കെ.എസ് മിനിയുടെ ഹാസ്യകഥാസമാഹാരം “അനിയൻബാബു ചേട്ടൻബാബു” ഒരു അവലോകനം. K S Mini's Book Review

1 comment

     കെ.എസ് മിനിയുടെ ഹാസ്യകഥാസമാഹാരം “അനിയൻബാബു ചേട്ടൻബാബു”ഒരു അവലോകനം “കഴിക്കുന്ന മരുന്നിന്റെ അളവ് കുറഞ്ഞാൽ ഹൃദയം പണിമുടക്കും; അളവ് കൂടിയാലോ? തലച്ചോറ് പണിമുടക്കും. ഹൃദയവും തലച്ചോറും യോജിപ്പിച്ചുകൊണ്ട് തന്മാത്രകളാൽ നിർമ്മിതമായ പാലത്തിലൂടെ യാത്രചെയ്യുമ്പോൾ പരിചയപ്പെട്ട കഥാപാത്രങ്ങളെ പഞ്ചസാര ചേർത്ത നർമ്മത്തിൽ മുക്കിയെടുത്ത് കൈപ്പും എരിവും പുളിയും ചേർത്തശേഷം ഉപ്പിട്ട് ഇളക്കി വറുത്ത് പാകമായപ്പോൾ കോരിയെടുത്ത്  എൻ്റെ  സ്വന്തംബ്ലോഗ് മിനിനർമ്മത്തിലിട്ട് ടെയ്സ്റ്റ് നോക്കിയശേഷം ഇവിടെ വിളമ്പുകയാണ്. ആവശ്യമനുസരിച്ച് ആർക്കും എടുത്തുകഴിക്കാം. അതിനുശേഷം പ്രഷറോ, ഷുഗറോ, കോളസ്ട്രോളോ, ദഹനക്കെടോ ഉണ്ടായാൽ പാകം‌ചെയ്ത ഞാൻ ഉത്തരവാദിയല്ലെന്ന് അറിയിക്കുന്നു”

ബ്ലോഗർ കെ.എസ് മിനിയുടെ ആദ്യത്തെ നർമ്മ കഥാസമാഹാരമായ ‘അനിയൻ‌ബാബു ചേട്ടൻ‌ബാബു’ എന്ന പുസ്തകത്തിന്റെ പുറം‌ചട്ടയിൽ എഴുതിച്ചേർത്ത മുന്നറിയിപ്പാണ്  മുകളിൽ കുറിച്ച വരികൾ.

മേൽ വിവരിച്ച വരികൾ നൂറുശതമാനവും ശരിയാണെന്ന് , മലയാളം ബ്ലോഗ് വായനക്കാർക്കിടയിൽ "മിനി ടീച്ചർ" എന്ന പേരിൽ അറിയപ്പെടുന്ന ശ്രീമതി കെ എസ്  മിനിയുടെ  ബ്ലോഗ്  ‘മിനിലോകത്തിലെ അനുഭവക്കുറിപ്പുകൾ വായിക്കുന്നവർക്ക് അറിയാം. 

ഹൃദയവും തലച്ചോറും പണിമുടക്കാതെ ഉണർന്നു പ്രവർത്തിക്കാനായി നിത്യേന മരുന്നുകൾ കഴിക്കുന്നതിനിടയിലാണ് ടീച്ചറിൽ നിന്നും ഹാസ്യരചനകൾ വരുന്നത് എന്ന് ചിന്തിക്കുന്ന നേരത്ത് ഹാസ്യത്തെയും അത് അവതരിപ്പിക്കുന്നവരെയും കുറിച്ച് പൊതുവായ ഒരു തത്വം മനസ്സിലാക്കാം. 

