Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

എന്‍റെ വായനയുടെ വിസ്‌മയലോകത്തേക്ക് ഒരു എത്തിനോട്ടം. കനൽ വായനോത്സവം - വായനാനുഭവം

5 comments

എന്‍റെ വായനയുടെ വിസ്‌മയലോകത്തേക്ക് ഒരു എത്തിനോട്ടം
( കനൽ വായനോത്സവം - വായനാനുഭവം - 02 )

(കനൽ മലയാളം ഫേസ് ബുക്ക് ഗ്രൂപ്പ് സംഘടിപ്പിച്ച "വായനാനുഭവം പങ്കു വെക്കുക" എന്ന സംരംഭത്തിൽ ഞാൻ കുറിച്ച വരികൾ...)


ഒരു വായനവാരം കൂടി കടന്നുവന്നിരിക്കുന്നു. ഇത്തവണത്തെ വായനവാരത്തിൽ കനൽ ഒരുക്കുന്ന ഈ പുതിയ സംരംഭത്തിൽ ഭാഗഭാക്കാകുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്.
എൻറെ വായനാനുഭവം പങ്കുവെക്കുമ്പോൾ തീർച്ചയായും എൻറെ ചില ബാല്യകാലാനുഭവങ്ങളും ഒപ്പം പങ്കുവെക്കേണ്ടിയിരിക്കുന്നു. തീർച്ചയായും അത് വായനക്കു വിരസത തരില്ല എന്ന് എനിക്കുറപ്പുണ്ട്.
ഏഴിലോ എട്ടിലോ പഠിക്കുന്ന കാലത്തുതുടങ്ങിയതാണ് എൻറെ വായനാ കമ്പത്തിൻറെ ആരംഭം.
എൻറെ മാതാപിതാക്കൾ നല്ല വായനക്കാരായിരുന്നു, വിശേഷിച്ചും അവർ മതഗ്രന്ഥപാരായണത്തിൽ വളരെ തൽപ്പരരായിരുന്നു. ബൈബിൾകൂടാതെ മറ്റു നിരവധി മതസംബന്ധിയായ ഗ്രന്ഥങ്ങളുടെയും, മാസികകളുടെയും ഒരു നല്ല ശേഖരം വീട്ടിലുണ്ടായിരുന്നു. അതിൽ അധികപങ്കും എന്‍റെ വല്യമ്മച്ചിയുടെ (എന്‍റെ അമ്മയുടെ അമ്മ) മുതൽക്കൂട്ടായിരുന്നു. അവരും ഒരു നല്ല വായനക്കാരിയായിരുന്നു. ഭവനത്തിൽ വേദപുസ്തക പാരായണം നിർബന്ധമായ ഒരു കാര്യമായിരുന്നു, രാവിലേയും, വൈകുന്നേരവും അതൊരു പതിവുകാര്യമായിരുന്നു എല്ലാവരും ഒരുമിച്ചിരുന്ന്‍ വേദപുസ്തകം വായിക്കുമായിരുന്നു. അവിടെ തുടങ്ങിയ വായനാനുഭവം ഇന്നും തുടരുന്നു. പലപ്പോഴും വീട്ടിൽ അലമാരയിൽ അടുക്കിവെച്ചിരുന്ന മതഗ്രന്ഥങ്ങൾ എടുത്തുവായിക്കുന്നതിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അത് പിന്നീട് ഗ്രന്ഥശാലയിലെ വായനക്ക് വഴിമാറി.

തിരുവല്ലക്കു സമീപമുള്ള വളഞ്ഞവട്ടം, ആലംതുരുത്തി പാലത്തിനടുത്തു കടപ്ര ഗവണ്മെന്റ് ഹൈ സ്‌കൂളിനോട് ചേർന്ന് നിന്നിരുന്ന, "മഹാത്മ സ്മാരക ഗ്രന്ഥശാല"എൻറെ വായനയിൽ വഹിച്ച പങ്ക് എടുത്തു പറയേണ്ട ഒരു വസ്‌തുതയത്രേ.

സ്ക്കൂൾ വിട്ടശേഷം പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുവെച്ചശേഷം നേരെ ഗ്രന്ഥശാലയിലേക്കൊരു ഓട്ടം. (സ്‌കൂളും വീടിനടുത്തായതിനാൽ എല്ലാം വളരെ എളുപ്പമായിരുന്നു.) അക്കാലങ്ങളിൽ കുട്ടികൾക്കായുള്ള ഒരു പ്രത്യേക വിഭാഗം ഗ്രന്ഥശാലയിൽ ഉണ്ടായിരുന്നു. മഹാന്മാരുടെ ജീവചരിത്രകഥകൾ തുടങ്ങിയ കുട്ടികൾക്കായുള്ള പുസ്തകങ്ങൾ അവിടെയുണ്ടായിരുന്നു അതിൽ തുടങ്ങിയ വായന ക്രമേണ, ചെറുകഥകൾ, കവിതകൾ, നോവലുകൾ എന്നിവയിലേക്ക് മാറി. അങ്ങനെ മലയാളത്തിലെ പ്രശസ്തരായ പല എഴുത്തുകാരുടേയും പുസ്തകങ്ങൾ വായിച്ചുകൂട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ!

എന്തിനധികം എന്‍റെ വായനഭ്രാന്ത് എന്നെ പരീക്ഷാകാലങ്ങളിൽപോലും പുസ്തകത്തിനിടയിൽ കഥപുസ്തകങ്ങൾ മറച്ചുവെച്ചുകൊണ്ട് വായിക്കുന്നതിലേക്കുവരെ അത് നയിച്ചു. ഒരിക്കൽ ആ കള്ളക്കളി കണ്ടുപിടിച്ചതോടെ ഭ്രാന്തമായ ആ വായനക്ക് ഒരു ചെറിയ വിരാമംവന്നു എന്നുതന്നെ പറയാം. എന്നിരുന്നാലും ഞാൻ എന്‍റെ വായനക്ക് ഒരു പൂർണ്ണവിരാമം ഇട്ടില്ല. വായന തുടർന്നുകൊണ്ടേയിരുന്നു.

അക്കാലങ്ങളിൽ മുട്ടത്തു വർക്കി, കാനം, കേശവദേവ്, ഉറൂബ്, വൈക്കം മുഹമ്മദ് ബഷീർ, എസ് ക്കെ പൊറ്റക്കാട് തുടങ്ങിയവരുടെ നിരവധി പുസ്തകങ്ങൾ വായിച്ചുതള്ളി എന്നുതന്നെ കുറിക്കട്ടേ. ആ വായന ക്രമേണ, എം ടി വാസുദേവൻ നായർ, സേതു, എം മുകുന്ദൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, ടി വി കൊച്ചുബാവു, സക്കറിയ തുടങ്ങി നിരവധി പേരുടെ കൃതികൾ എന്നിൽ വരുത്തിയ സ്വാധീനം വളരെ വലിയതായിരുന്നു.

മേല്പ്പറഞ്ഞവരുടെമാത്രം കൃതികളിൽ ഒതുങ്ങിയില്ല എന്‍റെ വായനജീവിതം. ആനുകാലിക പ്രസിദ്ധീകരങ്ങളിൽവരുന്ന കഥകളും കവിതകളും എനിക്കൊരു ഹരമായിരുന്നു. എൻറെ നാട്ടുകാരനും അടുത്തസുഹൃത്തുമായ സുരേഷിന്‍റെ പിതാവിന് തിരുവല്ലയിൽ ട്രാൻസ്‌പോർട്ട്ബസ്സ്റ്റാൻഡിനുസമീപം സതേൺ ബുക്ക്സ്റ്റാൾ എന്ന പേരിൽ ഒരു പുസ്തകശാല ഉണ്ടായിരുന്നു, അവിടെനിന്ന് ആനുകാലിക പ്രസിദ്ധീകരങ്ങൾപലതും സുഹൃത്തുമൂലം വായിക്കുവാൻലഭിച്ചിരുന്നു. ബാലരമ, പൂമ്പാറ്റ, ബാലയുഗം, അമ്പിളി അമ്മാവൻ തുടങ്ങി പലതും ആ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു.

ജനയുഗം പത്രം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ബാലയുഗം കുട്ടികളുടെ മാസികയുടെ തുടർവായന അതിൽ ചെറുകവിതകളും കുറിപ്പുകളും മറ്റും എഴുതി പ്രസിദ്ധീകരിക്കാൻ സംഗതിയായി.

എൻറെ മലയാളവായന പിന്നീട് ഹൈദരാബാദിൽ താമസിക്കുന്ന മൂത്തചേച്ചിയുടെ (ജേഷ്ഠ സഹോദരി) നിർബന്ധംമൂലം ഇംഗ്ലീഷ് വായനയിലേക്ക് പ്രവേശിക്കുവാൻ പ്രേരകമായി.

