Showing posts with label Comments. Show all posts
Showing posts with label Comments. Show all posts

ബ്ലോഗ്‌ എഴുത്തുകാർ അവശ്യം പാലിക്കേണ്ട അറിഞ്ഞിരിക്കേണ്ട ചില നിബന്ധനകൾ: അഥവാ ബ്ലോഗെഴുത്തിലെ പത്തു കൽപ്പനകൾ

8 comments
ഒരു മുന്നറിയിപ്പ് 

വായിച്ചവ വീണ്ടും വായിക്കുമ്പോൾ 
വിരസത ഉണ്ടാകാൻ സാദ്ധ്യത കൂടുതൽ!
ഒരു ബ്ളോഗ് മിത്രം ഇത് ഓർമ്മപ്പെടുത്തി 
ഫെയിസ് ബുക്കിൽ!!

എന്നാൽ ചില കുറികൾ, അതും ചില നിബന്ധനകൾ 
വീണ്ടും വീണ്ടും വായിച്ചാലേ ചിലപ്പോൾ പാലിക്കാൻ പറ്റുള്ളൂ 
എന്നാണ് എന്റെ അനുഭവം!

അതുകൊണ്ട് മഴവില്ലിൽ പ്രസിദ്ധികരിച്ച എൻറെ ഈ കുറി
 ഇവിടെ വീണ്ടും ചേർക്കുന്നു. 

വിരസത തോന്നുമെങ്കിൽ വായന 
ഇവിടെ അവസാനിപ്പിച്ചോളൂ !!!

ഇത് വായിക്കാത്തവർക്കായി 
വീണ്ടും ഇവിടെ ചേർക്കുന്നു. 
നന്ദി നമസ്കാരം 




















ബ്ലോഗ്‌ എഴുത്തുകാർ വശ്യം പാലിക്കേണ്ട അറിഞ്ഞിരിക്കേണ്ട ചില നിബന്ധനകൾ 
അഥവാ 



ബ്ലോഗെഴുത്തിലെ പത്തു കൽപ്പനകൾ !!!



മഴവിൽ മാസികയിൽ പ്രസിദ്ധീകരിച്ചത് 


ഇങ്ങനെ ഒരു കുറിപ്പെഴുതുവാൻ കാരണങ്ങൾ നിരവധി.  ഇതിനു മുൻപ് എൻറെ മറ്റൊരു കുറിപ്പിൽ സൂചിപ്പിച്ചതുപോലെ ഞാൻ മലയാളം ബ്ലോഗ്‌ എഴുത്ത് തുടങ്ങിയിട്ട് അധിക കാലം ആയില്ല.  മുൻപ് ഗൂഗിളിൻറെ നോൾ പ്ലാറ്റ്ഫോമിൽ (ഇംഗ്ലീഷിൽ)
എഴുതിയിരുന്നെങ്കിലും മലയാളം ബ്ലോഗ്‌ എഴുത്തു തുടങ്ങിയത് അടുത്ത കാലത്തു മാത്രമാണ്.


ഇതിനകം എന്റെ ബ്ലോഗിലൂടെ നിരവധി സുഹൃത്തുക്കളെ നേടുവാൻ ഇത് സഹായിച്ചു. ഇതിനിടെ ചിലർ ബ്ലോഗും ബ്ലോഗെഴുത്തും വൈകാതെ അസ്തമിക്കും എന്ന് വാതോരാതെ പറഞ്ഞു നടക്കുന്നുമുണ്ട് എന്നാൽ ഇന്ന് ബ്ലോഗിൽ പ്രത്യേകിച്ചും മലയാളം ബ്ലോഗിൽ കണ്ടു കൊണ്ടിരിക്കുന്ന നിരവധി ഉദാഹരണങ്ങൾ അതു ഒരു അവാസ്തവ പ്രസ്താവന എന്നു വിളിച്ചറിയിക്കുന്നു.  ഒപ്പം കഴിഞ്ഞ നാളുകളിൽ എഴുതിയ ബ്ലോഗു സംബന്ധമായ വിഷയങ്ങളോടുള്ള ബന്ധത്തിൽ എനിക്കു ലഭിച്ച പ്രതികരണങ്ങളും, ഫോണിലൂടെയും നേരിട്ടും നിരവധി പേർ ഇതോടുള്ള ബന്ധത്തിൽ സമ്പർക്കം പുലർത്തിയതും മേൽ പ്രസ്താവന അവാസ്തവം എന്നു വിളിച്ചറിയിക്കുന്നു.

നല്ല എഴുത്തുകാരും വായനക്കാരും ഇവിടെ ഉള്ളിടത്തോളം കാലം  ബ്ലോഗിനു മരണം ഇല്ല എന്ന് നിസ്തർക്കം പറയുവാൻ കഴിയും.  അടുത്തിടെ മലയാളം ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകൾ അത് കുറേക്കൂടി അരക്കിട്ടുറപ്പിക്കുന്നു.  സജീവമല്ലാതെ കിടന്നിരുന്ന നിരവധി ബ്ലോഗുകൾ ഇവിടെ വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്നു എന്നതും ഇത്തരുണത്തിൽ പ്രസ്താവ്യമത്രേ.  വരികൾക്കിടയിൽ അവലോകനം വാരികയിൽ അടുത്തിടെ വന്ന ചില പോസ്റ്റുകൾ ഈ കാര്യം കുറേക്കൂടി വ്യക്തമാക്കുന്നു. ഇതേപ്പറ്റി കൂടുതൽ അറിവാൻ. വായിക്കുക  വരികൾക്കിടയിൽ 

അതെ എന്നെപ്പോലെയുള്ള ബ്ലോഗ്‌ എഴുത്തുകാർക്ക് ഇത്തരം വാർത്തകൾ ഒരു സന്തോഷ വർത്തമാനം തന്നെ.

ബ്ലോഗ്‌ എഴുത്തു നിലനിൽക്കണം എന്നു ആത്മാർഥമായി ആഗ്രഹിക്കുന്ന എഴുത്തുകാർക്ക് ഗുണം ചെയ്യുന്ന ചില വസ്തുതകൾ നാളിതുവരെയുള്ള ബ്ലോഗ്‌ എഴുത്തിൽ നിന്നും, അനുഭവത്തിൽ നിന്നും പഠിച്ചതും മറ്റു പല ബ്ലോഗ് മിത്രങ്ങളുടെ ബ്ലോഗിലൂടെ അറിഞ്ഞതുമായ ചില കാര്യങ്ങൾ ഇവിടെ പങ്കു വെക്കാം എന്നാഗ്രഹിക്കുന്നു.

ചിലപ്പോൾ നിങ്ങൾ ബ്ലോഗെഴുത്തിൽ ഒരു നവാഗതൻ ആയിരിക്കാം, ഒരു പക്ഷെ നിങ്ങൾ ബ്ലോഗുലകത്തിൽ ചിരപ്രതിഷ്ഠ നേടിയ, അല്ലെങ്കിൽ സ്ഥാനം ഉറപ്പിച്ച വ്യക്തി (പുലി) ആയിരിക്കാം, എന്തായാലും  എല്ലാവരും ഒരുപോലെ ആവശ്യം അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ  ചില നിബന്ധനകൾ ആയതിനാലും അത്രേ ഇതിനു ബ്ലോഗെഴുത്തിലെ കൽപ്പനകൾ എന്നു വേണമെങ്കിൽ വിളിക്കാം ഏന്നു ആദ്യം തന്നെ പറഞ്ഞത്.

മുകളിൽ പറഞ്ഞതുപോലെ നിരവധി പേരുടെ അന്വേഷണം വന്നതിനാലും അവയിൽ ചിലതിനു എനിക്കു ഉത്തരം ഇല്ലാത്തതിനാലും ഇതെപ്പറ്റി ഒരു പഠനം നടത്താൻ തന്നെ ഞാൻ തീരുമാനിച്ചു.  അങ്ങനെ എനിക്കു ഏറെ പരിചിതമല്ലാത്ത ചില വിവരങ്ങളും (എന്റെ അന്വേഷണത്തിലൂടെ ലഭ്യമായവയും) ഇവിടെ ഒപ്പം ചേർക്കുന്നു.

1. ഈടുറ്റ സൃഷ്ടികൾ അഥവാ കാമ്പും കഴമ്പും ഉള്ളവ എഴുതുവാൻ ശ്രമിക്കുക 

പുതിയതായി എഴുതിത്തുടങ്ങുന്നവർക്ക് പലപ്പോഴും ബുദ്ധിമുട്ടുള്ള ഒരു സംഗതിയാണിതെങ്കിലും അൽപ്പം പരിശ്രമത്തിലൂടെ ഇത് നേടിയെടുക്കുവാൻ ആർക്കും കഴിയും. CONTENT IS KING എന്നൊരു ചൊല്ലുണ്ടല്ലോ, അത് വളരെ വാസ്തവമത്രേ.
നിങ്ങളുടെ ബ്ലോഗിലെ ഉള്ളടക്കം അഥവാ കണ്ടെൻറെ ആണിവിടെ പ്രധാനം. ഒരു പക്ഷെ നിങ്ങളുടെ ബ്ലോഗ്‌ പേജു കാണുവാൻ വലിയ ഭംഗി ഇല്ലെങ്കിലും അതിലെ ഉള്ളടക്കം മികച്ചതാക്കാൻ നാം പരമാവധി ശ്രമിച്ചാൽ നമുക്കു വായനക്കാർ താനേ ഉണ്ടാകും.  നമ്മുടെ ബ്ലോഗിലെ ഉള്ളടക്കം മറ്റുള്ളവർക്ക് ഏതെങ്കിലും വിധത്തിൽ പ്രയോജനപ്പെടുന്നതെങ്കിൽ തീർച്ചയായും അവിടെ ഒരിക്കൽ വന്നവർ വീണ്ടും എത്തും.  ഒരു പക്ഷെ നിങ്ങളുടെ ബ്ലോഗ്‌ കാഴ്ചക്ക് അതിമനോഹരം ആണെങ്കിലും അതിൽ കാമ്പും കഴമ്പും ഉള്ള  ഉള്ളടക്കം
ഇല്ലെങ്കിൽ അതുകൊണ്ട് കാര്യമില്ല, അവിടെ സന്ദർശകർ വരില്ല. ചുരുക്കത്തിൽ അത് കാണാൻ ഭംഗിയുള്ള ഒരു പുരാവസ്തുവായി അവശേഷിക്കും.  അതുകൊണ്ട് നമ്മുടെ ബ്ലോഗ്‌ പേജുകൾ വായനക്കാർക്ക് ഏതെങ്കിലും നിലയിൽ പ്രയോജനപ്പെടുന്ന ഉള്ളടക്കത്താൽ നിറക്കുവാൻ പരിശ്രമിക്കുക.

എൻറെ ബ്ലോഗ്‌ എഴുത്തിന്റെ  തുടക്ക നാളുകളിൽ ഇക്കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നില്ല, അതുകൊണ്ടു തന്നെ എനിക്കു വായനക്കാരെ ലഭിച്ചതുമില്ല.  പരിചയ സമ്പന്നനായ ഒരു എഴുത്തുകാരനും ബ്ലോഗറും ആയ സുഹൃത്ത്‌ പറഞ്ഞു, "Philip Quality is important not Quantity" അത് വളരെ വാസ്തവം എന്നു എനിക്കു പിന്നീടു മനസ്സിലായി.  വാരി വലിച്ചു എന്തെല്ലാമോ എഴുതിപ്പിടിപ്പിച്ചു ബ്ലോഗ്‌ പേജുകൾ നിറക്കുന്ന ഒരു പതിവായിരുന്നു എനിക്കു തുടക്കത്തിൽ.  എന്നാൽ പിന്നീട് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി, അതോടൊപ്പം കാര്യമായ മാറ്റങ്ങൾ കാണുവാനും കഴിഞ്ഞു.  അതുകൊണ്ട് വാരി വലിച്ചു അതുമിതും എഴുതാതിരിക്കുക.  എണ്ണം കുറവെങ്കിലും എഴുതുന്നവയിൽ കാമ്പും കഴമ്പും ഉണ്ടോ എന്നു പ്രത്യേകം ശ്രദ്ധിക്കുക.  പിന്നീടു പ്രസിദ്ധീകരിക്കുക.

