എന്റെ മമ്മയും പുതിയ അങ്കിളും
എനിക്കു ഏഴു വയസ്സുണ്ട്
എന്റെ വീട്ടില്‍ ഞങ്ങള്‍ രണ്ടു പേര്‍ , ഞാനും എന്റെ മമ്മിയും, അല്ല, ഇപ്പോള്‍ ഞങ്ങളെക്കൂടാതെ മറ്റൊരാള്‍ കൂടിയുണ്ട്
എന്റെ പുതിയ അങ്കിള്‍
എന്നാല്‍ സാധാരണ അങ്കിള്‍ വീട്ടില്‍ കാണില്ല, മിക്കപ്പോഴും പുറത്തായിരിക്കും
എന്റെ മമ്മി വളരെ സുന്ദരി യാണ്, വയസ്സ് ഇരുപത്തി നാലേ ആയുള്ളെങ്കിലും മമ്മ വിധവയായിരുന്നു.
എന്റെ ഡാഡി യെ ഞാന്‍ കണ്ടിട്ടില്ല, അദ്ദേഹം ഇവിടെ
അടുത്തുള്ള ഒരു സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു എന്നും, ഒരു ദിവസം
അദ്ദേഹം ദൂരെയെവിടെയോ ഞങ്ങളെ വിട്ടു പോയി എന്നും എന്റെ മമ്മയുടെ മമ്മ
ഒരിക്കല്‍ എന്റെ ചോദ്യത്തിനുത്തരമായി പറയുകയുണ്ടായി.
ഡാഡിയുടെ പടം ഞാന്‍ കണ്ടിട്ടുണ്ട് അതില്‍ അദ്ദേഹം അതിസുന്ദരനായി കാണപ്പെട്ടു.
എന്റെ മമ്മയെ പുറത്തുള്ള വേലകളില്‍
സഹായിക്കുന്നതിനായി കുറെ അകലെ താമസിക്കുന്ന മമ്മയുടെ ജേഷ്ഠന്‍ വല്ലപ്പോഴും
വീട്ടില്‍ വരിക പതിവായിരുന്നു
ഒരു ദിവസം ഞാന്‍ പുറത്തെ ഗള്ളിയില്‍ കൂട്ടുകാരുമൊത്തുള്ള കളി കഴിഞ്ഞു മടങ്ങി വന്നപ്പോള്‍
ഞങ്ങളുടെ വീടിന്റെ വരാന്തയില്‍ ഏതോ ഒരു ചെറുപ്പക്കാരനുമായി അങ്കിള്‍ സംഭാഷണത്തില്‍ മുഴുകിയിരിക്കുന്നതാണ് ഞാന്‍ കണ്ടത്.
അങ്കിളിന്റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ പുതുതായി വന്ന അങ്കിളിനു നമസ്കാരം പറഞ്ഞു.
അങ്കിള്‍ എന്നെ അയാള്‍ക്ക് പരിചയപ്പെടുത്തി.
ഇതാണ് എമിലി എന്റെ അനിന്തരവള്‍, ക്യുഗ്സെന്നിന്റെ മകള്‍.
അത് കേട്ടപ്പോള്‍ എനിക്ക് നാണം തോന്നി.
എമിലി ഇങ്ങു വന്നേ ചോദിക്കട്ടെ, അയാള്‍ എന്നെ അടുത്തേക്ക് വിളിച്ചു.
എന്നേ തന്നോട് ചേര്‍ത്ത് പിടിച്ചുകൊണ്ടു അയാള്‍ പറഞ്ഞു.
മോളുടെ കണ്ണുകള്‍ മോളുടെ ഡാഡിയുടെതുപോലെയുണ്ട്.
ഞാന്‍ നിശബ്ദയായിതന്നെ നിന്നു.
ഡാഡിയുടെ മിത്രം കൂടിയായ അയാള്‍ ഞങ്ങളോടൊപ്പം താമസിക്കാനെത്തിയതാണന്നറിഞ്ഞ പ്പോള്‍ എനിക്കതിയായ സന്തോഷം തോന്നി.
ഇതിനു
മുന്‍പൊരിക്കലും ഞാന്‍ ഈ പുതിയ അങ്കിളിനെ കണ്ടിട്ടേയില്ല എങ്കിലും എനിക്ക്
ആ അങ്കിളിനോടെന്തോ ഒരടുപ്പം തോന്നിയതുപോലെ , അതുപോലെ അങ്കിള്‍ എന്നോടും
സ്നേഹം കാട്ടി.