അവധിക്കാലം നാട്ടിലെത്തുന്ന ചേച്ചി എനിക്കായി പ്രേത്യേകം റീഡേഴ്‌സ് ഡൈജസ്‌റ്, ഇല്ലുസ്ട്രേറ്റഡ് വീക്കിലി തുടങ്ങിയവയുടെ കോപ്പികൾ കൊണ്ടുവരുമായിരുന്നു. (കാലങ്ങൾക്കുശേഷം ഈ മാസികകളിൽ എന്‍റെ എഴുത്തുകൾ, കത്തുകൾ എന്ന പംക്തിയിൽ പലവട്ടം പ്രസിദ്ധീകൃതമായിട്ടുണ്ട്) 

ആ പ്രസിദ്ധീകരങ്ങളുടെ കോപ്പികൾ തന്നശേഷം ഒരിക്കൽ ഒരു ഇംഗ്ലീഷ് ന്യൂ ടെസ്റ്റമെൻറ് കോപ്പിയും തന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു. "ദിവസവും ഓരോ അദ്ധ്യായം ഇതിൽനിന്നും അതേ അദ്ധ്യായം മലയാളം ബൈബിളിൽനിന്നും വായിക്കുക" ആ വാക്കുകൾ ഞാൻ പലവർഷങ്ങൾ കർശനമായി പാലിച്ചു എന്നുതന്നെ പറയാം. ആ വായന ഇംഗ്ലീഷ് പഠനത്തിൽ എന്നിൽവരുത്തിയ മാറ്റം അത്ഭുതാവഹമായിരുന്നു. അന്നാളുകളിൽ ഇംഗ്ലീഷിൽ എനിക്കായിരുന്നു ക്ലാസ്സിൽ ഒന്നാംസ്ഥാനം ലഭിച്ചിരുന്നത്. അന്നുനടന്ന ഒരു ചെറിയ വായനാനുഭവം എന്‍റെ മലയാളം ബ്ലോഗിൽ ഞാൻ കുറിച്ചിട്ടു അതിവിടെ വായിക്കുക. ഏരിയൽ എന്ന തൂലികാനാമം ലഭിക്കുവാനുണ്ടായ കാരണവും മറ്റും അതിൽ വിവരിച്ചിട്ടുണ്ട്.

അക്കാലങ്ങളിൽ ഇംഗ്ലീഷ് ദിനപ്പത്രം വളരെ വിരളമായേ ഞങ്ങളുടെ പ്രദേശത്തു ലഭിച്ചിരുന്നുള്ളൂ. പിതാവിന് സായിപ്പിൻറെ കമ്പനി എന്നറിയപ്പെടുന്ന പുളിക്കീഴ് പഞ്ചസാര ഫാക്ടറിയിൽ ആയിരുന്നു ജോലി, കുറെയൊക്കെ നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കാൻ വശമുണ്ടായിരുന്ന പിതാവ് അന്നത്തെ ഫാക്ടറി മാനേജർ ഒരു സായിപ്പുമായി വളരെ അടുപ്പത്തിലായിരുന്നു. ജോലികഴിഞ്ഞു മടങ്ങിവരുമ്പോൾ എനിക്കുവേണ്ടി പിതാവ് സായിപ്പിന്റെ ബംഗ്ളാവിൽ കയറി, തലേദിവസത്തെ ഹിന്ദുദിനപ്പത്രം വാങ്ങിവരുമായിരുന്നു. ആ വായനയും എനിക്ക് ഇംഗ്ലീഷ് വായനയിലും എഴുത്തിലും കൂടുതൽ ആവേശംപകർന്നു. ചുരുക്കത്തിൽ,  ചെറുപ്പത്തിൽനേടിയ ഈ വായനാനുഭവം എന്നിൽ സൃഷ്ടിച്ച മാറ്റങ്ങൾ വളരെ വലിയതുതന്നേ. അത് കൂടുതൽ എഴുതുവാൻ എനിക്കു പ്രേരണനൽകി. ദിനപ്പത്രങ്ങളിലും (മലയാളത്തിലും ഇംഗ്ലീഷിലും) മറ്റു ക്രൈസ്തവ പ്രസിദ്ധീകരങ്ങളിലും എഴുതുവാൻ എന്‍റെ ബാല്യകാല വായനകൾ ഒരു മുതൽക്കൂട്ടായി മാറി.

എന്റെ ആദ്യകഥ ഒരു ക്രൈസ്തവമാസികയിലാണ് പ്രസിദ്ധീകരിച്ചുവന്നത് മധുരയിൽനിന്നു പ്രസിദ്ധീകരിക്കുന്ന "സുവിശേഷകൻ" എന്ന മാസികയുടെ പത്രാധിപർ സുപ്രസിദ്ധ സുവിശേഷപ്രവർത്തകനും, മഹാകവിയും, ഗാനരചയിതാവും, എഴുത്തുകാരനുമായ എം. ഇ. ചെറിയാൻസാർ എന്ന ആളായിരുന്നു. ഇത്രയും പ്രഗത്ഭനായ ഒരു പത്രാധിപരുടെ മാസികയിൽ എന്‍റെ ആദ്യകഥ അച്ചടിച്ചുവരുന്നു എന്ന, സാറിന്‍റെ കത്തുവായിച്ച് കോരിത്തരിച്ചുപോയി. തുടർന്ന് അദ്ദേഹവുമായി നടത്തിയ കത്തിടപാടുകൾ എനിക്ക് കൂടുതൽ കൂടുതൽ എഴുതുവാൻ പ്രേരണനൽകി. ഇതേപ്പറ്റി അദ്ദേഹത്തിന്‍റെ മരണശേഷം പുറത്തിറക്കിയ എം. ഇ. ചെറിയാൻ സ്മരണികയിൽ ഞാൻ ഒരു അനുഭവക്കുറിപ്പ് എഴുതിയിരുന്നു അത് ഇവിടെ വായിക്കുക. 
പ്രോത്സാഹനത്തിൻറെ തലോടൽ  അതെന്നെ കൂടുതൽ എഴുതുവാൻ പ്രേരിപ്പിച്ചു, പിന്നീടുള്ള ചരിത്രം, നിരവധി പ്രസിദ്ധീകരങ്ങളിൽ എഴുതുവാനും ചില ചെറിയ ചെറിയ പുരസ്‌ക്കാരങ്ങൾ ലഭിക്കുവാനും എന്‍റെ ആ ബാല്യകാല വായനാനുഭവം വഴിയൊരുക്കി.

ഇപ്പോഴും ആ വായന തുടരുന്നു, അത്രയും ആവേശം ഇല്ലെങ്കിലും (സമയദൗർലഭ്യം തന്നെ കാരണം) വായന തുടരുന്നു. ഒരു ചെറിയ വ്യതിയാനത്തോടെ, അച്ചടിലിപിയിൽ നിന്നുമാറി, ഡിജിറ്റൽലിപിയിൽ ആണെന്നു മാത്രം. അങ്ങനെ അടുത്ത കാലങ്ങളിലായി നടത്തിയ വായനയിൽ ഞാൻ നടത്തിയ ചില പ്രതികരണങ്ങളുടെ ഒരു ലിസ്റ്റ് ബ്ലോഗിൽ ചേർത്ത് ഇവിടെ വായിക്കുക:വി\ എൻറെ വായനയും ചില പ്രതികരണങ്ങളും (MY READINGS AND SOME RESPONSES)
നീളുന്ന വായന, നീളുന്ന കുറിപ്പുകളും ലേഖനങ്ങളും എഴുതാൻ ഇപ്പോഴും പ്രേരണ നൽകുന്നു. എം ഈ ചെറിയാൻ സാറിൻറെ "പാടത്തെ പ്രാവ്" എന്ന ഖണ്ഡ കാവ്യം, മഹാകവി കെ വി സൈമൺ സാറിൻറെ "വേദവിഹാരം" മഹാകാവ്യം തുടങ്ങിയവ എന്നെ വളരെയധികം സ്വാധീനിച്ച രണ്ടു ഗ്രന്ഥങ്ങളാണ്. 

അതുപോലെ, എംഡി, മുകുന്ദൻ,  പുനത്തിൽ കുഞ്ഞബ്‌ദുള്ള, സക്കറിയ തുടങ്ങിയവരുടെ പുസ്തകങ്ങളും എന്നെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

ഈ വായനാ വാരത്തിൽ യുവ തലമുറയോട് പറയുവാൻ ഒന്നു മാത്രം:
"വായിക്കുക, വായിക്കുക, പിന്നേയും വായിക്കുക, പിന്നീടത് നിങ്ങളെ എഴുത്തിൻറെ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തും."

ജീവിതം തിരക്കേറിയതു തന്നെ,, നമുക്കേവർക്കും ദിവസത്തിൽ 24 മണിക്കൂർ മാത്രം ലഭ്യം, അതിനോട് കൂട്ടുവാനോ കുറയ്ക്കുവാനോ ആർക്കും കഴിയില്ല. അപ്പോൾ അത് ഭാവിയിലേക്കും പ്രയോജനം ചെയ്യും വിധം നമുക്ക് ചിലവഴിക്കാം. തിരക്കിലും വായനക്കായി കുറച്ചു സമയം നീക്കിവെക്കുക, അതൊരിക്കലും പാഴ്‌വേല ആകില്ല. വരുംനാളുകളിൽ നിങ്ങൾ അതിൻറെ ഫലം കണ്ടെത്തും തീർച്ച!

ഈ വായനാ വാരത്തിൽ എൻറെ എല്ലാ വായനക്കാർക്കും, മിത്രങ്ങൾക്കും സ്നേഹം നിറഞ്ഞ നല്ല വായനാ നാളുകൾ ആശംസിക്കുന്നു.

"ഇതൊരു വെറും വായനാ വാരമാക്കി ചുരുക്കാതെ നമുക്ക് സമയം കണ്ടെത്തി വായന തുടരാം"

എല്ലാവർക്കും ആശംസകൾ

സസ്നേഹം

ഫിലിപ്പ് വറുഗീസ് "ഏരിയൽ"
സിക്കന്തരാബാദ്

വാൽക്കഷണം:
മുൻകുറിപ്പിൽ ചേർക്കാൻ വിട്ടു പോയ  ഈ കുറി മറ്റൊരു വായനാനുഭവത്തിൽ ഒരു കമന്റായി കുറിച്ചു.  അതിവിടെ കുറിക്കുന്നത് തുടർ വായനക്കു ഗുണം ചെയ്യും എന്ന് കരുതുന്നു.  പങ്കു 

Philip V Ariel  വായന ഇവിടെ മരിച്ചിട്ടില്ല, എന്ന് നിസ്സങ്കേതം പറയാം അതിനു നിരവധി ഉദാഹരണങ്ങൾ വേണമെങ്കിൽ നിരത്താം. ഹസ്ന കുറിച്ചതു പോലെ ചില ഒറ്റപ്പെട്ട സംഭവങ്ങൾ അവിടവിടെയുണ്ടായാലും വായന മരിച്ചിട്ടില്ല എന്ന് തന്നെ പറയാം. 

