുകള്‍ ഇംഗ്ലീഷില്‍ ആയതിനാല്‍ തുടക്കത്തില്‍ അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് ക്ലാസ്സുകള്‍ തികച്ചും ആനന്ദകരമായി അനുഭവപ്പെട്ടു. കാരണം എന്റെ വലിയൊരു അഭിലാഷം പൂര്‍ത്തീകരിക്കാന്‍ പോകുന്നല്ലോ എന്നോര്‍ത്തപ്പോള്‍  ഞാന്‍ തികച്ചും സന്തുഷ്ടനായി.

ഇംഗ്ലീഷ് ഭാഷാ പത്ര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന നിരവധി പേര്‍ ഗെസ്റ്റു ലെക്ചര്‍മാരായി വന്ന് നടത്തിയ ക്ലാസ്സുകള്‍ തികച്ചും വിജ്ജാനപ്രദങ്ങള്‍ ആയിരുന്നു. വിശേഷിച്ചും സ്വാതന്ത്ര്യയ സമര സേനാനിയും നിരവധി ഹിന്ദി ഇംഗ്ലീഷ് പത്രങ്ങളുടെ പത്രാധിപരും കോളംനിസ്റ്റും ആയ വി. എച്. ദേശായി  സാറിന്റെ ക്ലാസ്സുകള്‍ തികച്ചും പ്രായോഗികങ്ങള്‍ ആയിരുന്നു.  തന്റെ  സ്വാതന്ത്ര്യയ സമര സന്നാഹങ്ങളുടെ കഥകളും ഇടയ്ക്കിടെ നര്‍മം തുളുമ്പുന്ന ഭാഷയില്‍ പറഞ്ഞിരുന്നത് ശരിക്കും രസകരങ്ങളും വിജ്ജാനപ്രദങ്ങളും ആയിരുന്നു.

ഇതിനിടെ മറ്റൊരു  താല്‍ക്കാലിക ജോലി ലഭിക്കുകയും കുറേക്കാലം അത് പഠനത്തോടൊപ്പം തുടരുകയും ചെയ്തു.

പിന്നീട് പല ജോലികളിലും പ്രവേശിച്ചെങ്കിലും ഒന്നും തന്നെ ഒരു തൃപ്തി പ്രധാനം ചെയ്തില്ല. 

അങ്ങനെയിരിക്കെ Back to the Bible എന്ന ഒരു ക്രൈസ്തവ സംഘടനയില്‍ ജോലി സാദ്ധ്യത ഉണ്ടന്നറിഞ്ഞു ആപ്ലിക്കേഷന്‍ കൊടുത്തു അവിടെ ഒരു ജോലി തരമായി.  തുടക്കത്തില്‍ അതിലെ അക്കൌണ്ട്സ് ഡിപ്പാര്‍റ്റുമെന്റില്‍ ആയിരുന്നു ജോലി.  പിന്നീട് എന്റെ  ജേര്‍ണലിസത്തിലുള്ള താല്‍പ്പര്യവും വാസനയും കണക്കിലെടുത്ത് അവരുടെ പബ്ലിക്കേഷന്‍ ഡിവിഷനിലേക്ക് എനിക്കു മാറ്റം ലഭിക്കുകയും ചെയ്തു.  പിന്നീട് അതിന്റെ മാസികയുടെ "Confident Living" അസ്സോസ്സിയേറ്റ് എഡിറ്റര്‍ സ്ഥാനം ലഭിച്ചു.   ഇപ്പോള്‍ അതിന്റെ എഡിറ്റര്‍ ഇന്‍ചാര്‍ജു  ആയി തുടരുകയും ചെയ്യുന്നു.  

കടന്നു പോന്ന കടമ്പകള്‍ നിരവധി. എഴുതുവാനും നിരവധി, അതെല്ലാം ബ്ലോഗില്‍ ഒതുക്കുവാനും കഴിയിയാത്ത പരിസ്ഥിതി. വേദനാജനകമായ നിരവധി അനുഭവങ്ങള്‍ നാളിതുവരെയുള്ള വിവിധ പ്രവര്‍ത്തി മണ്ഡലങ്ങളില്‍ എനിക്കു നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അവിടെയൊന്നും പതറാതെ മുന്നോട്ടു പോകുവാന്‍ ദൈവം എനിക്കു തുണയായി നിന്നു   ആ ദൈവത്തിനു  സ്തുതി അര്‍പ്പിച്ചുകൊണ്ടു ഈ വാക്കുകള്‍ ഇവിടെ ചുരുക്കുന്നു.  

ഒപ്പം എന്നെ ഇവിടം വരെ എത്തിച്ച ജേഷ്ഠ സഹോദരിക്കും സഹോദരനും അതിനു വഴിയായ മറ്റെല്ലാ ബന്ധുമിത്രാദികള്‍ക്കും സ്നേഹാദരവോടെ എന്റെ നന്ദി ഇവിടെ അര്‍പ്പിക്കുന്നു. 

ഇവിടെ വന്ന് എന്റെ കുറിപ്പുകള്‍  വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഒപ്പം നന്ദി.
  
