​മലയാളം ബ്ലോഗ് ചലഞ്ചിലേക്കൊരു പോസ്റ്റ് - A Post For Malayalam Blog Challenge

11 comments

മലയാളം ബ്ലോഗ് ചലഞ്ചിലേക്കൊരു പോസ്റ്റ് - A Post For Malayalam Blog Challenge

ചിത്രത്തിന് കടപ്പാട് ശ്രീ രമേശ് അരൂർ 
മലയാളം ബ്ലോഗ് ഉലകത്തിൽ ചില വർഷങ്ങളായി സംഭവിച്ചുകൊണ്ടിരുന്ന ബ്ലോഗ് മാന്ദ്യത്തെപ്പറ്റി രണ്ടു വർഷം മുമ്പ് ഒരു ചെറുകുറിപ്പ്  നമുക്ക് ബ്ലോഗ്‌ എഴുത്തിലേക്കു മടങ്ങാം അല്ലെ! എന്ന തലക്കെട്ടിൽ ഞാൻ ഈ ബ്ലോഗിൽ  എഴുതിയിരുന്നു.  ഒപ്പം  അതേപ്പറ്റിയുള്ള കുറിപ്പുകൾ/അറിയിപ്പുകൾ  എൻ്റെ സോഷ്യൽ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളെ അറിയിക്കുവാനും കഴിഞ്ഞു.

പക്ഷെ നമ്മുടെ സുഹൃത്തുക്കളിൽ ഒരു നല്ല പങ്കും സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ ബ്ലോഗിലേക്കു മടങ്ങിവരാൻ പലരും താൽപ്പര്യം കാണിച്ചില്ല, അങ്ങനെ ഞാൻ ആ സംരംഭത്തിൽ നിന്നും പിന്മാറി പൂർണ്ണ സമയം ഇംഗ്ലീഷ് ബ്ലോഗെഴുത്തിലേക്ക് തിരിയുകയും ചെയ്തു. അതിപ്പോൾ സജീവമായി തുടരുകയും ചെയ്യുന്നു.


എന്നാൽ കഴിഞ്ഞ ദിവസം തികച്ചും അവിചാരിതമായിട്ടാണ് ബ്ലോഗറും കഥാകാരിയും ഓൺലൈൻ മിത്രവുമായ ശ്രീമതി റോസിലിൻ, 
ശ്രീ രമേശ് അരൂരിൻ്റെ ഒരു  ഫേസ്ബുക്ക് നോട്ടിഫിക്കേഷനിൽഎന്നെ ടാഗ് ചെയ്തത് ശ്രദ്ധയിൽപ്പെട്ടത്.  ബ്ലോഗെഴുത്തിൽ വന്ന  മാന്ദ്യം മാറ്റുന്നതിനായി ചില മിത്രങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുന്നു!

വളരെ സന്തോഷം തോന്നി! കാരണം, ബ്ലോഗ് മാന്ദ്യം മാറണം, ഒപ്പം ഒരു ഉദ്ധാരണം ഉണ്ടാകണം എന്ന്  വളരെ ആത്മാർത്ഥമായി ആഗ്രഹിച്ച ഒരു ബ്ലോഗറാണ് ഞാൻ.   

കാരണം ബ്ലോഗെഴുത്തിൻറെ ആ പഴയ കാലം തികച്ചും ആഹ്ലാദകരമായ ഒരു അനുഭവം ആയിരുന്നു.   ഇംഗ്ലീഷ് ബ്ലോഗെഴുത്തിലൂടെ അതിപ്പോൾ അനുഭവിക്കുന്നുണ്ടെങ്കിലും    മാതൃഭാഷയിൽ ലഭ്യമാകുന്ന ആ അനുഭൂതി ഒന്നു വേറെ തന്നെ! രമേഷിൻറെ ഫേസ്ബുക്ക് നോട്ടിഫിക്കേഷനു ഉടൻ തന്നെ ഞാൻ ഒരു മറുപടി നൽകി.  "ശ്രീ രമേശ് നല്ല ആഹ്വാനം, ആശംസകൾ. 


കുറേക്കാലം മുൻപ് ഞാൻ ബ്ലോഗ് ഉലകം ഒന്ന് ഉഷാറാക്കാൻ ഒരു എളിയ യഗ്‌നം നടത്തി നോക്കി പക്ഷെ ഒരു തണുത്ത പ്രതികരണമാണ് എനിക്കു കിട്ടിയത്, ഞാൻ തോറ്റു പിന്മാറി വീണ്ടും ഇംഗ്ലീഷ് ബ്ലോഗിൽ സജീവവായി.  അവിടെ രണ്ടു തുട്ടു തടയുകയും ചെയ്യുമല്ലോ! 

