കറുത്ത ബോർഡും വെളുത്ത ചോക്കും ഒരു ചിത്രശലഭവും Blackboard White Chalk And A Butterfly

1 comment

കറുത്ത ബോർഡും വെളുത്ത ചോക്കും ഒരു ചിത്രശലഭവും 

Blackboard, white chalk and a butterfly
കറുത്ത ബോർഡും വെളുത്ത ചോക്കും ഒരു ചിത്രശലഭവും ഒപ്പം ഒരു വലിയ ചിന്തയും 
പഴയകാല സ്‌മരണകൾ അയവിറക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുക,  ബാല്യകാല സംഭവങ്ങൾ തന്നെയാണല്ലോ!
ഇതാ അത്തരത്തിലുള്ള ഒരു ചെറിയ അനുഭവവും ഒപ്പം ഒരു ചിന്തയും.
നീണ്ടു നിവർന്ന ഭിത്തിയിൽ പതിപ്പിച്ചു വെച്ചപോലെ തോന്നിക്കുന്ന കറുത്ത ബോർഡുകൾ (പുത്തൻ തലമുറക്കിതൊരു  അപവാദമാണെങ്കിലും)  നമ്മിൽ പലരുടേയും പഠനകാലത്തെ ഓർമ്മകളിൽ തങ്ങി നിൽക്കുന്ന ഒന്ന് തന്നെ ഈ നീണ്ടു നിവർന്നു കാണുന്ന കറുത്ത ബോർഡുകൾ .
അധ്യാപകർ നീണ്ട ചോക്കുപയോഗിക്കുമ്പോൾ പലപ്പോഴും അവ ഒടിഞ്ഞു വീഴാറുണ്ട് അതവർ എടുക്കാൻ ശ്രമിക്കുന്നത് ഒരിക്കലും കണ്ടിട്ടില്ല.  കുനിയുവാൻ കഴിയാത്തതോ  അതോ അതിനു വേണ്ടിയവരുടെ വിലയേറിയ സമയം പാഴാക്കേണ്ടാ എന്നു കരുതിയോ, അതോ, ഒന്നു പോയാൽ മറ്റൊന്നു കിട്ടുമല്ലോ എന്നോർത്തോ എന്തോ, എന്തായാലും മിക്ക അധ്യാപകരും അത് പെറുക്കിയെടുത്തു വീണ്ടും ഉപയോഗിക്കുന്നതു കണ്ടിട്ടില്ല.
അങ്ങനെ താഴെ വീഴുന്ന ചോക്കുകഷണങ്ങൾ  പെറുക്കിയെടുക്കാൻ ഞങ്ങളിൽ ചിലർ കാട്ടിയ ആവേശം (ഒരു തരം മത്സരം എന്നുവേണമെങ്കിൽ പറയാം) അന്നെന്നപോലെ ഇന്നും ഓർമ്മയിൽ നിൽക്കുകയാണ്.
ഒരു പക്ഷെ സ്‌കൂൾ നാളുകളിൽ അങ്ങനെ ഒരു ചോക്കു കഷണം ലഭിക്കുന്നത് ഒരു വലിയ സമ്മാനമായി കരുതിയിരുന്നു.
ഒരിക്കൽ അങ്ങനെ വീണുകിട്ടിയ ചോക്കുകൊണ്ടു ക്ലാസ്സു കഴിഞ്ഞു ഉച്ച ഭക്ഷണത്തിനുശേഷമുള്ള  സമയത്ത് ബോർഡിൽ ഒരു ചിത്രശലഭത്തിന്റെ പടം വരച്ചതും പിന്നീടുണ്ടായ സംഭവങ്ങളും ഇത്തരുണത്തിൽ ഓർത്തുപോവുകയാണ്.
ബോർഡിൽ വരച്ച പടം മായിച്ചു കളയാൻ കഴിഞ്ഞില്ല.  അടുത്ത ക്ലാസ്സിൽ സയൻസ് ടീച്ചർ വന്നതും ഞാൻ വരച്ച ചിത്രം കണ്ട ടീച്ചർ ആദ്യം തിരക്കിയത് ഈ പടം വരച്ച ആൾ ആരെന്നായിരുന്നു.
സഹപാഠികൾ ഒന്നടങ്കം എൻ്റെ പേർ വിളിച്ചു പറഞ്ഞു.
വിറയ്ക്കുന്ന കാലുകളോടെ ഞാൻ എഴുന്നേറ്റു നിന്നു, ഇന്ന് ടീച്ചറിൽ നിന്നും നല്ല ശകാരം ലഭിച്ചതു തന്നെ.
