മഴയോർമ്മകൾ 04
````````````````````````
എൻ്റെ മഴയോർമ്മകൾ
`````````````````````````````
എൻ്റെ മഴയോർമ്മകൾ
`````````````````````````````
മഴക്കാലം ഓടിയെത്തുമ്പോൾ നിരവധി മഴയോർമ്മകളും അതൊപ്പം കൊണ്ടുവരുന്നു.
മഴയോർമ്മകൾ പങ്കുവെക്കാൻ കനൽ ഒരുക്കുന്ന പുതിയ സംരഭത്തിലേക്ക് ഇതാ എന്റേയും ചില ഓർമ്മകൾ.
അല്ല, ഏതോർമ്മകൾ കുറിച്ചാലും അതിൻ്റെ ആരംഭം ബാല്യത്തിൽനിന്നുതന്നെ വേണമെന്നാണെനിക്ക് തോന്നുന്നത്
മഴമാസത്തിൻ്റെ അല്ലെങ്കിൽ വേണ്ടാ കർക്കടക മാസത്തിൻറെ സന്തതിയായി ഭൂമിയിൽ പിറന്നതിനാലോ എന്തോ മഴയോടും മഴക്കാലത്തോടും ചെറുപ്പംമുതലേ ഒരിഷ്ടം തോന്നിയിരുന്നു.
ചേമ്പില കുടയാക്കി സ്‌കൂളിലേക്കോടിയ കാലമാണ് പെട്ടന്നു ഓർമ്മയിൽ ഓടിയെത്തിയത്. പിതാവിൻ്റെ വരുമാനംകൊണ്ട് ഏഴ് അംഗങ്ങൾ അടങ്ങുന്ന കുടുംബം ഒരുവിധം പട്ടിണിയില്ലാതെ കഴിഞ്ഞുപോന്ന കാലം. അതിനിടയിൽ ഒരു കുട എന്നത് വെറും സ്വപ്‌നമായിമാത്രം നിലകൊണ്ടു. ഇത്തരം സന്ദർഭങ്ങളിൽ (മഴയിൽ), ചേമ്പിലയും വാഴയിലയും ഒരു തുണയായി എത്തി എന്നുതന്നെ പറയാം!
മഴയിലും, സ്‌കൂളിൽ പോക്കു മുടക്കിയിട്ടില്ല. വീടും സ്‌കൂളും വളരെ അടുത്തായിരുന്നതിനാൽ (സ്‌കൂൾ ബെല്ലടി വീട്ടിൽ നിന്നാൽ കേൾക്കാം) ഇക്കാര്യങ്ങളിൽ വലിയ തടസ്സമുണ്ടായില്ല.
സത്യത്തിൽ മഴക്കാലം ഒരാഘോഷകാലമായി തോന്നിയിട്ടുണ്ട് ചെറുപ്പത്തിൽ. മഴ പെയ്യുമ്പോൾ അതിനെ വകവെക്കാതെ മഴയിൽ ഇറങ്ങിക്കളിക്കുക എന്നത് ചെറുപ്പത്തിലേ ഒരു ഹരമായിരുന്നു. മഴയത്തു കൂട്ടുകാർക്കൊപ്പം കാൽപ്പന്തു കളിക്കാൻ പോയതിനു പപ്പയുടെ തല്ലു കിട്ടിയത് ഇന്നും ഓർമ്മയിൽ തെളിഞ്ഞുനി ൽക്കുന്നു.
പോത്താനിക്കാടുള്ള 'അമ്മവീട്ടിൽ അമ്മയുടെ അനിയത്തിയുടെയും (കൊച്ചമ്മച്ചി) സഹോദരന്റെയും മക്കളോടൊപ്പം ചെലവഴിച്ച ആ നാളുകൾ പലതും ഓർത്തുവെക്കാൻ പറ്റുന്ന ചില മഴക്കാലയോർമ്മകൾതന്നെയെന്നു വേണം പറയാൻ. കാരണം ആ അവധിക്കാലദിനങ്ങൾ പലതും മഴയിൽ മുങ്ങിയവയായിരുന്നു എന്നാണെൻറെ ഓർമ്മ.