ഇപ്പോൾ രമേഷിന്റെയും റോസിലിൻറെയും പ്രയഗ്നം സഫലമാകുമെന്നു പ്രതീക്ഷിക്കുന്നു.  എല്ലാ പിന്തുണയും ഒപ്പമുണ്ടാകും. ആശംസകൾ. ~ഫിലിപ്പ് ഏരിയൽ 

മയങ്ങി കിടക്കുന്ന ബ്ലോഗിനു ജീവൻ നൽകാനുള്ള ഒരു ആഹ്വാനമായിരുന്നു രമേശ് കുറിച്ച വരികൾ.  എൻ്റെയും ആഗ്രഹം സഫലമാകുവാൻ പോകുന്നു എന്നോർത്തപ്പോൾ വളരെ സന്തോഷം തോന്നുകയും  'ഈ ബ്ലോഗ് ചലഞ്ചിൽ ഞാനും ഒപ്പമുണ്ടാകും' എന്ന് കുറിപ്പിലൂടെ അറിയിച്ചു. താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻഷോട്ട് കാണുക. എൻ്റെ  മ റുപടി 

രമേഷിന്റെ ആ കുറിപ്പത്രേ ഈ പോസ്റ്റിനു ആധാരം. 



ബ്ലോഗ് മിത്രം  ശ്രീ ജിമ്മിയുടെ ( ജിമ്മി ജോൺ) "സ്വന്തം സുഹൃത്ത്" എന്ന ബ്ലോഗ് പേജിൽ 2015 ൽ  ഞാൻ ഇട്ട ഒരു കമന്റു കഴിഞ്ഞ ദിവസം വീണ്ടും കാണുവാനിടയായി. അന്ന് കുറിച്ച വരികൾ വീണ്ടും കുറിക്കട്ടെ!

"മാറാല കെട്ടിക്കിടന്ന ബ്ലോഗുകളിൽ  ഒരു അനക്കം, വരുത്താൻ, അല്ല,​ അവയിലെ പൊടിതട്ടിക്കുടഞ്ഞു വീണ്ടും സജീവമാക്കാൻ താങ്കൾ നടത്തിയ ​ ഈ അടുക്കി വെക്കലുകൾക്കു കഴിയട്ടെ  എന്ന് ആശംസിക്കുന്നു!" 

​അതെ ബ്ലോഗുകൾ സജീവമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കമ്മന്റിൻറെ പൂർണ്ണ രൂപവും ഒപ്പം ജിമ്മിയുടെ മറുപടിയും  താഴെക്കൊടുക്കുന്നു ​സ്‌ക്രീൻ ഷോട്ടിൽ കാണുക. ജിമ്മിയുടെ ബ്ലോഗിലേക്കുള്ള വഴിയും ഇവിടെ കൊടുക്കുന്നു.  സ്വന്തം സുഹൃത്ത് 

Malayalam blog challenge

അങ്ങനെ അന്നെഴുതിയെങ്കിലും സമയക്കുറവുമൂലം പലർക്കും സജീവമാകാൻ കഴിഞ്ഞില്ല എന്ന് വേണം കരുതാൻ, പക്ഷെ ഇത്തവണ, എല്ലാവരും ഈ ചലഞ്ചിൽ സജീവമാകും എന്നു തന്നെ ഞാൻ കരുതുന്നു, കാരണം, ഇതുവരെ കിട്ടിയ പ്രതികരണങ്ങൾ  അതാണ് വിളിച്ചറിയിക്കുന്നത്.

നിരവധിപേർ ഇതിനകം സജീവമാകാം എന്നറിയിച്ചിട്ടുണ്ട്.
മേൽ സൂചിപ്പിച്ച  കമൻറ്, ബ്ലോഗിലായതിനാൽ വീണ്ടും കാണാൻ കഴിഞ്ഞു മറിച്ചു ഫേസ്ബുക്കിൽ ആയിരുന്നെങ്കിൽ വീണ്ടും വായിക്കുന്ന, കാണുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല.

എത്രയോ നല്ല നല്ല രചനകൾ നമ്മുടെ മിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ കുറിച്ചവ ഒരിക്കലും മടങ്ങിവരാതെവണ്ണം ആഴങ്ങളിലേക്ക് താണുപോയ അവസ്ഥ എത്ര പരിതാപകരം.

