അരങ്ങത്തുനിന്നും അടുക്കളയിലേക്ക് (From the Stage to the Kitchen)

No Comments
മിനി ടീച്ചർ 
ബൂലോകത്തിൽ വിശേഷിച്ചും മലയാളം ബ്ളോഗ് 
ഉലകത്തിൽ ഏവർക്കും സുപരിചിതയായ മിനി ടീച്ചറിനെ മലയാളം ബ്ളോഗ് വായനക്കാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും "ഫിലിപ്സ്കോമും ഏരിയല്സ് ജോട്ടിങ്ങ്സും"  ചേർന്നൊരുക്കുന്ന ഈ പുതിയ സംരഭത്തിൽ ടീച്ചറെപ്പറ്റി രണ്ടു വാക്കു പറഞ്ഞാൽ അത് അസ്ഥാനത്താകില്ല.


കെ.എസ് മിനി എന്ന പേരിൽ അറിയപ്പെടുന്ന സൌമിനി ടീച്ചറിൻറെ ജനനം കണ്ണൂർജില്ലയിലെ കടലോരഗ്രാമമായ കിഴുന്നയിൽ.   
അധ്യാപന സേവനത്തിനു ശേഷം ഹെഡ്‌മിസ്ട്രസ്സ് ആയിരിക്കെ വിരമിച്ചു .
ഇപ്പോൾ കണ്ണൂർ ജില്ലയിലെ ചക്കരക്കല്ല് എന്ന സ്ഥലത്ത് കുടുംബ സമേതം (മക്കളും കൊച്ചുമക്കളുമായി) താമസിക്കുന്നു.

ഇന്റർനെറ്റിലും ആനുകാലികങ്ങളിലുമായി കഥകളും ലേഖനങ്ങളും നർമ്മങ്ങളും എഴുതാറുള്ള ടീച്ചറിൻറെ നർമ്മ കഥകളും കുറിപ്പുകളും മലയാളം ബ്ളോഗ് വായനക്കാർക്കിടയിൽ വളരെ ശ്രദ്ധ പിടിച്ചു പറ്റിയവ തന്നെ. 
എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ കുറേക്കാലമായി ബ്ളോഗ് എഴുത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു, വീണ്ടും ബ്ളോഗിൽ സജീവമാകുവാൻ പോകുന്നു എന്ന സന്തോഷ വാർത്ത അറിയിച്ചപ്പോൾ അത് എന്തുകൊണ്ട് ഇവിടെ നിന്നും തുടങ്ങിക്കൂടാ എന്നു ചോദിച്ചതിനു മറുപടിയത്രേ ഈ ഗസ്റ്റ് ലേഖനം.

അടുത്തിടെ "ടെറസ്സിലെ കൃഷിപാഠങ്ങൾ" എന്ന പേരിൽ എഴുതി പ്രസിദ്ധീകരിച്ച പുസ്തകം മലയാള സാഹിത്യ ലോകത്തിൽ വളരെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.  അതേപ്പറ്റി ഞാൻ എഴുതിയ ഒരു അവലോകനം ഇവിടെ വായിക്കുക.  

'ടെറസ്സിലെ കൃഷിപാഠങ്ങൾ’ ശ്രീമതി കെ.എസ്. മിനിയുടെ പുസ്തകത്തിനൊരു അവലോകനം (A Book Review)


ബ്ളോഗ്, ഫേസ്‌ബുക്ക്, വിക്കിപീഡിയ തുടങ്ങിയ മാധ്യമങ്ങളിൽ സജീവം. അതോടൊപ്പം അടുക്കളയിലും ടെറസ്സിലും കൃഷിയിടത്തുംആയി ജീവിതം തുടരുമ്പോൾ ഫോട്ടോ ഗ്രാഫിയും ചെയ്തുവരുന്നു.  ഒരു മികച്ച പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ വെല്ലുന്ന വിധത്തിലുള്ള നിരവധി ചിത്രങ്ങൾ താൻ തൻറെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തിട്ടുണ്ട്, ചിത്രങ്ങൾക്കായി മാത്രം ഒരു ബളോഗും ഉണ്ട് അതിൻറെ ലിങ്ക് താഴെ കൊടുക്കുന്നു.

