സമർഥനായ ലേഖകൻറെ എഴുത്തുകോൽ

No Comments
സമർഥനായ ലേഖകൻറെ എഴുത്തുകോൽ 
 റോയി ഇ ജോയി സെക്കന്തരാബാദ് 

എൻറെ ഹൃദയം ശുഭ വചനത്താൽ കവിയുന്നു 
എൻറെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്ന് ഞാൻ പറയുന്നു 
എന്റെ നാവു സമർഥനായ ലേഖകൻറെ എഴുത്തുകോൽ ആകുന്നു.
(സങ്കീർത്തനം 45: 1)


ഫിലിപ്സ്കോമും ഏരിയൽജോട്ടിങ്ങ്സും ചേർന്ന് ആരംഭിച്ചിരിക്കുന്ന ഈ പുതിയ സംരഭത്തിന്റ(ഗസ്റ്റ് എഴുത്തുകൾ)   തുടക്കം മലയാള ഭാഷയോടുള്ള ബന്ധത്തിലുള്ള ഒരു ലേഖനത്തോടു കൂടി ആരംഭിക്കുന്നു.

Roy E. Joy
സുപ്രസിദ്ധ അന്തർദേശീയ ക്രൈസ്തവ സംഘടനയായ ഓ എം ബുക്സ് പബ്ളിക്കേഷന്റ     (OM Books /Authentic Publications) മലയാളം ഡിവിഷനിലെ പ്രവർത്തകനായ  റോയി ഇ  ജോയി എഴുതിയ ഈ ലേഖനം മലയാളികൾ അഥവാ മലയാള ഭാഷ നിരന്തരം കൈകാര്യം ചെയ്യുന്നവർ വിശേഷിച്ചും എഴുത്തുകാർ അവശ്യം വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും, ഒപ്പം പ്രാവർത്തികമാക്കേണ്ടതുമായ ചില വസ്തുതകൾ എഴുത്തുകാരൻ ഈ ചെറു ലേഖനത്തിലൂടെ വിശദമാക്കുന്നു.

മലയാള ഭാഷയിൽ നിപുണത നേടിയവർ പോലും പലപ്പോഴും വരുത്തുന്ന ചില പാകപ്പിഴകളെപ്പറ്റിയും, തെറ്റു കൂടാതെ എഴുതുന്നതിനു സഹായകരമാകുന്ന ചില വിവരങ്ങളും ഈ ലേഖനത്തിന് അനുബന്ധമായി ചേർത്തിരിക്കുന്നതു മലയാളം എഴുത്തുകാർക്ക്  പ്രയോജനമാകും എന്ന വിശ്വാസത്തോടെ അതിവിടെ ചേർക്കുന്നു.

ഇതോടുള്ള ബന്ധത്തിൽ നിങ്ങൾക്കു  പറയുവാനുള്ളത്  കമന്റു കോളത്തിൽ കുറിക്കുക.

ക്രൈസതവ എഴുത്തുകാരെ മുൻകണ്ടു കൊണ്ട് തയ്യാറാക്കിയ ഒരു ലേഖനമാണെങ്കിലും, എല്ലാ മലയാള എഴുത്തുകാർക്കും ഇത് ചിന്തയ്ക്കും, തുടർന്ന്  അവ തങ്ങളുടെ എഴുത്തുകളിൽ പ്രായോഗികമാക്കുന്നതിനും സഹായിക്കും എന്നതിൽ സംശയമില്ല.

ശ്രീ റോയി ഒരു നല്ല ചിത്രകാരൻ കൂടിയാണ്.  നിരവധി ക്രൈസതവ് പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കാർട്ടൂണുകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.  

ഈ ലേഖനം തയ്യാറാക്കി തന്ന ശ്രീ റോയിക്ക് ഫിലിപ്സ്കോമിന്റെ പ്രത്യേക നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.

വായനയ്ക്കായി ഇവിടെയെത്തിയ നിങ്ങളോടുള്ള നന്ദിയും ഇത്തരുണത്തിൽ ഇവിടെ കുറിക്കുന്നു.