പിന്നീട് നാട്ടില്‍ പലരും പറയുന്നത് കേട്ടു എന്റെ പുതിയ അങ്കിള്‍ എന്റെ
ഡാഡി യുടെ ഏറ്റവും അടുത്ത മിത്രമാണെന്നും ഏതോ വിദേശത്തുള്ള കോളേജില്‍ പഠനം
പൂര്‍ത്തിയാക്കി എത്തി
യതാണന്നുമാണ്.
പുതിയ അങ്കിള്‍ ഗ്രാമത്തിലെ സ്കൂളില്‍
പഠിപ്പിക്കാന്‍ വന്നതാണെന്നും, ഗ്രാമത്തില്‍ നല്ല ഹോട്ടലുകളും, നല്ല താമസ
സൗകര്യം ഒന്നുമില്ലാത്തതിനാലും എന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി
താമസിക്കാനായെത്തിയതാണെന്നും ഞാന്‍ അന്ന് തന്നെ മനസ്സിലാക്കി.
പുതിയ അങ്കിളിന്റെ കൈയ്യില്‍ ധാരാളം ചിത്ര പുസ്തകങ്ങള്‍ ഉണ്ടായിരുന്നു.
ഞാന്‍
അങ്കിളിന്റെ മുറിയില്‍ ചെന്നാല്‍ വാത്സല്യത്തോടെ എന്നെ വിളിച്ചു അരികില്‍
നിര്‍ത്തി ആ ചിത്രങ്ങളും മറ്റും കാട്ടിത്തരുമായിരുന്നു.
ഒരു ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം ഞാന്‍ എന്റെ പുതിയ അങ്കിളിന്റെ മുറിയില്‍ ചെന്നപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു.
എമിലി മോള്‍ക്ക് ചോറല്ലാതെ മറ്റു എന്താഹാരമാണ് കൂടുതല്‍ ഇഷ്ടം?
എനിക്കു മുട്ട വലിയ ഇഷ്ടമാണ് എന്ന് ഞാന്‍ പറഞ്ഞു.
അത് കേട്ട അങ്കിള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു , മുട്ട എനിക്കും വലിയ ഇഷ്ടമാണ്.
പിന്നീട് ഇക്കാര്യം ഞാന്‍ മമ്മയോടു പറഞ്ഞു.
അടുത്ത ദിവസം മുതൽ എന്റെ മമ്മ കൂടുതല്‍ മുട്ട വാങ്ങുവാന്‍ തുടങ്ങി
എന്റെ സ്കൂളിലെ അദ്ധ്യാപിക നല്ലവണ്ണം പിയാനോ വായിക്കുമായിരുന്നു.
എന്റെ വീട്ടിലും ഒരു പിയാനോ ഉണ്ട്, എന്നാല്‍ മമ്മ അതിതുവരെ വായിച്ചു കേട്ടിട്ടില്ല.
അതുകൊണ്ട് ഞാന്‍ ഒരു ദിവസം മമ്മയോടു ചോദിച്ചു "മമ്മക്ക് പിയാനോ വായിക്കാനറിയില്ലേ?
മമ്മ പറഞ്ഞു: " ഈ പിയാനോ നിന്റെ ഡാഡി എനിക്ക് വാങ്ങിച്ചു തന്നതാണ് എന്നാല്‍
അദ്ദേഹം നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ ശേഷം ഞാനതില്‍ തൊട്ടിട്ടില്ല എന്ന്
പറഞ്ഞു വിഷയം മാറ്റിക്കളഞ്ഞു.
പുറത്തെ മുറിയില്‍ താമസിക്കുന്ന എന്റെ പുതിയ അങ്കിളിന്റെ മുറിയില്‍ പോകാനും അങ്കിളി നോടൊപ്പം സമയം ചെലവഴിക്കാനും വര്‍ത്തമാനം പറഞ്ഞിരിക്കാനും ഞാന്‍ ഒത്തിരി ഇഷ്ടപ്പെട്ടു.
എന്നാല്‍ അദ്ദേഹത്തെ മോള്‍ ശല്യം ചെയ്യാന്‍ പോകേണ്ടാ എന്ന് പറഞ്ഞു മമ്മ എന്നെ വിലക്കുമായിരുന്നു.