ഏകദേശം ഉച്ചതിരിയുന്നതോടെ ഞങ്ങൾ കാളിയാർപ്പുഴയിൽ കുളിക്കാൻ പോവുക പതിവായിരുന്നു. അത് രസകരമായ പല അനുഭവങ്ങളും ഓർമ്മയിൽ കുറിച്ചിടാൻ പകർന്നുതന്നു എന്നു വേണം പറവാൻ. മഴയിൽ കുതിർന്ന ആ കുളി ശരിക്കും ഞാൻ ആസ്വദിച്ചിട്ടുണ്ട്. പലപ്പോഴും കൊച്ചമ്മച്ചിയുടെ മക്കൾ, ഇരച്ചുവരുന്ന മലവെള്ളപ്പാച്ചിലിൽ നീന്തിത്തുടിക്കുന്നത് അത്ഭുതത്തോടെ കണ്ടുനില്ക്കാൻമാത്രമേ ഞങ്ങൾ സഹോദരങ്ങൾ മൂന്നുപേർക്കും കഴിഞ്ഞിരുന്നുള്ളൂ. കാരണം നീന്തലിലുള്ള പരിചയക്കുറവുതന്നെ. എന്തായാലും ഞങ്ങൾ മൂവരും പുഴയുടെ ഓരം ചേർന്ന് നിന്ന് കുളി കഴിഞ്ഞു മടങ്ങും, പലപ്പോഴും മഴയിൽ കുതിർന്നായിരിക്കും വീട്ടിലെത്തുക.
ഒരിക്കൽ പറമ്പഞ്ചേരിയിലുള്ള കൊച്ചമ്മച്ചിയുടെ വീട്ടിൽവെച്ച് മഴയിൽ തൊടിയിലിറങ്ങി ഞാവൽപ്പഴം പറിക്കാൻ പോയതും മരം കയറാൻ ശ്രമിച്ച ഞാൻ ഉരുണ്ടു വീണു കാൽമുട്ടു പൊട്ടിയതും സഹോദരങ്ങളുടെ അടക്കിപ്പിടിച്ചുള്ള ചിരിയും ഇന്നെന്നപോലെ ഓർമ്മയിൽ നിൽക്കുന്ന ഒന്നത്രേ.
ആ സുന്ദരമായ ബാല്യകാലം വേഗത്തിൽ കടന്നുപോയി.
യൗവനത്തിൽ എത്തിയ നാളികളിൽ സംഭവിച്ച ഒരു കാര്യം ഇവിടെ പറയാതെ വയ്യ.
പ്രീ ഡിഗ്രിക്കു പഠിക്കുന്ന കാലം. വീട്ടിൽ നിന്നും കുറേ അകലെയുള്ള എടത്വാ സെൻറ് അലോഷ്യസ് കോളേജിൽ എനിക്കും അനുജനും പ്രവേശനം ലഭിച്ചു. രണ്ടു ബസ്സ് കയറിവേണം കോളേജിൽ എത്താൻ. അന്ന് ഇന്നത്തെപ്പോലെ ബസ്സ് സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു . ഒന്നോ രണ്ടോ മണിക്കൂറുകൾ ഇടവിട്ടുള്ള ബസ്സുകൾ. ആദ്യബസ് വിട്ടുപോയാൽ പിന്നെ മണിക്കൂറുകളുടെ കാത്തിരിപ്പ്,
ഞാനും അനുജനും മിക്കപ്പോഴും കോളേജ് കഴിഞ്ഞാൽ ഉടൻ ബസ് സ്റ്റാൻഡിൽ എത്തുമായിരുന്നു, എന്നാൽ ഒരു മഴദിവസം സ്റ്റാൻഡിലെത്താൻ അൽപം വൈകി ഞങ്ങൾക്ക് കയറേണ്ട ബസ്, സ്റ്റാൻഡിൽ പുറപ്പെടാൻ തയ്യാറായിക്കിടപ്പുണ്ടായിരുന്നു, ചാറ്റൽമഴ വകവെക്കാതെ ഞാൻ ചലിച്ചുതുടങ്ങിയ ബസ്സിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതും ബസ്സിലെ പിടിവിട്ട് തെറിച്ചുപോയതുംമാത്രം എനിക്കോർമ്മ.. ബോധം വന്നപ്പോൾ ഞാൻ ആശുപത്രിക്കിടക്കയിലായിരുന്നു.
വലിയ അപകടം ഒന്നും പറ്റിയില്ല എങ്കിലും എൻ്റെ വലതു കൈ പ്ലാസ്റ്ററിനുള്ളിലായിരുന്നു. പിന്നീടാണു മനസ്സിലായത് മഴ വരുത്തി വെച്ച ഒരു വിനയായിരുന്നു അതെന്ന്. നനഞ്ഞ കൈയോടെ ബസ്സിൽ പിടിക്കാൻ എനിക്കു കഴിഞ്ഞില്ല അങ്ങനെ തെന്നി താഴെ വീഴുകയായിരുന്നു. എന്തായാലും ബസ്സിനു വലിയ സ്പീഡ് ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടത്തിൽനിന്നു രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി. വീഴ്ചയിൽ വലതു കൈമുട്ടിലെ കുഴ തെന്നിമാറിയതൊഴിച്ചാൽ മറ്റു വലിയ അപകടം ഒന്നും ഉണ്ടായില്ല. ഏകദേശം ഒരുമാസം കോളേജ് മുടങ്ങിയതു മിച്ചം.