ഫിലിപ്പ് വി ഏരിയൽ
ഈ പുതിയ സംരംഭത്തിനു നല്ല പ്രതികരണം കിട്ടിക്കൊണ്ടിരിക്കുന്നു; നിരവധി കഥകളും ലേഖനങ്ങളും കവിതകളും ഇതിനകം ലഭിച്ചു കഴിഞ്ഞിരിക്കുന്നു അവ ഓരോന്നായി തുടർന്നുള്ള ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

നന്ദി,  നമസ്കാരം
ഫിലിപ്പ് വറുഗീസ് ഏരിയൽ 
സമർഥനായ ലേഖകൻറെ എഴുത്തുകോൽ 
 റോയി ഇ ജോയി സെക്കന്തരാബാദ് 

എൻറെ ഹൃദയം ശുഭ വചനത്താൽ കവിയുന്നു 
എൻറെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്ന് ഞാൻ പറയുന്നു 
എന്റെ നാവു സമർഥനായ ലേഖകൻറെ എഴുത്തുകോൽ ആകുന്നു.
(സങ്കീർത്തനം 45: 1)ഒരു രാജകീയ വിവാഹത്തിന് കോരഹ് പുത്രന്മാർ പാടിയ സുന്ദരമായൊരു പ്രേമഗീതത്തിന്റ പ്രഥമ വാക്യമാണിത്
പ്രേമഗീതം പാടുവാൻ വിവാഹം പോലെ ഉചിതമായ വേറൊരു സന്ദർഭമേത് ?  അതൊരു രാജകീയ വിവാഹമാണെങ്കിൽ വളരെ ശ്രദ്ധയോടുകൂടെ  ചെയ്യേണ്ടുന്ന ദൗത്യമാണത്.  ഹൃദയത്തിൽ ഉദാത്തമായ ആശയം തുടിച്ചുനിൽക്കുന്നു.അത് സമർഥമായ ഒരു തൂലികയിലൂടെ എഴുതി ഞാനെൻറെ രാജാവിന് സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് സങ്കീർത്തനക്കാരൻ പറയുന്നു.  പാട്ടോ പ്രസംഗമോ എഴുത്തോ, എന്തായിരുന്നാലും കർത്താവിനു വേണ്ടി നാം ചെയ്യുന്ന ശുശ്രൂഷകൾ ഗൗരവത്തോടും സമർപ്പണത്തോടും കൂടെ ചെയ്യണം. അത്  സൗരഭ്യവാസനയുള്ള യാഗമാണ്‌.


ക്രിസ്തീയ എഴുത്തുകാർ തങ്ങളുടെ ദൗത്യം അത് അർഹിക്കുന്ന ഗൗരവത്തോടുകൂടെ ചെയ്യുന്നുണ്ടോ എന്ന് ക്രൈസ്തവ ആനുകാലികങ്ങൾ  കൈയിലെടുക്കുമ്പോൾ സംശയം തോന്നാറുണ്ട്.  ചില പത്ര മാസികകൾ കണ്ടാൽ മനസ്സിലാകും ഇതു  കർത്താവിനുവേണ്ടിയല്ല,വിദേശത്തുള്ള) ആർക്കോ എന്തിനോ വേണ്ടി പ്രസിദ്ധീകരിച്ചിരിക്കുന്നതാണെ്ന്. വ്യാകരണപ്പിശക്, അക്ഷരത്തെറ്റ്, അച്ചടിപ്പിശക്, ശൈലീദോഷം, വാക്യഘടനയിലെ തെറ്റ്  എന്നിവകളാൽ
വിരൂപമാക്കിയിരിക്കുന്ന എഴുത്തുകൾ.  ശ്രദ്ധേയമായ ഒരു കാര്യം, അവയുടെ പ്രസാധകർ ക്രൈസ്തവ സാഹിത്യ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്നവരാണെന്നുള്ളതാണ്.