ഇവിടെയിതാ അതിനൊരു അപവാദമായി ഒരു നല്ല 
വായനക്കാരൻ.

ചില വർഷങ്ങളായി എനിക്ക് അടുത്തറിയാവുന്ന എൻറെ ഒരു ഓൺലൈൻ മിത്രം. 
മലയാളം ബ്ലോഗ് ഉലകത്തിനു ചിരപരിചിതനായ (ശ്രീ അൻവർ ഹുസൈൻ, കൊല്ലം.​ 
ഹസ്ന പറഞ്ഞതിന് ഒരു അപവാദം തന്നെ! 

കൊല്ലത്തു നിന്നും കൊച്ചിയിലേക്കുള്ള (സർക്കാർ ജോലി സ്ഥലം) തന്റെ ട്രെയിൻ യാത്രയിലും മറ്റുമായി വായിച്ചു തീർത്ത പുസ്തകങ്ങൾക്കു കണക്കില്ല. തിരക്കേറിയ തൻറെ ഔദ്യോഗിക ജോലിക്കിടയിൽ യാത്രയിലും മറ്റുമായി അദ്ദേഹം ഒരു വർഷത്തിൽ ​മാത്രം വായിച്ചു തീർത്ത പുസ്തകങ്ങളുടെ എണ്ണം 86. സജീവമായ ഒരു ബ്ലോഗ് ഉടമ കൂടിയാണ് ശ്രീ അൻവർ.

അദ്ദേഹത്തിൻറെ വായനാ ലോകം നമ്മേ ഏവരേയും വിസ്‌മ​യിപ്പിക്കുന്നതും ചിന്തിപ്പിക്കുന്ന​തും ​ തന്നെ. ​ ​ അദ്ദേഹം വെറും ഒരു വായനക്കാരൻ മാത്രമല്ല, വായിക്കുന്ന പുസ്തകങ്ങളെ നല്ലവണ്ണം അപഗ്രഥിച്ച് കുറിപ്പുകളും അവലോകങ്ങളും എഴുതുകയും ചെയ്യുന്നു. 

ഈ നല്ല വായനക്കാരനെപ്പറ്റി ​കൂടുതൽ ​അറിവാൻ ​ഈ ലിങ്കിൽ 
അമർത്തുക:   ശ്രീ അൻവർ ഹുസൈൻ 

ഇലക്ട്രോണിക്ക് യുഗത്തിലേക്കു കുതിച്ചതിനാൽ, ഫേസ്ബുക്കും വാട്ട്സപ്പും ചാറ്റിങ്ങുമെല്ലാം കഴിഞ്ഞ് മടിച്ച് മടിച്ച് ഇനി വായന തുടങ്ങേണ്ട! അതിൽ നിന്നും രക്ഷപ്പെടാൻ ഇതാ ഒരു വഴി. 
അതെ, തിരക്കിലും വായനക്കു സമയം കിട്ടുന്നില്ല എന്നു പറയുന്നവർക്കായി ഇതാ വായനക്കായി ഒരു എളുപ്പ വഴി. 

നിങ്ങളുടെ വിരൽത്തുമ്പിലൂടെ വായനാ വിഹായസ്സിലേക്കു പറന്നുയരാൻ ഇതാ ഒരു ആപ്പ്. 
മലയാളം ബ്ലോഗുകളും ഒപ്പം ദിനപ്പത്രങ്ങളും വായിക്കാൻ ഈ ആപ്പ് സഹായിക്കും.

മലയാളിയുടെ വായനാ ശീലത്തെ ജീവസ്സുറ്റതാക്കുന്നതിനും, ഒപ്പം വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നമ്മുടെ ചില യുവാക്കൾ ഒരുങ്ങിപ്പുറപ്പെട്ടതിന്‍റെ പരിണിത ഫലമായി ഉടലെടുത്ത ഒരു 
സംരംഭം, അതത്രെ ഈ ആപ്പ്. 

"വായനശാല" എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ ആപിന്‍റെ ഉപജ്ഞാതാവ്, മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ശ്രീ അഖിൽ അഹമ്മദ് ആണ്. അതേപ്പറ്റി കൂടുതൽ ഈ ലിങ്കിൽ വായിക്കുക. 
"വായനശാല"   

നിങ്ങളുടെ വായനാനുഭവം ചുരുക്കം വാക്കുകളിൽ കുറിച്ച് താഴെയുള്ള കമന്റു പെട്ടിയിൽ ഇടുക. അതൊരു റൗണ്ടപ്പ് പോസ്റ്റായി പിന്നീട് ഇവിടെ നിങ്ങളുടെ ചിത്രവും ബ്ലോഗ് ലിങ്കും ചേർത്തു പ്രസിദ്ധീകരിക്കുന്നതാണ്.
നിങ്ങളുടെ വിലയേറിയ സമയത്തിനു നന്ദി നമസ്കാരം 
വീണ്ടും വരിക.
വായിക്കുക നിങ്ങളുടെ അഭിപ്രായം അതെന്തായാലും കമന്റിൽ കുറിക്കാൻ മറക്കേണ്ട.

ഫിലിപ്‌സ്‌കോമിനു വേണ്ടി 

നിങ്ങളുടെ സ്വന്തം

ഫിലിപ്പ് ഏരിയൽ 


  കടപ്പാട് കനൽ ഗ്രൂപ്പ് 


മലയാളിയുടെ ഇംഗ്ലീഷ് - മലയാളം

No Comments

​ 
മലയാളിയുടെ ഇംഗ്ലീഷ് - മലയാളം



ഇന്ന്  കമ്പ്യൂട്ടറിൽ നിന്നും മാറി  അൽപ്പസമയം വായനക്കായി മാറ്റിവെക്കാം എന്നു കരുതി പുസ്തക ശേഖരം ഒന്നു പരതിയപ്പോൾ 
ഹമീദ് ​ചേന്ദമംഗല്ലൂർ


തികച്ചും അവിചാരിതമായി ​ഒരു പുസ്തകത്തിൽ നിന്നും ആ കുറിപ്പ് കിട്ടി 1980 സെപ് സ്തംബർ  14 ന്  മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ  പ്രശസ്ത എഴുത്തുകാരനും നിരൂപകനും, 

കോളേജ് അധ്യാപകനുമായിരുന്ന ശ്രീ ഹമീദ് ​ചേന്ദമംഗല്ലൂർ​​ ​എഴുതിയ ഒരു കുറിപ്പ്: (വിജ്ഞാനപ്രദവും രസകരവുമായ കുറിപ്പുകൾ പത്രമാസികളിൽ വരുന്നവ വെട്ടിയെടുത്തു സൂക്ഷിച്ചു വെക്കുക എന്നത്  ചെറുപ്പകാലത്ത് എന്റ്  ഒരു പതിവായിരുന്നു, പലതും ഇതിനകം നഷ്ടമായെങ്കിലും ചിലത് ഇപ്പോഴും ഫയലിലും പുസ്തകങ്ങൾക്കുള്ളിലും വിശ്രമിക്കുന്നു, അതിലൊന്നത്രേ ഇന്ന് വീണു കിട്ടിയ ഈ കുറിപ്പ്)
വർഷങ്ങൾക്കു മുൻപ് എഴുതിയതെങ്കിലും അതിൻറെ പ്രസക്തി ഇന്നും നഷ്ടമായിട്ടില്ല,ദേശത്തും വിദേശത്തും ഉള്ള മലയാളികൾ ഇന്നുപയോഗിക്കുന്ന മലയാളം സംസാര ഭാഷയെപ്പറ്റി രസകരമായ ചില കാര്യങ്ങൾ എഴുത്തുകാരൻ ഈ കുറിപ്പിലൂടെ വിവരിക്കുന്നു. വായനക്കു രസം പകരുന്ന രീതിയിലാണിത് എഴുതിയിരിക്കുന്നതെങ്കിലും  ഗൗരവമായ ഒരു വിഷയം കൂടിയത്രേ ഇത്. തികച്ചും കാലോചിതമായ, ചിന്തക്ക് വക നൽകുന്ന ആ കുറിപ്പ് ഇവിടെ പകർത്തട്ടെ!

അടുത്തിടെ ആരംഭിച്ച ഗസ്റ്റ് എഴുത്ത് സംരഭത്തിൽ മലയാള ഭാഷയുടെ പ്രയോഗത്തെക്കുറിച്ച് ശ്രീ റോയി ഇ ജോയി എഴുതിയ ലേഖനത്തിൽ നമ്മുടെ മദ്ധ്യേ മലയാളികളുടെ സംസാര ഭാഷയെക്കുറിച്ച് ചിലത് സൂചിപ്പിക്കുകയുണ്ടായി, ഈ കുറിപ്പ് അതിനൊരു അനുബന്ധം കൂടി ആയിരിക്കുന്നു. വായിക്കുക അതിവിടെ. 