എന്നാല്‍ സത്യത്തില്‍ അദ്ദേഹം എനിക്കായിരുന്നു ശല്യം വരുത്തിയിരുന്നത്.
ഞങ്ങളുടെ വീട്ടില്‍ താമസം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു
മോളേ
നിന്റെ കണ്ണുകള്‍ നിന്റെ ഡാഡിയുടേത് പോലെ തന്നെയുണ്ട്, എന്നാല്‍ മനോഹരമായ
ഈ മൂക്ക് ഒരു പക്ഷെ നിന്റെ മമ്മയുടെത് പോലെയായിരിക്കാം
എന്ത്, അങ്കിള്‍ എന്റെ മമ്മയെ ഇതുവരെ കണ്ടിട്ടില്ലേ?
പുതിയ അങ്കിളിള്‍ ഒന്നും പറഞ്ഞില്ല.
എന്നാല്‍ അകത്തേക്ക് വരൂ അങ്കിള്‍, ഞാന്‍ എന്റെ മമ്മയെ കാട്ടിത്തരാം
ഇപ്പോള്‍ വേണ്ടാ, ഇന്നെനിക്കു ചില അത്യാവശ്യ ജോലിയുണ്ട്, പുറത്തു പോകേണ്ടതുണ്ട് എന്ന് പറഞ്ഞു അങ്കിള്‍ ഒഴിഞ്ഞു മാറി.
കുറച്ചു നാളുകള്‍ക്കു ശേഷം ഒരിക്കല്‍ ഞാന്‍ എന്റെ പുതിയ അങ്കിളിന്റെ കൂടെ പാര്‍ക്കിലേക്ക് നടക്കുന്നതിനിടയില്‍, വഴി മദ്ധ്യേ എന്റെ ചില സുഹൃത്തുക്കളെ ഞാന്‍ കണ്ടു
അവരില്‍ ഒരാള്‍ മറ്റൊരുവളോടു പറയുന്നത് കേട്ടു.
"നോക്കൂ എമിലി അവളുടെ ഡാഡി യോടൊപ്പം പോകുന്നു"
എനിക്ക് ലജ്ജ തോന്നി.
ഞാന്‍ ഓര്‍ത്തു അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് !
അങ്കിള്‍ ശരിക്കും എന്റെ ഡാഡി ആയിരുന്നെങ്കില്‍!
ഞാന്‍ ഈ കാര്യം എന്റെ പുതിയ അങ്കിളിനോട് പറയുകയും ചെയ്തു.
അത് കേട്ട അങ്കിളിന്റെ മുഖം പെട്ടന്ന് ചുവന്നു തുടിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
ഇത്തരം കാര്യങ്ങള്‍ ഒന്നും മോള്‍ പറയരുത്.എന്നു പറഞ്ഞു എന്നെ ശകാരിക്കുകയും ചെയ്തു.
.
അടുത്ത ദിവസം ഞായറാഴ്ച ആയിരുന്നു.
മമ്മയോടൊപ്പം ക്ഷേത്രത്തിലേക്ക് പോകുവാന്‍ ഞാന്‍ തയ്യാറായി
മമ്മ വസ്ത്രം ധരിക്കുവാന്‍ തുടങ്ങി
ഇതിനിടയില്‍ ഞാന്‍ പെട്ടന്നു അങ്കിളിന്റെ മുറിയിലേക്ക് ചെന്നു.
ഇന്നലത്തെ സംസാരം മൂലം അങ്കിളിനെന്നോട് പിണക്കമാണോ എന്നറിയാമല്ലോ
അങ്കിള്‍ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു .
എന്നെക്കണ്ട അങ്കിള്‍ ചോദിച്ചു
സുന്ദരിക്കുട്ടി, ഇന്ന് അസ്സല്‍ സുന്ദരിയായിരിക്കുന്നല്ലോ, എവിടെക്കാണോ പോകുന്നത്?
ഇന്ന് ഞായറാഴ്ച അല്ലെ അങ്കിള്‍, മമ്മ എല്ല ഞായറാഴ്ചയും ക്ഷേത്രത്തില്‍ പോകും, ഞാനും മമ്മക്കൊപ്പം പോവുകയാണ്.