ഡി ടി പി ചെയ്തു കഴിഞ്ഞുള്ള പ്രൂഫ്‌ റീഡിങ്ങിൽ വിട്ടുപോകുന്ന ചില പിശകുകളല്ല ഇവിടെ പ്രധാനമായി പരാമർശിക്കുന്നത്. ഈ പ്രസാധകരുടെ പക്കൽ തെറ്റും ശരിയും തിരിച്ചറിയാൻ സഹായിക്കുന്ന മലയാളം  നിഘണ്ടു, ഭാഷാ സഹായി എന്നിവ ഇല്ല, അഥവാ ഉണ്ടെങ്കിൽ  അവ തുറന്നു നോക്കാറില്ല എന്ന് ഉറപ്പാണ്.  ഏതോ ചില മുൻപരിചയങ്ങളിൽ  എഴുത്തും അച്ചടിയും നടത്തിപ്പോരുന്നു.  ശീലം പെട്ടെന്നു  
മാറുന്നതല്ലല്ലോ.  എന്നാൽ ഭാഷ വികസിച്ചു കൊണ്ടിരിക്കുന്നതാകയാൽ അതിനനുസരിച്ച് എഴുത്തിലും അച്ചടിയിലും അനുയോജ്യമായ മാറ്റങ്ങൾ വരുത്തണം വായനക്കാർ അപ്രാപ്തർ ആണെന്നുള്ള വിചാരത്തിൽ എഴുതരുത്. ഒരു വിശ്വാസിക്ക് പ്രത്യേക ആത്മീയ ഭാഷ തന്നേ വേണം എന്ന ചിന്തയിൽ എഴുതുകയാണെങ്കിൽ മിക്കപ്പോഴും അത് തെറ്റായ ശൈലിയിലേക്കും  വാക്യഘടനയിലേക്കും നയിക്കും.


"ഒരു കൊത്തുളികൊണ്ട് ഭാഷ വരുത്തി" എന്ന സുന്ദരമായൊരു  പ്രയോഗം ബൈബിളിലെ പുറപ്പാട് പുസ്തകത്തിൽ കാണുന്നു  (പുറപ്പാട് 32:4)  വടിവൊത്ത ഒരു രൂപം ഉണ്ടാക്കി എന്നാണ് അതിനർഥം  അനുവാചകർ ഉത്തമമായത് അർഹിക്കുന്നു.  എഴുതുവാനുള്ള വിളി ലഭിച്ചവർ, സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നവർ,അവരുെ എഴുത്തു ഭാഷ ശുദ്ധീകരിക്കേണ്ടതുണ്ട്.  ഭാഷ മെച്ചപ്പെടുത്തുവാൻ ആത്മാർഥമായി പരിശ്രമിക്കണം.  ഇതൊക്കെ മതി എന്ന ലാഘവ ബുദ്ധി അനഭിലഷണീയമാണ്.  ഓർക്കുക, ഔദ്യോഗിക രേഖകളിൽ (ജനന സർട്ടിഫിക്കട്റ്റ്‌, പാസ്പോർട്  മുതലായവ) ഒരക്ഷരം പിഴച്ചാൽ കൊടുക്കേണ്ടിവരുന്ന വില വലുതാണ്‌.  നാൽപ്പതു വർഷം മുമ്പ് നടന്ന ഒരു സംഭവം വിവരിക്കട്ടെ.  എൻറെ പിതാവ് പറഞ്ഞതാണിത്.  ഞങ്ങളുടെ ഒരയൽക്കാരനായ 'വർക്കി കുട്ടി' ക്ക്  മണിയോഡർ വന്നു.  പക്ഷേ, പോസ്റ്റുമാൻ അതു കൊടുക്കാതെ തിരിച്ചയച്ചു.  കാരണം മണിയോഡറിലെ പേര്  'വക്കി കുട്ടി' എന്നായിരുന്നുവത്രേ,  മുമ്പ്  'ർ ' തലക്കുത്തായിട്ടായിരുന്നുവല്ലോ (ക്ക) എഴുതിയിരുന്നത് തലക്കുത്ത് ( ' ) എങ്ങനെയോ മാഞ്ഞു പോയി വർക്കി 'വക്കി' യായി!  എഴുതിയത് വീണ്ടും വായിച്ചു നോക്കി ശരിയാണെന്ന് ഉറപ്പാക്കുക.