കണ്ണൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന "നർമ്മ കണ്ണൂർ" എന്ന നർമ്മ സദസ്സിലെ സജീവ പങ്കാളി.  ഒപ്പം ഭർത്താവ്  ശ്രീ. സി.കെ. മുകുന്ദൻ മാസ്റ്റർ; ഹെഡ്മാസ്റ്റർ ആയിരിക്കെ വിരമിച്ചശേഷം പൊതുപ്രവർത്തനവുമായി  വിവിധ സംഘടനകളുമായി സഹകരിച്ചു മുന്നോട്ടുപോകുന്നു. സീനിയർ സിറ്റിസൺ ഫോറം, പെൻഷനേഴ്സ് യൂണിയൻ, കണ്ണൂർ നർമവേദി എന്നിവയുടെ ഭാരവാഹി കൂടിയാണ് ശ്രീ മുകുന്ദൻ മാസ്റ്റർ.

ടീച്ചറിൻറെ രണ്ടാമത്തെ പുസ്തകം "അനിയൻ ബാബു ചേട്ടൻ ബാബു" എന്ന തലക്കെട്ടിൽ അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു. ബ്ളോഗിലും മറ്റു പലയിടങ്ങളിലുമായി എഴുതിയ നർമകഥകളുടെ ഈ സമാഹാരം രണ്ടു മാസത്തിനുള്ളിൽ പ്രസിദ്ധീകൃതമാകും.


എൻറെ അപേക്ഷ പ്രകാരം ഈ പോസ്റ്റ്‌ തയ്യാറാക്കി തന്ന ടീച്ചറിനോടുള്ള നന്ദി ഇത്തരുണത്തിൽ അറിയിക്കുന്നു.

അല്പം നർമ്മം കലർത്തി കുറിച്ച ഈ ലേഖനം ഒപ്പം ഗൗരവമായ ഒരു വിഷയം കൂടിയാകുന്നു എന്നത് ശ്രദ്ധേയമാണ്. വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.  നന്ദി ഈ വരവിനും വായനക്കും.

പി വി ഏരിയൽ 
ടീച്ചറെ ഇനിയും പരിചയപ്പെടാത്ത ചിലർ  ഒരു പക്ഷെ ഇത് വായിക്കുന്നുണ്ടാകാം, അവർക്ക് ബന്ധപ്പെടുവാനുള്ള വിവരങ്ങളും ലേഖനത്തിനൊടുവിൽ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക. 


സസ്നേഹം നിങ്ങളുടെ സ്വന്തം മിത്രം 
ഫിലിപ്പ്  വറുഗീസ്  'ഏരിയൽ'     


  അരങ്ങത്തുനിന്നും അടുക്കളയിലേക്ക്

വർഷം1981, സമയം ഉച്ചകഴിഞ്ഞ് 2 മണി, സ്ഥലം കണ്ണൂർ ജില്ലയുടെ വടക്കെയറ്റത്തെ ഒരു ഗ്രാമം, രംഗം ഹൈസ്ക്കൂളിലെ പത്താം‌തരം ജീവശാസ്ത്രക്ലാസ്സ്, അദ്ധ്യായം പ്രത്യുല്പാദനം, പഠിപ്പിക്കുന്നത് ഏതാനും മാസം‌മുൻപ് ജീവശാസ്ത്രം അദ്ധ്യാപികയായി നിയമനം കിട്ടിയ ഞാൻ,,,,            

ആൺ‌കുട്ടികളും പെൺ‌കുട്ടികളും ചേർന്ന  ക്ലാസ്സിൽ 
പതിവിൽ‌കവിഞ്ഞ ഗൌരവത്തോടെ ക്ലാസ്സ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് രണ്ടാം നിരയിൽ ഇരിക്കുന്ന ഒരു പെൺകുട്ടി ഉറക്കം‌തൂങ്ങുന്നതായി കണ്ടത്. മറ്റു വിദ്യാർത്ഥികളെല്ലാം ക്ലാസ്സിൽ വളരെ ശ്രദ്ധിക്കുമ്പോൾ നന്നായി പഠിക്കുന്ന ഈ പെൺകുട്ടിക്കെന്ത് പറ്റി? പുതിയ ടീച്ചറായതിനാൽ കുട്ടികളെ കൂടുതലായി പരിചയപ്പെടാത്ത ഞാൻ അവളെ എഴുന്നേല്പിച്ച് നിർത്തിയിട്ട് ചോദിച്ചു,
“രാത്രി ഉറക്കമിളച്ച് പഠിച്ചിട്ടാണോ ക്ലാസ്സിലിരുന്ന് ഉറങ്ങുന്നത്?”

