Pic. Credit: iffk.in |
പാടവും പറമ്പും നെല്ലും വൈക്കോലും വാഴയും കപ്പയും ചേനയും കുരുമുളകും ഏലവും തുടങ്ങിയുള്ള കൃഷിയിലും കൃഷി കാര്യങ്ങളിലും മാത്രം സദാ ചിന്ത ചെലുത്തിയുള്ള ഒരു ജീവിതം. അതായിരുന്നു ഉത്തമ കര്‍ഷകനായിരുന്ന നമ്മുടെ കഥാനായകന്‍ 'മത്തായിചേട്ടന്‍' എന്ന് എല്ലാവരും സ്നേഹപൂർവ്വം വിളിക്കുന്ന അന്ത്രയോസ് മകന്‍ മത്തായി.
സൂര്യോദയത്തിനു മുന്‍പ് തന്നെ കിടക്കയില്‍ നിന്നും ചാടി എണീറ്റു ദിനചര്യകള്‍ പൂര്‍ത്തിയാക്കി പാടത്തേക്കു പായുന്ന മത്തായി സായാഹ്നം വരെ പാടത്തും പറമ്പിലുമായി വിവിധ പണി കളിലേര്‍പ്പെടുന്നു. ഒപ്പം പണിയാളുകള്‍ക്കൊപ്പം ചേരാനും അവര്‍ ചെയ്യേണ്ട പണികൾ പറഞ്ഞു കൊടുക്കുവാനും അവരെ പണിയില്‍ സഹായിക്കാനും താന്‍ തന്റെ കൃത്യ നിർവ്വഹണത്തിനിടയിലും സമയം കണ്ടെത്തി. ഇടവേളകളില്‍ അവര്‍ക്കൊപ്പം കൂടി അല്‍പ്പസ്വല്‍പ്പം സൊറ പറയാനും മത്തായി ചേട്ടന്‍ പിശുക്കു കാട്ടിയിരുന്നില്ല. മുതലാളി തൊഴിലാളി എന്നൊരു വേര്‍കൃത്യം മത്തായിയുടെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.
പക്ഷെ, കാലം പുരോഗമിച്ചതോടുകൂടി പണ്ടത്തെപ്പോലെ പണിയാളുകള്‍ ആത്മാര്‍ഥമായി പണി ചെയ്യുന്നില്ലന്ന കാര്യം മനസ്സിലാക്കിയിട്ടും യാതൊരു വിധ വേര്‍കൃത്യവും മത്തായി അവരോടു കാട്ടിയില്ല. ഒരു മുതലാളി എന്ന രീതിയില്‍ അവരോടിടപെടുവാന്‍ താന്‍ ഒരിക്കലും ശ്രമിച്ചുമില്ല.
ഓട്ടു കമ്പനിയിലെ അഞ്ചു മണിയുടെ സയറന്‍ മുഴങ്ങുന്നതോട് പണിയാളുകള്‍ പൊടിയും തട്ടിക്കളഞ്ഞു പാടത്തുനിന്നും പറമ്പില്‍ നിന്നും കയറി തങ്ങളുടെ വീടുകളിലേക്ക് പോകുവാന്‍ തയ്യാറെടുക്കും.
അതിലും മത്തായി അവരോടു ഒരു പരിഭവും കാട്ടിയില്ല. മറിച്ച് പണിയാളന്മാര്‍ക്ക് അവര്‍ക്ക് ലഭിക്കേണ്ട നിത്യക്കൂലിക്കൊപ്പം വിളവെടുപ്പ് സമയത്തും ഉത്സവനാളുകളിലും വിളവിന്റെ ഒരു പങ്കും അവര്‍ക്ക് നല്‍കാന്‍ മത്തായി മറന്നില്ല.
മിക്കാവാറും ദിവസം പണിക്കാര്‍ക്കുള്ള കൂലി നല്‍കി അവരെ പറഞ്ഞയച്ച ശേഷം കുറെ സമയം കൂടി മത്തായി കൃഷിയിടങ്ങളില്‍ ഒന്ന് ചുറ്റിത്തിരിഞ്ഞ ശേഷമേ വീട്ടിലേക്കു പോകാറുള്ളു.
ഊണിലും ഉറക്കത്തിലും കൃഷിയിലും കൃഷി കാര്യങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു നടന്നതിനാല്‍ സ്വന്ത കുടുംബത്തെപ്പോലും അയാള്‍ മറന്നു പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
പാവം മറിയാമ്മ അതെല്ലാം സഹിച്ചും വഹിച്ചും അയാളോടൊപ്പം കഴിഞ്ഞു കൂടി. വിവാഹ കാലം മുതല്‍ നാളിതുവരെയും, നീണ്ട പത്തു വര്‍ഷങ്ങള്‍ പുരുഷന്റെ ചൂടെന്തന്നറിയാന്‍ കഴിയാത്ത ഒരു ഹതഭാഗ്യ യായി മാറി മറിയാമ്മ. അവർക്കതിൽ ഒട്ടും പരിഭവവും ഇല്ലായിരുന്നു, എങ്കിലും വടക്കേതിലെ ശോശാമ്മയെ കാണുമ്പോള്‍ എന്തോ ഒരിത് മറിയാമ്മക്കു തോന്നാതെയുമിരുന്നില്ല.