അനേകായിരങ്ങൾ ചിലപ്പോൾ കോടി ജനങ്ങൾ എൻറെ രചനകൾ വായിക്കും എന്ന ചിന്തയിൽ കാമ്പും കഴമ്പും ഉള്ളവ സൃഷ്ടിക്കുവാൻ ശ്രമിക്കുക.  ഒരു പക്ഷെ ഇപ്പോൾ നിങ്ങളുടെ ബ്ലോഗ്‌ നിങ്ങളും നിങ്ങളുടെ വീട്ടിലുള്ളവരും മാത്രമായിരിക്കും വായിക്കുന്നത് ഒപ്പം ചില അടുത്ത സുഹൃത്തുക്കളും. എങ്കിൽ പോലും മുകളിൽ പറഞ്ഞ ചിന്തയിൽ സൃഷ്ടികൾ എഴുതാൻ ശ്രമിക്കുക.  തീർച്ചയായും അത് നിങ്ങളെ നല്ല രചനകൾ എഴുതുവാൻ സഹായിക്കും.

ഇവിടെ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എഴുത്തിലെ അക്ഷരഘടന, അക്ഷരപ്പിശകുകൾ തുടങ്ങിയവയാണ്, പോസ്റ്റ്‌ എഴുതി  പബ്ലിഷ് ബട്ടണ്‍ അമർത്തുന്നതിനു മുൻപ് ഒന്നു രണ്ടു ആവർത്തി കൂടി വായിച്ചു ഈ കാര്യങ്ങൾ ഉറപ്പു വരുത്തി പോസ്റ്റ്‌ ചെയ്യുക.

2. നിങ്ങളുടെ  ബ്ലോഗ്‌ പോസ്റ്റുകൾ നിങ്ങൾ തന്നെ പ്രചരിപ്പിക്കുവാൻ മുൻകൈയ്യെടുക്കുക. 

നാം എഴുതുന്നവ നമ്മുടെ വീട്ടിലുള്ളവരും അടുത്ത സുഹൃത്തുക്കളും മാത്രം വായിച്ചാൽ മതിയോ?  കൊള്ളാം ഇതു നല്ല ചോദ്യം!  ഏതൊരു എഴുത്തുകാരൻറെയും മുഖ്യ ലക്ഷ്യം തന്റെ സൃഷ്ടികൾ മറ്റുള്ളവർ വായിക്കണം എന്നതു തന്നെ.  ഭൂരിപക്ഷം എഴുത്തുകാരും ഈ ചിന്താഗതിക്കാർ തന്നെ, എന്നാൽ ചുരുക്കം ചിലർ തങ്ങളുടെ ആത്മസംപ്തൃപ്തിക്കു മാത്രമായി എഴുതുന്നുണ്ടാവാം.  എന്നാൽ ഭൂരിപക്ഷം എഴുത്തുകാരും തങ്ങൾ എഴുതുന്നവ മറ്റുള്ളവർ വായിക്കണം അതേപ്പറ്റിയുള്ള അവരുടെ പ്രതികരണം എന്തു എന്ന് അറിയുവാൻ ആഗ്രഹിക്കുന്നവർ തന്നെ എന്നതിൽ രണ്ടു പക്ഷം ഇല്ല.

നമ്മുടെ രചനകളെ കഴിവുള്ളിടത്തോളം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ശ്രമിക്കുക, അതിനു ഇന്ന് ഏറ്റവും പറ്റിയ മാർഗ്ഗം ഇന്നുള്ള സോഷ്യൽ മീഡിയകൾ തന്നെ. facebook, twitter, Google+ Linkdin  തുടങ്ങി നൂറു കണക്കിനു സോഷ്യൽ മീഡിയകൾ ഇന്നു ലഭ്യമാണ്. അവയിൽ അംഗത്വം എടുക്കുക അതിലൂടെ സൃഷ്ടികളെപ്പറ്റി ഒരു ചെറു കുറിപ്പോടെ ബ്ലോഗ്‌ ലിങ്കുകൾ ചേർക്കുക. അതേപ്പറ്റി അവിടെയുള്ള സുഹൃത്തുക്കളോട് പറയുക അവർ അത് അവരുടെ സുഹൃത്തുക്കൾക്ക് ഷയർ ചെയ്യും അങ്ങനെ അവർ വായിപ്പാനും അവിടെ നിന്നും അത് മറ്റുള്ളവരിലേക്ക് പ്രചരിക്കപ്പെടുവാനും അത് കാരണം ആകുന്നു, ഇവിടെ പ്രധാനമായും ഓർത്തിരിക്കേണ്ടത്, ഒന്നാം കൽപ്പനയിൽ പറഞ്ഞത് തന്നെ "കാമ്പും കഴമ്പും ഉള്ളവ"  എങ്കിൽ മാത്രമേ മറ്റുള്ളവർ അത് പ്രചരിപ്പിക്കുവാൻ മുൻകൈ യെടുക്കുകയുള്ളൂ. അങ്ങനെ അവിടെ നിന്നും നമുക്ക് കൂടുതൽ  വായനക്കാരെ  ലഭിക്കും.


3.  മറ്റു ബ്ലോഗ്‌ പേജുകൾ സന്ദർശിക്കുക ക്രീയാത്മകമായ പ്രതികരണങ്ങൾ കമന്റിലൂടെ എഴുതുക.


ഒരു രചന വായിച്ചു നല്ലൊരു കമന്റു, പ്രോത്സാഹജനകമോ, വിമർശനാത്മകാമോ ആയവ വിഷയവുമായി ബന്ധപ്പെട്ടതു ചേർത്താൽ അതു വായിക്കുന്നവർ ആ കമന്റിന്റെ ഉടമയെ തേടി അയാളുടെ ബ്ലോഗിൽ എത്തും എന്നതിനു സംശയം ഇല്ല. അതിലൂടെ നിങ്ങളുടെ ബ്ലോഗിന്റെ എഴുത്തിന്റെ പ്രസക്തി വർദ്ധിക്കും എന്നതിൽ രണ്ടു പക്ഷം ഇല്ല.  നമ്മുടെ ബ്ലോഗിൽ പ്രത്യേകിച്ചും ബ്ലോഗുള്ളവർ അതായത് ബ്ലോഗ്‌ എഴുതുന്നവർ ആയിരിക്കും കൂടുതലും എത്തുക, ഈ കാര്യം കുറിക്കൊണ്ടാൽ അവർ നമ്മുടെ ബ്ലോഗിൽ എത്തും.

4.  കൊടുക്കുക വാങ്ങുക   അഥവാ അറിവുകൾ പങ്കു വെക്കുക
തുടക്കത്തിൽ ബ്ലോഗെഴുത്തിന്റെ ബാല പാഠം പോലും അറിയാത്ത ഒരാളായിരുന്നു ഞാൻ.  ചുരുക്കത്തിൽ യാതൊരു കമ്പ്യുട്ടർ വിദ്യകളും വശമില്ലാത്ത ഒരാൾ എന്നു ചുരുക്കം.

ഒരു പക്ഷെ ബ്ലോഗെഴുത്തിൽ അനേക വർഷത്തെ പരിചയം ഉള്ള ഒരു വ്യക്തിയായിരിക്കാം ഇത് വായിക്കുന്നവരിൽ ചിലരെങ്കിലും. ഒരു സുപ്രഭാതത്തിൽ ബ്ലോഗ്‌ എഴുത്തിലേക്കു കടന്നു വന്ന ഒരാൾ വളരെ വേഗത്തിൽ  ബ്ലോഗിൽ വളരെ ആകർഷണീയമാം വിധം രചനകൾ നടത്തി അനേകരുടെ മനസ്സിൽ ഇടം പിടിക്കുകയും ചെയ്യുന്നതു കണ്ടു അവരോടു അസൂയാലുക്കൾ ആകാതിരിക്കുക, മറിച്ചു അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുകഅല്ലെങ്കിൽ കുറഞ്ഞ പക്ഷം അവരെ നിരുത്സാഹപ്പെടുത്താതിരിക്കുക. അവരും വളരട്ടെ! ഓരോരുത്തരുടെയും കഴിവുകൾ പ്രകടിപ്പിക്കുവാൻ, പ്രദർശിപ്പിക്കുവാൻ ലഭിച്ചിരിക്കുന്ന ഒരു പൊതു വേദിയാണല്ലോ ഇത്.  അവരുടെ വാസനക്കൊത്ത കാര്യങ്ങൾ അവർ ഇവിടെ പങ്കു വെക്കട്ടെ, ഒപ്പം അവർക്കാവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്ക. 

എന്റെ ഒരു  അനുഭവം പറയട്ടെ: 
തുടക്കത്തിൽ പേരെടുത്ത പലരുടേയും ബ്ലോഗുകളിൽ ചുറ്റിത്തിരിഞ്ഞു അവർ എന്ത് എഴുതുന്നു, ഏതു കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു, അവരുടെ ബ്ലോഗിൽ എത്തുന്നവർ ആരൊക്കെ അവർ എന്ത് ചെയ്യുന്നു ഇങ്ങനെ കുറേക്കാലം ഒരു പര്യടനം നടത്തി, പലരുമായി പരിചയപ്പെടാനും, ചിലരുമായി വളരെ അടുത്ത് ഇടപഴകുവാനും  അവരിൽ നിന്നും പലതും  പഠിക്കുവാനും ഒപ്പം അത് മറ്റുള്ളവർക്ക് വിശേഷിച്ചു ബ്ലോഗിൽ പുതുതായി എത്തുന്നവർക്ക് പറഞ്ഞു കൊടുക്കുവാനും ഇടയായിക്കൊണ്ടിരിക്കുന്നു. 

ഇത്തരത്തിൽ മറ്റുള്ളവരെ തങ്ങളുടെ അറിവുകൾ പകർന്നു നൽകി സഹായിക്കുന്ന നിരവധി പേരെടുത്ത ബ്ലോഗർമാർ ഇവിടെയുണ്ട് എന്നത് ആശക്കു വക നൽകുന്നു. ഒരിക്കൽ എന്റെ ബ്ലോഗിൽ നേരിട്ട ഒരു പ്രശ്നം പരിഹരിക്കാൻ വിദേശത്തുള്ള ഒരു സുഹൃത്ത്‌ അദ്ദേഹം വെബ്‌ എഴുത്തിലും തന്റെ തിരക്കു പിടിച്ച ഔദ്യോഗിക കാര്യങ്ങളിലും സദാ വ്യാവൃതൻ ആയിരുന്നിട്ടും എന്നോടു  കാട്ടിയ സന്മനസ്സ് നന്ദിയോടെ വീണ്ടും ഇവിടെ ഓർക്കുകയാണ്.  ഇതിനൊരു അപവാദമായി ഇവിടെ പേരെടുത്ത ഒരു നല്ല കൂട്ടം കമാന്നൊരക്ഷരം ഉരിയാടാതെ, സഹകരിക്കാതെ പോയെന്നും വരാം, ഒരു പക്ഷെ അതവരുടെ തിരക്കു കാരണം ആയിരിക്കാം. നിരാശരാകാതെ കൂടുതൽ അറിവു നേടാൻ പരിശ്രമിക്കുക ഒപ്പം ലഭിച്ചതുപോലെ അത് മറ്റുള്ളവർക്കും കൊടുക്കുവാൻ പിശുക്കു കാട്ടാതെയുമിരിക്കുക. 