Picture Credit. momsfocusonline.com/Googleimage

ഈ ശുഭ ദിനത്തില്‍ (June 22) ജന്മദിനാശംസകള്‍ നേരിട്ടും, ഫോണിലൂടെയും, മെയില്‍ വഴിയും സോഷ്യല്‍ വെബ്‌ സൈറ്റുകളിലൂടെയും അറിയിച്ച എല്ലാ സ്നേഹിതര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹ വന്ദനങ്ങള്‍
.എന്റെ കൂപ്പു കൈ.
വീണ്ടും കാണാം.
നിങ്ങളുടെ സ്വന്തം 
വളഞ്ഞവട്ടം പി വി ഏരിയല്‍ 
സിക്കന്ത്രാബാദ് 

സമാനമായ മറ്റു ചില ലിങ്കുകള്‍/ Few other related links:

My Heartfelt Thanks To All For Your Kind Words And Wishes O This Happy Occasion Personally And Through Mail, Phone, and Other Social Sites!
I Continue To Seek Your Valuable Prayers 
And Co-operation To Me And My Blogging Activities.
May God Bless You All.

Philip Verghese Ariel


web counter
web counter

7 comments

ആമോദമുള്ള ഈ ആഘോഷവേളയില്‍
ആത്മാര്‍ത്ഥതയോടെ
ജന്മദിനാശംസകള്‍... ...
ദൈവത്തിനറിയാം, ഓരോരുത്തരെയും എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്ന്. അതിനുവേണ്ടിയുള്ള ദൈവികപദ്ധതികള്‍ ആദ്യം നിരാശപ്പെടുത്തിയേക്കാമെങ്കിലും ആത്യന്തികമായി അത് നന്മയ്ക്കായിരിക്കും.
അങ്ങയുടെ ഈ കുറിപ്പ് വായിച്ചപ്പോള്‍ അതാണ് തോന്നിയത്... ഞാന്‍ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നു.

ആശംസകള്‍ ഏരിയല്‍. ഇനിയും കര്‍മ്മപഥത്തില്‍ മുന്നേറാന്‍ ദൈവം തുണ ചെയ്യട്ടെ.

നന്ദി ബെഞ്ചമിന്‍
പ്രോത്സാഹജനകമായ ആദ്യ കമന്റിനു നന്ദി
അതെ മനുഷ്യന്‍ ഒന്നാഗ്രഹിക്കുന്നു ദൈവം
ഒന്ന് ചെയ്യുന്നു, അവന്റെ നടത്തിപ്പിനായി
ക്ഷമയോടെ നാം നോക്കി പാര്‍ത്തിരിക്കേണ്ടതുണ്ട്
പിന്നീട് മാത്രമേ അതെല്ലാം നന്മക്കായിരുന്നു എന്ന സത്യം
നമുക്ക് മനസ്സിലാകൂ. പ്രാര്‍ത്ഥനക്കും ആശംസകള്‍ക്കും
ഹൃദയം നിറഞ്ഞ നന്ദി

നന്ദി മാഷേ,
ആശംസകള്‍ക്കും
കമന്റിനും.
വീണ്ടും കാണാം

വൈകിയതിലുള്ള ക്ഷമാപണത്തോടെ ഞാന്‍ താങ്കള്‍ക്ക്
എന്‍റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു.
താങ്കളുടെ നിശ്ചയദാര്‍ഢ്യവും,ആത്മാര്‍ത്ഥതനിറഞ്ഞ
നല്ല മനസ്സും,അചഞ്ചലമായ ദൈവവിശ്വാസവുമാണ്
ജീവിതപാതയില്‍ മുന്നേറാന്‍ കരുത്ത് നല്‍കിയതെന്ന്
ഞാന്‍ വിശ്വസിക്കുന്നു.
ഇനിയും മേല്‍ക്കുമേല്‍ താങ്കള്‍ക്ക്സര്‍വൈശ്വര്യങ്ങളും
സര്‍വ്വേശ്വരന്‍ പ്രദാനം ചെയ്യട്ടെ എന്നാശിച്ചു കൊണ്ട്,
സസ്നേഹം,
സി.വി.തങ്കപ്പന്‍

അയ്യോ സാര്‍ ക്ഷമാപണം വേണ്ടേ വേണ്ട!
അല്പം വൈകിയെങ്കിലും ആത്മാര്‍ഥത നിറഞ്ഞ
ആശംസകള്‍ക്ക് മുന്നില്‍ എന്റെ ഹൃദയം നിറഞ്ഞ
കൂപ്പു കൈ.
നന്ദി നമസ്കാരം
നെറ്റ് പ്രോബ്ലം അതത്രേ മറുപടി വൈകിയതും

ഇവിടെയെത്താന്‍ ഒത്തിരി വൈകി.. അടുത്ത്തൊരു ജന്മദിനം വളരെ അടുത്തെത്തിയിരിക്കുന്നു... ഇനിയും എല്ലാവിധ ഐശ്വര്യങ്ങളും ജീവിതത്തില്‍ ഉണ്ടായിരിക്കട്ടെ എന്നാശംസിക്കുന്നു... മുകളില്‍ എഴുതിയതില്‍ ഒരു വാചകത്തില്‍ എന്തോ ഒരു അപൂര്‍ണ്ണത് തോന്നി... (പിന്നീട് താന്‍ ഏകദേശം മൂന്ന് വര്‍ഷം വലിയ പ്രയാസങ്ങള്‍ ഒന്നും ഇല്ലാതെ ജീവിച്ചു. പിന്നീടുണ്ടായ ഒരു ഹൃദയാഘാദത്തില്‍ താന്‍ ഇഹലോക വാസം വെടിഞ്ഞു. ) ഇതില്‍ താന്‍ എന്നത് തെറ്റല്ലേ.. താതന്‍ എന്നാവാം എന്നു കരുതുന്നു..

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.