പ്രിയ മിത്രങ്ങളേ നിങ്ങളുടെ രചനകൾ നിങ്ങളുടെ കാലശേഷവും വരും തലമുറകളിലേക്ക് എത്തണമെങ്കിൽ സോഷ്യൽ മീഡിയാ രചനകളിൽ നിന്നും എത്രയും വേഗം ബ്ലോഗിലേക്ക് മടങ്ങുക.

ഇതുപറയുമ്പോൾ സോഷ്യൽ മീഡിയ നമുക്കു വേണ്ടേ വേണ്ട എന്ന ധ്വനിയില്ലായിതിനു, മറിച്ചു, നമ്മുടെ രചനകളുടെ പ്രൊമോഷൻ കേന്ദ്രം സോഷ്യൽ മീഡിയകൾ തന്നെ. ആ കാര്യത്തിൽ രണ്ടു പക്ഷം ഇല്ല.
നമ്മുടെ  രചനകൾ, ചിന്തകൾ ആലോചനകൾ, വീണ്ടും ലഭ്യമാകുന്ന തരത്തിൽ അത്തരം പ്ലാറ്റുഫോമുകളിൽ കുറിക്കുക, അതാണ് കൂടുതൽ സുരക്ഷിതം എന്ന് മാത്രം.

നമുക്ക് സജീവമാകാം പരസ്‌പരം പിന്തുണക്കാം, ദിവസവും ചുരുങ്ങിയത് അഞ്ചോ ആറോ ബ്ലോഗുകൾ സന്ദർശിക്കുക, അഭിപ്രായങ്ങൾ കമൻറ് രൂപത്തിൽ എഴുതുക.

പിന്നൊരു കാര്യം ഓർത്തിരിക്കാൻ:
നാം കുറിക്കുന്ന കമന്റുകൾ വെറും കമന്റിനായി ഒറ്റവാക്കിൽ ഒതുക്കാതിരിക്കുക.

സൂപ്പർ, നന്നായി, ഗ്രേറ്റ്, ഓസം, അടിപൊളി, ഗുഡ്, തുടങ്ങിയ ഒറ്റ വാക്ക് കമന്റുകൾ കഴിവതും ഒഴിവാക്കുക, സത്യത്തിൽ അങ്ങനെ പറയുന്നതിൽ  വലിയ കഴമ്പില്ല എന്ന ചിന്താഗതിക്കാരനാണ് ഞാൻ.

പോസ്റ്റിനു ചേർന്ന കുറിക്കു കൊള്ളുന്ന വാക്കുകൾ ഒന്നു രണ്ടു വാചകത്തിൽ എഴുതുക. നിങ്ങളുടെ ആ കമൻറ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റും അവർ നിങ്ങളുടെ ബ്ലോഗിൽ വായനക്കായി  ഓടിയെത്തും
വായിക്കുന്ന ബ്ലോഗ് പോസ്റ്റിനെപ്പറ്റി പറയാനുള്ളതെല്ലാം വ്യക്തമായി കമന്റിൽ കുറിക്കുക അത് ഒരു ചർച്ചക്കു വീണ്ടും വഴി വെച്ചാൽ ഏറ്റവും നന്ന്.  നമ്മുടെ കമന്റുകൾ കഴമ്പുള്ളയായി മാറട്ടെ, വെറുതെ ഒരു ബാക്ക് ലിങ്കിനു വേണ്ടിയുള്ളതാകാതിരിക്കട്ടെ നമ്മുടെ കമെന്റുകൾ.

വർഷങ്ങളായി ഞാൻ സ്വീകരിച്ചു പോരുന്ന ഒരു സ്ട്രാറ്റജി എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം.  ഇങ്ങനെയുള്ള കമന്റെഴുത്തു കൂടുതൽ ആളുകളെ നമ്മുടെ പേജുകളിലേക്കു ആകർഷിക്കുന്നതിനും  ട്രാഫിക് കൂട്ടുന്നതിനും  നാം എഴുതുന്ന പ്രോത്സാഹജനകമായ കമന്റുകൾ സഹായകമാകുന്നു.

വായിച്ച പോസ്റ്റ് ഇഷ്ടമായെങ്കിൽ നിങ്ങളുടെ ബ്ലോഗിലോ, സോഷ്യൽ മീഡിയകളിലേക്കോ ഷെയർ ചെയ്യുക.