ഇതിനുള്ളില്‍ മമ്മ എന്നെ വിളിച്ചു.
ക്ഷേത്രത്തില്‍ വെച്ച് ഞാന്‍ എന്റെ പുതിയ അങ്കിളിനെ ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ടു.
അതെനിക്ക് വലിയ സന്തോഷം തന്നു.
അവിടെവെച്ചു കണ്ട അങ്കിളിന്റെ മുഖത്തിനെന്തോ ഒരു വ്യത്യാസം വന്നതുപോലെ തോന്നി.
മുഖം കുനിഞ്ഞിരുന്നത് പോലെ തോന്നി. എങ്കിലും ആള്‍ക്കൂട്ടത്തിനിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
അത് കണ്ടു ഞാന്‍ മമ്മയുടെ ചെവിയില്‍ പറഞ്ഞു, "മമ്മ നമ്മുടെ പുതിയ അങ്കിളും ക്ഷേത്രത്തില്‍ വന്നിട്ടുണ്ട്.
ഇത് കേട്ടതും മമ്മയുടെ മുഖം ചുവന്നു. മറുപടി ഒന്നും പറഞ്ഞില്ല.
ഒരു
ദിവസം സ്കൂളില്‍ നിന്നും മടങ്ങുമ്പോള്‍ മമ്മക്കൊരു സര്‍പ്രൈസ്
കൊടുക്കുവാന്‍ സ്കൂളിലെ പൂന്തോട്ടത്തില്‍ നിന്നും സെക്യുരിറ്റി കാണാതെ
രണ്ടു റോസാ പൂക്കള്‍ ഞാന്‍ ഇറുത്തെടുത്തു
പൂക്കള്‍ കണ്ട മമ്മ എന്നോട് ചോദിച്ചു, മോള്‍ക്കിതെവിടെ നിന്നും കിട്ടി?
സ്കൂളിലെ പൂന്തോട്ടത്തില്‍ നിന്നും ഇറുത്തെടുത്തതാണന്നു പറയാന്‍ ഞാന്‍ ഭയന്നു
പെട്ടന്ന് ഞാന്‍ പറഞ്ഞു
ഇത് നമ്മുടെ പുതിയ അങ്കിള്‍ മമ്മക്ക് കൊടുക്കാനെന്നും പറഞ്ഞു തന്നതാണ്.
അത് കേട്ടതും വീണ്ടും മമ്മയുടെ മുഖം ചുവന്നു
അല്‍പ്പസമയത്തിനു ശേഷം മമ്മ പറഞ്ഞു
മോള്‍ ഇത്തരം കാര്യങ്ങള്‍ കൊണ്ടുവരാന്‍ പാടില്ലായിരുന്നു
മമ്മ
ആ പൂക്കള്‍ വലിച്ചെറിയുമായിരുന്നു എന്നു ഞാന്‍ വിചാരിച്ചു എന്നാല്‍ അത്
മുകളിലത്തെ മുറിയില്‍ വെച്ചിരിക്കുന്ന പിയാനോയുടെ മുകളിലെ ഫ്ലവര്‍ വേസില്‍
വെക്കുകയാണ് ചെയ്തത്.
ആ പുഷ്പ്പത്തിലെ അവസാന ദളങ്ങള്‍ കൊഴിഞ്ഞു വീഴുന്നതു വരെ പല ദിവസങ്ങള്‍ അതവിടെത്തന്നെയിരുന്നു.
അതിന്റെ എല്ലാ ദളങ്ങളും കൊഴിഞ്ഞു വീണപ്പോള്‍ മമ്മ അവ വാരിയെടുത്ത് ഭജനാ പുസ്തകത്തിന്റെ താളുകള്‍ക്കുള്ളില്‍ തിരുകി വെച്ചു.
പിന്നീടൊരു ദിവസം വൈകിട്ട് ഞാന്‍ വീണ്ടും അങ്കിളിന്റെ മുറിയില്‍ ചെന്നു.
അദ്ദേഹത്തിന്റെ മടിയില്‍ ഇരുന്നു ഞാന്‍ ചിത്ര പുസ്തകത്തില്‍ ചിത്രങ്ങള്‍ കാണുവാന്‍ തുടങ്ങി.