5.  വായിക്കുക എഴുതുക, വായിക്കുക എഴുതുക 
ഇത് വായിച്ചപ്പോൾ ഒരു പക്ഷെ നിങ്ങൾക്കു്  ചിരി വന്നിട്ടുണ്ടാകാം.  ഇതെന്നാ മാഷെ ഇതു രണ്ടും ഒന്നല്ലേ പിന്നെന്തിനീ ആവർത്തനം!
ഇതു രണ്ടും ഒന്നു തന്നെ അതുതന്നെയാണല്ലോ അതിന്റെ ഉറപ്പും. അതായത് ഒരു കാര്യം ഒന്നോ രണ്ടോ മൂന്നോവട്ടം ആവർത്തിച്ചു പറയുമ്പോൾ തന്നെ അതിൻറെ ഗാഭീര്യം അല്ലെങ്കിൽ അതിൻറെ പ്രാധാന്യം എത്രയെന്നു  മനസ്സിലാക്കാമല്ലോ.

അതെ, ഏതൊരു എഴുത്തുകാരനും പ്രത്യേകം ഓർത്തിരിക്കേണ്ടതും ഒപ്പം ചെയ്യേണ്ടതുമായ ഒന്നത്രേ അത്.  ലോക സാഹിത്യചരിത്രം പരിശോധിച്ചാൽ ഈ കാര്യം കുറേക്കൂടി വ്യക്തമാകും.  പേരെടുത്ത എഴുത്തുകാർ എല്ലാവരും തന്നെ നല്ല വായനക്കാർ ആയിരുന്നു. എഴുതുവാൻ അല്ലെങ്കിൽ എഴുത്തുകാരൻ ആകുവാൻ ആഗ്രഹിക്കുന്ന ഏതൊരാളും വായിക്കുവാൻ സമയം കണ്ടെത്തേണ്ടതുണ്ട്.  ഇന്ന് വായന വളരെ വിരളമായിക്കൊണ്ടിരിക്കുന്നു എന്ന ഒരു ധാരണ പരക്കെ ഉണ്ട്, അത് ഒരു പരിധി വരെ സത്യവുമാണ്. എന്നാൽ വായനയില്ലെങ്കിൽ എഴുത്തും ഇല്ല എന്നു പറഞ്ഞാലും അതിൽ കാര്യമില്ലാതില്ല.  നല്ലൊരു എഴുത്തുകാരൻ നല്ലൊരു വായനക്കാരൻ കൂടിയാണ്. 

6.  മറ്റു ബ്ലോഗുകൾ നമ്മുടെ ബ്ലോഗിലൂടെയോ സോഷ്യൽ സൈറ്റുകളിലൂടെയോ പങ്കു വെക്കുക/ പരിചയപ്പെടുത്തുക.
ഓരോ ദിവസവും നിരവധി ബ്ലോഗുകൾ സന്ദർശിക്കുന്നവരാണല്ലോ നാമെല്ലാം. അതിനിടയിൽ വളരെ വിജ്ഞാനപ്രദമായതും, മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നതുമായ പോസ്റ്റുകൾ നമ്മുടെ ബ്ലോഗ്‌ പേജിലൂടെയോ, നമ്മുടെ സോഷ്യൽ മീഡിയകളിലൂടെയോ നമ്മുടെ സുഹൃത്തുക്കൾക്കായി പങ്കു വെക്കുക.  ഇങ്ങനെ ചെയ്യുന്ന നിരവധി ബ്ലോഗു മിത്രങ്ങളെ എനിക്കു കാണാൻ കഴിഞ്ഞിട്ടുണ്ട്.   എൻറെ ഒരു പോസ്റ്റു നൂറിലധികം പേർ തങ്ങളുടെ സോഷ്യൽ സൈറ്റുകളിലൂടെ ഷയർ ചെയ്തിട്ടുണ്ട് എന്ന കാര്യം ഇവിടെ നന്ദിയോടെ വീണ്ടും ഓർക്കുന്നു.   ഇതൊരു നല്ല പ്രവണതയാണ്.  അങ്ങനെ പരസ്പരം ചെയ്യുമ്പോൾ ഓരോരുത്തരുടേയും പേജിൽ വായനക്കാർ വർദ്ധിക്കുന്നതായി കാണുവാൻ കഴിയും. ഇവിടെയും ആദ്യ കലപ്പനക്ക്  "കാമ്പും കഴമ്പും ഉള്ളവ"  ആക്കം കൊടുക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

7.  എഴുതുന്നവ വായിക്കുക തിരുത്തുക, വീണ്ടും വായിക്കുക വീണ്ടും തിരുത്തുക, അക്ഷരപ്പിശാചിനെ അകറ്റി നിർത്തുക 

പബ്ലിഷ് ബട്ടണ്‍ അമർത്തുന്നതിനു മുൻപ് പലവട്ടം, എഴുതിയ സൃഷ്ടിയിലൂടെ 
ഒന്ന് ചുറ്റിത്തിരിയുക, ചില അനാവശ്യമായ കാര്യങ്ങൾ നമുക്ക് അവിടെനിന്നും ഇല്ലാതാക്കാം, പലവട്ടം ഇങ്ങനെ ചെത്തി മിനുക്കി പുറത്തു വരുന്ന സൃഷ്ടി കാണാൻ ചന്തവും വായിക്കാൻ മധുരവും ഉള്ളതായിത്തീരുന്നു.   നമ്മുടെ ഇപ്പോഴത്തെ മാറിയ ചുറ്റുപാടിൽ അതായത് തിരക്കു പിടിച്ച ഈ ജീവിതത്തിൽ ഇതിനെല്ലാം സമയം എവിടെ മാഷെ എന്നു ചോദിക്കുന്ന ചിലർ ഉണ്ടാകാം.  എന്നാൽ അങ്ങനെ പരിശ്രമിക്കുന്നുയെങ്കിൽ, അതായത് അതിനായി സമയം കണ്ടെത്തുന്നുയെങ്കിൽ  ഈടുറ്റ സൃഷ്ടികൾ തന്നെ നമുക്കോരോരുത്തർക്കും പുറം ലോകത്തിൽ എത്തിക്കുവാൻ കഴിയും.
പിന്നൊരു കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, സൃഷ്ടികൾ കഴിവുള്ളിടത്തോളം  ചെറിയവ അഥവാ ദൈറ്ഘ്യമേറിയവ ആകാതിരിക്കട്ടെ. ഒപ്പം തന്നെ, പറയേണ്ടതെല്ലാം അതിൽ ഉൾപ്പെടുത്താനും ശ്രമിക്കുക.  ഈ തിരക്കേറിയ ജീവിതത്തിൽ നീണ്ടു നിവർന്നു കിടക്കുന്ന സൃഷ്ടികൾ കണ്ടു പലപ്പോഴും വായനക്കാർ ഓടിയകലും. ചിലപ്പോൾ അതൊരു നല്ല സൃഷ്ടി ആണെങ്കിൽ തന്നെയും പലരുടെയും ശ്രദ്ധ കിട്ടാതെ പോകും എന്നതാണ് സത്യം.   "Short & Sweet" എന്ന ചൊല്ല് ഇവിടെ വളരെ അർത്ഥവത്താകുന്നു.   അതെ. ചെറുതും, ലളിതവുമായ ഭാഷയിൽ രചനകൾ നടത്തുക അവിടെ വായനക്കാർ ഉണ്ടാകും.  ഇതു വായിക്കുന്ന നിങ്ങൾ ഇവിടെ ഒരു മറു ചോദ്യം ചോദിപ്പാനുള്ള എല്ലാ സാദ്ധ്യതയും കാണുന്നു! ഈ പറയുന്ന മാഷ്‌ എഴുതിയ ഈ കുറി ദൈറ്ഘ്യമേറിയതല്ലേ !! അതിനുത്തരം ഞാൻ പറയുന്നില്ല നിങ്ങൾക്കു തന്നെ വിടുന്നു !!!

 8. മറ്റുള്ളവരുടെ രചനകൾ പകർത്താതിരിക്കുക അഥവാ മറ്റുള്ളവരുടെ സൃഷ്ടികൾ മോഷ്ടിക്കാതിരിക്കുക
മറ്റുള്ളവരുടെ കഠിനപ്രയഗ്നത്താൽ പിറവികൊണ്ട സൃഷ്ടികൾ ചിലർ ചുളുവിൽ അനായാസേനെ തങ്ങളുടെതാക്കി മാറ്റി പ്രസിദ്ധീകരിക്കുന്ന ഒരു പ്രവണത നല്ല എഴുത്തുകാരന് ചേർന്നതല്ല  അത്തരത്തിലുള്ള ചില ബ്ലോഗർമാരെ അവിടവിടെ കാണാം. യാതൊരു കൂസലുമില്ലാതെ അവരിതു ചെയ്യുന്നു. ചില പ്രസിദ്ധരായ എഴുത്തുകാരെപ്പറ്റിയും ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്.  എന്തായാലും ഇതൊരു നല്ല പ്രവണത അല്ല. മുകളിൽ പറഞ്ഞ വായിക്കുക എഴുതുക, വായിക്കുക എഴുതുക എന്ന  കൽപ്പന ഓർക്കുക. ചിലപ്പോൾ ചില എഴുത്തുകാരുടെ സൃഷ്ടികൾ സ്ഥിരമായി വായിക്കുന്നതു മൂലം അവരുടെ എഴുത്തു ശൈലി നമ്മുടെ രചനകളിൽ കടന്നു വരാൻ സാദ്ധ്യതയുണ്ട്. അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നു  തന്നെ.  പിന്നെ ചില സൃഷടികൾ നടത്തുമ്പോൾ തീർച്ചയായും ചില റിസർച്ച്കൾ ചെയ്യേണ്ട ആവശ്യം ഉണ്ടാകും അപ്പോൾ ലഭിക്കുന്ന വിവരങ്ങൾ എവിടെ നിന്നും എടുത്തു തുടങ്ങിയ വിവരങ്ങൾ ക്രെഡിറ്റ്‌ ആയി source: എന്നു നൽകി രചനകൾക്കു താഴെ കൊടുക്കുക, അവരുടെ പേജിലേക്കുള്ള ലിങ്കു കൊടുത്താൽ കൂടുതൽ നന്ന്.  അതുപോലെ മറ്റു പേജുകളിൽ നിന്നും ചിത്രങ്ങൾ കടം എടുക്കുമ്പോൾ ആ വിവരം പ്രത്യേകം picture credit എന്നു നൽകി ചിത്രത്തിന് താഴെയോ  അല്ലെങ്കിൽ രചനയുടെ അവസാനത്തിലോ തീർച്ചയായും കൊടുക്കണം ഇപ്പോൾ നിലവിലുള്ള ചില copyright നിയമങ്ങൾ അത് അനുശാസിക്കുന്നു. 