എന്റെ ചോദ്യം കേട്ട് അവളാകെ ഞെട്ടി,,, മറുപടി പറയാതെ തല താഴ്ത്തിനിൽക്കുന്ന അവൾ ആനിമിഷം കരച്ചിലിന്റെ വക്കോളമെത്തി. 
അപ്പോൾ തൊട്ടപ്പുറത്ത് ഇരിക്കുന്ന പെൺകുട്ടി ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു,

“ടീച്ചറെ അവളുടെ കല്ല്യാണം കഴിഞ്ഞതാ,,,”

ആ നേരത്ത് ഞെട്ടിയത് ഞാനാണ്. പത്താം തരത്തിൽ പഠിക്കുന്ന കുട്ടിയുടെ വിവാഹം കഴിഞ്ഞതു കൊണ്ടല്ല, വിവാഹിതയായ പെൺകുട്ടിയെ പ്രത്യുല്പാദനം പഠിപ്പിക്കാനുള്ള എന്റെ നിയോഗം ഓർത്ത് !!എനിക്കാകെ ഒരു വിറയൽ. അടുത്ത നിമിഷം, മുഖത്ത് കൃത്രിമഗൌരവം അണിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായ ഞാൻ ക്ളാസ്സ് തുടർന്നു.

ക്ലാസ്സ് കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോൾ ഒരു പുരുഷന്റെ ഭാര്യാപദം അലങ്കരിക്കുന്ന ആ പെൺകുട്ടിയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു; ഒൻപതാം ക്ലാസ്സ് പാസ്സായ അവളുടെ വിവാഹം മെയ് മാസമാണ് നടന്നത്. മറ്റൊരു വിദ്യാലയത്തിൽ പഠിച്ചിരുന്ന അവൾ വിവാഹശേഷം ടീസി വാങ്ങിയിട്ട് ഭർത്താവിന്റെ വീടിനടുത്തുള്ള സ്ക്കൂളിൽ ചേർന്ന് പത്താംതരം പഠിക്കുകയാണ്. പഠനം പൂർത്തിയാക്കിയ അവൾക്ക് എസ്.എസ്.എൽ.സി ക്ക് ഫസ്റ്റ്‌ക്ളാസ്  ലഭിച്ചെന്ന് അറിഞ്ഞപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി.

രണ്ടുവർഷം കഴിഞ്ഞപ്പോൾ,, അതെ വിദ്യാലയത്തിൽ പത്താംതരം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ വിവാഹം നടന്നു. വരൻ അവളുടെ ബന്ധുവായ ഗൾഫിൽ ജോലിയുള്ളവൻ. സ്ക്കൂളിന് തൊട്ടടുത്തുള്ള വീട് ആയതിനാൽ എല്ലാ അദ്ധ്യാപകരെയും വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ക്ലാസ്സിൽ ഒന്നാമതായി പഠിച്ചിരുന്ന ആ പെൺകുട്ടി വിവാഹശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ സ്ക്കുളിൽ വന്ന് പഠനംതുടർന്നു. പത്താം തരം ഫസ്റ്റ്ക്ലാസ് നേടി പൂർത്തിയാക്കിയെങ്കിലും പിന്നീട് പഠനം തുടരാതെ മക്കളെ കളിപ്പിച്ച് വീട്ടുജോലികൾ ചെയ്യുന്ന പെൺകുട്ടിയെയാണ് അദ്ധ്യാപകർക്ക് കാണാൻ കഴിഞ്ഞത്. അവളുടെ വിവാഹദിവസത്തെ അനുഭവം വളരെ മുൻപ് എന്റെ ബ്ലോഗ് മിനിനർമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതിവിടെ വായിക്കാം:

അക്കാലത്ത് ഹൈസ്ക്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികളുടെ വിവാഹം ഒരു വാർത്തയേ അല്ല. ചിലപ്പോൾ പെണ്ണുകാണൽ നടക്കുന്നത് സ്ക്കൂളിൽ വെച്ചായിരിക്കും. എട്ടിലും ഒൻപതിലും പത്തിലും പഠിച്ചുകൊണ്ടിരിക്കുന്ന മിടുക്കികളും മടിച്ചികളും വിവാഹിതയാവും. പക്ഷെ, വിവാഹശേഷം പലരും പഠിപ്പ് നിർത്തുകയാണ് പതിവ്. അതിൽ‌നിന്ന് വേറിട്ട അനുഭവങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. അതിനിടയിൽ എട്ടാം തരത്തിൽ പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടി? പ്രസവിച്ച സംഭവവും ഉണ്ടായിരുന്നു. അതിന് കാരണക്കാരനായ ബന്ധുവിന് അവളെ വിവാഹം കഴിച്ചു കൊടുത്തതിനാൽ മറ്റു പ്രശ്നമൊന്നും ഇല്ലാതെ കാര്യങ്ങൾ പര്യവസാനിച്ചു.

എന്റെ സ്ക്കൂൾ പഠനകാലത്ത് വിവാഹപ്രായം ആണിനും പെണ്ണിനും എത്രയാണെന്ന് തീരുമാനിക്കുന്നത് സർക്കാർ ആയിരുന്നില്ല. ഇന്നലെവരെ ഒന്നിച്ച് പഠിച്ചിരുന്ന സഹപാഠിനിയുടെ വിവാഹം കഴിഞ്ഞകാര്യം അറിയുന്നത് അവൾ പഠനം നിർത്തിയെന്ന വാർത്തയോടൊപ്പമായിരിക്കും. മക്കളെ വളർത്തുകയും പഠനം തുടരുകയും ചെയ്തിരുന്ന പലരെയും കോളേജ് പഠനക്കാലത്ത് പരിചയപ്പെടാനിടയായിട്ടുണ്ട്. ഡിഗ്രി പഠിക്കുമ്പോൾ ഒന്നിച്ച് യാത്രചെയ്തിരുന്ന പി.ജി വിദ്യാർത്ഥിനി സമീപമുള്ള കടയിൽ നിന്ന് ബേബീഫുഡ് വാങ്ങുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു,
“ഇത് ആർക്കുവേണ്ടിയാണ്?”
“മകനുവേണ്ടിയാണ്, അവനു കൊടുക്കുന്ന പാൽ‌പൊടി ഇന്നലെ തീർന്നുപോയി”
“മകനോ? അത് വെറുതെ പറയുന്നതല്ലെ”
“വെറുതെ പറയാനോ? എനിക്ക് രണ്ടുവയസ്സ് പ്രായമായ മകനുണ്ട്; എന്റെ വീട്ടുകാരെയെല്ലാം നിന്റെ അമ്മക്ക് നന്നായിഅറിയാം, വിശ്വാസം വരുന്നില്ലെങ്കിൽ വീട്ടില്പോയിട്ട് ഇന്നുതന്നെ ചോദിക്ക്”
സംഗതി ശരിയായിരുന്നു; പത്താം തരം കഴിഞ്ഞപ്പോഴാണ് അവളുടെ വിവാഹം കഴിഞ്ഞത്. കുട്ടികളെ പ്രസവിച്ച് വളർത്തുന്നതോടൊപ്പം പഠനവും തുടർന്ന് ഒടുവിൽ അവൾക്ക് സർക്കാർജോലി ലഭിക്കുകയും ചെയ്തു.

പഠിപ്പിക്കുന്ന വിദ്യാലയങ്ങൾ മാറിയെങ്കിലും വിദ്യാർത്ഥിനികളുടെ വിവാഹം നടക്കുന്ന സംഭവം അടുത്ത കാലം വരെ ഉണ്ടായിരുന്നു. കണ്ണൂർ പട്ടണത്തിൽ നിന്ന് അകലെയല്ലാത്ത സ്ക്കൂളിൽ ജോലിചെയ്യാൻ കഴിഞ്ഞത്1991ൽ ആയിരുന്നു. ആ വർഷം എനിക്ക് ക്ലാസ്സ് ചാർജ് ലഭിച്ച എട്ടാം തരത്തിൽ നാല് പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞു; രണ്ട് ഹിന്ദു, ഒരു മുസ്ലീം, ഒരു ക്രിസ്ത്യൻ. പഠനം നിർത്തിയ കാര്യം അന്വേഷിച്ചപ്പോഴാണ് എല്ലാവരുടേയും വിവാഹക്കാര്യം അറിഞ്ഞത്.