എഴുതുമ്പോൾ  പൊതുവെ കണ്ടുവരുന്ന തെറ്റായ ഒരു രീതിയുടെ ഉദാഹരണം നോക്കുക: അബ്രഹാമിൽനിന്നും പഠിക്കാനാവുന്നത് (തെറ്റ്)--അബ്രഹാമിൽനിന്ന് പഠിക്കാനാകുന്നത്  (ശരി) അബ്രഹാമിൽനിന്നും ഇസഹാക്കിൽനിന്നും പഠിക്കാനാവുന്നത് (ഇപ്പോൾ ശരി, ഒന്നിലധികം പേര് ചേരുന്നതിനാൽ).  അതുപോലെ ആത്മീകം, ഐക്യത, മുഖാന്തിരം, വിശിഷ്യാ, പിന്നോക്കം എന്നിവ തെറ്റാണ്.  ആത്മികം ഐക്യം, ഏകത, മുഖാന്തരം, വിശിഷ്യ, പിന്നാക്കം എന്നിവയാണ് ശരിയെന്ന് ചൂണ്ടിക്കാട്ടിയാൽ ആളുകൾ സമ്മതിക്കാതായിട്ടുണ്ട്.


ഞായറാഴ്ച ആരാധനയിൽ സാക്ഷ്യമോ പ്രബോധനമോ പറയുന്ന അതേ  രീതിയിലായിരിക്കരുത് ലേഖനങ്ങൾ എഴുതുന്നത്.  (എന്നാൽ പ്രസംഗം അച്ചടിക്കുകയാണെങ്കിൽ അതിൽ മാറ്റം വരുത്തരുത് .) "ആത്മീകം" എന്ന് ധരിച്ചു വച്ചിരിക്കുന്ന പല പദപ്രയോഗങ്ങളും ആത്മികമോ  അനാത്മികമോ  അല്ല, മറിച്ച്  അക്ഷരത്തെറ്റുകളാണ്.  സംസാര വേളയിൽ സ്വരത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അത് അനുവദിക്കാമെങ്കിലും എഴുത്തിലും അച്ചടിയിലും അതു പാടില്ല.  ശ്രദ്ധ ചെലുത്തിയാൽ നമ്മുടെ എഴുത്തുകൾ "ഓഫീർ തങ്കം  അണിഞ്ഞു നില്ക്കുന്ന രാജ്ഞി" യെ പോലെയാകും വായനക്കാർ നല്ല എഴുത്തിന്റെ "സൗന്ദര്യത്തെ ആഗ്രഹിക്കും."  അത്തരം ആനുകാലികങ്ങൾ വരിസംഖ്യ കൊടുത്തിട്ട് വരുത്താൻ മുൻകൈയെടുക്കും.  ഉപദേശത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ള ദൈവശ്വാസീയമായ തിരുവെഴുത്ത്  വിശ്വോത്തമ  സാഹിത്യം കൂടെയാണ്.  തെറ്റില്ലാത്ത എഴുത്തിനു സഹായകരമാകുന്ന ചില വിവരങ്ങൾ തുടർന്നു കൊടുക്കുന്നു.


 വാക്കിൻറെ സ്ഥാനം തെറ്റിയാൽ

ഉച്ചയ് ക്കുശേഷം സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ എന്താണെന്നതിനെപ്പറ്റി  വിശദമായ ചർച്ച നടന്നു.' (തെറ്റ്)

* 'ഉച്ചയ്ക്കുശേഷമാണ് സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ' എന്നാണല്ലോ തോന്നുക.  'ഉച്ചയ്ക്കു ശേഷം  എന്ന പദത്തിന്റെ സ്ഥാനം മാറ്റണം.


*  സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ എന്താണെന്നതിനെപ്പറ്റി  ഉച്ചയ്ക്കു ശേഷം വിശദമായ ചർച്ച നടന്നു. (ശരി)

* 'ഉച്ചയ് ക്കുശേഷം' കഴിഞ്ഞു കോമ (അങ്കുശം) ചേർത്താലും വാക്യം ശരിയാകും.
'ഉച്ചയ് ക്കുശേഷം, സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ എന്താണെന്നതിനെപ്പറ്റി വിശദമായ ചർച്ച നടന്നു.' (ശരി)

രണ്ടും ശരിയാണെങ്കിലും  വാക്കുകൾ  യഥാസ്ഥാനം ചേർത്തുകൊണ്ടുള്ള ആദ്യരീതിയാണ് കൂടുതൽ ശരി.

*മുൻവർഷത്തെ പതിവു പോലെ  ഈ വർഷവും സുവിശേഷ മഹായോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.'  (തെറ്റ്)

*മുൻവർഷത്തെ' എന്നതു പതിവിനെ സൂചിപ്പിക്കുന്നതാകയാൽ

'*മുൻവർഷത്തെപ്പോലെ' അല്ലെങ്കിൽ 'പതിവു പോലെ ' ഇവയിൽ ഒന്നു മതി.