പെട്ടന്ന് കേട്ട പിയാനോ ശബ്ദം എന്നെയും അങ്കിളിനെയും ആശ്ചര്യഭരിതരാക്കി
ശബ്ദം ഞങ്ങളുടെ മുകളിലത്തെ മുറിയില്‍ നിന്നും ആണെന്ന് മനസ്സിലാക്കിയ ഞാന്‍ വേഗത്തില്‍ അവിടേക്കോടി
ആ
മുറിയില്‍ പ്രകാശം ഇല്ലായിരുന്നു, എങ്കിലും അരണ്ട വെളിച്ചത്തില്‍ വെള്ള
വസ്ത്രം ധരിച്ചു പിയാനോവിനു മുന്നിലിരുന്നു വായിക്കുന്ന, ഒപ്പം ഏതോ
ഗാനത്തിന്റെ ഈരടികള്‍ ഉരുവിടുന്ന എന്റെ മമ്മയെ ഞാന്‍ കണ്ടു.
എന്നാല്‍ അല്പം കഴിഞ്ഞപ്പോള്‍ മമ്മ ഉദാസീനതയോടെ പാട്ട് നിര്‍ത്തുകയും ചെയ്തു.
ദിവസങ്ങള്‍ കടന്നു പോയി.
ഒരു ദിവസം പുതിയ
അങ്കിള്‍ എന്റെ കൈവശം ഒരു കവര്‍ തന്നിട്ട് പറഞ്ഞു ഇതില്‍ കഴിഞ്ഞ മാസത്തെ
വാടകയും ഭക്ഷണ ചിലവുമാണ് ഇത് മോള്‍ മമ്മയുടെ കൈയ്യില്‍ കൊടുക്കണം.
കവര്‍ ഞാന്‍ മമ്മയുടെ കൈയ്യില്‍ കൊടുത്തിട്ട് അങ്കിള്‍ പറഞ്ഞതുപോലെ പറഞ്ഞു..
അത് കേട്ടു എന്റെ മമ്മയുടെ മുഖം വിളറുന്നതു ഞാന്‍ ശ്രദ്ധിച്ചു.
എങ്കിലും ഒരു ദീര്‍ഘ ശ്വാസത്തോടെ അത് വാങ്ങി തുറന്നു നോക്കി
വാടകയോടൊപ്പം അതില്‍ മടക്കി വെച്ചിരുന്ന ഒരു വെളുത്ത പേപ്പറും മമ്മ പുറത്തെടുത്തു
ആദ്യം ഒന്നറച്ചു നിന്നെങ്കിലും പിന്നീടത് തുറന്നു വായിക്കുവാന്‍ തുടങ്ങി.
എന്താണതില്‍ എഴുതിയിരുന്നതെന്നെനിക്കറിയില് ല, എന്നാല്‍ അത് വായിക്കുമ്പോള്‍ മമ്മയുടെ മുഖം ചുവക്കുന്നതും കൈകള്‍ വിറക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു.
അല്‍പ്പ സമയം കഴിഞ്ഞു അത് മടക്കി രൂപയോടൊപ്പം അതെ കവറില്‍ വച്ച് മമ്മയുടെ തയ്യല്‍ മെഷീന്‍ ഡ്രോയില്‍ നിക്ഷേപിച്ചു.
മോളേ
നീ ജനിക്കുന്നതിനു മുന്‍പേ നിന്റെ ഡാഡി നമ്മെ വിട്ടു പോയതാണ്, അദ്ദേഹം
ഇന്നീ ലോകത്തില്‍ ഇല്ല. എന്നാല്‍ നിനക്ക് ഇന്നൊരു പുതിയ ഡാഡിയെ വേണം, നീ
ആരെയെങ്കിലും പുതിയ ഡാഡി യായി സ്വീകരിച്ചാല്‍ മറ്റുള്ളവര്‍ എന്നെയും
നിന്നെയും പറ്റി പലതും പറയും, നിന്റെ സുഹൃത്തുക്കള്‍ നിന്നെ നോക്കി
ചിരിക്കും. തന്നെയുമല്ല ഭാവിയില്‍ നിനക്കൊരു നല്ല ഭര്‍ത്താവിനെ ലഭിക്കുക
അത്ര എളുപ്പമാവുകയുമില്ല, മോളിത് മനസ്സിലാക്കണം.
മോളേ നീ എന്നെ വിട്ടു ഇങ്ങോട്ടും പോകരുത്.
