Showing posts with label സംഭവങ്ങള്‍. Show all posts
Showing posts with label സംഭവങ്ങള്‍. Show all posts

ഒരു പാസ്സ്പോര്‍ട്ടു സൈസ് പടം വരുത്തി വെച്ച വിന! ? അഥവാ ഒരുപിടി പഴയ ഓർമ്മകൾ

73 comments

ഒരു പാസ്സ്പോര്‍ട്ടു സൈസ് പടം വരുത്തി വെച്ച വിന!?അഥവാ ഒരുപിടി പഴയ ഓർമ്മകൾ 

അടുത്തിടെ പോസ്റ്റു ചെയ്ത ഒരു കവിതയും അതിനൊപ്പം ചേര്‍ത്തിരുന്ന എന്റെ ഒരു പഴയ ചിത്രവും കണ്ടു ഒരു ബ്ലോഗു മിത്രം ഇപ്രകാരം കുറിച്ചു "ഹോ, പഴേ ഫോട്ടോ കണ്ടീട്ട് അസൂയ വരുന്നു."

പെട്ടന്നാണ് ഞാന്‍ എന്റെ ഒരു പഴയ, അല്ല ആദ്യ പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോയെപ്പറ്റി ഓര്‍ത്തു പോയത്.

പത്താം ക്ലാസ്സ് പരീക്ഷക്ക്‌ ഹാള്‍ ടിക്കറ്റില്‍ ചേര്‍ക്കാന്‍ ചിത്രം ആവശ്യമായി വന്നു, അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഒരു സ്റ്റുഡിയോയുടെ ഉള്‍വശം കണ്ടു. അന്നൊരു ചിത്രം എടുത്തു.  എന്റെ ആദ്യ പാസ്സ്പോര്‍ട്ട് ചിത്രം!

ഈ ചിത്രം പിന്നീട് വരുത്തി വെച്ച വിന ഒന്ന് പറയേണ്ടത് തന്നെ!

വിന എന്ന് അതിനെ വിളിക്കാമോ എന്തോ! ഏതായാലും അത് ഈ കുറിപ്പു മുഴുവനും വായിച്ച ശേഷം നിങ്ങള്‍ തന്നെ വിധി എഴുതിയാല്‍ മതി!

ഹൈസ്കൂള്‍ കോളേജു പഠനം കഴിഞ്ഞു ഉദ്യോഗാര്‍ത്ഥം സിക്കന്ത്രാബാദിലേക്ക് വണ്ടി കയറി. തുടര്‍ന്നുള്ള ആ  ചരിത്രത്തെപ്പറ്റി അല്‍പ്പം കാര്യങ്ങള്‍ ഇവിടെ വായിക്കാം. 

കഥയിലേക്കു വീണ്ടും വരട്ടെ. 

ഇവിടെയെത്തിയതും വായന ഭ്രാന്തനായ ഞാന്‍ പുതിയൊരു ലോകത്തേക്കും പുതിയൊരു പാതയിലേക്കും മെല്ലെ നടന്നു നീങ്ങി.  മലയാളം പുസ്തകങ്ങളില്‍ നിന്നും ഇംഗ്ലീഷ് പുസ്തകങ്ങളിലേക്കും, പ്രസിദ്ധീകരണങ്ങളിലേക്കും ഉള്ള ഒരു വഴിത്തിരിവ്. 

അങ്ങനെ അത് ആദ്യം കുട്ടികളുടെ പ്രസിദ്ധീകരണങ്ങളായ Children's World, Target, തുടങ്ങിയ മാസികകളിലേക്ക് എന്നെ നയിച്ചു.

Pic. by P V A
ടാര്‍ജെറ്റ്‌ എന്ന പരിതസ്ഥിതി മാസികയില്‍ കുട്ടികളില്‍ പരിതസ്ഥിതി സംരക്ഷണത്തെപ്പറ്റി, അതിന്റെ ആവശ്യകതയെപ്പറ്റി മനസ്സിലാക്കാന്‍ ഉതകുന്ന നിരവധി ലേഖനങ്ങള്‍ വായിച്ചിരുന്നു. അതെന്നെ ഒരു പ്രകൃതി സ്നേഹിയാക്കി മാറ്റി എന്നു പറഞ്ഞാല്‍ മതി.  അതെനിക്കും പിന്നീട് ആ വിഷയങ്ങളില്‍ ചിലതെല്ലാം എഴുതാനും സഹായകമായി. അങ്ങനെ മരങ്ങളോടുള്ള ബന്ധത്തില്‍ എഴുതിയ ഒരു കുറിപ്പ് ഇവിടെ വായിക്കുക:മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!! Human Existence Depends On Our Natural Resources

അയ്യോ ഞാന്‍ എന്റെ വിഷയം വിട്ടു കാട് കയറുകയാണോ!

ക്ഷമിക്കുക.

വീണ്ടും വിഷയത്തിലേക്ക് വരട്ടെ!

എന്റെ പത്താം തരത്തില്‍ പരീക്ഷയെഴുതാന്‍ എടുത്ത പടത്തെപ്പറ്റിയാണല്ലോ പറഞ്ഞു വന്നത്.