'പതിവുപോലെ ഈ  വർഷവും സുവിശേഷ മഹായോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.' (ശരി)

* 'ഈ സഭയിൽ സാക്ഷ്യം പറയിപ്പിക്കുകയില്ലെന്നു മാത്രമല്ല, ഒരിക്കലും പറയിപ്പിക്കുകപോലുമില്ല.'  (തെറ്റ്)


'ഇതിൽ 'പറയിപ്പിക്കുകയില്ലെന്നു മാത്രമല്ല''   'പറയിപ്പിക്കുകപോലുമില്ല'   ഇവ തമ്മിലാണ് ചേർത്തിരിക്കുന്നത്.

ഇത് 'ഒരിക്കൽപോലും പറയിപ്പിക്കുകയില്ല' എന്നു മാറ്റിയാൽ ശരിയാകും.


'ഈ സഭയിൽ സാക്ഷ്യം പറയിപ്പിക്കുകയില്ലെന്നു മാത്രമല്ല,  'ഒരിക്കൽപോലും  പറയിപ്പിക്കുകയില്ല.' (ശരി)

*  ദയവായി സഭാഹാളിനു പുറത്തു നിൽക്കുന്ന എല്ലാവരും അകത്തു കയറി ഇരിക്കണം.' (തെറ്റ് )

അധ്യക്ഷനോട് ദയ തോന്നിയതുകൊണ്ടാണ്‌ ചിലർ പുറത്തു നിൽക്കുന്നത് എന്നത്രേ ഇതിനർഥം .  അകത്തു കയറി ഇരിക്കുക എന്ന പ്രവൃത്തിയിലൂടെ ദയ കാട്ടണം എന്നാണ് അറിയിപ്പിൽ ഉദ്ദേശിച്ചത്.    എങ്കിൽ 'ദയവായി' എന്നതിൻറെ സ്ഥാനം മാറ്റുക.

'സഭാഹാളിനു പുറത്തു നിൽക്കുന്ന എല്ലാവരും ദയവായി അകത്തു കയറി ഇരിക്കണം (ശരി)

അർഥമറിയാതെ ...

* 'ശമര്യക്കാരിയായ സ്ത്രീ' ,  വിധവയായ സ്ത്രീ',  'വൃദ്ധയായ സ്ത്രീ' — 'ശമര്യക്കാരി' യും  'വിധവ' യും  'വൃദ്ധ' യും സ്ത്രീകളാണെന്നതിനാൽ 'സ്ത്രീ'  എന്നു ചേർക്കേണ്ടതില്ല.

'മധ്യവയസ്കനായ പുരുഷൻ' — 'മധ്യവയസ്കൻ' എന്നതാണു  ശരി.  മധ്യവയസ്കൻ പുരുഷൻ തന്നെയാണ്.

നല്ലതു പോലെ ഭംഗിയായി വസ്‌ത്രം ധരിച്ചു — നല്ലതുപോലെ വസ്‌ത്രം ധരിച്ചു' എന്നോ 'ഭംഗിയായി  വസ്‌ത്രം ധരിച്ചു'  എന്നോ മതിയാകും.

ചെരുപ്പ്‌  കാലിലിട്ടുകൊണ്ട് നടന്നു' —'ചെരുപ്പിട്ടു കൊണ്ട്  നടന്നു' എന്നു മതി.  ചെരുപ്പ് കൈയിൽ ഇട്ടുകൊണ്ട്‌ നടക്കാറില്ലല്ലോ. (ങ് ഹാ ! മഴക്കാലത്ത്‌ ചള്ളയിൽ തെന്നി വീഴാതിരിക്കാൻ ചിലരൊക്കെ കൈയി ചെരുപ്പിട്ടുകൊണ്ട് നടക്കാറുണ്ട് എന്നതു വേറൊരു കാര്യം!)


വേണ്ടാത്ത പരത്തൽ..

'ശ്രദ്ധിക്കേണ്ടതായ വിഷയം',  'ശ്രദ്ധിക്കേണ്ടാതായിട്ടുള്ള' —  'ശ്രദ്ധിക്കേണ്ട വിഷയം' എന്നു പറഞ്ഞാൽ മതി.