നിനക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്.
ജീവിത കാലം മുഴുവന്‍ നീ നിന്റെ മമ്മയോടൊപ്പം ഉണ്ടായിരിക്കണം.
പറയൂ നീ എന്നെ എത്ര മാത്രം സ്നേഹിക്കുന്നുയെന്നു.
എന്റെ മമ്മയുടെ ഇത്തരത്തിലുള്ള സംഭാഷണം കേട്ട എനിക്ക് ഉള്ളില്‍ വിഷമം തോന്നി.
ഞാന്‍ എന്റെ രണ്ടു കൈകളും ഉയര്‍ത്തി വിരിച്ചു കാട്ടി പറഞ്ഞു ഞാന്‍ എന്റെ മമ്മയെ ഇത്രയും സ്നേഹിക്കുന്നു.
അന്ന് പതിവിനു വിപരീതമായി മമ്മ എന്റെ മുടി ചീകി ഉടുപ്പിടുവിച്ചു
ഞാന്‍ ചോദിച്ചു "മമ്മ, എവിടെപ്പോകാനാ?"
അപ്പോള്‍ മമ്മ എന്റെ കൈവശം ഒരു ചുരുട്ടിയ തൂവാല പിയാനോയുടെ മുകളില്‍ നിന്നും എടുത്തു തന്നിട്ട് പറഞ്ഞു
ഇത് പുതിയ അങ്കിളിന്റെ തൂവാലയാണ്, ഇത് കൊടുത്തിട്ട് ഉടന്‍ തന്നെ തിരികെ പോരുക.
അങ്കിള്‍ മമ്മക്കു തന്നു വിട്ട കവറിനുള്ളില്‍ വെച്ചിരുന്ന വെളുത്ത
കടലാസ്സിന്റെ കഷണങ്ങള്‍ ആയിരുന്നു ചുരുട്ടിയ ആ തൂവാലക്കുള്ളില്‍ എന്ന്
എനിക്കു മനസ്സിലായി.
ഞാന്‍ അത് അതുപോലെ എന്റെ പുതിയ അങ്കിളിന്റെ കയ്യില്‍ കൊടുത്തു.
അങ്കിളിന്റെ മുഖത്ത് പതിവുള്ള സന്തോഷം കാണാന്‍ കഴിഞ്ഞിരുന്നില്ല.
ഈ സംഭവത്തിന് ശേഷം അങ്കിളിനെ അധികം പുറത്തു കാണാന്‍ കഴിഞ്ഞില്ല.
വളരെ ഉദാസീനനായി അങ്കിള്‍ കാണപ്പെട്ടു. എന്നോട് അല്‍പ്പം പോലും സംസാരിക്കാന്‍ മുതിര്‍ന്നതുമില്ല.
അങ്ങനെ ഒരു ദിവസം എന്റെ പുതിയ അങ്കിള്‍ ഞങ്ങളുടെ വീട് വിട്ടു എവിടെക്കോ പോയി.
അങ്കിള്‍ എന്താണ് ഇവിടം വിട്ടു പോയതെന്ന് ഞാന്‍ എന്റെ മമ്മയോടു പലവട്ടം
ചോദിച്ചിട്ടും മമ്മ ഉത്തരം ഒന്നും പറയാതെ ഭജനാഗ്രന്ഥം
വായിച്ചുകൊണ്ടേയിരുന്നു.
അതിനുള്ളില്‍ നിക്ഷേപിച്ചിരുന്ന പുഷ്പ്പത്തിന്റെ ഉണങ്ങിയ ദളങ്ങള്‍ പുറത്തെടുത്ത് എന്റെ കൈയ്യില്‍ തന്നിട്ട് പറഞ്ഞു:
"ഇത് പുറത്തു കൊണ്ട് പോയി കളയൂ."
"ഇത് പുറത്തു കൊണ്ട് പോയി കളയൂ."
മമ്മ ആ ദിവസം മുതല്‍ മുട്ട വാങ്ങുന്ന പതിവും നിര്‍ത്തി.
ശുഭം
(ഒരു മലേഷ്യന്‍ കഥ. ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹിന്ദിയില്‍ വായിച്ചത് ഓര്‍മ്മയില്‍ നിന്നും ഇവിടെ പെറുക്കിയെടുത്തിവിടെ ചേർക്കുന്നു)
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.