അത് ‘ചിരിപ്പിക്കാൻ കഴിയുന്നവർക്ക് അധികവും വേദനിക്കുന്ന അനുഭവം ഉള്ളവരാണ്, വേദന വർദ്ധിക്കുന്ന നേരത്ത് അവർ കൂടുതൽ ചിരിപ്പിക്കും’. അതെ ചിരിപ്പിക്കുക, ചിരിക്കുക എന്നത് അവർക്കൊരു വേദനാസംഹാരിയാണ്. എന്ന് തോന്നുന്നു.

മിനിടീച്ചറുടെ ആദ്യപുസ്തകം ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ കർഷകരും കൃഷിയെ ഇഷ്ടപ്പെടുന്നവരുമായ മലയാളികൾ സ്വീകരിച്ചതിനാൽ രണ്ടാം പതിപ്പ് ഇറക്കിയതും വില്പനയുടെ അവസാന ഘട്ടത്തിലാണ്.  ഈ പുസ്തകത്തെപ്പറ്റി ഏരിയലിൻറെ കുറിപ്പുകൾ എഴുതിയ ഒരു അവലോകനം ഈ ലിങ്കിൽ വായിക്കുക. 'ടെറസ്സിലെ കൃഷിപാഠങ്ങ’ കെ.എസ്. മിനിയുടെ പുസ്തകത്തിനൊരു അവലോകനം

ഇപ്പോൾ രണ്ടാമത്തെ പുസ്തകമായ ഹാസ്യകഥാ സമാഹാരവും സഹൃദയരായ മലയാളികൾ സ്വീകരിച്ചിരിക്കയാണ്. ഹാസ്യം കലർത്തി എഴുതുന്നതിൽ മിക്കവാറും എഴുത്തുകാർ മടിച്ചുനിൽക്കുമ്പോൾ മിനിടീച്ചറുടെ തൂലികയിൽനിന്നും പിറന്നുവീഴുന്ന ഹാസ്യരചനകൾ ചിരിയുടെ വെടിക്കെട്ട് ഉതിർക്കുകയാണ്. 

"പൊതുവെ നർമരചനകളിൽ നിന്ന് സ്ത്രീകൾ മാറിനിൽക്കുമ്പോൾ , തൻ്റെ  ഔദ്യോഗികവൃത്തിയിൽ നിന്നും വിരമിച്ച ശേഷം കെ.എസ് മിനി എന്ന അദ്ധ്യാപിക   ഇതിനായി തൻ്റെ സമയം വേർ തിരിക്കുകയും അതിൽ വിജയിക്കുകയും ചെയ്‌തിരിക്കുന്നു."  എന്ന് കണ്ണൂർ നർമവേദിയുടെ പ്രസിഡണ്ട് ആർ പ്രഭാകരൻ മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ വാക്കുകളിൽ,,, 

ഹാസ്യത്തി ന്റെ ഉറവിടം നർമബോധമാന്. അവനവനെ നോക്കി ചിരിക്കാനുള്ള തന്റേടവും സാമർത്ഥ്യവുമാണ് നർമബോധത്തിന്റെ അന്തസത്ത. മിനിനർമത്തിന്റെ മാധ്യുര്യവുമതാണ്
ചിന്തയുടെ മേൽ മനസ്സ് അബോധമായി പ്രവർത്തിക്കുമ്പോഴാണല്ലൊ ചിരിയുളവാകുന്നത്;. നർമരചനയുടെ മാനദണ്ഡങ്ങളായ മൌലികത, ഊന്നൽ, മിതത്വം ഇവ സമ്യക്കായി മിനിനർമത്തിൽ സംഗമിക്കുന്നു.. ഉക്തിഹാസ്യം (Wit), ആക്ഷേപഹാസ്യം (Satire), ഉത്തമഹാസ്യം (Humour) എന്നീ ഹാസ്യതലങ്ങളുടെ അനുഭവസ്പർശം മിനി ടീച്ചറുടെ നർമകഥകളിൽ പ്രകടമാണ്. ചിരിയും ചിന്തയും ഭാവനയും ഒത്തിണങ്ങിയ ഇത്തരം കഥകൾ മനസ്സിൽ പ്രസാദാത്മകത വളർത്തുന്നു. ലളിതവും മനോഹരവുമായ ഭാഷ, ആകർഷകമായ അവതാരണ ശൈലി ‌- അതാണി രചനയുടെ ആത്മസൌന്ദര്യം.