ചില പ്രസംഗങ്ങളിൽ ഇങ്ങനെ അടിച്ചു പരത്തി വലിച്ചു നീട്ടുന്നതു കേൾക്കാം — 'വന്നുകൂടിയാതായിട്ടുള്ളതായിട്ുള്ളതായ...'  പ്രസംഗത്തിൽ ഈ പരത്തൽ വന്നു ചേരാം  എന്നാൽ ലേഖനങ്ങളിൽ അവ ഒഴിവാക്കണം.

അക്കാദമികമായ വാക്കുകളും അപ്രസക്തമായ കർമണി  പ്രയോഗങ്ങളും ഒഴിവാക്കുക

"കാലഘട്ടപ്രചണന്ധവാതകാറ്റലയിൽ ആടിയുലയുന്ന മനുഷ്യജീവിതം..,"  "പപത്തിലുമനർഥത്തിലും അനാത്മികാചാരബന്ധനങ്ങളിലും കിടക്കുന്ന ബ്രഹ്മനന്ധകടാഹത്തെ..." എന്നിങ്ങനെയുള്ള കടിച്ചാൽ പൊട്ടാത്ത രീതിയിലുള്ള  വാക്യങ്ങൾ ഒഴിവാക്കുക.  എഴുത്തിലും പ്രസംഗത്തിലും പ്രൗഡ കൂട്ടാനുള്ള ശ്രമത്തിൽ തെറ്റായ കർമണിപ്രയോഗം ചിലർ ചേർക്കാറുണ്ട്.  ഒരു ഉദാഹരണം ഇതാ,  'ദൈവം എന്നെ അയക്കപ്പെടുകയാണെങ്കിൽ  പോകപ്പെടുവാൻ ഞാൻ തയ്യാറാണ് ...!  'ദൈവം എന്നെ അയക്കുകയാണെങ്കിൽ പോകുവാൻ ഞാൻ തയ്യാറാണ് ...' എന്നാണ് ശരിയായ പ്രയോഗം.


അകലമിടൽ 

അർഥസന്ദേഹം കൂടാതെ എഴുതാനും വായിക്കാനും സഹായിക്കുന്നതിനാണ് അകലമിടൽ.

'കാള വണ്ടിയിൽ പോയി'  എന്നതിനും 'കാളവണ്ടിയിൽ പോയി' എന്നതിനും  അർഥവ്യത്യാസമുണ്ട്.
അവിടെനിന്നുപോയി,  അവിടെ നിന്നുപോയി.


ഇംഗ്ളിഷ്  പദങ്ങളുടെ ബാഹുല്യം 

"കാലാകാലങ്ങളിൽ അനേകം ഭാഷകൾ മലയാളത്തെ സ്വാധീനിക്കുകയുണ്ടായി.  പിൽക്കാലത്ത്‌ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ഇംഗ്ളിഷ്  ഭാഷ തന്നെ."  സംസ്കൃത  ബഹുലമായിരുന്ന മലയാളം ഇപ്പോൾ ഇംഗ്ളിഷ്  ബഹുലം ആയിരിക്കുകയാണ്.  ഇത് തെറ്റാണെന്ന് പറയാനാവില്ല.  താഴെ കൊടുത്തിരിക്കുന്ന ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക.

*  'ദൈവത്തിൻറെ പ്ളാനും പദ്ധതിയും അറിയുക' 

* 'ഞങ്ങളുടെ സെർവന്റെ ടൂ വീക്കായിട്ടു വരുന്നില്ല.'  (രണ്ടാച്ഴയായിട്ടു വരുന്നില്ല എന്നോ വളരെ ക്ഷീണിച്ചതു കൊണ്ട് വരുന്നില്ല എന്നോ കേൾവിക്കാർക്കു സംശയം തോന്നാം).
*  'നെക്സ്റ്റ് മന്തിലെ മാസയോഗം പോസ്റ്റുപോണ്‍  ചെയ്തിരിക്കുന്നു 

* 'ഞങ്ങളുടെ സണ്ണിന്റെ  മാര്യേജിന്റെ എൻഗേജുമെന്റിനു  ഫാമിലി മെംബെർസും  ചർച്ചിലെ രണ്ടു റെപ്രസെന്റ്റ്റീ വ്സുമേ  പോകുന്നുള്ളൂ.