ഇനിയൊരു പഴങ്കഥ:

100 വഷം മുൻപത്തെ അനുഭവം.
കഥാനായിക എന്റെ അമ്മൂമ്മ,,,
മൂന്നാം തരത്തിൽ പഠിക്കുമ്പോഴാണ് കല്ല്യാണം,, സ്വന്തം അച്ഛന്റെ സഹോദരി പുത്രനുമായിട്ട്. ജനിക്കുന്നതിനുമുൻപെ അച്ഛൻ മരിച്ചതിനാൽ അച്ഛന്റെ പെങ്ങൾ അവളെ സ്വന്തം മകന് വധുവായി കണ്ടെത്തിയതാണ്. ഏതാണ്ട് പത്ത് കിലോമീറ്റർ നടന്നിട്ടുവേണം വരന്റെ വീട്ടിലെത്താൻ. അതുകൊണ്ട് നടന്നു കാല്‌വേദനിച്ച വധുവിനെ തലയിലേറ്റിക്കൊണ്ട് അമ്മാവൻമാർ വധുവിനെ വരന്റെ വീട്ടിലെത്തിച്ചു; അപ്പോൾ നേരം രാത്രി ആയിരുന്നു. പിന്നെ, അക്കാലത്ത് ഇടത്തരക്കാർക്കിടയിൽ സ്വന്തം വിവാഹത്തിന് ആണിന് ഒരു പങ്കും ഉണ്ടായിരുന്നില്ല; വരന്റെ സഹോദരിയാണ് വധുവിന് പുടവ കൊടുക്കുന്നത്.

ഞാൻ പഠിച്ചിരുന്ന എന്റെ വീടിനടുത്തുള്ള പ്രൈമറി സ്ക്കൂളിൽ തന്നെയാണ് അദ്ധ്യാപികയായി ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. ശിഷ്യന്മാരായി സഹോദരന്മാരും ബന്ധുക്കളും നാട്ടുകാരും ഒട്ടനവധി. അതിൽ ചിലർ എന്റെ സഹപാഠിനികളുടെ മക്കളാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. പത്താംതരം കഴിഞ്ഞ്, കോളേജിൽ കടന്ന് ഡിഗ്രിയും ബി.എഡും പഠിക്കുന്ന നേരത്ത് എന്റെ കൂടെ പ്രൈമറിസ്ക്കൂളിൽ പഠിച്ച ഏതാനുംചില മിടുക്കികളുടെ വിവാഹം കഴിഞ്ഞിട്ട് അവർക്ക് രണ്ടും മൂന്നും മക്കളായി. അതുവരെ ഒരു വിവാഹാലോചനപോലും വരാത്ത ഞാൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളിൽ ചിലർ എന്റെ സഹപാഠിനികളുടേത്! കൂട്ടത്തിൽ മിടുമിടുക്കിയാണ് ചന്ദ്രമതി; വിവാഹം കഴിഞ്ഞത് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ. ഏതാനും വർഷം കഴിഞ്ഞപ്പോൾ എനിക്ക് പഠിപ്പിക്കാൻ കഴിഞ്ഞത് അവളുടെ മൂന്ന് കുട്ടികളെയും.

വിവാഹപ്രായം എന്നൊന്ന് ഇല്ലാതിരുന്ന കാലം‌മാറിയിട്ട് പെൺകുട്ടികൾ പതിനെട്ടിൽ നിന്നപ്പോൾ, അത് പതിനാറാക്കണമെന്നും അതിലും കുറക്കണമെന്നും പറഞ്ഞിരുന്ന മുസ്ലീം സഹോദരിമാരുടെ കാര്യമല്ല ഇതുവരെ പറഞ്ഞത്. പഠനം പ്രയാസമായി കരുതുന്ന മുസ്ലീം പെൺകുട്ടികൾ ചിലരെങ്കിലും എത്രയും വേഗം വിവാഹം നടന്നാൽ മതിയെന്ന് ചിന്തിക്കുന്നവരും ഉണ്ട്. അവരുടെ അഭിപ്രായത്തിൽ നന്നായി പഠിച്ചാലും ഉയർന്ന് പഠിക്കാൻ വീട്ടുകാർ അനുവദിക്കുല്ല; പോരാത്തതിന് ജോലിയെടുക്കാനും വിടില്ല.