ഞാനോർത്തു.
പക്ഷെ, പേരു പോലെ തന്നെ സ്നേഹസമ്പന്നയായ സൗമിനി ടീച്ചർ, ഫിലിപ്പ് ഇവിടെ വരൂ എന്നു പറയുന്നത് കേട്ട് ഞാൻ ടീച്ചറിൻറെ അടുത്തെത്തി.
 ഫിലിപ്പ്, കൊള്ളാമല്ലോ നന്നായി വരച്ചല്ലോ എന്ന് പറഞ്ഞ് എൻ്റെ തോളിൽ തട്ടി അഭിനന്ദിച്ചു.
ആവൂ രക്ഷപ്പെട്ടു എന്നറിയാതെ മനസ്സിൽ പറഞ്ഞു പോയി.
അന്ന് മുതൽ സയൻസ് ക്ലാസ്സിൽ ടീച്ചർ എന്നെക്കൊണ്ട് പല ചിത്രങ്ങളും ക്ലാസ് എടുക്കുമ്പോൾ വിരപ്പിച്ചിരുന്നു.
അതെനിക്കൊരു വലിയ പ്രോത്സാഹനം തന്നെയായിരുന്നു.
പിന്നീട് നിരവധി ചിത്രങ്ങൾ കടലാസ്സിൽ പകർത്താൻ എനിക്ക് സാധിച്ചുഎന്നുള്ളതും ഈ സമയം ഓർക്കുകയാണ്.
കാലങ്ങൾ കടന്നു പോയി, വരയെക്കാൾ എനിക്കു കൂടുതൽ കമ്പം വായനയിലായിരുന്നു.
അതെ, വായനയായിരുന്നു എൻ്റെ പ്രധാന ഹോബിയെങ്കിലും വല്ലപ്പോഴും ചിത്രങ്ങളും വരച്ചിരുന്നു.
പിന്നീട്,  വർഷങ്ങൾക്കു  ശേഷം,    മലയാള മനോരമ ആഴ്ചപ്പതിപ്പിൽ നിന്നും ഞാൻ വരച്ച ഒരു കാർട്ടൂണിനു 15 രൂപയുടെ മണിയോഡർ പോസ്റ്റുമാൻ കൊണ്ടുതന്നപ്പോൾ സത്യത്തിൽ ഞാൻ അത്ഭുതപ്പെട്ടുംപോയി.
പിന്നേയും വർഷങ്ങൾക്കുശേഷം  ഞാൻ വരച്ച  ചില കാർട്ടൂണുകൾ, ചില മലയാളം വാരികകളിലും ചില ഇംഗ്ലീഷ് പത്രങ്ങളിലും പ്രസിദ്ധീകരിക്കുകയുണ്ടായി ഒപ്പം അതിനുള്ള പ്രതിഫലങ്ങൾ ലഭിക്കുകയുമുണ്ടായി.
മേൽ വിവരിച്ച സംഭവത്തിൽ നിന്നും ഞാനൊരു വലിയ പാഠം ഉൾക്കൊണ്ടു, അന്ന്  സൗമിനി ടീച്ചർ ഞാൻ ബോർഡിൽ പടം വരച്ചതിനു എന്നെ ശകാരിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ പിന്നീടൊരിക്കലും പടം വരക്കാൻ മുതിരുമായിരുന്നില്ല.
എൻ്റെ പടം വര എന്നെ മലയാള മനോരമയിലെ പ്രസിദ്ധമായ കുഞ്ചുക്കുറിപ്പ് കാർട്ടൂൺ കോളത്തിന്റെ   ഉപജ്ഞാതാവായ  പ്രശസ്‌ത കാർട്ടൂണിസ്റ്റ് ശ്രീ യേശുദാസനുമായി സമ്പർക്കം പുലർത്തുന്നതിലേക്കു വരെ അത് വഴി തെളിച്ചു എന്നു പറയുന്നതിൽ അത്യധികം സന്തോഷമുണ്ട്.  അതേപ്പറ്റി ഒരു കുറിപ്പ് എൻ്റെ ബ്ലോഗിൽ അന്യത്ര ചേർത്തിട്ടുണ്ട്.
നിർഭാഗ്യവശാൽ എന്തുകൊണ്ടോ, എനിക്ക് ആ വഴിക്കു തിരിയുവാൻകഴിഞ്ഞില്ല. പകരം അത് എഴുത്തിലേക്ക്, അക്ഷരങ്ങളിലേക്ക് വളരുകയാണുണ്ടായത് .