മലയാളം പറയാനും എഴുതാനും അറിയാവുന്നവർ എഴുത്തിലെങ്കിലും ശുദ്ധ മലയാളം ഉപയോഗിക്കുവാൻ മനപ്പൂർവ്വം ശ്രദ്ധിക്കണം.  അതാണ്‌ ഭംഗി.


ഗ്രന്ഥ സൂചി:

പ്രൊഫ.  പന്മന  രാമചന്ദ്രൻ നായർ.,  ശുദ്ധ മലയാളം, കറന്റെ ബുക്സ്.

മലയാളം അച്ചടിയും എഴുത്തും  ഒരു സ്റ്റൈൽ പുസ്തകം,  കേരള ഭാഷാ ഇൻസ്ടിറ്റ്യുട്ട് 
ഡോ.  ബ്യു ലാ  വുഡ്,  പ്രസംഗത്തിൻറെ താക്കോൽ, ഓതെന്ടിക് ബുക്സ്  (O M Books, Secunderabad)
ഡോ.  എം എം ബഷീർ.,  ശുദ്ധ മലയാളം: പത്ര-ദൃശ്യമാധ്യമങ്ങളിലെ മലയാളം, ഭാഷാപോഷിണി, ഓഗസ്റ്റ്, 2013.

അക്ഷരപ്പിശകുകളെ തിരുത്തിയോടിക്കുവാനുള്ള  ചില വിവരങ്ങൾ താഴെ കുറിക്കുന്നു:

തെറ്റ്                                                    ശരി                                        

അങ്ങിനെ                                          അങ്ങനെ 

അടിമത്വം                                         അടിമത്തം 

അനുഗ്രഹീതൻ                                  അനുഗൃഹീതൻ 

അപാകത                                         അപാകം 

ആത്മീകം                                         ആത്മികം 

ആത്മിയം                                         ആത്മീയം 

ആൾക്കാർ                                        ആളുകൾ 

ഉത്ഘാടനം                                      ഉദ്ഘാടനം 

എങ്ങിനെ                                         എങ്ങനെ 

ഐക്യത                                           ഐക്യം, ഏകത 

ഐഹീകം                                         ഐഹികം 

ഔദാര്യത                                          ഔദാര്യം 

കണ്ടുപിടുത്തം                                    കണ്ടുപിടിത്തം 

കുട്ടിത്വം                                             കുട്ടിത്തം 

കുലപാതകം                                      കൊലപാതകം

ഗ്രഹനായിക                                      ഗൃഹനായിക 

തർജിമ                                                തർജുമ, തർജമ 

തീഷ് ണം                                                തീക്ഷ്ണം 

ദൈന്യത                                              ദൈന്യം, ദീനത 

നിവർത്തി                                            നിവൃത്തി 

നാഗരീകം                                           നാഗരികം 

ദൈവീകം                                           ദൈവികം 

പക്ഷെ, പക്ഷേൽ                               പക്ഷേ   
  
പാതിവൃത്യം                                        പാതി വ്രത്യം                                       
പിന്നോക്കം                                        പിന്നാക്കം 

പൈശാചീകം                                     പൈശാചികം 

പ്രതിക്ഷേധം                                      പ്രതിഷേധം 

പ്രവർത്തി                                           പ്രവൃത്തി 

പ്രവൃത്തിക്കുക                                     പ്രവർത്തിക്കുക 

പ്രാവിശ്യം                                           പ്രാവശ്യം         

ഭോഷത്വം                                           ഭോഷത്തം 

മുഖാന്തിരം                                           മുഖാന്തരം 

മുന്നോക്കം                                           മുന്നാക്കം 

മാനസ്സീകം                                          മാനസികം                                         
രാപ്പകൽ                                             രാപകൽ 

രാഷ്ട്രീയപരം                                        രാഷ്ട്രീയം, (രാഷ്ട്രപരം)

