സലോമി: പ്രസിദ്ധ കവി പി വി മധുസൂദനൻ മാഷിൻറെ ഒരു കവിത

5 comments
 സലോമി 

പ്രസിദ്ധ കവി  പി വി മധുസൂദനൻ മാഷിൻറെ  ഒരു കവിത  

ഫേസ് ബുക്കിൽ ഇന്ന് വായിച്ച അതി മനോഹരവും അർത്ഥ ഗാഭീര്യവുമാർന്ന ഒരു കവിത.

എൻ്റെ  ഒരു ഓൺലൈൻ മിത്രമായ ശ്രീ മധു സാർ പേരെടുത്ത ഒരു കവിയും ഒപ്പം ഒരു നല്ല ബ്ലോഗ്ഗറും ആണ്.  ചില വർഷങ്ങളായി ഞങ്ങൾ പരിചിതർ ആണ് .

അദ്ദേഹത്തിൻറെ ഈ  കവിത ഇവിടെ ചേർക്കുന്നതിൽ അതിയായ സന്തോഷം ഉണ്ട്.

ഈ കവിതയുടെ പശ്ചാത്തലം വിശുദ്ധ ബൈബിളിലിലെ മാർക്കോസിൻറെ സുവിശേഷത്തിലേതാണ്. (അദ്ധ്യായം 6: 14 - 29 ) അത് വായിക്കാത്തവർ ഈ ലിങ്കിൽ അമർത്തിയാൽ വായിക്കാം 