9.   എഴുത്തിലൂടെയും കമന്ടിലൂടെയും മറ്റുള്ളവരെ തേജോവധം ചെയ്യാതിരിക്കുക 
ക്രീയാത്മകമായ രചനകൾ എപ്പോഴും പ്രതികരണങ്ങൾ വിളിച്ചു വരുത്തും.  അവയിൽ ചിലത് അരോചകം ഉളവാക്കുന്നവയായിരിക്കും.  അത്തരം വിമർശനങ്ങൾ ചിലപ്പോൾ അസ്സഹനീയവും ആകാം.  ഇവിടെ നാം സംയമനം പാലിക്കേണ്ടതു വളരെ ആവശ്യം തന്നെ.  അവയെ തന്മയത്വത്തോടെ നേരിടുക, അവയ്ക്ക് മൃദുവായ മറുപടികൾ കൊടുക്കുക. അതുകൊണ്ടും അവർ അടങ്ങുന്നില്ലെങ്കിൽ അതു കൂടുതൽ സങ്കീർണ്ണം ആക്കാതെ ആ വിഷയം അവിടെ അവസാനിപ്പിക്കുക.  നമ്മുടെ ബ്ലോഗിൽ ഏതു തരം കമന്റുകൾ ചേർക്കണം എന്നത് തീരുമാനിക്കേണ്ടത് അതിന്റെ ഉടമസ്ഥൻ തന്നെയാണല്ലോ.  ഇവിടെ പ്രധാനമായും ഓർത്തിരിക്കേണ്ട ഒരു സംഗതി 'എപ്പോഴും ക്രീയാത്മകമായ വിമർശനം നടത്തുക. അത് ഒരിക്കലും അവരെ തേജോവധം ചെയ്തു കൊണ്ട് ആകെരുതെന്നു മാത്രം.
ഫലം നിറഞ്ഞു നിൽക്കുന്ന ഒരു വൃക്ഷത്തിനു മാത്രം കല്ലേറ് പ്രതീക്ഷിച്ചാൽ മതിയല്ലോ.
എഴുതുക ക്രീയാത്മകമായ വിമർശനങ്ങളെ അതിൻറെ മുഖ വിലക്കു തന്നേ എടുക്കുവാൻ പരമാവധി ശ്രമിക്കുക. കമന്ടുകളോടുള്ള ബന്ധത്തിൽ അടുത്തിടെ എഴുതിയ   "വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍: Web Comments Some Thoughts and Suggestions...."
ഇതോടു ചേർത്തു വായിക്കുക.

ഇതോടനുബന്ധിച്ചു ഈ കുറിപ്പും വായിക്കുക:


പലരുടെയും ശ്രദ്ധയിൽപ്പെടാതെ പോകുന്ന ഒരു വിഷയം:

ബ്ലോഗ്‌ എഴുത്തിൽ അടുത്തിടെ ശ്രദ്ധയിൽപ്പെട്ട ഒരു വസ്തുത ചില പ്രീയപ്പെട്ടവരുടെ അറിവിലേക്കായി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.വായിക്കുക ഇവിടെ:  ബ്ലോഗ്‌ മിത്രങ്ങളുടെ സത്വര ശ്രദ്ധക്ക് 


10. നമ്മുടെ ബ്ലോഗുകളെ മറ്റു ബ്ലോഗുകളുമായി താരതമ്യപ്പെടുത്താൻ ശ്രമിക്കരുത്, അഥവാ അവയെ മോഹിക്കരുതു.

മറ്റു ബ്ലോഗുകളുടെ ആകാര ഭംഗി കണ്ടു മോഹിക്കരുത്, അഥവാ അവയെ നമ്മുടെ ബ്ലോഗുകളുമായി താരതമ്യ പ്പെടുത്താൻ ഒരിക്കലും ശ്രമിക്കരുത്. അങ്ങനെയായാൽ അവിടെ പലപ്പോഴും നമുക്ക് നിരാശ മാത്രമായിരിക്കും ലഭിക്കുക.  തീർച്ചയായും അവരുടെ ബ്ലോഗുകളും തുടക്കത്തിൽ നിങ്ങളുടെ ബ്ലോഗുകൾ പോലെ തന്നെ ആയിരിക്കും എന്നതിൽ സംശയം വേണ്ട. തീർച്ചയായും അവരുടെ അനേക നാളത്തെ പ്രയഗ്ന, പഠന ഫലമായി ഇത്തരത്തിൽ ആകർഷകമായ ഒന്നിനെ അവർ വാർത്തെടുത്തതാകാം. അതിനെ ഒരിക്കലും നിങ്ങളുടേതു മായി താരതമ്യപ്പെടുത്താതിരിക്കുക. ഈ ബ്ലോഗിന്റെ കാര്യം തന്നെ എടുക്കാം, ഈ ബ്ലോഗ്‌ പേജു ഏതാണ്ട് ഇതേ പരുവത്തിൽ ആക്കിയെടുക്കുവാൻ എനിക്കു നിരവധി കടമ്പകൾ തന്നെ തരണം ചെയ്യേണ്ടി വന്നു.  ഇതുപോലൊന്ന് രൂപപ്പെടുത്തി എടുക്കുവാൻ ജീവിതത്തിൽ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത പല സുഹൃത്തുക്കളുടെ സഹായം എനിക്കു ലഭിക്കുകയുണ്ടായി.  അവരെ എല്ലാം നന്ദിയോടെ വീണ്ടും സ്മരിക്കുന്നു.   ബാലാരിഷ്ടതകൾ ഇപ്പോഴും എന്റെ ബ്ലോഗിനെ വിട്ടു മാറിയിട്ടില്ല എന്ന് എനിക്കറിയാം.  അതോർത്ത്‌ മറ്റു ബ്ലോഗുകൾ കണ്ടു അത് മോഹിക്കുവാനോ അവയുമായി എന്റെ ബ്ലോഗിനെ തുലനപ്പെടുത്തി ദുഖിക്കേണ്ട ആവശ്യവും ഇല്ല.

ഇവിടെ വീണ്ടും ബ്ലോഗ്‌ എഴുത്തിലെ ഒന്നാം കൽപ്പന ഓർമ്മപ്പെടുത്തി ഈ കുറിപ്പിനു വിരാമം ഇടട്ടെ! ആകാരഭംഗിയല്ല, അതുപോലെ എണ്ണത്തിലും അല്ല മറിച്ചു  ഉള്ളിലെ ഉള്ളടക്കത്തിലെ കാമ്പും കഴമ്പും ആണു പ്രധാനം എന്ന സത്യം വീണ്ടും ഓർക്കുക, എഴുതുക ഒപ്പം അതേപ്പറ്റി മറ്റുള്ളവരോട് പറയുവാനും മറക്കാതിരിക്കുക.  ബ്ലോഗെഴുത്തിൽ പ്രധാനമായും ഓർത്തിരിക്കേണ്ട ഒരു വസ്തുതയത്രെ ഇത്.  നമ്മുടെ രചനകളെപ്പറ്റി നാം പറഞ്ഞില്ലെങ്കിൽ പിന്നെ ആരു പറയും. ഈ കാര്യത്തെ ചിലർ  സെൽഫ്‌ പ്രൊക്കളമേഷൻ (self proclamation) സ്വയം പ്രകീർത്തിക്കുന്നവർ  എന്ന് മുദ്ര കുത്തി അപലപിക്കാറുണ്ട് അതിനോട് എനിക്കു നൂറു ശതമാനവും യോജിക്കാൻ കഴിയില്ല.


ഈ കുറിയോടു ചേർത്തു പറയാൻ പല വായനക്കാർക്കും പല  ആശയങ്ങളും നിർദ്ദേശങ്ങളും മറ്റും ഉണ്ടാകും  എന്നെനിക്കുറപ്പുണ്ട്, ആ കാര്യങ്ങൾ കമന്ടു ബോക്സിൽ എഴുതുവാൻ മറക്കാതിരിക്കുക.
ആശംസകൾ.


എൻറെ എല്ലാ പ്രിയ വായനക്കാർക്കും നല്ലൊരു പുതു വത്സരം നേരുന്നു 


ഇത് മഴവിൽ മാസികയിൽ വായിക്കാൻ ഇവിടെ അമർത്തുക
(To Read this in "Mazhavil" Magazine Please Click on the Below Link)


മഴവിൽ (MAZHAVILL ) Page No, 46
വരികൾക്കിടയിൽ എന്ന ബ്ലോഗ്‌ അവലോകനം വാരിക ഈ കുറിപ്പിനെപ്പറ്റി നടത്തിയ ഒരു അവലോകനം വായിക്കുവാൻ ഈ ലിങ്കിൽ അമർത്തുക.  ("Varikalkidayil" Blog Review Magazine Published a Review on this Post. To Read that review please click on the below link) 



ചിത്രങ്ങൾക്ക് കടപ്പാട്:  ഗൂഗിൾ. 

Source: Mazhavil,  മഴവിൽ 

             Varikalkkidayil 

Picture- Google,



നിങ്ങളുടെ ബ്ലോഗിലേക്ക് ട്രാഫിക് തിരക്ക് കൂട്ടുവാൻ ഇതാ കുറെ പൊടിക്കൈകൾ അഥവാ നിങ്ങളുടെ സൃഷ്ടികൾ(ബ്ലോഗെഴുത്തുകൾ) എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം ഒപ്പം ബ്ലോഗിലേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കാം

69 comments

നിങ്ങളുടെ ബ്ലോഗിലേക്ക് ട്രാഫിക് തിരക്ക് കൂട്ടുവാൻ ഇതാ കുറെ പൊടിക്കൈകൾ അഥവാ  
നിങ്ങളുടെ സൃഷ്ടികൾ(ബ്ലോഗെഴുത്തുകൾ) എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം ഒപ്പം ബ്ലോഗിലേക്ക് കൂടുതൽ സന്ദർശകരെയും എത്തിക്കാം


ഏപ്രിൽ ആദ്യവാരം ആരംഭിക്കുന്ന A  to Z  എന്ന ബ്ലോഗ്‌ ചലഞ്ചിനെപ്പറ്റിയുള്ള നിരവധി കുറിപ്പുകൾ അതിൽ പങ്കെടുക്കുന്നവർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.  അതോടുള്ള ബന്ധത്തിൽ എന്റെ ചില അനുഭവക്കുറിപ്പുകൾ ഒപ്പം ഇതര ബ്ലോഗ്‌ മിത്രങ്ങളിൽ നിന്നും മനസ്സിലാക്കിയ ചില അറിവുകളും കോർത്തിണക്കി ഇംഗ്ലീഷിൽ എഴുതിയ ഒരു കുറിപ്പിലെ ചില വിവരങ്ങൾ എന്റെ മലയാളം വായനക്കാർക്കായി ഇവിടെ കുറിക്കുന്നു.  ബ്ലോഗെഴുത്തിലേക്ക് പുതുതായി പ്രേവേശിക്കുന്നവർക്കും ഇപ്പോൾ തന്നെ ബ്ലോഗെഴുത്തിൽ ചിരപ്രതിഷ്ഠ നേടിയവർക്കും ഒരുപോലെ ഇത് ഉപകരിക്കും എന്ന വിശ്വാസത്തോടെ ഈ വരികൾ ഇവിടെ സമർപ്പിക്കുന്നു. 


techtutshub.com
A to z Blog Challenge 2013
 A to Z Blog Challenge 2013 I
ബ്ലോഗെഴുതുന്നവർ അല്ലെങ്കിൽ വേണ്ട ഏതൊരു സാഹിത്യ സൃഷ്ടി നടത്തുന്നവരുടെയും ആഗ്രഹം തങ്ങളുടെ സൃഷ്ടികൾ മറ്റുള്ളവർ കാണണം വായിക്കണം എന്നുള്ളതാണല്ലോ, ആ  ആഗ്രഹത്തിലാണല്ലൊ അവർ  എഴുതുന്നതും.  ഇതിൽ വ്യത്യസ്ത മനോഭാവം ഉള്ളവരും ഉണ്ട് എന്ന കാര്യത്തിൽ എനിക്കു എതിരഭിപ്രായം ഇല്ല.  കാരണം അടുത്തിടെ ഒരു സുഹൃത്തിന്റെ ഗൂഗിൾ പ്ലസ്‌ കുറിപ്പിൽ അത്തരം ഒരു അഭിപ്രായം ഉയരുകയുണ്ടായി, അതിൽ നിന്നും എനിക്കു മനസ്സിലാക്കുവാൻ കഴിഞ്ഞത് തങ്ങളുടെ സ്വയ സംതൃപ്തിക്കു വേണ്ടി മാത്രം സൃഷ്ടികൾ നടത്തുന്നവരും ഉണ്ടന്നാണ്.  ഏതായാലും ഈ കുറിപ്പ് അത്തരം ധാരണ വെച്ചു പുലർത്തുന്നവർക്ക് വേണ്ടി അല്ലായെന്നു മുഖവുരയായി പറഞ്ഞുകൊള്ളട്ടെ. 