ശ്രീ റോയിയുടെ ലേഖനം വായിക്കാത്തവർക്കു അതിവിടെ ഈ ലിങ്കിൽ വായിക്കാം. 
സമർഥനായ ലേഖകൻറെ എഴുത്തുകോൽ 


 ഇംഗ്ലീഷ് - മലയാളം 
                                                         
                                                 ഹമീദ് ​ചേന്ദമംഗല്ലൂർ​​ 

മാതൃഭൂമിയിൽ വന്ന കുറിപ്പ്   (1980 സെപ്റ്റംബർ 14)
നെക്സ്റ്റ് സണ്ടേ എന്‍റെ സിസ്റ്ററുടെ മാര്യേജാണ് അതുകൊണ്ട്  ഫ്രൈഡേയും

സേട്ടർഡേയും ഞാൻ ലീവിലായിരിക്കും.

ഷെൽഫിന്‍റെ കീ  എന്‍റെ ഡ്രോവറിൽ ഉണ്ട്. സേട്ടർഡേ പോകുമ്പോൾ ഷെൽഫ് ലോക്ക് ചെയ്യാൻ മറക്കരുത്.


സാമാന്യ വിദ്യാഭ്യാസം നേടിയ മലയാളിയുടെ മൊഴിയാണിത്.

അഞ്ചോ ആറോ വാക്കുകളുളള  വാചകത്തിൽ അയാൾ ഉപയോഗിക്കുന്ന മലയാള പദങ്ങൾ ഒന്നോ രണ്ടോ മാത്രം.  ബാക്കിയുള്ളവ  ഇംഗ്ലീഷിൽ നിന്നും കടം എടുത്തവയാണ്.

കടമെടുപ്പിൽ നാം  എന്നും മിടുക്കന്മാരായിരുന്നു. അങ്ങനെയാണല്ലോ മലയാളത്തിലെ മണിയും സംസ്കൃതത്തിലെ  പ്രവാളവും ചേർന്ന് മണിപ്രവാളമെന്ന സംസ്കൃത മലയാളം

ആവിർഭവിച്ചത്.  കുറെ  അറബി പദങ്ങൾ കൂട്ടിക്കുഴച്ച അറബി മലയാളമെന്ന ഒരു ഭാഷയുംനാമുണ്ടാക്കി.  നമ്മുടെ മനോഹരമായ മലയാളത്തിൽ  ഇംഗ്ലീഷ് പദങ്ങൾ കൂട്ടിക്കലർത്തി വികൃതമായ ഒരു ആംഗല മലയാളവും  നാം രൂപപ്പെടുത്തിയിരിക്കുന്നു.


നമുക്കിപ്പോൾ സംസ്കൃത മലയാളവും, അറബിമലയാളവും, അംഗലമലയാളവുമുണ്ട്. നമുക്കില്ലാത്തത് മലയാളംമാത്രമാണ്.

ഒരു ഹൈ സ്കൂൾ വിദ്യാർഥി പറയുന്നത് നോക്കൂ:


"നയൻതിലെ എക്സാം ഫോർട്ടീൻന്തിനാണ്"  'ഒൻപതിലെ പരീക്ഷ പതിനാലിനാണ് 'എന്നു പറയുവാൻ നമ്മുടെ കുട്ടികൾക്ക് പ്രയാസം.  റിസൽറ്റ് പബ്ലിഷ് ചെയ്യുന്ന ഡേറ്റ്

അവൈറ്റ് ചെയ്യാനല്ലാതെ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തുന്ന  തീയ്യതി കാത്തിരിക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിയില്ല.  ഓണം ഹോളീഡേയ്സിന് ക്ലോസ് ചെയ്യുന്ന കോളേജു ടെൻ ഡേയ്സ് കഴിഞ്ഞു ഇവിടെ റീ ഓപ്പണ്‍ ചെയ്യുന്നു.

തീവണ്ടിയില്ലാനാട്  

വിദ്യാർഥികളുടെ മാത്രം കഥയല്ല ഇത് - വിദ്യാഭ്യാസം പൂർത്തിയാക്കിയവരും,ദീർഘകാലം

വിദ്യാഭ്യാസ യെന്ജം നടത്താൻ അവസരം കിട്ടാതെ പോയവരുമെല്ലാം ട്രെയിനിലെ ഇവിടെ യാത്ര ചെയ്യൂ.


വണ്ടിയും തീവണ്ടിയും ഇന്നാട്ടിലില്ല.  ഇനി ഉണ്ടെങ്കിൽ തന്നെ അവ വൈകിയോടുന്ന സമ്പ്രദായം ഇവിടെ അശേഷം ഇല്ല. വല്ല സമ്പ്രദായവും ഇവിടെയുണ്ടെങ്കിൽ അത് ട്രെയിൻ
വണ്‍ അവർ ലയിറ്റാകുന്ന സമ്പ്രദായം മാത്രമാകുന്നു.

നമ്മുടെ ചായക്കടകളിൽ കടുപ്പം കുറഞ്ഞ ചായ കിട്ടില്ല.  കടുപ്പം കൂടിയതും കിട്ടില്ല ഇടത്തരം ചായുയും അലഭ്യം.  എന്നാൽ ലൈറ്റും സ്ട്രോങ്ങും മീഡിയവും വേണ്ടുവോളം കിട്ടും.

ഉണ്ണുമ്പോൾ ഹോട്ടൽ കാരനോട് പൊരിച്ച മീൻ ആവശ്യപ്പെടാതിരിക്കുക.  അത് അയാളെ
അപമാനിക്കലാണ്.  അയാൾ ഫിഷ് ഫ്രൈ എത്ര വേണമെങ്കിലും തരാൻ തയ്യാർ.

വിളക്കു കെടുത്താൻ മലയാളിക്കു അറിയില്ല, അവൻ ലൈറ്റ് ഓഫ് ചെയ്തു ശീലിച്ചു പോയി.

ലെറ്റർ പോസ്റ്റു ചെയ്യാനേ അവനറിയൂ.  കത്ത് തപാൽപ്പെട്ടിയിൽ ഇടാൻ വേറെ ആളു വരണം.  രോഗികളെ ആശുപത്രിയിൽ ആക്കുന്ന കാലമൊക്കെ കഴിഞ്ഞു.  ഇപ്പോൾ

നാമവരെ ഹോസ്പ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുകയാണ്.  പതിവ് സൂചി വെച്ചാലും  ഗുളിക കഴിച്ചാലും നമുക്കിപ്പോൾ തൃപ്തിയാവുന്നില്ല ഇഞ്ജക്ഷനും പിൽസും തന്നെ വേണം.  മന്ത്രി

വരുന്നു എന്നു പറയാൻ ഇന്നു മലയാളിക്കു മടിയാണ്, മിനിസ്റ്റർ വരുന്നു എന്നേ അവൻ പറയൂ.
എന്തിനാണ് മിനിസ്റ്റർ വരുന്നത്?  മിഷൻ ഹോസ്പിറ്റലിന്റെ ഇനാഗുറെഷന്.  അതു കഴിഞ്ഞു അദ്ദേഹം  ഓർഫനേജ് വിസിറ്റ് ചെയ്യും.  പിന്നീട് രണ്ടു മണിക്കൂർ അദ്ദേഹം റസ്റ്റ്‌
ഹൗസിലുണ്ടായിരിക്കും.  വൈകുന്നേരം ഫൈവ് തേർട്ടിയുടെ ഫ്ലൈറ്റിനേ അദ്ദേഹം പോകൂ.

സംഘടനകളിലും ഇംഗ്ലീഷ് 

സംഘടനകൾ ഉണ്ടാക്കുന്നതിൽ നാമെന്നും മുന്നോക്കമാണ്, പക്ഷെ അവിടെയും  മലയാളം


നമുക്ക് വർജ്ജ്യമാണ്.  അംഗലമലയാളമായാൽ സംഘടനകൾക്ക് എരിവും പുളിയും കൂടുമെന്ന്

ധരിച്ചുവശായതുകൊണ്ടാണോ നാം അട്ടിമറി തൊഴിലാളി യൂണിയനും, ചെത്തു തൊഴിലാളി യൂണിയനും, വിദ്യാർഥി ഫ്രെഡറേഷനും, മഹിളാ ഫ്രെഡറേഷനുമൊക്കെ ഉണ്ടാക്കിയത്?

അംഗലമലയാളത്തേക്കാൾ ഉഗ്രനാവുക ശുദ്ധ ഇംഗ്ലീഷ് ആണെന്ന് കരുതുന്നവർ പോർട്ടേഴ്സ് യൂണിയനും, ബാർബേർഴ്സ് യൂണിയനും, മിൽക്ക് സൊസൈറ്റിയും, ഫിലിം ഗോവേർഴ്സ്   അസോസ്സിയേഷനുമൊക്കെ വേറെയുണ്ടാക്കിയിട്ടുണ്ട്. കടകൾക്ക് പേർ നൽകുമ്പോൾ പ്രിയ ഫുട്ട് വെയേർഴ്സ്, എന്നോ ആർ കെ ടെക്സ്റ്റയിൽസ്  എന്നോ ഫേഷൻ സെൻററെന്നോ,  പാരമൌണ്ട് ട്രേഡ്ഴ്സ് എന്നോ ഒക്കെയല്ലാതെ മറ്റൊരു പേരും നമുക്കു തോന്നുകയില്ല.


ഇംഗ്ലീഷ് പദങ്ങളും പ്രയോഗങ്ങളും മലയാളത്തിൽ കൂട്ടിക്കുഴക്കുന്ന ബദ്ധപ്പാടിൽ ഇംഗ്ലീഷുകാരനും  മനസ്സിലാകാത്ത ചില പുത്തൻ ഇംഗ്ലീഷ് പ്രയോഗങ്ങളും നാം ആവിഷ്കരിച്ചിട്ടുണ്ട്.