ബ്ലോഗ് ചലഞ്ചിലെ  ഈ ആദ്യ പോസ്റ്റിൽ ഒരു ഓൺലൈൻ  സുഹൃത്തിൻറെ കവിത കൂടി ഗസ്റ്റ് പോസ്റ്റ് ആയി അനുബന്ധമായി ചേർക്കുന്നു. ഈ പ്രീയ മിത്രം നമ്മുടെ പ്രോത്സാഹനം അർഹിക്കുന്നു, അദ്ദേഹത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ താഴെ വായിക്കുക:

കവിയെപ്പറ്റി രണ്ടു വാക്ക്:  
ശ്രീ എം എം ഡാനിയേൽ:  ഈ ബ്ലോഗിൻറെ ഒരു വായനക്കാരനും ഒരു നല്ല എഴുത്തുകാരനുമാണ്.
അദ്ദേഹം ഇന്ത്യൻ കരസേനയിൽ 20 വർഷം 
സേവനമനുഷ്ടിച്ചശേഷം  Junior Commissioned Officer ആയി റിട്ടയർ ചെയ്തു. 

തുടർന്ന്  Royal Air Force of Oman,  മസ്ക്കറ്റില്‍ Telecommunication Engineer  ആയി 1996 മുതല്‍   ജോലി ചെയ്‌തു വരികയായിരുന്നു.  2015 ഫെബ്രുവരിയിൽ അവധിക്കു നാട്ടിൽ വരികയും  മാർച്ച് ആറിന് തിരികെ മസ്‌ക്കറ്റിൽ എത്തണം എന്നാഗ്രഹിച്ചെങ്കിലും നിർഭാഗ്യവശാൽ മാർച്ച് മൂന്നിന് അദ്ദേഹത്തിനൊരു ഹൃദയാഘാതം സംഭവിച്ചതുമൂലം അതിനു കഴിഞ്ഞില്ല. 

തലച്ചോറിലേക്കുള്ള പ്രധാന ആർട്ടറിയിൽ ആയിരുന്നു ബ്ലോക്ക് ഉണ്ടായത്. സർജറി നടത്തി ബ്ലോക്ക് മാറ്റിയെങ്കിലും അതോടെ സംസാര ശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടു ഇപ്പോൾ ശയ്യാവലംബിയായി  കഴിയുകയും ഒപ്പം ചികിത്സ തുടരുകയും ചെയ്യുന്നു. 
അൽപമായി സംസാരശേഷി ഇപ്പോൾ തിരിച്ചു കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു സംസാരിക്കുകയുണ്ടായി, അപ്പോൾ താനയച്ച കവിതയെപ്പറ്റി ചോദിക്കുകയും ബ്ലോഗ് ആരംഭിക്കുന്ന കാര്യവും മറ്റും  പറയുകയുമുണ്ടായി. 

നിരവധി കവിതകൾ എഴുതിയ ഈ മിത്രത്തിൻറെ  "യാചകൻ"  എന്ന കവിത ഇവിടെ ചേർക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്:
വായിക്കുക അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ എഴുതുക. 


യാചകന്‍


വല്ലതും തരികമ്മാ കേണു ഞാന്‍ പടി തോറും
ഇല്ലെന്നു ചൊല്ലിയാലോ നടക്കും നിരാശനായ്
ഇല്ലെന്നു ചൊല്ലാത്തവര്‍ നല്ലവര്‍ ചിലരെല്ലാം
ചില്ലറത്തുട്ടുകളെന്‍ പാത്രത്തിലിട്ടു തന്നു

        നാഴി നെല്ലരി പോലും കിട്ടിയില്ലെന്നു വന്നാല്‍
        ഏഴയാമെനിക്കന്ന് കഴിയില്ലുറങ്ങുവാന്‍
        ഒഴിഞ്ഞ വയറ്റിലെ കത്തുന്ന തീയണയ്ക്കാന്‍
        കഴിയാറില്ല നാഴി വെള്ളത്തിനൊരിക്കലും

കുഞ്ഞു കുട്ടികള്‍ രണ്ടു പേരുമമ്മയോടൊപ്പം
കഞ്ഞി കിട്ടുമെന്നോര്‍ത്തു കാത്തിരിക്കുന്നുണ്ടാകും
പഞ്ഞമാസവും തിരുവോണവുമെല്ലാം സമം
കഞ്ഞി കിട്ടിയാല്‍ തന്നേ എന്നുമേ തിരുവോണം