പുതുതായി ബ്ലോഗു എഴുതുന്നവർ തങ്ങളുടെ ബ്ലോഗിലേക്കു സന്ദർശകർ വരണം എന്ന് ആഗ്രഹിക്കുന്നവർ തന്നെ എന്നതിൽ രണ്ടു പക്ഷമില്ല. ഒരു പക്ഷെ മുൻപ് പറഞ്ഞതുപോലെ ബ്ലോഗെഴുത്തിൽ പുലികളായ ചിലർക്ക് തങ്ങളുടെ ബ്ലോഗിൽ  ആരു വന്നാലും വന്നില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല എന്ന മനോഭാവം ഉള്ളവരും ഉണ്ട് എന്നുള്ള വസ്തുതയും ഇവിടെ നിഷേധിക്കുന്നില്ല, നേരത്തെ സൂചിപ്പിച്ചതുപോലെ അങ്ങനെയുള്ള പ്രീയപ്പെട്ടവർക്കുള്ളതല്ല ഈ കുറിപ്പ് എന്ന് വീണ്ടും കുറിക്കട്ടെ. 

ബ്ലോഗെഴുത്തിൽ പുതുതായി കടന്നു വരുന്നവർക്ക് അതൊരു ബാലികേറാ മലയായി തുടക്കത്തിൽ തോന്നുമായിരിക്കാം. എന്നാൽ അല്പം അദ്ധ്വാനവും ഉറച്ച തീരുമാനവും ദൃഡ നിശ്ചയവും ഉണ്ടെങ്കിൽ ഇതൊരു ബാലികേറാ മലയല്ല മറിച്ചു എഴുത്തിൽ അല്പം വാസനയുള്ള ആർക്കും തുടങ്ങുവാൻ കഴിയുന്ന ഒന്നു തന്നെ എന്നു മനസ്സിലാക്കാൻ കഴിയും.  ആ ദൃഡപ്രതിഷ്ടയോടെ മുന്നോട്ടു പോയാൽ തീർച്ചയായും ഈ വിഷയത്തിൽ ഉയരങ്ങളിലേക്ക് എത്തുവാൻ കഴിയും എന്നതിലും സംശയം വേണ്ട. 

 ബ്ലോഗെഴുത്തിന്റെ ആരംഭ ദശയിൽ ഒരുപക്ഷെ നിങ്ങളുടെ ബ്ലോഗിലേക്ക് ആരും തന്നെ തിരിഞ്ഞു നോക്കിയില്ലാ എന്നു വന്നേക്കാം ഇവിടെ നിങ്ങൾ നിരാശരാകരുത്, എഴുതുക പോസ്റ്റു ചെയ്യുക, വീണ്ടും എഴുതുക പോസ്റ്റു ചെയ്യുക, ഈ പ്രക്രിയ തുടരുക.   തുടർന്നു താഴെ വിവരിക്കുന്ന പൊടിക്കൈകൾ നിങ്ങൾ തന്നെ പ്രാവർത്തികമാക്കാൻ ശ്രമിക്കുക. നമ്മുടെ ബ്ലോഗെഴുത്തുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന പ്രാഥമിക കാര്യം നാം തന്നെ ചെയ്യേണ്ടതുണ്ട്, അത് നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്യും എന്ന പ്രതീക്ഷ കൈവെടിയുക. 

നമ്മുടെ ബ്ലോഗിലേക്ക് സന്ദർശകരെ കൂട്ടുവാൻ നിരവധി വഴികൾ ഉണ്ട്.  എന്നാൽ ദുഖകരമായ വസ്തുത എന്തെന്നാൽ തുടക്കത്തില സന്ദർശകരെ ലഭിക്കാതെ വരുന്നതിനാൽ പലരും ഇത് നിർത്തുവാൻ അല്ലെങ്കിൽ വിട്ടുപോകുവാൻ പ്രേരിതരാകുന്നു.  ഇതൊരു നല്ല പ്രവണത അല്ല. അല്പ്പം സഹിഷ്ണതയും സഹന ശക്തിയും ഇവിടെ ആവശ്യം.  ഇങ്ങനെയുള്ളവരോട് എനിക്കു പറയുവാനുള്ളത് ഒന്ന് മാത്രം.  "നിങ്ങൾ പിൻ തിരിയരുത്"  തിരക്കു പിടിച്ച ഈ ലോകത്തിൽ ഓരോരുത്തർക്കും അവരവരുടേതായ തിരക്കുകൾ, ജോലികൾ ഉണ്ട് എന്നോർക്കുക, അതിനിടയിൽ വീണുകിട്ടുന്ന ചില നിമിഷങ്ങളത്രേ അവർ ഇത്തരം ബ്ലോഗ്‌ സന്ദർശനത്തിനു ഉപയോഗിക്കുന്നത്.  അപ്പോൾ അവർ നമ്മുടെ ബ്ലോഗിൽ എത്തണം പ്രതികരിക്കണം എന്നു വാശി പിടിക്കാനും പാടുള്ളതല്ലല്ലോ!  അതുകൊണ്ട് നിങ്ങൾ ഒരിക്കലും പിൻ തിരിഞ്ഞു നോക്കാതെ മുന്നോട്ട് പൊവുക. എഴുത്ത് തുടരുക അവരെ (നമ്മുടെ സുഹൃദ് വലയത്തിൽ ഉള്ളവരെ, ബന്ധു മിത്രാദികളെ, സഹ പ്രവർത്തകരെ, വെബ്‌ ലോകത്തിൽ പരിചയപ്പെട്ട സുഹൃത്തുക്കളെ) നമ്മുടെ ബ്ലോഗ്‌ വിശേഷങ്ങൾ അറിയിക്കുക, കത്തുകളിലൂടെയോ നേരിട്ടോ ഫോണിലൂടെയോ ചാറ്റിലൂടെയോ SMS വഴിയോ. തീർച്ചയായും ഒരു നല്ല പങ്ക് അതിനോട് പ്രതികരിക്കും എന്നാണ് എന്റെ അനുഭവം. അത് തീർച്ചയായും നമ്മുടെ ബ്ലോഗിലേക്ക് തിരക്കുണ്ടാക്കും എന്നതിനു സംശയം വേണ്ട. അവരിൽ ചിലർ തങ്ങളുടെ പ്രതികരണം നമ്മുടെ ബ്ലോഗിൽ രേഖപ്പെടുത്താനും അത് അവരുടെ സുഹൃദ് വലയത്തിൽ ഉള്ളവർ  കാണുന്നതിനും അവിടെ നിന്നും അതൊരു ചങ്ങല പോലെ നീളുന്നതിനുമുള്ള സാദ്ധ്യതകൾ വളരെയാണ്.  അതുകൊണ്ട് നിങ്ങളിലെ സർഗ്ഗ വാസന ബ്ലോഗ്‌ പേജുകളിലൂടെ പടർ ന്നു  വികസിക്കട്ടെ. 



താഴെ കൊടുക്കുന്ന ചില പൊടിക്കൈകൾ ഇതോടുള്ള ബന്ധത്തിൽ കുറേക്കൂടി സഹായകം ആകും. 
ശ്രദ്ധിക്കുക,  അത് പ്രവർത്തിപദത്തിൽ വരുത്തുക:

1. സഹ ബ്ലോഗർമാർ എന്തു എഴുതുന്നു  എന്നു സശ്രദ്ധം പരിശോധിക്കുക.

ബ്ലോഗുലകത്തിൽ ഇന്നു ബ്ലോഗർമാരുടെ ഒരു നീണ്ട നിര തന്നെ കാണാം അവർ എന്ത് ചെയ്യുന്നു എന്നു അതീവ ശ്രദ്ധയോടെ കാണുക.  അപ്രകാരം എനിക്കും ചെയ്യണം എന്ന ഒരു ചിന്ത ഉള്ളിൽ വരുത്തുവാൻ ശ്രമിച്ചാൽ നിങ്ങൾ പകുതി കടമ്പ കടന്നു കഴിഞ്ഞിരിക്കുന്നു എന്ന് തന്നെ കരുതാം.  നിങ്ങൾ ശ്രദ്ധിക്കുന്ന ബ്ലോഗുകൾ  അതൊരു പുലിയുടേതോ പുലിയാകാൻ ബദ്ധപ്പെടുന്ന ഒരാളിന്റെയോ അതോ അടുത്ത നാളുകളിൽ മാത്രം ബ്ലോഗു ലോകത്തേക്ക് കടന്ന ഒരാളിന്റെതോ ആകാം ഏതായാലും ശരി ശ്രദ്ധയോടെ അവ പരിശോധിച്ചാൽ തീർച്ചയായും നിങ്ങൾക്ക് ആവശ്യമായ ചില സംഗതികൾ, പാഠങ്ങൾ  അവിടെ നിന്നും ലഭിക്കും എന്നതിൽ സംശയം വേണ്ട. നോക്കുക അവർ ഏതു തരത്തിലുള്ള വിഷയങ്ങൾ ആണു കൈകാര്യം ചെയ്യുന്നത്, അവരുടെ ബ്ലോഗിലെ സന്ദർശകർ ആരൊക്കെ, അവരുടെ ആ പോസ്ടിനോടുള്ള പ്രതികരണം എന്ത് തുടങ്ങിയവ ശ്രദ്ധിക്കുക തുടർന്ന് ആ നിലയില്‍ ഒരു ശൈലി സ്വായത്തമാക്കാൻ ശ്രമിക്കുക.  ഇതിനായി നിങ്ങൾക്ക് താൽപ്പര്യം ഉള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ബ്ലോഗുകൾ തന്നെ തിരഞ്ഞെടുക്കുക അതിനായി ഒരു ഗൂഗിൾ സെർച്ച്‌ അല്ലെങ്കിൽ ട്വിട്ടർ സെർച്ചോ നടത്തിയാൽ അത്തരം ബ്ലോഗുകൾ അനായാസേന കണ്ടെത്താൻ കഴിയും.  അതിനായി ഈ ലിങ്കുകളിൽ അമർത്തുക. Googlesearch OR  twittersearch ഇത്തരം തിരഞ്ഞെടുക്കപ്പെട്ട ബ്ലോഗുകൾ പരിശോധിക്കുന്നതിലൂടെ ആ രീതിയിൽ മുന്നോട്ടു പോകുവാൻ കഴിയും. ഒരിക്കലും മറ്റുള്ളവർ ചെയ്യുന്നത് അപ്പടി പകർത്തുവാൻ തുനിയരുത് പകരം നിങ്ങളുടേതായ ഒരു വേറിട്ട ശൈലി തന്നെ രൂപപ്പെടുത്താൻ ശ്രമിക്കുക. ഇവിടെ നിങ്ങളുടെ ഉറച്ച വീക്ഷണവും ദൃഡ നിശ്ചയവും നിങ്ങൾക്ക് വലിയ കാര്യങ്ങൾ തന്നെ ചെയ്യുവാൻ കഴിയും. 