എന്റെ കടൽ‌തീരഗ്രാമത്തിൽ പുതിയതായി വന്ന മുസ്ലീം കുടുംബത്തിലെ പെൺകുട്ടി ഒരിക്കൽ ചോദിച്ചു: 

“ടീച്ചറെ നിങ്ങളുടെ സ്ക്കൂളിൽ തീരെ പഠിക്കാത്ത കുട്ടികളെയൊക്കെ തോൽ‌പ്പിക്കാറുണ്ടോ?”

“പഠിക്കാത്ത കുട്ടികൾ തോൽക്കും, ചിലപ്പോൾ രണ്ടാംവർഷമായാലും അവരെ തോല്പിക്കും”

“അത് വളരെ നല്ല കാര്യമാണല്ലൊ, അവിടെയുള്ള പെൺകുട്ടികൾക്ക് കല്ല്യാണം നടക്കുന്നതുവരെ പഠിക്കാമല്ലൊ. നമ്മുടെ സ്ക്കൂളിലാണെങ്കിൽ ആരെയും തോൽ‌പ്പിക്കില്ല; പെട്ടെന്നുതന്നെ പത്തിലെത്തും”  

പത്ത്‌ വർഷം മുൻപ് എന്റെ ഗ്രാമത്തിലെ ഹയർ സെക്കന്ററി സ്ക്കൂളിൽ പ്ളസ് 2 വിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ മുസ്ളീം പെൺകുട്ടി അവാർഡ് വാങ്ങാൻ സ്ക്കൂളിൽ എത്തിയില്ല. കാരണം  അവളുടെ കല്ല്യാണം കഴിഞ്ഞത് രണ്ടു ദിവസം മുൻപായിരുന്നു. ഇപ്പോൾ ഭർത്താവ് നിർമ്മിച്ച കൊട്ടാരസദൃശമായ വീട്ടിൽ രണ്ട് മക്കളോടൊപ്പം വീട്ടമ്മയായി വളരെ സന്തോഷത്തോടെ അവൾ ജീവിക്കുന്നു.

അതെ കാലത്ത് ഞാൻ പഠിപ്പിച്ചിരുന്ന വിദ്യാലയത്തിൽ ഒരു വിദ്യാർത്ഥിനി മാത്രം പത്താംതരത്തിൽ  തോറ്റു. ജയിച്ചവരെക്കാൾ നാട്ടുകാർ തിരക്കിയത് പാവപ്പെട്ട ആ പെൺകുട്ടിയെ ആയിരുന്നു. തോറ്റവൾ പഠിപ്പ് നിർത്തിയിട്ട് വിവാഹം കഴിഞ്ഞു. കൂട്ടുകാരികൾ പ്ളസ്  പൂർത്തിയാക്കുന്ന നേരത്ത് ആവൾക്ക് പ്ളസ്  ആയി ഒരു മകൻ പിറന്നു. അടുത്ത വർഷം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട അവളുടെജീവിതം പിന്നീട് നരകതുല്യമായി.

അധ്യാപന ജീവിതത്തിന്റെ അവസാനഘട്ടത്തിൽ പ്രധാനഅദ്ധ്യാപിക ആയിരിക്കെ നടന്ന സംഭവം:  ക്രിസ്തുമസ് പരീക്ഷ നടക്കുന്ന നേരത്ത് ഏതാനും അദ്ധ്യാപകർ എന്നെ സമീപിച്ചു. അവർക്ക് തൊട്ടടുത്ത വീട്ടിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ പോകണം. വിവാഹം നടക്കുന്നത് ആ വിദ്യാലയത്തിൽതന്നെ പഠിക്കുന്ന ഒൻപതാംക്ലാസ്സുകാരിയുടേത്.  ഞാൻ ചോദിച്ചു.