അവയിലൊന്നാണ് "വൈഫ് "   ഹൗസ് "  എവിടെപ്പോകുന്നു എന്നു ചോദിച്ചാൽ "ഭാര്യാവീട്ടിൽ" എന്നോ ഭാര്യാ ഹൃഹത്തിൽ എന്നോ മറുപടി പറയുന്നവർ ഇവിടെ നന്നേ

ചുരുങ്ങും.   ഇവിടെ മിക്ക ആളുകളും പോകുന്നത് "വൈഫ്‌ ഹൗസിലേക്കാണ്.  ഭാര്യാ ഹൃഹത്തെ ഇംഗ്ലീഷിലേക്കു പദാനു പദ തർജ്ജമ ചെയ്തു നാമുണ്ടാക്കിയത്  "വൈഫ്‌ ഹൗസിൽ" വൈഫ്‌ ഹൗസിൽ ആംഗ്ലേയർ   ഒരിക്കലും പോകാറില്ല പകരം അവർ വൈഫ്‌ 'സ്  ഹൗസിലോ ഇൻലോസ് ഹൗസിലോ പോകുന്നു.


നാം അയണ്‍  ബോക്സ് കൊണ്ട് ഇസ്തിരിയിടുമ്പോൾ ആംഗ്ലേയർ അയണ്‍ കൊണ്ട് ഇസ്തിരിയിടുന്നു.   അവർ ബെഡ് ക്ലോത്ത്സ് ഉപയോഗിക്കുന്നിടത്ത് നാം ബെഡ് ഷീറ്റ് ഉപയോഗിക്കുന്നു.  അവരുടെ ട്രങ്കിനെ നാം ട്രങ്ക് പെട്ടിയും പോസ്റ്റിനെ പോസ്റ്റിൻ കാലുമാക്കിമാറ്റിയിട്ടു കാലം ഒത്തിരിയായി.

ചുംബിക്കാനറിയാത്ത കാമുകി.  
നമ്മുടെ കാമുകീ കാമുകന്മാർക്കു ചുംബിക്കാനറിയല്ലന്നു കേട്ടാൽ അത്ഭുതം തോന്നും.  പക്ഷെ കാര്യം ശരിയാണ് അവർ കിസ്സ്‌ ചെയ്യാനേ  പഠിച്ചിട്ടുള്ളൂ.  വിവാഹം  കഴിക്കാനല്ല മേരി ചെയ്യാനാണ് അവർ ഇഷ്ടപ്പെടുന്നത്.  ഹസ്ബന്റെ  ആൻറ് വൈഫ്‌ ആയി ജീവിക്കാനും ഡാഡി മമ്മി  എന്നോ പപ്പാ മോം  എന്നോ വിളിക്കപ്പെടാനും അവർ ആഗ്രഹിക്കുന്നു.

അവരെ കുറ്റം പറയുന്നതെന്തിനാണ്‌?  അവരുടെ അച്ഛൻ അമ്മമാരുടെ സ്ഥിതി എന്താണ്?

അവർക്കു കുളിക്കാൻ ഷവർ വേണം, തോർത്താൻ ടവ്വൽ  വേണം പല്ലു തേക്കാൻ ബ്രഷും

പേസ്റ്റും വേണം.  ഉണ്ണാൻ ഡൈനിംഗ്  റൂമും ഡൈനിംഗ് ടേബിളും വേണം.  ഇരിക്കാൻ പോർട്ടിക്കോ വേണം, ഉറങ്ങാൻ ബെഡ് വേണം. വിരിക്കാൻ ഷീറ്റ് വേണം തല വെക്കാൻ
പില്ലോ വേണം, പുതക്കാൻ ബ്ലാന്കെട്റ്റ് വേണം.

അംഗല മലയാളം ഇവിടെ വളർന്നു കൊണ്ടിരിക്കുന്നു.  കുട്ടിക്കൃഷമാരാർ 'മലയാള ശൈലിയിൽ എഴുതിയതു പോലെ "ഭാര്യ പെറ്റു" എന്നു പറയുന്നതായിരുന്നു പണ്ട് ശരിയായ മലയാളം:  പിന്നീട് സംസ്കൃത  പ്രചാരകാലത്തു വിദ്വജ്ജനങ്ങളുടെ ഇടയിൽ അതു 'ഭാര്യ പ്രസവിച്ചു'
എന്നായി മാറി;  ഇന്ന് അത് രണ്ടും കണ്‍ട്രി മട്ടായി തള്ളപ്പെട്ടു, വൈഫിൻറെ ഡെലിവറി കഴിഞ്ഞ്' എന്നായിരിക്കുന്നു ഫാഷൻ.


ശുഭം 


കടപ്പാട്:
ശ്രീ ഹമീദ് ​ചേന്ദമംഗല്ലൂർ​
മാതൃഭൂമി ദിനപ്പത്രം 


സമർഥനായ ലേഖകൻറെ എഴുത്തുകോൽ

No Comments
സമർഥനായ ലേഖകൻറെ എഴുത്തുകോൽ 
 റോയി ഇ ജോയി സെക്കന്തരാബാദ് 

എൻറെ ഹൃദയം ശുഭ വചനത്താൽ കവിയുന്നു 
എൻറെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്ന് ഞാൻ പറയുന്നു 
എന്റെ നാവു സമർഥനായ ലേഖകൻറെ എഴുത്തുകോൽ ആകുന്നു.
(സങ്കീർത്തനം 45: 1)


ഫിലിപ്സ്കോമും ഏരിയൽജോട്ടിങ്ങ്സും ചേർന്ന് ആരംഭിച്ചിരിക്കുന്ന ഈ പുതിയ സംരഭത്തിന്റ(ഗസ്റ്റ് എഴുത്തുകൾ)   തുടക്കം മലയാള ഭാഷയോടുള്ള ബന്ധത്തിലുള്ള ഒരു ലേഖനത്തോടു കൂടി ആരംഭിക്കുന്നു.

Roy E. Joy
സുപ്രസിദ്ധ അന്തർദേശീയ ക്രൈസ്തവ സംഘടനയായ ഓ എം ബുക്സ് പബ്ളിക്കേഷന്റ     (OM Books /Authentic Publications) മലയാളം ഡിവിഷനിലെ പ്രവർത്തകനായ  റോയി ഇ  ജോയി എഴുതിയ ഈ ലേഖനം മലയാളികൾ അഥവാ മലയാള ഭാഷ നിരന്തരം കൈകാര്യം ചെയ്യുന്നവർ വിശേഷിച്ചും എഴുത്തുകാർ അവശ്യം വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും, ഒപ്പം പ്രാവർത്തികമാക്കേണ്ടതുമായ ചില വസ്തുതകൾ എഴുത്തുകാരൻ ഈ ചെറു ലേഖനത്തിലൂടെ വിശദമാക്കുന്നു.

മലയാള ഭാഷയിൽ നിപുണത നേടിയവർ പോലും പലപ്പോഴും വരുത്തുന്ന ചില പാകപ്പിഴകളെപ്പറ്റിയും, തെറ്റു കൂടാതെ എഴുതുന്നതിനു സഹായകരമാകുന്ന ചില വിവരങ്ങളും ഈ ലേഖനത്തിന് അനുബന്ധമായി ചേർത്തിരിക്കുന്നതു മലയാളം എഴുത്തുകാർക്ക്  പ്രയോജനമാകും എന്ന വിശ്വാസത്തോടെ അതിവിടെ ചേർക്കുന്നു.

ഇതോടുള്ള ബന്ധത്തിൽ നിങ്ങൾക്കു  പറയുവാനുള്ളത്  കമന്റു കോളത്തിൽ കുറിക്കുക.

ക്രൈസതവ എഴുത്തുകാരെ മുൻകണ്ടു കൊണ്ട് തയ്യാറാക്കിയ ഒരു ലേഖനമാണെങ്കിലും, എല്ലാ മലയാള എഴുത്തുകാർക്കും ഇത് ചിന്തയ്ക്കും, തുടർന്ന്  അവ തങ്ങളുടെ എഴുത്തുകളിൽ പ്രായോഗികമാക്കുന്നതിനും സഹായിക്കും എന്നതിൽ സംശയമില്ല.

ശ്രീ റോയി ഒരു നല്ല ചിത്രകാരൻ കൂടിയാണ്.  നിരവധി ക്രൈസതവ് പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കാർട്ടൂണുകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.  

ഈ ലേഖനം തയ്യാറാക്കി തന്ന ശ്രീ റോയിക്ക് ഫിലിപ്സ്കോമിന്റെ പ്രത്യേക നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.

വായനയ്ക്കായി ഇവിടെയെത്തിയ നിങ്ങളോടുള്ള നന്ദിയും ഇത്തരുണത്തിൽ ഇവിടെ കുറിക്കുന്നു.