2. നിങ്ങളുടെ പ്രതികരണങ്ങൾ എഴുതുവാൻ മറക്കാതിരിക്കുക 
സന്ദർശിക്കുന്ന ബ്ലോഗുകളിൽ നിങ്ങളുടെ പ്രതികരണങ്ങൾ ബ്ലോഗിനു താഴെയുള്ള കമന്റു ബോക്സ്സിൽ എഴുതുവാൻ മറക്കാതിരിക്കുക. ഇതു നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനുള്ള ഒരു നല്ല വേദി തന്നെ, അത് പരമാവതി ഉപയോഗിക്കുക.  ഇത് എഴുത്തുകാരുമായി നിങ്ങൾക്കു നേരിട്ടു സമ്പർക്കം പുലർത്തുന്നതിനും സഹായകമാകും.   മിക്കാവാറും ഒരു നല്ല പങ്ക് ബ്ലോഗ്‌ എഴുത്തുകാരും തങ്ങളുടെ ബ്ലോഗു സന്ദർശിക്കുകയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നവർക്ക് ആവശ്യമായ ആലോചനകളും മറുപടികളും നൽകുന്നവരാണ്.  എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട് എന്നതു ഇവിടെ വിസ്മരിക്കുന്നില്ല.  തങ്ങളുടെ ബ്ലോഗിൽ ആരു വന്നാലും പോയാലും അവർക്കൊരു ചുക്കും ഇല്ല എന്ന മനോഭാവം വെച്ചു പുലർത്തുന്ന ചില ബ്ലോഗർമാരും  ഉണ്ട്.   അതോർത്തു നിങ്ങൾ വിഷമിക്കരുത് ചിലർ അങ്ങനെയാണ് , എന്നാൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിറവേറ്റുക വായിക്കുക ആശയ സമ്പുഷ്ടവും, വിജ്ഞാനപ്രദവുമായ അഭിപ്രായങ്ങൾ എഴുതുക.  ഒരു പക്ഷെ നിങ്ങളുടെ വിവേ കമാർന്ന പ്രതികരണം വായിക്കുന്ന ഒരാൾ തീർച്ചയായും നിങ്ങളുടെ ബ്ലോഗു സന്ദർ ക്കാനും ഇത് ഇട നൽകുന്നു.  പ്രതികരണങ്ങൾ കുറിക്കുമ്പോൾ വിഷയത്തിൽ നിന്നും മാറിപ്പോകാതെ അതിനനുയോജ്യമായ കുറിപ്പുകൾ  എഴുതുവാൻ പ്രത്യേകം ശ്രദ്ധിക്കുക.  വിഷയത്തിനു അനുയോജ്യമാല്ലാത്തതും അർത്ഥരഹിതവുമായ കമന്റുകൾ ശ്രദ്ധിക്കപ്പെടാതിരിക്കാനും ചിലപ്പോൾ നീക്കം ചെയ്യാനും ഇവിടെ സാദ്ധ്യത കൂടുതലാണ്.   അതുകൊണ്ട് വിഷയത്തിൽ നിന്നും മാറാതെ അഭിപ്രായങ്ങൾ എഴുതുക. ഇവിടെ വീണ്ടും മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് കമന്റിൽ ഉപന്യാസം എഴുതാൻ ശ്രമിക്കാതിരിക്കുക അഥവാ നിങ്ങൾക്ക്  ആ വിഷയത്തോടുള്ള ബന്ധത്തിൽ കുറേ കാര്യങ്ങൾ കൂടി എഴുതാൻ ഉണ്ടെങ്കിൽ കമന്റു ബോക്സ് അതിനുപയോഗിക്കാതിരിക്കുക.  പകരം ആ വിഷയത്തിൽ നിങ്ങൾ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ തന്നെ എഴുതുക അവിടെ വായിച്ച പോസ്റ്റിന്റെ ഒരു ബാക്ക് ലിങ്കും ചേർക്കുക.  അനുയോജ്യമായ കമന്റുകൾ എഴുതുക എന്നത് തീർച്ചയായും മറ്റു വായനക്കാരുടെയും എഴുത്തുകാരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ ഒരു നല്ല മാർഗ്ഗം തന്നെ, ഇക്കാര്യം എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നു കൊണ്ടു കുറിച്ച വാക്കുകളത്രേ.   പക്ഷെ ദുഖം എന്നു പറയട്ടെ പ്രതികരണങ്ങൾ കുറിക്കുന്നതിൽ പലരും പ്രാധാന്യം കൊടുത്തു കാണാറില്ല.   ഇക്കാര്യത്തിൽ സാധാരണ കണ്ടു വരുന്ന മറ്റൊരു കാര്യം കൂടി കുറിക്കട്ടെ.  കമന്റു എഴുതുമ്പോൾ അത് കേവലം "Awesome" "Fantastic", "Great", "Super" 'അടിപൊളി', 'മഹാസംഭവം', 'ഉഗ്രൻ' 'കലക്കി' തുടങ്ങിയ ഒറ്റ വാക്കുകളിൽ  ഒതുക്കരുത്‌. പോസ്റ്റു മുഴുവനും വായിക്കാതെ ഇത്തരം കമന്റു കുറിച്ച് പോകുന്ന ഒരു പ്രവണത പരക്കെ കാണാറുണ്ട്‌ ഇതൊരു നല്ല വഴക്കമല്ല, അങ്ങനെ ചെയ്യാതെയും ഇരിക്കുക.  ഇന്നുള്ള മിക്ക ബ്ലോഗ്‌ പ്ലാറ്റ്ഫോമിലും കമന്റു എഴുതുന്നവരുടെ അവതാർ ചിത്രത്തിൽ അമർത്തിയാൽ അവരുടെ ബ്ലോഗിലോ അവർക്കുള്ള സോഷ്യൽ വെബ് സൈറ്റുകളിലോ എത്തിച്ചേരാൻ കഴിയും, അതിനാൽ കമന്റിനുള്ളിൽ നിങ്ങളുടെ ലിങ്ക് ചേർക്കേണ്ട ആവശ്യം ഇല്ല.  എന്നാൽ വിഷയവുമായി ബന്ധപ്പെട്ട കുറിപ്പ് ഉണ്ടങ്കിൽ അതിന്റെ ലിങ്ക് തീർച്ചയായും കമന്റിൽ ചേർക്കുന്നത് നല്ലതു തന്നെ.  ഒരു ദിവസം ഞാൻ കുറഞ്ഞത്‌ ഇത്രയും ബ്ലോഗു സന്ദർശിക്കും ഒപ്പം അവിടെ കമന്റും എഴുതും എന്ന ഒരു തീരുമാനം എടുക്കുന്നതു ഒരു നല്ല പ്രവണത തന്നെ, സമയ ലഭ്യത അനുസരിച്ച് അതു നിറവേറ്റുവാനും ശ്രദ്ധിക്കുക.  തീർച്ചയായും ഈ തീരുമാനം നിങ്ങളുടെ ബ്ലോഗിലേക്കുള്ള ട്രാഫിക്ക് വർദ്ധിപ്പിക്കുവാൻ സഹായിക്കും. 

3.  സോഷ്യൽ വെബ് സൈറ്റുകളിൽ അംഗമാവുക 
പോസ്റ്റു വിവരം അവിടെ ചേർക്കുക.   
websiteboston.com
ഫേസ് ബുക്ക്‌, ഗൂഗിൾ പ്ലസ്,  ട്വിറ്റെർ, ലിങ്ക്ടിൻ,യൂട്യുബ്, ഫ്ലിക്കർ, സ്റ്റംബിൾഅപ്പോണ്‍, ടെക്നോക്രാറ്റ്, ഡിഗ്ഗ് തുടങ്ങിയുള്ള നിരവധി സൈറ്റുകളിൽ ഇന്ന് ഇത്തരം വിവര ങ്ങൾ ചേർക്കുവാൻ  സാധിക്കും അതുവഴി നമ്മുടെ ബ്ലോഗുകളിലേക്ക് നിരവധി പേർ വന്നെത്താൻ കാരണമാകുന്നു. ഇത്തരം പേജുകളിൽ നിങ്ങൾക്ക് അംഗത്വം ഇല്ല എങ്കിൽ ഇന്ന് തന്നെ അതിൽ പേരു രജിസ്റ്റർ ചെയ്യുക.  തുടർന്ന് സമാന താൽപ്പര്യങ്ങൾ ഉള്ള സുഹൃത്തുക്കളെ അവിടെ നേടുക അവരുമായി നിങ്ങളുടെ ബ്ലോഗ്‌ വിവരങ്ങൾ പങ്കു വെക്കുക. തുടക്കത്തിൽ ചിലർ നമ്മെ സുഹൃത്തുക്കൾ ആക്കിയില്ലാ എന്നു വന്നേക്കാം, അവിടെയും മനോധൈര്യം കൈവിടാതെ മുന്നോട്ടു പോകുക, എഴുതുക അറിയിക്കുക.  ക്രമേണ പലരും നിങ്ങളെ തേടിയെത്തും എന്ന കാര്യത്തിൽ  സംശയം വേണ്ട.  
   
lockerz.com
Lockerz.com പോലെയുള്ള ഒരു സോഷ്യൽ ഷയറിംഗ് ബട്ടണ്‍ നിങ്ങളുടെ ബ്ലോഗിൽ ചേർക്കുക. ഇന്ന് വളരെ പ്രചാരമുള്ള ഒരു സോഷ്യൽ ഷയറിംഗ് പേജാണിത്‌, ഏതാണ്ട് ഇരുനൂറിലധികം സൈറ്റുകൾ ഇതിലൂടെ ഷയർ ചെയ്യാൻ കഴിയും. ഇത് വളരെ നിക്ഷ്പ്രയാസം ആർക്കും തങ്ങളുടെ ബ്ലോഗിൽ ചേർക്കാൻ കഴിയും ഒരിക്കൽ ചേർത്താൽ ഓരോ തവണയും നാം പുതിയ പോസ്റ്റു പ്രസിദ്ധീകരിക്കുമ്പോൾ ഈ ബട്ടണ്‍ ഓട്ടോമാറ്റിക് ആയി നിങ്ങളുടെ ബ്ലോഗിൽ പ്രത്യക്ഷമാകും. ആ പേജിലേക്കുള്ള ലിങ്ക് ഇതാ ഇവിടെ.  Lockerz.com 