ചിലതെല്ലാം മലയാളത്തിലും പിന്നീട്  ഇംഗ്ലീഷിലും എഴുതിത്തുടങ്ങി.
വിശ്രമജീവിതത്തിൽ ഇപ്പോഴും അതൊരു ആദായമാർഗ്ഗമായിരിക്കുന്നു എന്നു കുറിക്കുന്നതിൽ അത്യധികം സന്തോഷമുണ്ട്.
ആ എഴുത്തുസപര്യ ഇന്നും തുടരുന്നു.
ഈ ചെറിയ സംഭവത്തിൽ നിന്നും മറ്റൊരു വലിയ ചിന്തയാണ് എനിക്ക് ലഭിച്ചത് അതിവിടെ കുറിക്കട്ടെ.
ഒരുപക്ഷെ അധ്യാപകർ ബോർഡിൽ എഴുതുമ്പോൾ ഒടിഞ്ഞു വീഴുന്ന ചോക്കു മുറികൾ പെറുക്കി അവരുടെ വിലയേറിയ സമയം അൽപ്പമെങ്കിലും പാഴാക്കാതെ അവരുടെ കൃത്യം നിർവഹിക്കുന്നതിൽ അവർ മുന്നോട്ടു പോകുന്നതിനാൽ അവരുടെ പ്രവർത്തി നിർവിഘ്‌നം തുടരുവാൻ കഴിയുന്നു എന്നാണ് എൻ്റെ  വിശ്വാസം.
അതെ, ഒരു മാർഗ്ഗതടസ്സവും കാര്യമാക്കാതെ നമ്മുടെ പ്രവർത്തിയിൽ മാത്രം ലക്ഷ്യമൂന്നി മുന്നോട്ടുപോയാൽ നമുക്കു നമ്മുടെ ലക്ഷ്യത്തിലെത്താൻ അനായാസേന കഴിയും.
ചിലപ്പോൾ ഈ മാർഗ്ഗ തടസ്സങ്ങൾ തികച്ചും നിസ്സാരമായവയാകാം അതിനെ അങ്ങനെ തന്നെ അവഗണിച്ചു മുന്നോട്ടു പോയാൽ തീർച്ചയായും നമുക്ക് ലക്ഷ്യത്തിലെത്താം.  അല്ലാതെ അതിനു പുറകെ പോയാൽ, അല്ല അതിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നാൽ, സമയ നഷ്ടവും ലക്ഷ്യപ്രാപ്തിയിലെത്താൻ അതൊരു തടസ്സവും ആകും എന്നതിൽ സംശയമില്ല.
മറിച്ചു, നിസ്സാരമായ അതിനെ തലയിലേറ്റി പർവ്വതീകരിച്ചു മുന്നോട്ടു പോയാൽ അത് തീർച്ചയായും നമ്മുടെ ലക്ഷ്യത്തിലെത്താൻ  ഒരു വലിയ തടങ്കൽ പാറ തന്നെയായി മാറും.
ഇത്തരം ചെറിയ മാർഗ്ഗ തടസ്സങ്ങൾ ഏതൊക്കെയെന്നു തിരിച്ചറിയുക, അതിനെ അതിൻ്റെ തന്നെ വഴിക്കു വിടുക, അങ്ങനെയെങ്കിൽ അത് നമ്മുടെ ലക്ഷ്യത്തിനൊരു തടസ്സമാകില്ല!
അതെ, അങ്ങനെയുള്ളവയെ അതിൻ്റെ വഴിക്കു വിട്ടു  നമ്മുടെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടുപോയാൽ ജീവിതപാതയിൽ നമുക്ക് തടസ്സമില്ലാതെ മുന്നേറാം.
ഒടിഞ്ഞു വീഴുന്ന ചോക്കു കഷണങ്ങൾക്കു പിന്നാലെ പോയാൽ അതൊരു പക്ഷെ അധ്യാപകരുടെ അൽപ്പസമയം അതുമൂലം നഷ്‌ടമാകാനും ഇടയാകാം.   ഒരു പക്ഷേ അതു തന്നെയായിരിക്കുമോ അവർ അതെടുക്കാൻ മുതിരാതിരുന്നത് എന്നെനിക്കറിയില്ല.
അതെന്തായാലും അതിൽനിന്നും വലിയൊരു പാഠം ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞു എന്നു കുറയ്ക്കുന്നതിൽ വളരെ സന്തോഷമുണ്ട്.