ഫിലിപ്പ് വി ഏരിയൽ
ഈ പുതിയ സംരംഭത്തിനു നല്ല പ്രതികരണം കിട്ടിക്കൊണ്ടിരിക്കുന്നു; നിരവധി കഥകളും ലേഖനങ്ങളും കവിതകളും ഇതിനകം ലഭിച്ചു കഴിഞ്ഞിരിക്കുന്നു അവ ഓരോന്നായി തുടർന്നുള്ള ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

നന്ദി,  നമസ്കാരം
ഫിലിപ്പ് വറുഗീസ് ഏരിയൽ 




സമർഥനായ ലേഖകൻറെ എഴുത്തുകോൽ 
 റോയി ഇ ജോയി സെക്കന്തരാബാദ് 

എൻറെ ഹൃദയം ശുഭ വചനത്താൽ കവിയുന്നു 
എൻറെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്ന് ഞാൻ പറയുന്നു 
എന്റെ നാവു സമർഥനായ ലേഖകൻറെ എഴുത്തുകോൽ ആകുന്നു.
(സങ്കീർത്തനം 45: 1)



ഒരു രാജകീയ വിവാഹത്തിന് കോരഹ് പുത്രന്മാർ പാടിയ സുന്ദരമായൊരു പ്രേമഗീതത്തിന്റ പ്രഥമ വാക്യമാണിത്
പ്രേമഗീതം പാടുവാൻ വിവാഹം പോലെ ഉചിതമായ വേറൊരു സന്ദർഭമേത് ?  അതൊരു രാജകീയ വിവാഹമാണെങ്കിൽ വളരെ ശ്രദ്ധയോടുകൂടെ  ചെയ്യേണ്ടുന്ന ദൗത്യമാണത്.  ഹൃദയത്തിൽ ഉദാത്തമായ ആശയം തുടിച്ചുനിൽക്കുന്നു.



അത് സമർഥമായ ഒരു തൂലികയിലൂടെ എഴുതി ഞാനെൻറെ രാജാവിന് സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് സങ്കീർത്തനക്കാരൻ പറയുന്നു.  പാട്ടോ പ്രസംഗമോ എഴുത്തോ, എന്തായിരുന്നാലും കർത്താവിനു വേണ്ടി നാം ചെയ്യുന്ന ശുശ്രൂഷകൾ ഗൗരവത്തോടും സമർപ്പണത്തോടും കൂടെ ചെയ്യണം. അത്  സൗരഭ്യവാസനയുള്ള യാഗമാണ്‌.


ക്രിസ്തീയ എഴുത്തുകാർ തങ്ങളുടെ ദൗത്യം അത് അർഹിക്കുന്ന ഗൗരവത്തോടുകൂടെ ചെയ്യുന്നുണ്ടോ എന്ന് ക്രൈസ്തവ ആനുകാലികങ്ങൾ  കൈയിലെടുക്കുമ്പോൾ സംശയം തോന്നാറുണ്ട്.  ചില പത്ര മാസികകൾ കണ്ടാൽ മനസ്സിലാകും ഇതു  കർത്താവിനുവേണ്ടിയല്ല,വിദേശത്തുള്ള) ആർക്കോ എന്തിനോ വേണ്ടി പ്രസിദ്ധീകരിച്ചിരിക്കുന്നതാണെന്ന്. വ്യാകരണപ്പിശക്, അക്ഷരത്തെറ്റ്, അച്ചടിപ്പിശക്, ശൈലീദോഷം, വാക്യഘടനയിലെ തെറ്റ്  എന്നിവകളാൽ
വിരൂപമാക്കിയിരിക്കുന്ന എഴുത്തുകൾ.  ശ്രദ്ധേയമായ ഒരു കാര്യം, അവയുടെ പ്രസാധകർ ക്രൈസ്തവ സാഹിത്യ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്നവരാണെന്നുള്ളതാണ്.


ഡി ടി പി ചെയ്തു കഴിഞ്ഞുള്ള പ്രൂഫ്‌ റീഡിങ്ങിൽ വിട്ടുപോകുന്ന ചില പിശകുകളല്ല ഇവിടെ പ്രധാനമായി പരാമർശിക്കുന്നത്. ഈ പ്രസാധകരുടെ പക്കൽ തെറ്റും ശരിയും തിരിച്ചറിയാൻ സഹായിക്കുന്ന മലയാളം  നിഘണ്ടു, ഭാഷാ സഹായി എന്നിവ ഇല്ല, അഥവാ ഉണ്ടെങ്കിൽ  അവ തുറന്നു നോക്കാറില്ല എന്ന് ഉറപ്പാണ്.  ഏതോ ചില മുൻപരിചയങ്ങളിൽ  എഴുത്തും അച്ചടിയും നടത്തിപ്പോരുന്നു.  ശീലം പെട്ടെന്നു  
മാറുന്നതല്ലല്ലോ.  എന്നാൽ ഭാഷ വികസിച്ചു കൊണ്ടിരിക്കുന്നതാകയാൽ അതിനനുസരിച്ച് എഴുത്തിലും അച്ചടിയിലും അനുയോജ്യമായ മാറ്റങ്ങൾ വരുത്തണം വായനക്കാർ അപ്രാപ്തർ ആണെന്നുള്ള വിചാരത്തിൽ എഴുതരുത്. ഒരു വിശ്വാസിക്ക് പ്രത്യേക ആത്മീയ ഭാഷ തന്നേ വേണം എന്ന ചിന്തയിൽ എഴുതുകയാണെങ്കിൽ മിക്കപ്പോഴും അത് തെറ്റായ ശൈലിയിലേക്കും  വാക്യഘടനയിലേക്കും നയിക്കും.


"ഒരു കൊത്തുളികൊണ്ട് ഭാഷ വരുത്തി" എന്ന സുന്ദരമായൊരു  പ്രയോഗം ബൈബിളിലെ പുറപ്പാട് പുസ്തകത്തിൽ കാണുന്നു  (പുറപ്പാട് 32:4)  വടിവൊത്ത ഒരു രൂപം ഉണ്ടാക്കി എന്നാണ് അതിനർഥം  അനുവാചകർ ഉത്തമമായത് അർഹിക്കുന്നു.  എഴുതുവാനുള്ള വിളി ലഭിച്ചവർ, സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നവർ,അവരുടെ എഴുത്തു ഭാഷ ശുദ്ധീകരിക്കേണ്ടതുണ്ട്.  ഭാഷ മെച്ചപ്പെടുത്തുവാൻ ആത്മാർഥമായി പരിശ്രമിക്കണം.  ഇതൊക്കെ മതി എന്ന ലാഘവ ബുദ്ധി അനഭിലഷണീയമാണ്.  ഓർക്കുക, ഔദ്യോഗിക രേഖകളിൽ (ജനന സർട്ടിഫിക്കട്റ്റ്‌, പാസ്പോർട്  മുതലായവ) ഒരക്ഷരം പിഴച്ചാൽ കൊടുക്കേണ്ടിവരുന്ന വില വലുതാണ്‌.  നാൽപ്പതു വർഷം മുമ്പ് നടന്ന ഒരു സംഭവം വിവരിക്കട്ടെ.  എൻറെ പിതാവ് പറഞ്ഞതാണിത്.  ഞങ്ങളുടെ ഒരയൽക്കാരനായ 'വർക്കി കുട്ടി' ക്ക്  മണിയോഡർ വന്നു.  പക്ഷേ, പോസ്റ്റുമാൻ അതു കൊടുക്കാതെ തിരിച്ചയച്ചു.  കാരണം മണിയോഡറിലെ പേര്  'വക്കി കുട്ടി' എന്നായിരുന്നുവത്രേ,  മുമ്പ്  'ർ ' തലക്കുത്തായിട്ടായിരുന്നുവല്ലോ (ക്ക) എഴുതിയിരുന്നത് തലക്കുത്ത് ( ' ) എങ്ങനെയോ മാഞ്ഞു പോയി വർക്കി 'വക്കി' യായി!  എഴുതിയത് വീണ്ടും വായിച്ചു നോക്കി ശരിയാണെന്ന് ഉറപ്പാക്കുക.


എഴുതുമ്പോൾ  പൊതുവെ കണ്ടുവരുന്ന തെറ്റായ ഒരു രീതിയുടെ ഉദാഹരണം നോക്കുക: അബ്രഹാമിൽനിന്നും പഠിക്കാനാവുന്നത് (തെറ്റ്)--അബ്രഹാമിൽനിന്ന് പഠിക്കാനാകുന്നത്  (ശരി) അബ്രഹാമിൽനിന്നും ഇസഹാക്കിൽനിന്നും പഠിക്കാനാവുന്നത് (ഇപ്പോൾ ശരി, ഒന്നിലധികം പേര് ചേരുന്നതിനാൽ).  അതുപോലെ ആത്മീകം, ഐക്യത, മുഖാന്തിരം, വിശിഷ്യാ, പിന്നോക്കം എന്നിവ തെറ്റാണ്.  ആത്മികം ഐക്യം, ഏകത, മുഖാന്തരം, വിശിഷ്യ, പിന്നാക്കം എന്നിവയാണ് ശരിയെന്ന് ചൂണ്ടിക്കാട്ടിയാൽ ആളുകൾ സമ്മതിക്കാതായിട്ടുണ്ട്.


ഞായറാഴ്ച ആരാധനയിൽ സാക്ഷ്യമോ പ്രബോധനമോ പറയുന്ന അതേ  രീതിയിലായിരിക്കരുത് ലേഖനങ്ങൾ എഴുതുന്നത്.  (എന്നാൽ പ്രസംഗം അച്ചടിക്കുകയാണെങ്കിൽ അതിൽ മാറ്റം വരുത്തരുത് .) "ആത്മീകം" എന്ന് ധരിച്ചു വച്ചിരിക്കുന്ന പല പദപ്രയോഗങ്ങളും ആത്മികമോ  അനാത്മികമോ  അല്ല, മറിച്ച്  അക്ഷരത്തെറ്റുകളാണ്.  സംസാര വേളയിൽ സ്വരത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അത് അനുവദിക്കാമെങ്കിലും എഴുത്തിലും അച്ചടിയിലും അതു പാടില്ല.  ശ്രദ്ധ ചെലുത്തിയാൽ നമ്മുടെ എഴുത്തുകൾ "ഓഫീർ തങ്കം  അണിഞ്ഞു നില്ക്കുന്ന രാജ്ഞി" യെ പോലെയാകും വായനക്കാർ നല്ല എഴുത്തിന്റെ "സൗന്ദര്യത്തെ ആഗ്രഹിക്കും."  അത്തരം ആനുകാലികങ്ങൾ വരിസംഖ്യ കൊടുത്തിട്ട് വരുത്താൻ മുൻകൈയെടുക്കും.  ഉപദേശത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ള ദൈവശ്വാസീയമായ തിരുവെഴുത്ത്  വിശ്വോത്തമ  സാഹിത്യം കൂടെയാണ്.  തെറ്റില്ലാത്ത എഴുത്തിനു സഹായകരമാകുന്ന ചില വിവരങ്ങൾ തുടർന്നു കൊടുക്കുന്നു.