        ഈ വിധമെല്ലാമങ്ങു ചിന്തിച്ചു നടക്കുമ്പോള്‍
        ആ വഴി കണ്ടൂ ദൂരേ മിന്നുന്ന രഥമൊന്ന്
        ആവലെല്ലാമിന്നെന്റെ തീരുമെന്നുറപ്പിച്ചു
        ആ വരുന്നതു മഹാരാജന്റെ രഥമല്ലോ

പാതയോരത്തു നിന്നും നീങ്ങി ഞാനല്പം നിന്നു
ആ തിരുവെഴുന്നള്ളത്തേവമെന്‍ ചാരേ വരാന്‍
പാതയോരത്തു വന്നെന്‍ ചാരെയാ രഥം നിന്നു
സാദരം കൈകള്‍ കൂപ്പി നിന്നു ഞാന്‍ തിരുമുമ്പില്‍

        കൈകളെന്‍ നേരേ നീട്ടി നില്‍ക്കുന്നു മഹാരാജന്‍
        ആകെ ഞാന്‍ പകച്ചിതു സത്യമെന്നറിയാതെ
        ആകെയെന്‍ മാറാപ്പിന്റെ ഉള്ളിലുള്ളതില്‍ നിന്നും
        ഏകി നെന്മണിയൊന്നാ പൊന്നു തമ്പുരാനേവം

മന്ദഹാസം തൂകിക്കൊണ്ടെന്റെ നെന്മണി വാങ്ങി
മന്ദമാ മഹാരാജന്‍ യാത്രയായ് രഥമേറി
നിന്നു ഞാനവിടെന്റെ വിധിയേ പഴിച്ചേവം
ഒന്നനങ്ങുവാന്‍ പോലും കഴിയാതൊരു മാത്ര

        എത്തി ഞാന്‍ വിഷണ്ണനായ് എന്റെ കൂരയിലേവം
        ഇത്തിരിപ്പോന്ന ധാന്യം കുട്ടയില്‍ കുടഞ്ഞിട്ടു
        ഇത്തിരി വെളിച്ചത്തില്‍ കണ്ടു കണ്മിഴിച്ചു ഞാന്‍
        പത്തര മാറ്റുള്ളൊരു സ്വര്‍ണ്ണനെന്മണിയതില്‍

വിലപിച്ചു പോയി ഞാന്‍ ബുദ്ധി ശൂന്യതയോര്‍ത്തെന്‍
തലയിലെഴുത്തെങ്ങാന്‍ മായുമോ മായിച്ചെന്നാല്‍
നെല്ലിന്റെ മണിയെന്റെ മാറാപ്പിലുള്ളതെല്ലാം
വല്ലഭനേകാനപ്പോള്‍   തോന്നിയില്ലല്ലോ കഷ്ടം.

                                         ~  ഡാനിയേല്‍ എം എം

( മഹാകവി  രവീന്ദ്രനാഥ്  ടാഗോറിന്റെ "ഗീതാജ്ഞലി "യോട് കടപ്പാട് )



പ്രീയ വായനക്കാരുടെ ശ്രദ്ധക്ക് !