മഴയോർമ്മകൾ അധികവും രസകരങ്ങളായിരുന്നെങ്കിലും ഈ അനുവഭവം തികച്ചും വ്യത്യസ്തമായ ഒന്നുതന്നെയായിരുന്നു.
പിന്നീട് പഠനത്തോടും ജോലിയോടുമുള്ള ബന്ധത്തിൽ സെക്കന്തരാബാദിലേക്കു വണ്ടി കയറിയ നാളുകൾ. ഇവിടെ ഈ തെലുങ്കുനാട്ടിൽ പറിച്ചുനട്ട നാളുകളിൽ ആ പഴയ മഴക്കാലത്തിൻ്റെ മനോഹരനിമിഷങ്ങൾ പലതും കൈമോശംവന്നതുപോലെ തോന്നിത്തുടങ്ങി.
അതു വെറും തോന്നലായിരുന്നില്ല, അതേ മഴയ്ക്കായി കാത്തിരിക്കുന്ന ഒരു വേഴാമ്പലിനെപ്പോലെ മഴയ്ക്കായി കാതോർത്തിരുന്ന കാലങ്ങൾ.
വല്ലപ്പോഴും വീണുകിട്ടുന്ന മഴ ആസ്വദിക്കാനേ കഴിഞ്ഞിട്ടില്ല എന്നതാണു സത്യം. എന്നിരുന്നാലും വല്ലപ്പോഴുമെത്തുന്ന മഴ കാണുമ്പോൾ ആ പഴയ മഴ സ്മരണകൾ ഒരു സ്‌ക്രീനിൽ തെളിയുന്നതുപോലെ മനസ്സിൽ ഓടിയെത്തുന്നു.
ആ സുന്ദരനിമിഷങ്ങൾ അയവിറക്കി കുടുംബത്തോടും രണ്ടു മക്കളോടുമൊപ്പം ഇവിടെ കഴിഞ്ഞുകൂടുന്നു.
ഏവർക്കും നന്ദി നമസ്കാരം.
11 comments
വായനാസുഖമുള്ള ശൈലിയില്‍ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു മഴയോര്‍മ്മകള്‍
ആശംസകള്‍ പി.വി.സാര്‍
നന്ദി സി വി സാർ ഈ വരവിനും നല്ല വാക്കുകൾക്കും
'മഴ എന്‍റെ കാതുകളില്‍ പിറുപിറുക്കുന്നത്
"നിന്നെ ഞാന്‍ നനച്ചല്ലോ..." എന്ന വിഷമവര്‍ത്തമാനം ആണെപ്പോഴും...'
ഇത് കണക്കൂറിന്റെ വാചകമാണ് കേട്ടോ ഭായ്
മഴയോര്‍മ്മകള്‍ അതീവ ഹൃദ്യമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍ .
''കനല്‍'' ഗ്രൂപ്പിലെഴുതിയ കുറിപ്പും അഭിപ്രായങ്ങളും ബ്ലോഗില്‍ ചേര്‍ത്തത് കനല്‍ ഗ്രൂപ്പിനും വലിയ പ്രചോദനമേകുന്നതാണ് ... ആശംസകള്‍ സര്‍.
ആദ്യമുതല്‍ അവസാനംവരെ മഴ പെയ്യുകതന്നെ ആയിരുന്നു... ഹൃദ്യം...
കണക്കൂറിൻറെ വാക്കുകൾ കടമെടുത്തു എന്നെ നനക്കാൻ ഇവിടെയെത്തിയതിൽ സന്തോഷം ഭായ്. നന്ദി നമസ്കാരം
അതെനിക്കും അതിയായും സന്തോഷം സർ.
നന്ദി സർ ഈ നല്ല വാക്കുകൾക്കു.
അതെയോ ജോയ്,
അതെനിക്കറിയില്ലായിരുന്നു.
ഹൃദ്യമായിത്തോന്നി എന്നറിഞ്ഞതിൽ
പെരുത്ത സന്തോഷം. നന്ദി നമസ്‌കാരം
ലഘുവായ വിവരണത്തിലൂടെ മഴയോർമ്മകൾ.. നന്നായിട്ടുണ്ട്. ആശംസകൾ സർ.
ലഘുവായ വിവരണത്തിലൂടെ മഴയോർമ്മകൾ.. നന്നായിട്ടുണ്ട്. ആശംസകൾ സർ.
ഫിലിപ് ചേട്ടാ..
മഴക്കാലമിറങ്ങി യാത്ര ചോദിക്കുന്ന
ഈ വേളയിലും,തൊരാ മഴ കണ്ട ഈ വർഷത്തിന് ശേഷവും..മഴയോട് കൊതി തോന്നിച്ചു ചേട്ടന്റെ വരികൾ..
നല്ലെഴുത്തിന് സലാം.
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.