 വാക്കിൻറെ സ്ഥാനം തെറ്റിയാൽ

* ഉച്ചയ് ക്കുശേഷം സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ എന്താണെന്നതിനെപ്പറ്റി  വിശദമായ ചർച്ച നടന്നു.' (തെറ്റ്)

* 'ഉച്ചയ്ക്കുശേഷമാണ് സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ' എന്നാണല്ലോ തോന്നുക.  'ഉച്ചയ്ക്കു ശേഷം  എന്ന പദത്തിന്റെ സ്ഥാനം മാറ്റണം.


*  സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ എന്താണെന്നതിനെപ്പറ്റി  ഉച്ചയ്ക്കു ശേഷം വിശദമായ ചർച്ച നടന്നു. (ശരി)

* 'ഉച്ചയ് ക്കുശേഷം' കഴിഞ്ഞു കോമ (അങ്കുശം) ചേർത്താലും വാക്യം ശരിയാകും.
'ഉച്ചയ് ക്കുശേഷം, സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ എന്താണെന്നതിനെപ്പറ്റി വിശദമായ ചർച്ച നടന്നു.' (ശരി)

രണ്ടും ശരിയാണെങ്കിലും  വാക്കുകൾ  യഥാസ്ഥാനം ചേർത്തുകൊണ്ടുള്ള ആദ്യരീതിയാണ് കൂടുതൽ ശരി.

*മുൻവർഷത്തെ പതിവു പോലെ  ഈ വർഷവും സുവിശേഷ മഹായോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.'  (തെറ്റ്)

*മുൻവർഷത്തെ' എന്നതു പതിവിനെ സൂചിപ്പിക്കുന്നതാകയാൽ

'*മുൻവർഷത്തെപ്പോലെ' അല്ലെങ്കിൽ 'പതിവു പോലെ ' ഇവയിൽ ഒന്നു മതി.

'പതിവുപോലെ ഈ  വർഷവും സുവിശേഷ മഹായോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.' (ശരി)

* 'ഈ സഭയിൽ സാക്ഷ്യം പറയിപ്പിക്കുകയില്ലെന്നു മാത്രമല്ല, ഒരിക്കലും പറയിപ്പിക്കുകപോലുമില്ല.'  (തെറ്റ്)


'ഇതിൽ 'പറയിപ്പിക്കുകയില്ലെന്നു മാത്രമല്ല''   'പറയിപ്പിക്കുകപോലുമില്ല'   ഇവ തമ്മിലാണ് ചേർത്തിരിക്കുന്നത്.

ഇത് 'ഒരിക്കൽപോലും പറയിപ്പിക്കുകയില്ല' എന്നു മാറ്റിയാൽ ശരിയാകും.


'ഈ സഭയിൽ സാക്ഷ്യം പറയിപ്പിക്കുകയില്ലെന്നു മാത്രമല്ല,  'ഒരിക്കൽപോലും  പറയിപ്പിക്കുകയില്ല.' (ശരി)

*  ദയവായി സഭാഹാളിനു പുറത്തു നിൽക്കുന്ന എല്ലാവരും അകത്തു കയറി ഇരിക്കണം.' (തെറ്റ് )

അധ്യക്ഷനോട് ദയ തോന്നിയതുകൊണ്ടാണ്‌ ചിലർ പുറത്തു നിൽക്കുന്നത് എന്നത്രേ ഇതിനർഥം .  അകത്തു കയറി ഇരിക്കുക എന്ന പ്രവൃത്തിയിലൂടെ ദയ കാട്ടണം എന്നാണ് അറിയിപ്പിൽ ഉദ്ദേശിച്ചത്.    എങ്കിൽ 'ദയവായി' എന്നതിൻറെ സ്ഥാനം മാറ്റുക.

'സഭാഹാളിനു പുറത്തു നിൽക്കുന്ന എല്ലാവരും ദയവായി അകത്തു കയറി ഇരിക്കണം (ശരി)

അർഥമറിയാതെ ...

* 'ശമര്യക്കാരിയായ സ്ത്രീ' ,  വിധവയായ സ്ത്രീ',  'വൃദ്ധയായ സ്ത്രീ' — 'ശമര്യക്കാരി' യും  'വിധവ' യും  'വൃദ്ധ' യും സ്ത്രീകളാണെന്നതിനാൽ 'സ്ത്രീ'  എന്നു ചേർക്കേണ്ടതില്ല.

'മധ്യവയസ്കനായ പുരുഷൻ' — 'മധ്യവയസ്കൻ' എന്നതാണു  ശരി.  മധ്യവയസ്കൻ പുരുഷൻ തന്നെയാണ്.

നല്ലതു പോലെ ഭംഗിയായി വസ്‌ത്രം ധരിച്ചു — നല്ലതുപോലെ വസ്‌ത്രം ധരിച്ചു' എന്നോ 'ഭംഗിയായി  വസ്‌ത്രം ധരിച്ചു'  എന്നോ മതിയാകും.

ചെരുപ്പ്‌  കാലിലിട്ടുകൊണ്ട് നടന്നു' —'ചെരുപ്പിട്ടു കൊണ്ട്  നടന്നു' എന്നു മതി.  ചെരുപ്പ് കൈയിൽ ഇട്ടുകൊണ്ട്‌ നടക്കാറില്ലല്ലോ. (ങ് ഹാ ! മഴക്കാലത്ത്‌ ചള്ളയിൽ തെന്നി വീഴാതിരിക്കാൻ ചിലരൊക്കെ കൈയിൽ ചെരുപ്പിട്ടുകൊണ്ട് നടക്കാറുണ്ട് എന്നതു വേറൊരു കാര്യം!)


വേണ്ടാത്ത പരത്തൽ..

'ശ്രദ്ധിക്കേണ്ടതായ വിഷയം',  'ശ്രദ്ധിക്കേണ്ടാതായിട്ടുള്ള' —  'ശ്രദ്ധിക്കേണ്ട വിഷയം' എന്നു പറഞ്ഞാൽ മതി.

ചില പ്രസംഗങ്ങളിൽ ഇങ്ങനെ അടിച്ചു പരത്തി വലിച്ചു നീട്ടുന്നതു കേൾക്കാം — 'വന്നുകൂടിയാതായിട്ടുള്ളതായിട്ടുള്ളതായ...'  പ്രസംഗത്തിൽ ഈ പരത്തൽ വന്നു ചേരാം  എന്നാൽ ലേഖനങ്ങളിൽ അവ ഒഴിവാക്കണം.

അക്കാദമികമായ വാക്കുകളും അപ്രസക്തമായ കർമണി  പ്രയോഗങ്ങളും ഒഴിവാക്കുക

"കാലഘട്ടപ്രചണന്ധവാതകാറ്റലയിൽ ആടിയുലയുന്ന മനുഷ്യജീവിതം..,"  "പപത്തിലുമനർഥത്തിലും അനാത്മികാചാരബന്ധനങ്ങളിലും കിടക്കുന്ന ബ്രഹ്മനന്ധകടാഹത്തെ..." എന്നിങ്ങനെയുള്ള കടിച്ചാൽ പൊട്ടാത്ത രീതിയിലുള്ള  വാക്യങ്ങൾ ഒഴിവാക്കുക.  എഴുത്തിലും പ്രസംഗത്തിലും പ്രൗഡ കൂട്ടാനുള്ള ശ്രമത്തിൽ തെറ്റായ കർമണിപ്രയോഗം ചിലർ ചേർക്കാറുണ്ട്.  ഒരു ഉദാഹരണം ഇതാ,  'ദൈവം എന്നെ അയക്കപ്പെടുകയാണെങ്കിൽ  പോകപ്പെടുവാൻ ഞാൻ തയ്യാറാണ് ...!  'ദൈവം എന്നെ അയക്കുകയാണെങ്കിൽ പോകുവാൻ ഞാൻ തയ്യാറാണ് ...' എന്നാണ് ശരിയായ പ്രയോഗം.


അകലമിടൽ 

അർഥസന്ദേഹം കൂടാതെ എഴുതാനും വായിക്കാനും സഹായിക്കുന്നതിനാണ് അകലമിടൽ.

'കാള വണ്ടിയിൽ പോയി'  എന്നതിനും 'കാളവണ്ടിയിൽ പോയി' എന്നതിനും  അർഥവ്യത്യാസമുണ്ട്.
അവിടെനിന്നുപോയി,  അവിടെ നിന്നുപോയി.


ഇംഗ്ളിഷ്  പദങ്ങളുടെ ബാഹുല്യം 

"കാലാകാലങ്ങളിൽ അനേകം ഭാഷകൾ മലയാളത്തെ സ്വാധീനിക്കുകയുണ്ടായി.  പിൽക്കാലത്ത്‌ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ഇംഗ്ളിഷ്  ഭാഷ തന്നെ."  സംസ്കൃത  ബഹുലമായിരുന്ന മലയാളം ഇപ്പോൾ ഇംഗ്ളിഷ്  ബഹുലം ആയിരിക്കുകയാണ്.  ഇത് തെറ്റാണെന്ന് പറയാനാവില്ല.  താഴെ കൊടുത്തിരിക്കുന്ന ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക.