താങ്കളുടെ വിലയേറിയ സമയത്തിനു നന്ദി.
നിങ്ങളുടെ സ്നേഹവും, പ്രതികരണങ്ങളും എനിക്ക് പ്രോത്സാഹനമേകുന്നു
 വായനക്കാരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾക്ക് അപ്പോൾ തന്നെ മറുപടി നൽകുന്നതിലും ഞാൻ ശ്രദ്ധിക്കുന്നു.
നിങ്ങളുടെ പ്രതികരണങ്ങൾ അതെന്തായാലും അറിയുവാൻ ആഗ്രഹിക്കുന്നു. താഴെയുള്ള കമെന്റ് ബോക്സിൽ അതെഴുതുക.
കമന്റെഴുതുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്. 
ഒറ്റവാക്കിൽ കമൻറ് ഒതുക്കുന്നവർ ദയവായി അതൊഴിവാക്കുക.
അതുപോലെ, പ്രോകോപനപരമായതും, പരിഹാസരൂപത്തിലുള്ളതുമായ  പ്രതികരണങ്ങൾക്കും
ഇവിടെ ഇടം ഇല്ല.
ഇംഗ്ലീഷിലും മലയാളത്തിലും എഴുതാം.
പോസ്റ്റുമായി പുലബന്ധം പോലുമില്ലാത്ത പ്രതികരണങ്ങൾ പ്രസിദ്ധീകരിക്കില്ല.
കമന്റിൽ അനുയോജ്യമല്ലാത്ത ലിങ്ക് ചേർത്താൽ അതു നീക്കം ചെയ്യുന്നതായിരിക്കും.
അതുപോലെ അനാവശ്യമായ ഉപദേശങ്ങൾ, നിർദ്ദേശങ്ങൾ ഒഴിവാക്കുക, ഒപ്പം പോസ്റ്റുമായി ബന്ധപ്പെട്ട വിമർശനാത്മകമായ പ്രതികരണങ്ങൾ കുറിക്കുക,  അതൊരു ചർച്ചക്കു കാരണമാകുമെങ്കിൽ നല്ലത്.
നിങ്ങളുടെ വിലയേറിയ സമയത്തിനു വീണ്ടും നന്ദി.
ഇവിടെ കുറിക്കുന്ന കമൻറ് എഴുത്തുകാരുടെ
ബ്ലോഗിൽ എത്തുന്നതും ഒപ്പം എൻറെ
പ്രതികരണങ്ങൾ അവിടെ എഴുതുന്നതുമാണ്.
എഴുതുക അറിയിക്കുക.
സസ്നേഹം
നിങ്ങളുടെ സ്വന്തം
ഫിലിപ്പ് വർഗീസ് ഏരിയൽ 

11 comments

ബ്ലോഗ് തുടരാം.

ഞാന്‍ ബ്ലോഗില്‍ തന്നെയുണ്ട്‌...

അപ്പപ്പോൾ മാത്രം പ്രതികരണം ലഭിക്കുന്ന മറ്റനേകം സോഷ്യൽ മീഡിയകളേക്കാളും നമ്മുടെ കാലം കഴിഞ്ഞാലും കാലാകാലം നിലനിൽക്കുന്നവയാണ് നമ്മൾ ഓരോരുത്തരുടെയും 'ബ്ലോഗ് തട്ടക'ങ്ങളിൽ ഉണ്ടാക്കുന്ന ഓരോ സൃഷ്ട്ടികളും ...! അതുകൊണ്ട് എഴുതുവാനും, വരയ്ക്കാനും ,ഫോട്ടോഗ്രാഫിക്കും എന്ന് വേണ്ടാ ഇന്ന് ലോകത്തുള്ള സകലമാന 'പ്രൊഡക്ടുകൾക്ക് വരെ ആയതിന്റെ റിവ്യൂയും മറ്റെല്ലാം വസ്തുവകകൾ അറിയാനും വരെ അതിന്റെയൊക്കെ ബ്ലോഗുകൾ ഉള്ള കാലമാണിത് ..! അതുകൊണ്ട് നിങ്ങൾ ഓരോരുത്തരും കാമ്പും കഴമ്പുമുള്ള എന്ത് സൃഷ്ടി നടത്തി മറ്റു സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രസിദ്ധരീകരിക്കുമ്പഴും, ആയത് നിങ്ങളുടെ ബ്ലോഗ് സൈറ്റുകളിലും ചാർത്തിക്കഴിഞ്ഞാൽ പിന്നീട് എന്നുമെപ്പോഴും ആയവ വളരെ എളുപ്പത്തിൽ ആർക്കും കാണുവാനൊ ,വായ്‌ക്കുവാനോ സാധിക്കും എന്നുള്ള ഗുണമാണ് നമ്മുടെ സ്വന്തം ബ്ലോഗുകളിലെ സൃഷ്ടികൾക്കുള്ളത് കേട്ടോ കൂട്ടരെ

മൃതാവസ്ഥയിൽ കിടന്ന നമ്മുടെ ബ്ലോഗുകൾക്ക് ജീവശ്വാസം കൊടുത്തു പഴയ ഊർജ്വസ്വലതയിലേക്ക് കൊണ്ടുവരേണ്ട ഒരു ഉത്തരവാദിത്വവും എന്നെപ്പോലെയുള്ളവർക്ക് ഉണ്ട്. കാരണം എന്റെ എഴുത്തിനെ വളർത്തിയത്തിൽ ബ്ലോഗിന് ഒരു പ്രധാന പങ്കുണ്ട്.എന്നെ എന്നെ സംബന്ധിച്ച് ബ്ലോഗ് മറക്കുക എന്നാൽ വന്ന വഴി മറക്കുകയെന്നാണ്. പുതിയ കവിയെയും ഇവിടെ പരിചയപ്പെടുത്തിയത് നന്നായി.