 16 നർമ്മകഥകൾ അല്ല ചിരിമുത്തുകൾ ഉൾക്കൊള്ളുന്ന കഥാസമാഹാമാണ് ‘അനിയൻബാബു ചേട്ടൻബാബു’. ചിരിയുടെ ഏടുകൾ മറിക്കുമ്പോൾ ആദ്യം കാണുന്നത് ‘മുരുട’നക്കിയ നാടകം’. സ്ക്കൂൾ അദ്ധ്യാപകർക്ക് പരിചയമുള്ള സ്റ്റേജിൽ നടക്കാനിടയുള്ള നർമ്മം, ഇവിടെ വായനക്കാരെയും നാടകത്തിലെ കാണികളാക്കി മാറ്റി ചിരിപ്പിക്കും. ഭാഷാപ്രയോഗം കേരളത്തിന്റെ തെക്കും വടക്കും തമ്മിലുള്ള അന്തരം മനസ്സിലാക്കി എല്ലാവരിലും ചിരിയുണർത്തുന്ന അവതരണം. അതുപോലെ സ്ക്കൂൾ അന്തരീക്ഷത്തിൽ നടക്കുന്ന മറ്റു കഥകളാണ്, ഏ.ഇ.ഒ. വരുന്നേ, അനിയൻബാബു ചേട്ടൻബാബു, ഏപ്രിൽ ഫൂൾ മാഡം, സാരിക്കാരൻ എന്നിവ.
                   
സ്ക്കൂൾ കഥകൾ എഴുതുന്നവർക്കിടയിൽ എപ്പോഴും കാണുന്ന പ്രധാന കഥാപാത്രമാണ് ‘ഏ.ഇ.ഒ’. പ്രൈമറി അദ്ധ്യാപകരുടെ പേടിസ്വപ്നമായ പ്രസ്തുത കഥാപാത്രത്തെ പ്രശസ്തരായ എഴുത്തുകാരൊക്കെ കൈകാര്യം ചെയ്തതാണ്. സ്ക്കൂളിന്റെ ഉള്ളുകള്ളികൾ അണുവിടാതെ വിശദമാക്കുന്ന നർമ്മകഥയാണ് ‘ഏ.ഇ.ഒ. വരുന്നേ’. എന്ന കഥ.  

പുസ്തകത്തിന്റെ ടൈറ്റിൽ കഥയാണ് ‘അനിയൻബാബു ചേട്ടൻബാബു’. അതിലും  വിദ്യാലയ അന്തരീക്ഷം കടന്നുവരുന്നുണ്ട്. അവിവാഹിതയായ സഹപ്രവർത്തകക്ക് തന്നെക്കാൾ യോഗ്യത കുറഞ്ഞവനായിരിക്കണം ഭർത്താവായി വരുന്നത്, എന്ന് ചിന്തിക്കുന്ന അദ്ധ്യാപകനെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. 

സഹപ്രവർത്തകരുമായി സഹകരണം ഇല്ലാത്ത പ്രധാന അദ്ധ്യാപികയെ തമാശരൂപേണ അവതരിപ്പിക്കുന്നതാണ് ‘ഏപ്രീൽഫൂൾ മാഡം’. എന്ന കഥ. 

പരിചയമില്ലാത്ത പുരുഷൻ, അന്യസംസ്ഥാന വ്യാപാരിയെന്ന് തോന്നിക്കുന്ന ആൾ വലിയ ബാഗുമായി സ്ക്കൂൾ സ്റ്റാഫ്‌റൂമിൽ കടന്നാൽ അയാളൊരു സാരിവില്പനക്കാരൻതന്നെ ആയിരിക്കും എന്ന് തെറ്റിദ്ധരിക്കുന്ന ഒരു കാലത്ത് സംഭവിക്കുന്നതാണ് ‘സാരിക്കാരനിൽ’  എന്ന ഹാസ്യക്കുറിപ്പിൽ വായിച്ചറിയാൻ കഴിയുന്നത്.