*  'ദൈവത്തിൻറെ പ്ളാനും പദ്ധതിയും അറിയുക' 

* 'ഞങ്ങളുടെ സെർവന്റെ ടൂ വീക്കായിട്ടു വരുന്നില്ല.'  (രണ്ടാച്ഴയായിട്ടു വരുന്നില്ല എന്നോ വളരെ ക്ഷീണിച്ചതു കൊണ്ട് വരുന്നില്ല എന്നോ കേൾവിക്കാർക്കു സംശയം തോന്നാം).
*  'നെക്സ്റ്റ് മന്തിലെ മാസയോഗം പോസ്റ്റുപോണ്‍  ചെയ്തിരിക്കുന്നു 

* 'ഞങ്ങളുടെ സണ്ണിന്റെ  മാര്യേജിന്റെ എൻഗേജുമെന്റിനു  ഫാമിലി മെംബെർസും  ചർച്ചിലെ രണ്ടു റെപ്രസെന്റ്റ്റീ വ്സുമേ  പോകുന്നുള്ളൂ.

മലയാളം പറയാനും എഴുതാനും അറിയാവുന്നവർ എഴുത്തിലെങ്കിലും ശുദ്ധ മലയാളം ഉപയോഗിക്കുവാൻ മനപ്പൂർവ്വം ശ്രദ്ധിക്കണം.  അതാണ്‌ ഭംഗി.


ഗ്രന്ഥ സൂചി:

പ്രൊഫ.  പന്മന  രാമചന്ദ്രൻ നായർ.,  ശുദ്ധ മലയാളം, കറന്റെ ബുക്സ്.

മലയാളം അച്ചടിയും എഴുത്തും  ഒരു സ്റ്റൈൽ പുസ്തകം,  കേരള ഭാഷാ ഇൻസ്ടിറ്റ്യുട്ട് 
ഡോ.  ബ്യു ലാ  വുഡ്,  പ്രസംഗത്തിൻറെ താക്കോൽ, ഓതെന്ടിക് ബുക്സ്  (O M Books, Secunderabad)
ഡോ.  എം എം ബഷീർ.,  ശുദ്ധ മലയാളം: പത്ര-ദൃശ്യമാധ്യമങ്ങളിലെ മലയാളം, ഭാഷാപോഷിണി, ഓഗസ്റ്റ്, 2013.

അക്ഷരപ്പിശകുകളെ തിരുത്തിയോടിക്കുവാനുള്ള  ചില വിവരങ്ങൾ താഴെ കുറിക്കുന്നു:

തെറ്റ്                                                    ശരി                                        

അങ്ങിനെ                                          അങ്ങനെ 

അടിമത്വം                                         അടിമത്തം 

അനുഗ്രഹീതൻ                                  അനുഗൃഹീതൻ 

അപാകത                                         അപാകം 

ആത്മീകം                                         ആത്മികം 

ആത്മിയം                                         ആത്മീയം 

ആൾക്കാർ                                        ആളുകൾ 

ഉത്ഘാടനം                                      ഉദ്ഘാടനം 

എങ്ങിനെ                                         എങ്ങനെ 

ഐക്യത                                           ഐക്യം, ഏകത 

ഐഹീകം                                         ഐഹികം 

ഔദാര്യത                                          ഔദാര്യം 

കണ്ടുപിടുത്തം                                    കണ്ടുപിടിത്തം 

കുട്ടിത്വം                                             കുട്ടിത്തം 

കുലപാതകം                                      കൊലപാതകം

ഗ്രഹനായിക                                      ഗൃഹനായിക 

തർജിമ                                                തർജുമ, തർജമ 

തീഷ് ണം                                                തീക്ഷ്ണം 

ദൈന്യത                                              ദൈന്യം, ദീനത 

നിവർത്തി                                            നിവൃത്തി 

നാഗരീകം                                           നാഗരികം 

ദൈവീകം                                           ദൈവികം 

പക്ഷെ, പക്ഷേൽ                               പക്ഷേ   
  
പാതിവൃത്യം                                        പാതി വ്രത്യം                                       
പിന്നോക്കം                                        പിന്നാക്കം 

പൈശാചീകം                                     പൈശാചികം 

പ്രതിക്ഷേധം                                      പ്രതിഷേധം 

പ്രവർത്തി                                           പ്രവൃത്തി 

പ്രവൃത്തിക്കുക                                     പ്രവർത്തിക്കുക 

പ്രാവിശ്യം                                           പ്രാവശ്യം         

ഭോഷത്വം                                           ഭോഷത്തം 

മുഖാന്തിരം                                           മുഖാന്തരം 

മുന്നോക്കം                                           മുന്നാക്കം 

മാനസ്സീകം                                          മാനസികം                                         
രാപ്പകൽ                                             രാപകൽ 

രാഷ്ട്രീയപരം                                        രാഷ്ട്രീയം, (രാഷ്ട്രപരം)

ലൗകീകം                                            ലൗകികം   

വഷളത്വം                                           വഷളത്തം 

വിശിഷ്യാ                                            വിശിഷ്യ 

വൈരൂപ്യത                                       വൈരൂപ്യം, വിരൂപത 

സാമുദായീകം                                      സാമുദായികം

സാമൂഹീകം                                         സാമൂഹികം        

സാന്മാർഗീകം                                     സാന്മാർഗികം 

സാർവത്രീകം                                       സാർവത്രികം 

സൃഷ്ടാവ്                                              സ്രഷ്ടാവ്, സൃഷ്ടിതാവ് 

സ്വാന്തനം                                           സാന്ത്വനം        

രൂപീകരിക്കുക                                    രൂപവൽക്കരിക്കുക 

പ്രതീകവൽക്കരിക്കുക                        പ്രതീകാത്മവൽക്കരിക്കുക        
                                         
അടിക്കുറിപ്പ്:


ഇവിടെ ഈ പോസ്റ്റിൽ, അതും മലയാള ഭാഷയെപ്പറ്റിയും 

അക്ഷരപ്പിശകുകളെപ്പറ്റിയും പരാമർശിക്കുന്ന കുറിപ്പിൽ 

അക്ഷരപ്പിശക്‌ കടന്നു കൂടുകയെന്നത് അക്ഷെന്തവ്യമല്ല എന്ന

കാര്യം സമ്മതിക്കുന്നു. അതേപ്പറ്റി ശ്രീ. സംഗീത് വിനായക് 

എഴുതിയ കമന്റും അതിനു ഞാൻ നൽകിയ മറുപടിയും വായിച്ച 

ശേഷം പിശകുകളെപ്പറ്റി  ദയവായി  പ്രതികരിക്കുക. ഒപ്പം ഈ

അക്ഷരങ്ങൾ ശരിയാക്കി എഴുതാൻ എന്തെങ്കിലും മാർഗ്ഗം 

അറിയാവുന്നവർ ദയവായി അറിയിക്കുക.


സംഗീതിനു കൊടുത്ത മറുപടിയിൽ സൂചിപ്പിച്ചതുപോലെ ഇത് 

എഴുത്തുകാരനു സംഭവിച്ച കൈപ്പിഴ അല്ല മറിച്ചു അതിനുള്ള 

പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. 


അദ്ദേഹം അയച്ച pdf ഫോർമാറ്റ് വളരെ ശരിയായിട്ടാണ് 

എഴുതിയിരിക്കുന്നത്. ഇങ്ങനെ സംഭവിച്ചതിലെ ആശങ്ക 

അദ്ദേഹം മെയിലിലൂടെ അറിയിക്കുകയുണ്ടായി. അദ്ദേഹം 

അത് ഡി ടി പി ചെയ്താണ് എഴുതിയിരിക്കുന്നത്. 


ഞാനിപ്പോൾ ആകെ ഒരു ധർമ്മ സങ്കടത്തിൽ 

അകപ്പെട്ടിരിക്കുന്നു!


ദയവായി ഇതിനൊരു പരിഹാരം നിർദേശിക്കുവാൻ 

കഴിയുന്നവർ അറിയിക്കുക.


ഈ ലേഖനത്തിൻറെ PDF  ഫോർമാറ്റ്‌ ആവശ്യം ഉള്ളവർ ഈ

ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.


fbnewbook@ gmail.com

വീണ്ടും ഒരു അടിക്കുറിപ്പ്:

ഈ ലേഖനത്തിൽ  അവിടവിടെ ചില അക്ഷരപ്പിശകുകൾ വന്നു, അത് പലരും ചൂണ്ടിക്കാട്ടി  
ഇതെങ്ങനെ സംഭവിച്ചു എന്ന് 
 ഞാൻ കമന്റിലും കുറിപ്പിലും എഴുതിയിരുന്നു. 

PDF കോപ്പി മെയിലിൽ അയക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണം അതിൻറെ കോപ്പി ഇവിടെ ചേർക്കുന്നു.

അത് ഡൌണ്‍ലോഡ് ചെയ്താൽ കുറിപ്പ് അതിൻറെ പൂർണ്ണ രൂപത്തിൽ വായിക്കുവാൻ കഴിയും. 
ഇങ്ങനെ സംഭവിച്ചതിൽ 
നിർവ്യാജ ഖേദം ഒപ്പം 
രേഖപ്പെടുത്തുന്നു
നന്ദി നമസ്കാരം.

ഫിലിപ്പ് ഏരിയൽ 







 





ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ                                                                             

Visit PHILIPScom

PHILIPScom On Facebook