നമുക്ക് ഇത്തരം ചെറിയ ചെറിയ തടസ്സങ്ങളെ അതിന്റെ വഴിക്കു വിട്ടു ലക്ഷ്യത്തിലേക്കു മുന്നേറാം.
അതിനു സർവ്വേശ്വരൻ ഏവർക്കും സഹായിക്കട്ടെ.
അനുബന്ധമായി ചേർത്തിരിക്കുന്ന കുറിപ്പ് ഇതോടു ചേർത്തുവായിക്കുക (ഇന്ന്  ഒരു മാന്യ മിത്രം വാട്ട്സാപ്പിൽ അയച്ചുതന്നത്)
നിങ്ങളുടെ പ്രതികരണങ്ങൾ ഈ കുറിപ്പിനോടുള്ള  ബന്ധത്തിൽ, അതെന്തുമാകട്ടെ കമന്റു ബോക്സിൽ ഇടുക. അത് മറ്റു വായനക്കാർക്കും ഒരു പ്രചോദനമാകും എന്നതിൽ സംശയമില്ല.
ഇവിടെ ഒരു കാര്യം കൂടി പറയാതെ പോയാൽ അതുശരിയാകില്ലായെന്നു തോന്നുന്നു!
ഞങ്ങളുടെ കുടുംബത്തിൽ പലർക്കും ഇത്തരം കലാവാസനയുണ്ടായിരുന്നു, ഒരു പക്ഷെ എൻ്റെ പിതാവ് ഒരു തച്ചനായിരുന്നതിനാലോ എന്തോ, മക്കൾക്കും കൊച്ചുമക്കൾക്കും ആ വാസന ലഭിച്ചത്.
എൻ്റെ പിതാവ് പുളിക്കീഴ് പഞ്ചസാര ഫാക്ടറിയിലെ പകൽ ജോലി കഴിഞ്ഞു ലഭിക്കുന്ന സമയം വീട്ടിലിരുന്നു നിരവധി കൗതുകവസ്തുക്കൾ തടിയിൽ നിർമ്മിച്ച് വിറ്റിരുന്നു,
ഏഴ് അംഗങ്ങൾ അടങ്ങുന്ന ഒരു കുടുംബം പുലർത്താൻ ഫാക്ടറിയിൽ നിന്നും കിട്ടുന്ന തുശ്ചമായ വരുമാനം മതിയാകുമായിരുന്നില്ല, അതിനാൽ വീട്ടുപകരണങ്ങൾ ഉൾപ്പടെ പലതും തടിയിൽ  തീർത്തു വിൽപ്പന നടത്തിയായിരുന്നു കുടുംബം പുലർത്തിയിരുന്നത്.
മക്കൾക്കും കൊച്ചുമക്കൾക്കും എല്ലാം ഈ വാസന കിട്ടിയിട്ടുണ്ട്, എൻ്റെ മക്കൾ രണ്ടു പേരും നല്ല പടം വരക്കാരായിരുന്നു. ജേഷ്ഠസഹോദരിയുടെ കൊച്ചുമകളും ഒരു നല്ല ആർട്ടിസ്‌റ്റാണ്‌.
എന്നാൽ തൻ്റെ കൊച്ചുമക്കളിൽ ഒരാൾ  ആഷ്‌ലിൻ (എൻ്റെ നേരേ ഇളയ അനുജൻറെ മകൾ)  ഇന്നും ചിത്രരചന തുടരുന്നു.
നിരവധി സമ്മാനങ്ങൾ വരയിലൂടെ  സ്‌കൂൾ കോളേജ് തലത്തിൽ അവൾ വാരിക്കൂട്ടി.  ഇപ്പോൾ Central Institute of English and Foreign Languages (CEFL) ൽ ഉപരിപഠനം തുടരുന്ന അവൾ അവിടെയും ചിത്രരചനയിൽ മികവു കാട്ടുന്നു.
സ്‌കൂൾ പഠനകാലത്തു ഒരിക്കൽ സ്‌കൂളിൽ മുഖ്യാഥിതിയായെത്തിയ പ്രശസ്ത കാർട്ടൂണിസ്റ്റിൻറെ ചിത്രം നിമിഷങ്ങൾക്കുള്ളിൽ വരച്ചു നൽകി. അതദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ ഒരു അടിക്കുറിപ്പോടെ ചേർക്കുകയുണ്ടായി. ആ ചിത്രങ്ങൾ അന്യത്ര ചേർത്തിരിക്കുന്നു.