സ്ക്കൂൾ നർമ്മത്തെപ്പോലെ രസകരമാണ് മിനിടീച്ചറുടെ യാത്രാനർമ്മങ്ങളും. യാത്രകളെന്നുവെച്ചാൽ ബസ് യാത്രകൾ തന്നെ. പഠിപ്പിക്കുന്ന സമയത്തെക്കാൾ അധികം ബസ് യാത്രക്കുവേണ്ടി ചെലവഴിക്കുമ്പോൾ യാത്രയിലുടനീളം ഹാസ്യം കണ്ടെത്തുന്നത് വിരസത ഒഴിവാക്കുന്നു. യാത്രാനർമ്മം വായിക്കുന്ന വ്യക്തി എഴുത്തുകാരിയോടൊപ്പം യാത്രചെയ്യുന്നതായി അനുഭവപ്പെടുന്നതരത്തിലാണ് രചനകൾ. വനിതാസംവരണ സീറ്റിലെ പുരുഷപോലീസ്, യാത്രക്കിടയിൽ കേട്ടതും കണ്ടതും എന്നിവയിൽ തനിഗ്രാമീണ മലയാള ഭാഷയിലെ പ്രയോഗങ്ങൾ കേൾക്കാൻ കഴിയും.

വായനാരസം പകരുന്ന കുടുംബാന്തരീക്ഷത്തിലെ കഥകളാണ് ‘അമ്മായിഅമ്മയും മരുമകളും പിന്നെ ഇഡ്ഡ്ലിയും’, ‘പളപളാ മിന്നുന്ന സാരി’, ‘തിരുവോണനാളിൽ പൊട്ടിയ പഠക്കങ്ങൾ’ എന്നിവ. എഴുത്തുകാരിതന്നെ കഥാനായിക ആയി വരുന്ന ഇത്തരം കഥകൾ വായിക്കുന്നവർക്ക് അവയെല്ലാം സ്വന്തം വീട്ടിൽ സംഭവിച്ചതായി അനുഭവപ്പെടുന്നു. പെയിന്റിംഗ്, കുളിസീൻ വീഡിയോ, പുരുഷ പ്രജായ നമ:, മരുമകൻ ചന്തു എന്നിവ നർമ്മരസം പകരുന്നതോടൊപ്പം ചിന്തനീയവുമാണ്. 

‘മരുമകൻ ചന്തു’ എന്ന ഒടുവിലത്തെ കഥയിൽ വടക്കൻ പാട്ടിലെ അന്തരീക്ഷം കടന്നുവരുന്നു. പതിവുപോലെ ഇവിടെയും മരുമകൻ ചന്തു ചതിക്കപ്പെടുന്നു.

മാസംതോറും ഒത്തുചേരുന്ന കണ്ണൂരിലെ ഹാസ്യകൂട്ടായ്മ ആയ ‘നർമ്മവേദി കണ്ണൂർ’ അംഗമായ ടീച്ചർ, ആ നർമ്മവേദിയെയും ചിരിയരങ്ങിനെയും വേദിയാക്കി ഒരുക്കിയ നർമ്മകഥയാണ് ‘ദാസേട്ടനും ലതാന്റിയും നർമ്മവേദിയിൽ’. ‘ചിരിക്കാം ചിരിക്കാം,,, എന്ന പാട്ടുകേട്ട് ഉണരുന്ന ശശിസാറിന്റെ പ്രഭാതത്തെ അവതരിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന, ശരിക്കും ഒരു രസച്ചരടിൽ കോർത്തിണക്കിയ ഈ നർമ്മകഥ വായിക്കുന്നവർക്ക് നർമ്മവേദിയെ കുറിച്ച് ശരിയായ ഒരു ചിത്രം ലഭിക്കും.