4. ലിങ്കുകൾ പങ്കു വക്കുമ്പോൾ വളരെ ബുദ്ധിപൂർവ്വം അത് ചെയ്ക. 
മേൽപ്പറഞ്ഞ സൈറ്റുകളിൽ അംഗത്വം എടുത്തിരിക്കുന്നവരിൽ ഒരു നല്ല പങ്കും തങ്ങളുടെ ഒരു വിനോദ വേളകളിൽ സമയം കളയാനായി നേരമ്പോക്കിനായി വന്നു ചേർന്നവർ ആണെന്ന സത്യം മറക്കാതിരിക്കുക, പലപ്പോഴും അവർക്ക് നമ്മുടെ ഈ ലിങ്ക് വിതറലിൽ ഒട്ടും താൽപ്പര്യം ഇല്ലാ എന്നു തന്നെ വേണം കരുതാൻ, കാരണം സുഹൃത്തുക്കളുമായി ചാറ്റിംഗ് നടത്താനും സൊറ പറയാനും അവർ സമയം കണ്ടെത്തുമ്പോൾ നാം നമ്മുടെ ബിസ്സ്നസ്സുമായി ചെന്നാലത്തെ അവരുടെ മാനസിക അവസ്ഥ ഒന്നൂഹിച്ചാൽ മതിയല്ലോ!  അതുകൊണ്ട് ഇത്തരം സൈറ്റുകളിൽ പോയി ലിങ്കിട്ട് എന്റെ ബ്ലോഗിൽ പുതിയ പോസ്റ്റു, സമയം പോലെ വരുമല്ലോ, നോക്കുമല്ലോ, കമന്റു ഇടുമല്ലോ തുടങ്ങിയ വാചകങ്ങൾ അവിടെ നിരത്തിയാലത്തെ സ്ഥിതി ഒന്നോർത്തു നോക്കുക. അതവർക്ക് തീർച്ചയായും അരോചകം ഉളവാക്കും, "സ്വർഗ്ഗത്തിലെ കട്ടുറുമ്പ്" തന്നെ എന്നവർ മുദ്ര കുത്തിയാൽ അതിൽ അതിശയോക്തി ഒട്ടും ഇല്ല തന്നെ! അത് അവർക്ക് ഒട്ടും ദഹിക്കില്ല എന്നതിൽ സംശയം വേണ്ട. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെ തന്മയത്വത്തോടെ അനുനയ സ്വരത്തിൽ  അവതരിപ്പിക്കാൻ ശ്രമിക്കുക. കൂടാതെ ഇന്നു നിരവധി ബ്ലോഗ്‌ കൂട്ടായ്മകൾ, ബ്ലോഗ്‌ അഗ്രഗേറ്റർ കൾ  പ്രത്യേകമായി രൂപീകരിച്ചിട്ടുണ്ട് അത് കണ്ടെത്തി അവിടെ അംഗമാവുക തുടർന്ന് അവിടെ ലിങ്കുകൾ പോസ്റ്റുക.  ഉദാഹരണത്തിനു ഈ ബ്ലോഗിന്റെ സൈഡ് ബാറിൽ പ്രദർശിപ്പിച്ചിരിക്കുന്ന ജാലകം, മലയാളം ബ്ലോഗ്‌ ഡയറക്ടറി, കുഴൽവിളി, തനിമലയാളം തുടങ്ങിയ ലോഗോകൾ ശ്രദ്ധിക്കുക അവിടെ അംഗമായാൽ നിങ്ങൾ ബ്ലോഗ്‌ എഴുതി പോസ്റ്റു ചെയ്യുമ്പോൾ തന്നെ അതിന്റെ ലിങ്കും വിവരങ്ങളും അവിടെ പ്രദർശിപ്പിക്കപ്പെടും. അവിടെത്തുന്ന സന്ദർശകർ അങ്ങനെ നിങ്ങളുടെ ബ്ലോഗിലേക്ക് എത്താൻ വഴിയുണ്ട്. 

അടുത്തിടെ ഒരു ബ്ലോഗ്‌ മിത്രത്തിനുണ്ടായ ഒരനുഭവം ഇതോടുള്ള ബന്ധത്തിൽ കുറിക്കുന്നത് ഉചിതം എന്നു തോന്നുന്നു.  ബ്ലോഗിൽ  സ്ഥിരമായി സിനിമാ നിരൂപണങ്ങളും മറ്റും എഴുതുന്ന ഇയാൾ ഒരു പോസ്റ്റ്‌ ഇട്ട ശേഷം ബ്ലോഗായ ബ്ലോഗെല്ലാം ചുറ്റി നടന്നു ഒരു വാചകം ഇപ്രകാരം കുറിക്കുന്നു "എന്റെ ബ്ലോഗിൽ പുതിയ പോസ്റ്റു,പിന്നൊരു സിനിമാക്കരന്റെയോ സിനിമയുടെയോ ഒരു പേരും ചേർത്ത് വരുമല്ലോ നോക്കുമല്ലോ കമന്റു ഇടുമല്ലോ" ഇങ്ങനെ കുറെ യാചനകളും. ഇതു ഇയാളുടെ ഒരു സ്ഥിരം പല്ലവിയായി മാറിയപ്പോൾ, ചിലർ പറഞ്ഞു നോക്കി മാഷെ അങ്ങനെ ചെയ്യരുത് അത് ശരിയായ പദ്ധതി അല്ല എന്നും മറ്റും, പക്ഷെ   ഈ വിദ്വാൻ ഉണ്ടോ അത് കേൾക്കാൻ.  അയാൾ തന്റെ പഴേ പണി തന്നെ തുടർന്നു.  സഹികെട്ട അവർ (മലയാളം ബ്ലോഗെഴുത്തു സംഘത്തിലെ ചില പുലികൾ) കൂടിയാലോചിച്ച് ഇയാൾക്കൊരു എട്ടിന്റെ പണി കൊടുത്തിട്ടു തന്നെ കാര്യം,  അവർ ഓരോരുത്തരും മാറി മാറി അയാളുടെ ബ്ലോഗിൽ കമന്റു  കോളത്തിൽ അയാൾ എഴുതുന്നതു പോലെ കമന്റിടാൻ തുടങ്ങി.  രക്ഷയില്ലാതെ വന്ന അയാൾ പിന്നീടൊരിക്കലും അത്തരം പണി ചെയ്തില്ല എന്നു മനസ്സിലാക്കാൻ കഴിഞ്ഞു. അതുകൊണ്ട് ഇത്തരം സൈറ്റുകളിൽ ലിങ്കിടുമ്പോൾ വളരെ ജാഗ്രത പാലിക്കുക, നിങ്ങളുടെ പോസ്ടിനെപ്പറ്റി രണ്ടു വാക്കു കുറിക്കുക ഒപ്പം ഈ വിഷയത്തിൽ നിങ്ങളുടെ വിലയിരുത്തൽ എങ്ങനെ എന്നും മറ്റും ചേർത്ത് വായനക്കാരെ അതിലേക്കു ആകർഷിക്കും വിധം ലിങ്കുകൾ ചേർക്കുക. തീർച്ചയായും ചിലര്‍ അവിടേക്കു വരും എന്നതിൽ സംശയം വേണ്ട. 


5. സോഷ്യൽ സൈറ്റുകൾ ഒരു കച്ചവട സ്ഥലം അല്ല.
നിങ്ങളുടെ വസ്തുക്കൾ വിനിമയം ചെയ്യാനുള്ള ഒരു ചന്ത സ്ഥലം അല്ല ഇത്തരം സൈറ്റുകൾ എന്ന കാര്യവും ഓർത്തിരിക്കുക. മുൻപ് സൂചിപ്പിച്ചതു പോലെ, പുതിയ സുഹൃദ് ബന്ധങ്ങൾ പുലർത്താനും, തിരക്കു പിടിച്ച ലോകത്തിൽ അൽപ്പം ആനന്ദം കണ്ടെത്തുന്നതിനുമായി നിരവധി പേർ ഇത്തരം സൈറ്റുകളിൽ വന്നെത്തുന്നു. ചിലർ രസമേറിയ സംഭാഷണങ്ങൾ നടത്താനായി മാത്രം ഇത്തരം ഇടങ്ങളിൽ എത്തുന്നു. അതുകൊണ്ട് പലപ്പോഴും അവിടെത്തുന്നവർ പരസ്പരം അറിവാനും സുഹൃദ് ബന്ധം സ്ഥാപിപ്പാനും, പഴയകാല സുഹൃത്തുക്കളെ കണ്ടെത്താനും ആഗ്രഹിക്കുന്നു.  അതിനാൽ ആദ്യം തന്നെ നിങ്ങളെപ്പറ്റി ഒരു പരിചയപ്പെടുത്തൽ ഇവിടെ ആവശ്യം, അതിനായി നിങ്ങളെപ്പറ്റി ചില വിവരങ്ങൾ നൽകുന്ന ഒരു ചെറു കുറിപ്പ് ഉള്ള നിങ്ങളുടെ തന്നെ ബ്ലോഗിലേക്ക് അവരെ ക്ഷണിക്കുക. അത് തുടർന്ന് അവരുമായി കൂടുതൽ ബന്ധം പുലർത്തുന്നതിനു സഹായകമാകും. പിന്നീട് നിങ്ങളുടെ ഉൽപ്പന്നം അവിടെ പ്രദർശിപ്പിക്കുക, അതൊരു പക്ഷെ ചിലവായി എന്നു വരും.   ചിരിയോ ചിരി!

6.  ഓണ്‍ലൈനിൽ ഒരു നല്ല ബന്ധം പുലർത്തുവാൻ പഠിക്കുക.  
നിങ്ങളുടെ ബ്ലോഗിൽ വരുകയും, ഫോളോവർ ആയി ചേരുകയും,  കമന്റുകൾ എഴുതുകയും ചെയ്യുന്നവരുടെ ബ്ലോഗുകൾ  സന്ദർശിക്കുന്നതിനും അതേ തോതിൽ അവരുടെ ബ്ലോഗുകൾ സന്ദർശിക്കുന്നതിനും അതിനുള്ള പ്രതികരണങ്ങൾ നൽകുന്നതിലും  സമയം കണ്ടെത്തേണ്ടതുണ്ട്. അതൊരു നല്ല ബ്ലോഗ്‌ ബന്ധം സ്ഥാപിക്കുന്നതിനും  കാരണമാകുന്നു. ഒപ്പം അതൊരു വലിയ സുഹൃദ് ബന്ധത്തിനും വഴിയാകുകയും അത് നിങ്ങളുടെ ബ്ലോഗിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനും ഇടയാക്കുന്നു.   

7.  ബ്ലോഗുകൾ സന്ദർശിക്കുമ്പോൾ ബുദ്ധിപൂർവ്വം അത് ചെയ്ക.  
നിങ്ങളുടെ അഭിരുചിക്ക് ഇണങ്ങാത്ത ബ്ലോഗിൽ/പോസ്റ്റിൽ ആണു നിങ്ങൾ എത്തിപ്പെട്ടതെങ്കിൽ ഉടൻ തന്നെ അവിടെ നിന്നും മാറുകയത്രെ ഉത്തമം കാരണം അവിടെ നിങ്ങളുടെ  സമയം പാഴാകുക മാത്രം ഫലം. അതുകൊണ്ട് പ്രയോജനപ്പെടും എന്നു തോന്നുന്ന ബ്ലോഗുകൾ/സേർച്ച്‌ പേജുകൾ മാത്രം വിവേകത്തോടെ തിരഞ്ഞെടുക്കുക. ചില പേജുകളിൽ ആവശ്യമായതൊന്നും ലഭിച്ചില്ല എന്നു വരാം, ചില പേജുകൾ വെറും സ്പാം (spam) പേജുകൾ മാത്രം ആയിരിക്കും. അത്തരം പേജുകളിൽ നിന്നും ഓടി രക്ഷപ്പെടുക എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല കാരണം നിങ്ങൾ നിങ്ങളുടെ വിലയേറിയ സമയമാണിവിടെ ലാഭിക്കുന്നതു. ആ സമയം മറ്റു നല്ല പേജുകൾ സന്ദർശിക്കാനോ പുതിയൊരു ബ്ലോഗിന്റെ പണി തുടങ്ങുന്നതിനോ  വിനിയൊഗിക്കാമല്ലൊ.   

8.  പോസ്റ്റുകൾ മുടക്കം കൂടാതെ പ്രസിദ്ധീകരിക്കുക. 