നമ്മുടെ ഈ ഉദ്യമം പുതിയൊരു ബ്ലോഗ് വസന്തത്തിന്റെ തുടക്കമാകട്ടെ എന്നാശംസിച്ചു കൊണ്ട്
ബ്ലോഗ്ഗർ
റോസാപ്പൂക്കൾ

Thanks Mubi, I know you're so active!
Keep it up!
Keep writing.
Thanks again for the visit.
Will visit soon.
Good day.
P V

സാറിന്റെ പോസ്റ്റിനു കമന്റ് ചെയ്തതായാണ് എന്‍റെ ഓർമ്മ. പക്ഷെ കാണുന്നില്ല.. അതാണ് ഒന്നൂടെ വന്നത്.
ബ്ലോഗുകൾ സജീവമാകേണ്ടതാണ്. സാറിനെപ്പോലെയുള്ളവർ ഒക്കെ ഇതിനു മുൻകൈ എടുക്കേണ്ടതാണ്. ഇപ്പോൾ മിക്കവരും എഫ് ബിയിൽ ഒതുങ്ങിപ്പോയി എന്നാണ് തോന്നുന്നത്.
ഇനിയും ഉണരേണ്ടതുണ്ട്. കൂടുതൽ പേർ ഇതറിഞ്ഞിട്ടില്ല എന്ന്‌ തോന്നുന്നു... അതായതു നല്ല നല്ല പോസ്റ്റുകൾ ഒക്കെ ഇടാറുള്ള ചില ബ്ലോഗേഴ്സ് ഒക്കെ.

ബ്ലോഗുകൾ സജീവമാകട്ടെ..വായന തിരിച്ചു വരട്ടെ..

റോസാപ്പൂക്കൾക്ക് നന്ദി.

അതെ താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു.

എന്നെ പ്പോലെയുള്ളവർ എന്നതിനേക്കാൾ നമ്മെപ്പോലെയുള്ളവർ എന്നു പറയുന്നതാകും ഉത്തമം. അതെ, നമ്മെ നാമാക്കിയ ബ്ലോഗിനെ വിസ്‌മരിക്കാൻ ഒരിക്കലും കഴിയില്ല, ഈ കൂട്ടായ പരിശ്രമം നമുക്ക് ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാം.

ഈ വരവിനും വരികൾക്കും നന്ദി

@Geetha Omanakkuttan

അതെ ടീച്ചർ, ബ്ലോഗ് comment കോളം ചെറിയ പ്രശ്‌നം ഉണ്ടായിരുന്നു.

ഇപ്പോൾ ശരിയാക്കി. പലർക്കും കമന്റ് ഇടാൻ കഴിയുന്നില്ല എന്ന് പറഞ്ഞു,

ഇപ്പോൾ പ്രശ്‌നമില്ല.

ഈ വരവിനും അഭിപ്രായങ്ങൾക്കും വളരെ സന്തോഷം നന്ദി.

അതെ താങ്കൾ പറഞ്ഞതുപോലെ പലരും ഫ്‌ബി മൈക്രോ ബ്ലോഗിൽ ഒതുങ്ങി സംതൃപ്തിയടയുന്നതുപോലെ തോന്നുന്നു, പക്ഷെ, അതൊരു വലിയ വിപത്തിലേക്കാണു നയിക്കുന്നതെന്ന് പലരും അറിയുന്നില്ല. തങ്ങളുടെ വിലപ്പെട്ട രചനകൾ ഫ്‌ബിയുടെ മുങ്ങാക്കയത്തിൽ ഇട്ടു പോകുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു,

കാരണം അത് പിന്നൊരിക്കലും അവർക്കും വായനക്കാർക്കും കണ്ടെത്താൻ കഴിയാത്ത വിധം താഴേക്ക് പോകുന്നു,

ഒരിക്കൽ ഞാൻ സൂചിപ്പിച്ചതുപോലെ പിന്നതു മുങ്ങൽ വിദഗ്ദ്ധർ വന്നു തപ്പിയാലും കിട്ടില്ല തന്നെ,

അതവർ സേവ് ചെയ്തു വെച്ചില്ലായെങ്കിൽ എന്നേക്കുമായി അത് നഷ്ടമാകാനും വഴിയുണ്ട്.