അതെ ആ ചിത്രം ടാര്‍ജെറ്റ്‌ എന്ന മാസികയില്‍ penpals (തൂലികാ മിത്രം) എന്ന പേജില്‍ വിലാസം സഹിതം പ്രസിദ്ധീകരിച്ചു.

ഈശരോ രക്ഷതു എന്ന് പറഞ്ഞാല്‍ മതി!

തൂലികാ മിത്രങ്ങളുടെ കത്തുകളുടെ ഒരു പ്രവാഹം തന്നെ വീട്ടിലേക്കു.

അതില്‍ കൂടുതലും പെണ്‍കുട്ടികളുടെതും,കവറുകള്‍ക്കുള്ളില്‍ അവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും ചിലര്‍ മറന്നില്ല.

സംഗതി ആകെ ഗുലുമാലാകുമെല്ലൊ, ഉപരിപഠനത്തിനും ഉദ്യോഗത്തിനുമായി നാടു വിട്ടു മറുനാട്ടില്‍, ചേച്ചിയുടെ വീട്ടിലെത്തിയവന്‍ ഇതാ പ്രേമ ലേഖനങ്ങള്‍ക്ക്  പിന്നാലെ!

ശ്ചെ!! ഓര്‍ത്തപ്പോള്‍ ഉള്ളില്‍ ഒരു ഭയം.  എങ്കിലും ചേച്ചിയോട്  സംഗതി തുറന്നു പറഞ്ഞു. ഗുലുമാലില്‍ ഒന്നും പോയി ചാടെല്ലേടാ  മോനേ എന്നൊരു താക്കീതു മാത്രം കിട്ടി.

ഞാനുണ്ടോ വിടുന്നു 

The Fascinating Story of Philately
ചേച്ചി തരുന്ന പോക്കറ്റ് മണിയില്‍ നിന്നും മിച്ചം പിടിച്ചു മിത്രങ്ങള്‍ക്ക് കത്തുകള്‍ കുത്തിക്കുറിച്ചു തുടങ്ങി. അങ്ങനെ അമേരിക്ക ഇസ്രയേല്‍ ഇന്‍ഡോനേഷ്യ ഫിലിപ്പ്യന്‍സ് കാനഡ ജെര്‍മ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നു പോലും പെണ്‍കുട്ടികളുടെ കത്തും ഫോട്ടോയും പിന്നെ ജന്മ ദിനങ്ങളില്‍ പ്രത്യേകം സമ്മാനപ്പൊതികളും ആശംസാ കാര്‍ഡുകളും കിട്ടിക്കൊണ്ടിരുന്നു. എല്ലാറ്റിലും ഉപരി ഞാന്‍ ഒരു സ്റ്റാമ്പു പ്രേമിയുമായിരുന്നു, നിരവധി വിദേശ സ്റ്റാമ്പുകള്‍ ഇങ്ങനെ ശേഖരിക്കാന്‍ എനിക്കു കഴിഞ്ഞു.  അത് പിന്നീട് സ്റ്റാമ്പുകളേപ്പറ്റി പല ലേഖനങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാന്‍ സഹായിച്ചു. എന്റെ ജേര്‍ണലിസം പരീക്ഷക്ക്‌ അവതരിപ്പിച്ച പ്രബന്ധവും സ്റ്റാമ്പുകളെക്കുറിച്ചുള്ളതായിരുന്നു, അതിനെനിക്കു നല്ല മാര്‍ക്ക് ലഭിക്കുകയും ചെയ്തു.