ഈ ബ്ലോഗിൽ വന്നു വീണ്ടും വായന നടത്തിയ എല്ലാ പ്രിയ മിത്രങ്ങൾക്കും എൻ്റെ നന്ദി നമസ്‌കാരം.
നേരത്തെ സൂചിപ്പിച്ചതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ് അതെന്തായാലും കമൻറ് ബോക്സിൽ നിക്ഷേപിക്കുക, ഏവർക്കും മറുപടി നൽകുന്നതായിരിക്കും.
സസ്നേഹം നിങ്ങളുടെ  സ്വന്തം
ഏരിയൽ ഫിലിപ്പ് വർഗീസ് 
സിക്കന്തരാബാദ്
അനുബന്ധം:
ഒരിക്കൽ ഒരു പ്രഭാഷകൻ തന്റെ പ്രസംഗത്തിന് ഇടയ്ക്കു ഒരു ഗ്ലാസ്‌ വെള്ളം ഉയർത്തി കാണിച്ചുകൊണ്ടു ചോദിച്ചു ഇതിനു എത്ര ഭാരമുണ്ടെന്നു..
സദസ്സിൽ നിന്നും പല ഉത്തരങ്ങൾ വന്നു.  നൂറു ഗ്രാം, ഇരുനൂറു ഗ്രാം, അഞ്ഞൂറ് ഗ്രാം എന്നിങ്ങനെ..
പ്രഭാഷകൻ പറഞ്ഞു, അല്ല നിങ്ങൾ പറഞ്ഞ ഉത്തരങ്ങൾ തെറ്റാണ്..
സദസ്സിൽ നിന്നും ഒരാളെ വിളിച്ചു ആ ഗ്ലാസ്‌ വെള്ളം ഉയർത്തി പിടിക്കാൻ പറഞ്ഞു.  പ്രഭാഷകൻ അയാളോട് ചോദിച്ചു, എത്ര ഭാരം ഉണ്ടെന്നു,  അയാൾ പറഞ്ഞു  ചെറിയ ഭരമേയുള്ളു..  അയാളോട് അത് അങ്ങിനെ തന്നെ പിടിക്കാൻ പറഞ്ഞു അദ്ദേഹം പ്രഭാഷണം തുടർന്നു..
ഇടയ്ക്കു അയാളോട് ചോദിച്ചു, ഇപ്പോൾ എത്ര ഭാരം ഉണ്ട്?
ഭാരം കൂടുന്നുണ്ട്, അയാൾ പറഞ്ഞു.
അദ്ദേഹം പ്രഭാഷണം തുടർന്നു, ഇടക്കിടക്ക് അയാളോട് ഭാരം ചോദിച്ചു കൊണ്ടിരിന്നു.  അയാൾക്കു കയ്യിലെ ഗ്ളാസിനു ഭാരം കൂടി കൂടി വന്നു.
പ്രഭാഷണത്തിനിടക്ക് അയാൾ വിളിച്ചു പറഞ്ഞു, സാർ ഇപ്പോഴെന്റെ കൈ കഴക്കുന്നു  എനിക്കിനി ഒരു നിമിഷം പോലും പിടിച്ചു നിൽക്കാൻ കഴിയില്ല, ഗ്ലാസ് താഴെ വീണു പൊട്ടിപ്പോകും.
അദ്ദേഹം പ്രഭാഷണം നിറുത്തി, അയാളോടതു താഴെ വെക്കാൻ പറഞ്ഞു. എന്നിട്ട് സദസ്സിനോടായി പറഞ്ഞു,  ആ ഗ്ലാസ്സിനും അതിലെ വെള്ളത്തിന്റെ അളവിനും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല പക്ഷെ അത് നിങ്ങൾ കയ്യിൽ വെക്കുംതോറും നിങ്ങള്ക്ക് ഭാരം കൂടുതൽ അനുഭവപ്പെട്ടു തുടങ്ങി..
അതുപോലെയാണ്‌ നമ്മുടെ പ്രശ്നങ്ങളും.  നമ്മുടെ സങ്കടങ്ങളും വിഷമങ്ങളും ദുഃഖങ്ങളും  ദേഷ്യവും നമ്മൾ  എത്ര നേരം മനസ്സിൽ സൂക്ഷിക്കുന്നുവോ അതിന്റെ ഭാരം കൂടി കൊണ്ടേയിരിക്കും അത് മൂലമുള്ള പ്രശ്നങ്ങൾ നമ്മളെ അലട്ടി കൊണ്ടേയിരിക്കും..
നമ്മുടെ വിഷമങ്ങളും ദേഷ്യവും  മോശം ചിന്തകളും മനസ്സിൽ നിന്നും മാറ്റി വെച്ചാൽ അതുമൂലമുള്ള പ്രശ്നങ്ങളും ഇല്ലാതാകും..
മനസ്സിനെ ശാന്തമാക്കുക, പ്രശ്നങ്ങൾ ലഘൂകരിക്കപ്പെടും..
പ്രശസ്തമായൊരു വാചകമുണ്ട്. അതിന്റെ ആദ്യ ഭാഗം ഇങ്ങനെയാണ്,