എന്നാൽ അതൊരു ബ്ലോഗിൽ സൂക്ഷിച്ചാൽ ഒരിക്കലും നഷ്ടമാകില്ല, എപ്പോൾ വേണമെങ്കിലും ആർക്കും വായിക്കാനും കഴിയും. ഈ സത്യം പലരും മറന്നു പോകുന്നതുപോലെ തോന്നുന്നു . തിരക്കായതിനാലാണ്അ മറുപടിയുമായി എത്താൻ വൈകിയതു .

നന്ദി നമസ്‌കാരം

ഈ സംരംഭത്തെക്കുറിച്ചു ഇനിയും നിരവധി പേര് അറിയാനുണ്ട്. നമുക്ക് ഈ വിവരം നമ്മുടെ സോഷ്യൽ മീഡിയകളിലൂടെയും വാമൊഴിയായും ഇമെയിൽ വഴിയായും അറിയിക്കാം, നമ്മുടെയും മറ്റു മിത്രങ്ങളുടെയും രചനകൾ പല വട്ടം നമ്മുടെ തന്നെ വാളിൽ ചേർത്താൽ അത് പലരും അറിയാൻ കഴിയും, ഇവിടെ വിരോധം ഇല്ലാത്തവരെ ടാഗ് ചെയ്യാനും ശ്രമിക്കുക., അങ്ങനെയായാൽ അവർ അത് സ്വീകരിച്ചാൽ അവരുടെ മിത്രങ്ങളും അതേപ്പറ്റി അറിയും.

പിന്നെ താങ്കൾ പറഞ്ഞതുപോലെ "നല്ല പോസ്റ്റുകൾ ഒക്കെ ഇടാറുള്ള ചില ബ്ലോഗേഴ്സ് ഒക്കെ...."ഇവരിലേക്ക് വിവരം അറിയിപ്പാണ് ഇവർ ഉള്ള ഗ്രൂപുകളിൽ ഇതേപ്പറ്റി വിവരം ചേർത്താൽ അവരും എത്തുമല്ലോ.

താങ്കളുടെ ഈ ശ്രമത്തിനു ഞാനും ഒപ്പമുണ്ടാകും.

നമുക്കൊരുമിച്ചു നീങ്ങാം

അൽപം തിരക്കിലായതിനാലാണ് മറുപടി വൈകിയത്, തന്നെയുമല്ല വിശദമായ ഒരു മറുപടി ഇവിടെ ആവശ്യം എന്ന് തോന്നിയതിനാലും ഈ കമന്റിടാൻ വൈകി.

എഴുതുക, അറിയിക്കുക

നന്ദി നമസ്‌കാരം

@ആറങ്ങോട്ടുകര മുഹമ്മദ്‌
ഇക്കാ ഈ വരവിനും പ്രതികരണത്തിനു നന്ദി,

അതേ, നമുക്കു നമ്മുടെ ബ്ലോഗുകൾ സജീവമാക്കാം ഒപ്പം അത് മറ്റുള്ളവരെ അറിയിക്കുകയും ചെയ്യാം. അതെ, വായന തിരിച്ചു വരട്ടെ, വരും എന്ന പ്രത്യാശയോടെ നമുക്കു നീങ്ങാം.
ഈ വരവിനു വീണ്ടും നന്ദി

@MuraleeMukundan
നമ്മുടെ സ്വന്തം ബ്ലോഗുകളിലെ സൃഷ്ടികൾക്കുള്ളത് കേട്ടോ കൂട്ടരെ

ഭായ് വളരെ സന്തോഷം, വളരെ വിശദമായിത്തന്നെ എഴുതിയ ഈ പ്രതികരണം എൻറെ ഈ കുറിപ്പിനോടു ചേർത്തുവയ്ക്കുന്നു. അതെ താങ്കൾ പറഞ്ഞതുപോലെ മൈക്രോ ബ്ലോഗിൽ കുറിക്കുന്നവരിൽ പലർക്കും അറിയാത്ത ഒരു സത്യമത്രെ അവരെഴുതുന്നതു പിന്നീടൊരിക്കലും കണ്ടെത്താൻ കഴിയാതെ സോഷ്യൽ മീഡിയയുടെ ആഴക്കയത്തിലേക്കു നിപതിക്കുന്നു എന്നതാണ്. ഈ സത്യം മനസ്സിലാക്കുന്നവർ തീർച്ചയായും ബ്ലോഗിലേക്കു മടങ്ങും. ഇത്രയും വിശദമായ ഫോര് കമൻറ് തന്നതിൽ സന്തോഷം.

വീണ്ടും കാണാം ഭായ്

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.