“എന്റെ സ്ക്കൂളിൽ പഠിക്കുന്ന കുട്ടിയുടെ വിവാഹത്തിന് ആകെയൊരു എച്ച്.എം. ആയ എന്നെമാത്രം ക്ഷണിച്ചില്ല; അതെന്താണ്?”

“ടീച്ചറെ അവർക്ക് വിശ്വാസം പോര, കുട്ടിക്ക് പതിനെട്ട് ആയില്ല എന്നുപറഞ്ഞ് പരാതി കൊടുത്താലോ?”

സ്റ്റാഫ് സെക്രട്ടറിയുടെ മറുപടി.

ഏതാനും വർഷം‌മുൻപ് കേരളത്തിന്റെ വടക്കെയറ്റത്ത് പ്രധാന അദ്ധ്യാപികയായി ജോലിചെയ്ത ഒരു സുഹൃത്തിന്റെ അനുഭവം:

എട്ടാം തരത്തിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു; ആ നാട്ടിൽ അതൊന്നും ഒരു പുതുമയല്ല. ഒരുമാസം കഴിഞ്ഞപ്പോൾ അവളുടെ രക്ഷിതാവ് ഹെഡ്‌ടീച്ചറെ സമീപിച്ചു. അവർക്കൊരു ആവശ്യം,, ‘വയസ്സ് അറിയിക്കുന്ന കടലാസ് സ്ക്കൂളിൽനിന്ന് വേണം’.

ടീച്ചർ പറഞ്ഞു ‘തരാമല്ലൊ’.

പക്ഷെ, പെൺകുട്ടിക്ക് 12 വയസ്സ് എന്ന് എഴുതിത്തരണം. കാരണം, അവളുടെ കെട്ടിയവൻ പറയുന്നു, പെണ്ണിന് മൂപ്പ് കൂടുതലാണ് പതിനാറെങ്കിലും ആയിക്കാണും’ എന്ന്. വീട്ടുകാർ പറഞ്ഞു പന്ത്രണ്ടാണെന്ന് തെളിയിക്കാമെന്ന്. അങ്ങനെ സ്ക്കൂളിൽ വന്നതാണ്.

സ്ക്കൂൾ രജിസ്റ്ററിൽ പെൺകുട്ടിക്ക് പതിനഞ്ച് വയസ്സ്, ഹെഡ് പറഞ്ഞു, ‘അത് പറ്റില്ല’ എന്ന്. അപ്പോൾ രക്ഷിതാവ് പറഞ്ഞു, ‘ടീച്ചറെ എത്ര പണം വേണമെങ്കിലും തരാം. നമ്മക്ക് പന്ത്രണ്ടാണെന്ന് എഴുതിയ കടലാസ് വേണം’.

ഒടുവിൽ മകൾക്ക് പന്ത്രണ്ട് വയസ്സ് ആവാത്ത വിഷമത്തോടെ കരഞ്ഞുകൊണ്ട് രക്ഷിതാവ് ഇറങ്ങിപ്പോയി.

പെണ്മക്കളെ കെട്ടിച്ചയക്കാൻ ഒരുകൂട്ടർ പ്രയാസപ്പെടുമ്പോൾ വേറെ ചിലർ എത്രയും വേഗത്തിൽ അവളെ ഒരുത്തന്റെ തലയിൽ ഏൽ‌പ്പിക്കാൻ തിരക്കുകൂട്ടുന്നു. അതുപോലെ പെൺകുട്ടികളുടെ ചിന്താഗതിയിലും മാറ്റം വരുന്നുണ്ട്. ഒരുകാലത്ത് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരാൻ മലയാളി പെൺകുട്ടികൾ തന്റേടം കാണിച്ചിരുന്നു. അതെസമയം പെൺകുട്ടികൾ അരങ്ങ് വിട്ട് അടുക്കളയിൽ ഒതുങ്ങിക്കൂടുന്നതായും നമുക്കുചുറ്റും കാണാൻകഴിയും.

ശുഭം 

എഴുത്തുകാരിയുടെ ഇ മെയിൽ വിലാസവും ബ്ളോഗ് ലിങ്കുകളും :


ഇ മെയിൽ ഐഡി: souminik@gmail.com

ബ്ളോഗ് ലിങ്കുകൾ:Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.