ഇതു നിങ്ങളുടെ ബ്ലോഗ്‌ റാങ്ക് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നു.  സെർച്ച്‌ എഞ്ചിൻ വാക്കുകൾ തേടി നിങ്ങളുടെ ബ്ലോഗിൽ എത്താൻ ഇതു സഹായിക്കുന്നു.  വല്ലപ്പോഴും ഒരിക്കൽ ബ്ലോഗ്‌ ഇട്ടാൽ ഇത് സാധിതമാകില്ല. നിങ്ങളുടെ സൃഷ്ടികൾക്കായി കാത്തിരിക്കുന്ന ചിലരെ നിങ്ങൾ ഇതിനകം നേടിയിരിക്കും, ഒരു വിധത്തിൽ നിങ്ങൾ അവരെ ബുദ്ധിമുട്ടിപ്പിക്കുകയാവും ചെയ്യുന്നത്. മുടങ്ങാതെ സൃഷ്ടികൾ പോസ്റ്റു ചെയ്യുന്നില്ലെങ്കിൽ നിങ്ങളുടെ സ്ഥിരം സന്ദർശകരെപ്പോലും നിങ്ങൾക്ക് നഷ്ടമായെന്നും വരും. അതുകൊണ്ട് നിങ്ങളുടെ രചനകൾ അധികം വൈകിക്കാതെ തന്നെ പോസ്റ്റു ചെയ്യുക. ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട് പോസ്റ്റു ചെയ്യുന്നവ നല്ല നിലവാരം പുലർത്തുന്നവ തന്നെ ആയിരിക്കേണം ഇതിൽ നിഷ്ക്കർഷത പുലർത്തേണ്ടതുണ്ട്. മുടങ്ങാതെ പോസ്റ്റ്‌ ഇടണം എന്നു പറഞ്ഞതുകൊണ്ടു വാരിവലിച്ചു എഴുതണം എന്നല്ല അതിനർത്ഥം, എഴുതുന്നവ മറ്റുള്ളവർക്ക് വായനാ സുഖം നൽകുന്നതും ഒപ്പം അൽപ്പം വിജ്ഞാനം പകരുന്നതും ആയാൽ  ഏറെ നന്നു, അതുകൊണ്ട് നല്ല രചനകൾ മുടങ്ങാതെ പോസ്റ്റു ചെയ്ക. ഇതും സന്ദർശകരെ ബ്ലോഗിൽ എത്തിക്കാൻ വഴി നൽകുന്നു.      

9.  സന്ദർശകർക്കൊരു നന്ദി വാക്കും ഒപ്പം അവരെ ഫോളോ ചെയ്യാനും മറക്കാതിരിക്കുക.  
ഒരാൾ നിങ്ങളുടെ ബ്ലോഗിലെത്തി നിങ്ങളെ അനുഗമിക്കുന്ന കൂട്ടത്തിൽ ചേർന്നാൽ, വൈകാതെ തന്നെ അവരുടെയും ബ്ലോഗു സന്ദർശിക്കാനും അവരുടെ ബ്ലോഗിനെ അനുഗമിക്കാനും മറക്കാതിരിക്കുക.  ഇതിനർത്ഥം കണ്ണിൽ കാണുന്നവരെ എല്ലാം ബ്ലോഗിൽ അനുഗമിക്കുക എന്നല്ല, മറിച്ചു അവരുടെ ബ്ലോഗു നമുക്കു ഗുണം നൽകുന്ന ഒന്നല്ലായെങ്കിൽ അത് വിട്ടുകളക, ഈ കാര്യം അനുനയസ്വരത്തിൽ നിങ്ങൾക്ക് അവരെ അറിയിക്കുകയും ചെയ്യാം.  എന്നിരുന്നാലും കഴിവുള്ളിടത്തോളം നമ്മെ സന്ദർശിക്കുന്നവരെ  നാമും സന്ദർശിക്കാൻ സമയം കണ്ടെത്തേണ്ടതുണ്ട്. അതൊരു സാമാന്യ മര്യാദ കൂടിയാണല്ലോ.  ഫോളോ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അവർ നമ്മുടെ അവതാർ ചിത്രത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്മുടെ ബ്ലോഗിലേക്ക് വരാനുള്ള വഴി അവിടെ കൊടുത്തിരിക്കണം, ഇന്നു പലരും തങ്ങളുടെ ഗൂഗിള പ്ലസ് അഡ്രസ്‌ ആണവിടെ കൊടുക്കുക തിരക്കിപ്പിടിച്ചു അവിടെ ചെന്നാലോ അവരുടെ ബ്ലോഗിലെത്താനുള്ള ഒരു ലിങ്കോ പൊസ്റ്റൊ ഒന്നും കാണില്ല ഒടുവിൽ അവർക്കവിടെ എത്താനും നിങ്ങളുടെ ബ്ലോഗ്‌ ഫോളോ ചെയ്യാനും കഴിയാതെ വരും 
അതിനാൽ ഗൂഗിൾ പ്ലസ് ലിങ്കായി ചേർക്കുന്നവർ തീർച്ചയായും അവരുടെ ബ്ലോഗിന്റെ ലിങ്കു വിവരങ്ങൾ അവിടെ ചേർക്കുക. അതുമല്ലെങ്കിൽ ബ്ലോഗ്‌ ഫോളോ ചെയ്ത ശേഷം ആ വിവരം ഒരു കമന്റായി കമന്റു ബ്ലോക്സിൽ ചേർക്കുക അവിടെ നിന്നും അവർക്ക് അനായാസേന നിങ്ങളുടെ ബ്ലോഗിൽ എത്താൻ കഴിയും. ഫോളോ ചെയ്യുമ്പോൾ നിങ്ങളുടെ അവതാർ അവരുടെ ബ്ലോഗിൽ പ്രത്യക്ഷപ്പെടുമെങ്കിലും ബ്ലോഗുടമ  അപ്പോൾ നോക്കിയെങ്കിൽ മാത്രമേ അത് തന്റെ ദൃഷ്ടിയിൽ പെടുകയുള്ളൂ, എന്നാൽ അതെ സമയം ഈ വിവരത്തെപ്പറ്റി കമന്റു ബ്ലോക്സിൽ ഒരു കുറിപ്പിട്ടാൽ അതുടൻ തന്നെ ബ്ലോഗുടമയുടെ ദൃഷ്ടിയിൽ പെടാൻ സാദ്ധ്യത കൂടുതൽ ആണ്. 

1൦ ലേബലുകൾ ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

ഇവിടെ ചേർക്കാൻ വിട്ടുപോയ ഒരു പ്രധാന സംഗതി. 
ബ്ലോഗ്ഗർ പേജിന്റെ വലതു വശത്തു കാണുന്ന Labels എന്ന ബട്ടണിൽ അമർത്തി നിങ്ങളുടെ പോസ്റ്റു സംബന്ധമായ പ്രധാന വാക്കുകൾ (Key words)  അവിടെ കുറിക്കുക.  പലരും കഥ,  കവിത ലേഖനം, നർമ്മം, അനുഭവം എന്നിങ്ങനെ ഒറ്റവാക്കു മാത്രം പറഞ്ഞു പോകുന്നു. പകരം ബ്ലോഗു വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വാക്കുകൾ ചേർക്കുക.  അതുപോലെ google bookmarks, delicious, Yahoo bookmarks, Bing, തുടങ്ങിയവയിൽ പ്രമോട്ട് ചെയ്യുമ്പോൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇത് സെർച്ച്‌ എഞ്ചിനുകൾ നിങ്ങളുടെ ബ്ലോഗിലേക്കു വഴി കാട്ടും. പിന്നൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഈ കീ വേർഡുകൾ ഇംഗ്ലീഷിൽ ആയാൽ അതു കൂടുതൽ ഗുണം ചെയ്യും.   അതുകൊണ്ടു മേൽപ്പറഞ്ഞ ഇടങ്ങളിൽ നിങ്ങളുടെ ബ്ലോഗിലെ key words കൾ ചേർക്കുവാൻ മറക്കാതിരിക്കുക.  അത് ഓരോ വാക്കും എഴുതി കോമാ ഇട്ടു മാത്രം ചെയ്യുക.  മിക്കയിടങ്ങളിലും ഏകദേശം 200 ഓളം അക്ഷരങ്ങൾ ചേർക്കുവാൻ അനുമതിയുണ്ട്‌.  ഉദാഹരണത്തിനു ഇവിടെ 200 അക്ഷരങ്ങളെ അനുവദിച്ചിട്ടുള്ളൂ.  അതിൽ കൂടുതൽ ചേർത്താൽ ഒരു മുന്നറിയിപ്പു ലഭിക്കും, വാക്കുകൾ ഡിലീറ്റ് ചെയ്തു വീണ്ടും താഴെയുള്ള DONE OR SAVE SEND ബട്ടണിൽ അമർത്തുക. 


                                                             അടിക്കുറിപ്പ് 

ഈ ബ്ലോഗു സന്ദർശിക്കാൻ നിങ്ങൾ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം അറിയിക്കുന്നു.   ഒപ്പം നിങ്ങൾ എങ്ങനെ നിങ്ങളുടെ ബ്ലോഗ്‌ പ്രമോഷൻ നടത്തുന്നു.   ഇവിടെ വിവരിച്ചതിൽ നിന്നും വ്യത്യസ്തമായ ഏതെങ്കിലും രീതി ഉണ്ടെങ്കിൽ ദയവായി ആ അറിവുകൾ ഇവിടെ വരുന്ന വായനക്കാർക്കയി താഴെയുള്ള കമന്റു ബോക്സിൽ കുറിക്കുമാല്ലോ. അത് തീർച്ചയയും എനിക്കും എന്റെ സന്ദർശകർക്കും ഗുണം ചെയ്യുക തന്നെ ചെയ്യും. 
എഴുതുക അറിയിക്കുക. 
വീണ്ടും കാണാം. 
നന്ദി നമസ്കാരം.
ഫിലിപ്പ് 
ഏരിയൽ 
വറുഗീസ്   


ഈ കുറിപ്പിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് ഇവിടെ ഈ ലിങ്കിൽ വായിക്കുക. Philipscom

ഇംഗ്ലീഷ് കുറിപ്പിൽ വന്ന ഒരു പ്രതികരണവും ഇവിടെ കുറിക്കുന്നു. ബ്ലോഗെഴുത്തുകാർ ചിത്രങ്ങൾ തങ്ങളുടെ ബ്ലോഗിൽ ചേർക്കുന്നവരാണല്ലോ അവർക്കു പ്രയോജനപ്പെടുന്ന ചില പൊടിക്കൈകൾ ഇവിടെ ഈ ബ്ലോഗിൽ വായിക്കുക. ഇംഗ്ലീഷിൽ ബ്ലോഗെഴുതുന്ന ഇപ്പോൾ കർണാടകയിൽ താമസമാക്കിയ മലയാളിയായ ഡോക്ടർ സോണിയ ആണ് ഈ ബ്ലോഗ്ഗർ. നിരവധി ഫോട്ടോ പോസ്റ്റിങ്ങ്‌ ടിപ്പുകൾ ഇവിടെ ലഭ്യമാണ്. ക്രാഫ്റ്റ് കളെ ക്കുറിച്ചുള്ള നിരവധി ബ്ലോഗ്‌ പോസ്റ്റുകൾ ഇവരുടെ പേജിൽ ലഭ്യമാണ്. അവരുടെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ. "All about Blog Post Photo Tips"



ബ്ലോഗേഴുത്തുമായി ബന്ധപ്പെട്ട മറ്റു ചില ലിങ്കുകൾ :


വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍ (Blog Comments Some Thoughts: Or A Personal Experiences of a Blogger) 


 


ബ്ലോഗര്‍ കൂട്ടായ്മ ചില സാമാന്യ മര്യാദകള്‍ - Bloggers Meet Few Etiquette



നിങ്ങളുടേയും അനുഭവങ്ങൾ ഇവിടെ കമന്റു ബ്ലോക്സിൽ ചേർത്താൽ അത്  അനുബന്ധമായി ഈ പോസ്റ്റിൽ ലിങ്കു സഹിതം ചേർക്കുന്നതാണ്.  നിങ്ങളുടെ വിലയേറിയ ഈ സന്ദർശനത്തിനു വീണ്ടും നന്ദി നമസ്ക്കാരം. 

ഫിലിപ്പ് വി ഏരിയൽ 



Visit PHILIPScom

PHILIPScom On Facebook