അന്ന് ഞങ്ങള്‍ ഒരു വാടക വീട്ടില്‍ രണ്ടാം നിലയിലായിരുന്നു താമസം, പുതിയ താമസക്കാരനു കത്തുകളുടെ ആഘോഷം കണ്ട പോസ്റ്റുമാന് ഒടുവില്‍ കലി കയറി, അയാള്‍ കത്തുകള്‍ താഴത്തെ നിലയില്‍ ഇട്ടിട്ടു പോകുവാന്‍ തുടങ്ങി, അങ്ങനെ പല കത്തുകളും ചിത്രങ്ങളും എനിക്കു നഷ്ടമായിക്കൊണ്ടിരുന്നു.  വിവരം പോസ്റ്റുമാനോട് തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞു ഇത്രമാത്രം കത്തുകള്‍ കിട്ടുന്നുണ്ടല്ലോ സാറൊരു പോസ്റ്റു ബോക്സിനു അപക്ഷിക്കുക, കത്തുകള്‍ നഷ്ടമാവുകയുമില്ല എനിക്കെന്റെ രണ്ടു നിലക്കയറ്റം ഒഴിവാക്കുകയും ചെയ്യാമല്ലോ! അയാള്‍ പറഞ്ഞു, അതൊരു നല്ല ആശയമായി എനിക്കും തോന്നി, വിവരം ചേച്ചിയെ ധരിപ്പിച്ചു, ചേച്ചിയുടെ സമ്മതപ്രകാരം പിറ്റേ ദിവസം തന്നെ പോസ്റ്റുമാസ്റ്ററെക്കണ്ട് വിവരം പറഞ്ഞു, സ്വകാര്യ വ്യക്തികള്‍ക്ക് ബോക്സ് ഇപ്പോള്‍ കൊടുക്കാറില്ല എന്നയാള്‍ പറഞ്ഞു, യഥാര്‍ത്ഥ സത്യം മറച്ചു പിടിച്ചു കൊണ്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു, സര്‍,  ഞാന്‍ ഒരു ഫ്രീലാന്‍സ് റൈറ്റര്‍ ആണെന്നും നിരവധി കത്തുകളും പത്ര മാസികകളും എനിക്കു വരാറുണ്ടെന്നും അതില്‍ പലതും നഷ്ടമാകുന്നു എന്ന്  എന്ന് അറിയിച്ചപ്പോള്‍ ഒടുവില്‍ ഒരു അപേക്ഷ എഴുതി തരാന്‍ പറഞ്ഞു.  അപ്പോള്‍ തന്നെ അപേക്ഷ എഴുതി കൊടുത്തു, അങ്ങനെ അധികം വൈകാതെ ഒരു ബോക്സ് ലഭ്യമാവുകയും ചെയ്തു, അന്ന് വെറും അറുപതു രൂപ മാത്രമായിരുന്നു അതിന്റെ വാര്‍ഷിക ഫീസ്‌. അങ്ങനെ കത്തുകളുടെ പ്രവാഹം തുടര്‍ന്നു കൊണ്ടിരുന്നു.  എല്ലാം സമയത്തു തന്നെ കിട്ടിക്കൊണ്ടുമിരുന്നു.

ഉദ്യോഗരഹിതനായ ഞാന്‍ ഇവര്‍ക്കെല്ലാം കത്തെഴുതാനും സമ്മാനം അയക്കാനും ഹെന്റമ്മോ!! ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.

ഒടുവില്‍ ഒരു ഫില്‍ട്ടറിംഗ് നടത്തി ചുരുക്കം ചിലരുമായി കത്തിടപാടുകള്‍ നടത്തി.  അങ്ങനെ ഇന്ത്യയില്‍ ഉള്ള പലരുമായി ഈ അടുത്ത കാലം വരെ (അതായത് വിവാഹം കഴിക്കുന്നതു വരെ) സൗഹൃദം പുലര്‍ത്തിയിരുന്നു.  ഇതിനര്‍ത്ഥം ഭാര്യ വന്നതോടെ കുടുംബ കലഹം ഒഴിവാക്കാനായി ഇതെല്ലാം നിര്‍ത്തി എന്നു ആരും തെറ്റിദ്ധരിക്കണ്ട കേട്ടോ!

എനിക്കു കിട്ടിയ പ്രിയതമക്ക് ഇതിലൊരു പരിഭവവും ഇല്ലായിരുന്നു.

അന്ന് ലഭിച്ച കത്തുകള്‍, ചിത്രങ്ങള്‍ എല്ലാം തന്നെ ഇന്നും ഒരു ഫയലില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. ഇത് തന്നെ അതിനൊരു തെളിവാണല്ലോ! :-)

ഞങ്ങളുടെ വിവാഹ ജീവിതം കാല്‍ നൂറ്റാണ്ടു പിന്നിട്ടിരിക്കുന്ന  ഈ നാളുകളിലും അതിനൊരു പോറലും വന്നിട്ടില്ല കേട്ടോ!!!

ഇന്നത്തെ ഈ ആധുനിക യുഗത്തിലായിരുന്നെങ്കില്‍ സംഗതി എത്ര എളുപ്പം ആകുമായിരുന്നു അല്ലെ! ഇന്റര്‍നെറ്റ്‌ യുഗം! അത്ഭുതം തന്നെയല്ലേ!!

എന്തായാലും ഇങ്ങനൊരു കുറിപ്പെഴുതാന്‍ വഴിയൊരുക്കിയ
എന്റെ ബ്ലോഗു മിത്രം ശ്രീ അജിത്‌ കുമാര്‍ മാഷിനു എന്റെ കൂപ്പു കൈ വീണ്ടും.

നന്ദി മാഷെ നന്ദി!!

ഒരു അനുബന്ധം;
ഈ ചിത്രത്തിലുള്ള ആളെപ്പറ്റി കൂടുതല്‍ അറിവാന്‍ പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഷെറില്‍ യെങ്ങു (Sheryl Young) മായി നടത്തിയ ഒരു ഇന്റര്‍വ്യൂ ഇവിടെ വായിക്കുക 

ഇതോടൊപ്പം  മറ്റൊരു അമേരിക്കന്‍ എഴുത്തുകാരനുമായി ഡോണാലഡ് പെനിംഗ്ടനുമായി (Donald Pennington) നടത്തിയ ഒരു അഭിമുഖം ഇവിടെ വായിക്കുക



ശുഭം 

Visit PHILIPScom

PHILIPScom On Facebook