കെ.എസ് മിനിയുടെ ‘മിനിനർമം’ എന്ന ബ്ലോഗിൽ പോസ്റ്റ് ചെയ്തതും അല്ലാത്തതും ആയ 16 നർമ്മകഥകൾ അൽപ്പം ചില ഭേദഗതികളോടെ കൂട്ടിച്ചേർത്താണ്, ഈ ഹാസ്യ വിരുന്നു തൻറെ വായനക്കാർക്കായി മിനി ടീച്ചർ ഈ പുസ്തകത്തിൽ കോർത്തിണക്കിയിരിക്കുന്നത്.

ടീച്ചറുടെ രണ്ടാമത്തെ ഹാസ്യ സമാഹാരമാണ് 
‘മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ’.എന്ന പുസ്തകം.

തിരക്ക് പിടിച്ച ഈ ലോകത്തിലെ ഗൗരവമാർന്ന വിഷയങ്ങളിൽ ദിനം തോറും ഇടപെടുന്ന ഏതൊരാൾക്കും ഈ പുസ്തകം അതിനൊരു ഇടവേള നൽകും എന്നതിൽ രണ്ടു പക്ഷം ഇല്ല.  അത് നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും എന്നതിലും  ഒരു സംശയവും വേണ്ട.

100 പേജിൽ ഉൾക്കൊള്ളുന്ന ‘അനിയൻബാബു ചേട്ടൻബാബു എന്ന ഈ ഹാസ്യകഥാസമാഹാരത്തിന്റെ വില 70 രൂപയാണ്. 
വാങ്ങുക വായിക്കുക, 
നിങ്ങളുടെ പണത്തിനു തക്കതായ പ്രതിഫലം ഈ പുസ്തകം നൽകും എന്ന് എനിക്കു ഉറപ്പു നൽകുവാൻ കഴിയും.

ഇങ്ങനെ ഒരു അവലോകനം എഴുതുവാൻ Ariel's Jottings നു കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. 

ഈ പുസ്തകം പ്രസിദ്ധീകരിച്ചത് , പായൽ ബുക്സ് കണ്ണൂർ. 
ഇത് ലഭിക്കുവാൻ ബന്ധപ്പെടേണ്ട വിലാസം.

Payal books,
K.P. Plaza, Parakkandy,
Kannur, Pin: 670001അടിക്കുറിപ്പ് 


വി.പി.പി. ആയും പുസ്തകം ലഭ്യമാണ്.
Ks Mini യുടെ ‘അനിയൻബാബു ചേട്ടൻബാബു’ എന്ന 70 രൂപ വിലയുള്ള ഈ പുസ്തകം VPP (വി.പി.പി) ആയും ലഭിക്കുന്നതാണ്. 
(70‌+24 വി.പി.പി. ചാർജ്ജ്) (ആകെ 90 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ 

പിൻ‌കോഡ് സഹിതം  അഡ്രസ്സും ഫോൺ നമ്പറും’  ,,, Souminik@gmail.com ന്നഐഡിയിൽ മെയിൽ ചെയ്യുകയോ, 

Facebook ൽ Ks Mini https://www.facebook.com/ks.mini   യുടെപേജിൽ മെസേജ്അയക്കുകയോ, 9847842669 മൊബൈൽ നമ്പറിൽ എസ്.എം.എസ്
അയക്കുകയോ ചെയ്യുക. 

90 രൂപപുസ്തകംകൊണ്ടുവരുന്ന പോസ്റ്റ്മാൻ വശം കൊടുത്താൽ മതി
ഈ സൗകര്യം ഇന്ത്യയിൽ മാത്രം

മിനി ടീച്ചറുടെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ: മിനി ലോകം

1 comments:

നല്ല അവലോകനവും പരിചയപ്പെടുത്തലും

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.