" നിങ്ങളുടെ വിഷമങ്ങൾക്കു  ഒരു പ്രതിവിധി ഉണ്ടെങ്കിൽ നിങ്ങൾ വിഷമിച്ചിരിക്കുന്നതു എന്തിന്? "
വിഷമിച്ചിരിക്കാതെ ആ പ്രതിവിധി നടപ്പാക്കാൻ ശ്രമിക്കുക.
അതിന്റെ രണ്ടാം ഭാഗം ഇങ്ങിനെയാണ്,
"നിങ്ങളുടെ വിഷമത്തിനു ഒരു പ്രതിവിധിയും ഇല്ലാത്തതാണെങ്കിൽ നിങ്ങൾ വിഷമിച്ചിരിക്കുന്നതു എന്തിന്? "
ഒരിക്കലും മാറ്റാൻ കഴിയാത്ത ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചു സമയം കളയാതെ അടുത്ത കാര്യങ്ങൾ ചെയ്യുക..
വിഷമങ്ങളും ദുഖങ്ങളും ഇല്ലാത്തവരായി ആരുമില്ല, പണക്കാരനും പാമരനും എല്ലാം അതുണ്ട്..   വിഷമങ്ങളെയും ദുഃഖങ്ങളേയും അതിജീവിക്കുന്നവരാണ്  വിജയിക്കുന്നവർ..
ഓർക്കുക നിങ്ങളുടെ മനസ്സിലേ മോശം ചിന്തകളെ മാറ്റി നിർത്താൻ നിങ്ങൾക്ക്  മാത്രമേ കഴിയൂ..
നിങ്ങൾക്ക് നിങ്ങളുടെ മനസ്സിന് മുന്നിൽ വിജയിക്കാൻ കഴിഞ്ഞാൽ ഈ ലോകത്ത്  നിങ്ങൾ വിജയിച്ചിരിക്കും തീർച്ച....


Blackboard white chalk and butterfly

ആദ്യം പ്രസിദ്ധീകരിച്ചത് ഇവിടെ 


പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ 

ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ  ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ  അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും  ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ  നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ. 
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
  6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ. 
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ  പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോമിന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ. 
നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ  നിക്ഷിപ്തമാണ്. സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.

 നന്ദി, നമസ്‌കാരം.

 For Philipscom Associates


  ഫിലിപ്പ് വർഗീസ് ഏരിയൽ  

1 comments:

അതെ നിങ്ങൾക്ക് നിങ്ങളുടെ മനസ്സിന്
മുന്നിൽ വിജയിക്കാൻ കഴിഞ്ഞാൽ ഈ ലോകത്ത് 
നിങ്ങൾ വിജയിച്ചിരിക്കും തീർച്ച....ബ്ളാക്ക് & വൈറ്റ്
ഓർമ്മകളിൽ കൂടി നല്ല ചിന്തകൾ പങ്കുവെച്ചിരിക്കുകയാണിവിടെ
ഫിലിഫ് ഭായ് 
ഒപ്പം   ആഷ്‌ലിൻ എന്ന ചിത്രകാരിക്കും  അഭിനന്ദനങ്ങൾ 

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.