ലൗകീകം                                            ലൗകികം   

വഷളത്വം                                           വഷളത്തം 

വിശിഷ്യാ                                            വിശിഷ്യ 

വൈരൂപ്യത                                       വൈരൂപ്യം, വിരൂപത 

സാമുദായീകം                                      സാമുദായികം

സാമൂഹീകം                                         സാമൂഹികം        

സാന്മാർഗീകം                                     സാന്മാർഗികം 

സാർവത്രീകം                                       സാർവത്രികം 

സൃഷ്ടാവ്                                              സ്രഷ്ടാവ്, സൃഷ്ടിതാവ് 

സ്വാന്തനം                                           സാന്ത്വനം        

രൂപീകരിക്കുക                                    രൂപവൽക്കരിക്കുക 

പ്രതീകവൽക്കരിക്കുക                        പ്രതീകാത്മവൽക്കരിക്കുക        
                                         
അടിക്കുറിപ്പ്:


ഇവിടെ ഈ പോസ്റ്റിൽ, അതും മലയാള ഭാഷയെപ്പറ്റിയും 

അക്ഷരപ്പിശകുകളെപ്പറ്റിയും പരാമർശിക്കുന്ന കുറിപ്പിൽ 

അക്ഷരപ്പിശക്‌ കടന്നു കൂടുകയെന്നത് അക്ഷെന്തവ്യമല്ല എന്ന

കാര്യം സമ്മതിക്കുന്നു. അതേപ്പറ്റി ശ്രീ. സംഗീത് വിനായക് 

എഴുതിയ കമന്റും അതിനു ഞാൻ നൽകിയ മറുപടിയും വായിച്ച 

ശേഷം പിശകുകളെപ്പറ്റി  ദയവായി  പ്രതികരിക്കുക. ഒപ്പം ഈ

അക്ഷരങ്ങൾ ശരിയാക്കി എഴുതാൻ എന്തെങ്കിലും മാർഗ്ഗം 

അറിയാവുന്നവർ ദയവായി അറിയിക്കുക.


സംഗീതിനു കൊടുത്ത മറുപടിയിൽ സൂചിപ്പിച്ചതുപോലെ ഇത് 

എഴുത്തുകാരനു സംഭവിച്ച കൈപ്പിഴ അല്ല മറിച്ചു അതിനുള്ള 

പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. 


അദ്ദേഹം അയച്ച pdf ഫോർമാറ്റ് വളരെ ശരിയായിട്ടാണ് 

എഴുതിയിരിക്കുന്നത്. ഇങ്ങനെ സംഭവിച്ചതിലെ ആശങ്ക 

അദ്ദേഹം മെയിലിലൂടെ അറിയിക്കുകയുണ്ടായി. അദ്ദേഹം 

അത് ഡി ടി പി ചെയ്താണ് എഴുതിയിരിക്കുന്നത്. 


ഞാനിപ്പോൾ ആകെ ഒരു ധർമ്മ സങ്കടത്തിൽ 

അകപ്പെട്ടിരിക്കുന്നു!


ദയവായി ഇതിനൊരു പരിഹാരം നിർദേശിക്കുവാൻ 

കഴിയുന്നവർ അറിയിക്കുക.


ഈ ലേഖനത്തിൻറെ PDF  ഫോർമാറ്റ്‌ ആവശ്യം ഉള്ളവർ ഈ

ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.


fbnewbook@ gmail.com

വീണ്ടും ഒരു അടിക്കുറിപ്പ്:

ഈ ലേഖനത്തിൽ  അവിടവിടെ ചില അക്ഷരപ്പിശകുകൾ വന്നു, അത് പലരും ചൂണ്ടിക്കാട്ടി  
ഇതെങ്ങനെ സംഭവിച്ചു എന്ന് 
 ഞാൻ കമന്റിലും കുറിപ്പിലും എഴുതിയിരുന്നു

PDF കോപ്പി മെയിലിൽ അയക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണം അതിൻറെ കോപ്പി ഇവിടെ ചേർക്കുന്നു.

അത് ഡൌണ്‍ലോഡ് ചെയ്താൽ കുറിപ്പ് അതിൻറെ പൂർണ്ണ രൂപത്തിൽ വായിക്കുവാൻ കഴിയും. 
ഇങ്ങനെ സംഭവിച്ചതിൽ 
നിർവ്യാജ ഖേദം ഒപ്പം 
രേഖപ്പെടുത്തുന്നു
നന്ദി നമസ്കാരം.

ഫിലിപ്പ് ഏരിയൽ  

ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ                                                                             

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.