ഏതാണ്ട് സമപ്രായക്കരായിരുന്നു അവരിരുവരും.
അവള്‍ക്കിന്നു കുട്ടികള്‍ മൂന്ന്.
കുട്ടികളുമായി അവള്‍ ഇടപെടുന്നത് പലപ്പോഴും കൊതിയോടെ നോക്കി നിന്നിട്ടുണ്ട് മറിയാമ്മ.
ഈശ്വരാ എന്റെ ഒരു ഗതി എന്നോര്‍ത്തു പലപ്പോഴും നെടുവീര്‍പ്പിട്ടിട്ടുണ്ട് പാവം മറിയാമ്മ.
കുട്ടികളിലും കുടുംബത്തിലും ഒട്ടു ആശയില്ലാത്ത ഒരുവനായിപ്പോയല്ലോ ഈശ്വരാ എന്റെ കെട്ടിയോന്‍ ആത്മഗതം എന്നോണം അവർ ഓര്‍ക്കും.
തന്റെ ആശ ചേട്ടനെ എങ്ങനെ ധരിപ്പിക്കും എന്ന ആധിയോടെ അവള്‍ അയാളുടെ മുറിയില്‍ എത്തി.
കുളി കഴിഞ്ഞു ഭക്ഷണവും കഴിഞ്ഞു സന്ധ്യാ പ്രാര്‍ഥനയും ചൊല്ലി കിടക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു മത്തായി ചേട്ടൻ.
എങ്കിലും ഇന്ന് തന്റെ ആഗ്രഹം ചേട്ടനെ ധരിപ്പിക്കാന്‍ തന്നെ മറിയാമ്മ തീരുമാനിച്ചു,
പതുക്കെ മറിയാമ്മ മത്തായി ചേട്ടന്റെ അരുകിലേക്കടുത്തു, യാതൊരു മുഖവുരയും കൂടാതെ മറിയാമ്മ പറഞ്ഞു.
ചേട്ടാ എനിക്കിന്നൊരു സ്വകാര്യം ചേട്ടനോട് പറയാനുണ്ട്.
തന്റെ ഭാര്യയില്‍ പതിവില്ലാതെ കണ്ട ചുണയും ചൊടിയും മത്തായിയെ തെല്ലൊന്നമ്പരപ്പിച്ചു.
ആശ്ചര്യത്തോടെ അയാള്‍ അവളുടെ മുഖത്തേക്ക് നോക്കി.
തന്റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അവള്‍ മുറിയിലെ ലൈറ്റ് അണച്ച് അയാളെ ഉറുമ്പടക്കം ഒരു പിടുത്തം.
അത് മത്തായിയെ ശരിക്കും ഞട്ടിച്ചു.
അയാള്‍ ഒരുവിധത്തില്‍ മറിയാമ്മയുടെ പിടിയില്‍ നിന്നും അകന്നു മാറി. ലൈറ്റ് തെളിയിച്ചു.
എന്താ മറിയേ നിനക്കിതെന്തു പറ്റി?
ഇതൊക്കെ മോശം പണിയല്ലേ.
നമുക്ക് പറ്റിയ പണിയല്ല മറിയേ ഇത്.
മറിയാമ്മ വിട്ടില്ല.
ചേട്ടാ അത് പിന്നെ, നമുക്കും വേണ്ടേ ഒരു കുഞ്ഞിക്കാലു?
എന്ത് കുഞ്ഞിക്കാലു, നീ കിടന്നുറങ്ങൂ മറിയാമ്മേ
നാളെ രാവിലെ നാല് മണിക്ക് പാടത്തിറങ്ങേണ്ടതാ.
നൂറു കൂട്ടം പണിയാ കിടക്കുന്നത്.
നീ കിടന്നുറങ്ങാന്‍ നോക്ക് എന്ന് പറഞ്ഞു അവളുടെ മറുപടിക്ക് നില്‍ക്കാതെ അയാള്‍ കിടക്കയിലേക്ക് ചരിഞ്ഞു.
പാവം മറിയാമ്മ വിധിയെ പഴിച്ചുകൊണ്ട് കിടക്കയിലേക്ക് ചരിഞ്ഞു.
അവള്‍ക്കന്ന് ഉറങ്ങാൻ കഴിഞ്ഞില്ല.
അന്ന് രാത്രിയിലും, 'കര്‍ഷക ശ്രീ അവാര്‍ഡ്' സ്വപ്നം കണ്ടു കൊണ്ട് മത്തായി സുഖമായി ഉറങ്ങി.
വാല്‍ക്കഷണം:
ജീവിക്കാന്‍ മറന്നു പോയെങ്കിലും, മത്തായിയേപ്പോലുള്ളവര്‍ എന്നും
ഒരു രാഷ്ട്രത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെ!
അതെ! ഇത്തരം മത്തായിമാര്‍ നാടിന്റെ അഭിമാനം തന്നെയല്ലേ?
ഇത്തരം മത്തായിമാര്‍ നീണാള്‍ വാഴട്ടെ!
NOTE:
മലയാളം ബ്ളോഗ് എഴുത്ത് തുടങ്ങിയ നാളുകളിൽ മറ്റൊരു പേരിൽ എഴുതി പ്രസിദ്ധീകരിച്ച ഒരു കഥ.
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.