സലോമി

“നീലത്തിരശ്ശീല നീക്കാതെയീവിധം
നാണിച്ചു നില്ക്കുകയാണോ സലോമി നീ
വിശ്വൈകമാദകനൃത്തം തുടങ്ങേണ്ട
നർത്തകി കാലിനാൽ ചിത്രം വരയ്ക്കയോ ?
കൈമുദ്രകാട്ടി കവിത രചിക്കേണ്ട
കൈയിലെ തൂനഖത്തുമ്പു കടിക്കയോ?
മുന്നോട്ടുപോകൂ മകളേ! അരങ്ങിതിൽ
നിന്നെയും കാത്തിരിപ്പല്ലോ കലോത്സുകർ
മായികമാം നിന്റെ നൃത്തത്തിമിർപ്പിനാൽ
മാരിവിൽതീർക്കുക” ചൊന്നു ഹെറോദിയ.
‘അച്ഛന്റെ ജന്മദിനത്തിലുയരട്ടെ
കൊച്ചുമകളുടെ കാല്ച്ചിലങ്കാക്വണം’
‘അച്ഛൻ’ ! - അതോർക്കുന്നനേരം സലോമിക്ക്‌
പുച്ഛം!, തുടുത്തുചുവന്നു കവിൾത്തടം.
‘എന്തൊരെളുപ്പം വിളിക്കുവാൻ! സ്നേഹൈക-
ബന്ധങ്ങൾ പേരിനുമപ്പുറമല്ലയോ?
പൊന്നും പണവും പദവിയും മോഹിച്ചു
കൊന്നു നീയച്ഛനെ, പാവം ഫിലിപ്പിനെ
ഇന്നീ ഹെറോദേസ്മന്നന്റെ റാണിയായ്
വന്ന നീ അമ്മയോ, സാക്ഷാൽ കുലടയോ?’
ഒന്നു കിലുങ്ങി ചിലങ്ക, നിശ്വാസമു-
യർന്നു, കുലുങ്ങിയാമാറിലെ മാലകൾ.
* * * * * * * * * * * * * * *
രാജാജ്ഞലംഘിച്ച ദ്രോഹികൾക്കായ് രാജ-
പാലകൻ തീർത്ത തടവുമുറികളിൽ
കെട്ടിപ്പടുത്ത കരിങ്കല്ലറയൊന്നിൽ
പട്ടിണിതിന്നു കിടപ്പൊരു സാത്വികൻ
സ്നേഹസംഗീതം പകർന്നതാം യോഗിയാം
സ്നാപകജോൺ, ഹെറോദേസിനോ വഞ്ചകൻ
നാട്ടുകാരോടയാൾ ചൊന്നത്രെ മന്നവൻ
വേട്ടതു സ്വന്തം സഹോദരപത്നിയെ
സത്യമതെങ്കിലും നാലുപേർ കേൾക്കുകിൽ
സൽഗുണശീലനായ് വാഴ്ത്തുമോ മന്നനെ?
പട്ടുവിരിപ്പിലമരുന്ന തൻപ്രിയ
പട്ടമഹിഷിയോ കോപിച്ചു ചൊന്നത്രെ
“കൊല്ലുകാഭ്രാന്തനെ, വീട്ടുരഹസ്യങ്ങ-
ളങ്ങാടിതോറുംപരത്തുന്ന നീചനെ
ദൈവം മനുഷ്യനായ് വന്നുപിറന്നെന്നു
ദൈവദോഷം ഹാ! പറയുന്ന മൂഢനെ
പൂച്ചസന്ന്യാസിയാമാപ്പെരുങ്കള്ളന്റെ
പൂച്ചിൽ ഗലീലാനഗരം കുടുങ്ങിയോ?
* * * * * * * * * * * * * *
കെട്ടിപ്പടുത്ത കരിങ്കല്ലറയ്ക്കുള്ളിൽ
ദുഷ്ടർതൻ പീഡനമേറ്റൊരാസ്നാപകൻ
കട്ടിയിരുമ്പഴിതന്നിൽ തലചായ്ച്ചു
കേട്ടൊരു സാന്ദ്രമധുരമാംഗീതിക.
സപ്തസ്വരദിവ്യമാലാഖമാർ കാറ്റി-
ലുല്പക്ഷമായ് നീങ്ങിടുന്നതാം വീഥിയിൽ
എല്ലാം മറന്നങ്ങുയർന്നുപോയ് മഞ്ഞുപോൽ
കല്ലിനാൽചുറ്റിവരിഞ്ഞൊരാ ചേതന.
* * * * * * * * * * * * * *
കൈതവമെന്തെന്നറിയാത്ത പൈതൽ തൻ-
കൈവിരലീമ്പിക്കുടിച്ച സംതൃപ്തിപോൽ
രാജസദസ്സുലയിച്ചുപോയ്, മദ്യവും
ഗാനതരംഗവും നൃത്തവും ചേരവേ
കണ്ടതില്ലീസദസ്സീവിധം നർത്തനം
കൺകൾക്കു പുത്തനാമീ കലാദർപ്പണം
നിന്നുതുളുമ്പി നവരസഭാവങ്ങൾ
മുന്നിൽ സഭയുടെ മാനസക്കുമ്പിളിൽ
പൊട്ടിത്തെറിച്ചു ചിലങ്കകൾ, നൂപുരം
കെട്ടഴിഞ്ഞൂർന്നു, വളകളുടഞ്ഞുപോയ്!
പട്ടുടയാടയുലഞ്ഞു, കാർകൂന്തലിൽ-
പ്പെട്ടു വിളറി മുഖചന്ദ്രബിംബവും!
“നിർത്തൂ സലോമി നിൻ നർത്തന” മമ്മതൻ
ജല്പനം കേട്ടവൾ നിന്നൂ ഞൊടിയിട
വെണ്ണക്കുളിർക്കല്ലുപാവിയ വേദിയിൽ
വെള്ളിക്കതിർ ചിന്നിവീണു വിയർപ്പുനീർ
“എന്തുതന്നാലാണധികമായ്ത്തീരുക
എന്റെ സലോമിക്ക്, സ്വർണ്ണമോ രാജ്യമോ?
എന്തുവേണെങ്കിലും ചൊല്ലൂ” ഹെറോദേസു
മുന്തിരിവീഞ്ഞുനുകർന്നു പതുക്കവെ
അമ്മതൻ മാറിൽ സലോമി മുഖംചായ്ച്ചു
തിന്മയെന്തെന്നറിയാതെ കരഞ്ഞുപോയ്
അപ്പോളാണമ്മ ചെവിയിൽ പറഞ്ഞതീ
പുത്തൻരഹസ്യം, വിറച്ചുവോ ചുണ്ടുകൾ ?
* * * * * * * * * * * * * * * *
“ഓമനേ ചൊല്ലുകീവണ്ണം, തരികയാ-
സ്നാപകൻതൻതല വെള്ളിത്തളികയിൽ
സർവ്വസൌഭാഗ്യവും കൈവരുമാശിര-
സ്സുർവ്വിയിൽനിന്നു തെറിച്ചാൽ നമുക്കിനി”
പുഷ്യരാഗം ഞാത്തു ചാർത്തിയ തൻചെവി
വിശ്വാസഹീനമായ്ത്തീർന്നുവെന്നോ സ്വയം?
ഒന്നുനടുങ്ങി സലോമി, ഹെറോദിയ
കണ്ണിൽ കനലുമായ്നില്പാണു രാക്ഷസി.
ആടിത്തളർന്ന പദവുമായ് മന്നന്റെ
കാലിണ ചുംബിച്ചു ചൊന്നു സലോമിയും
“കേവലം നല്കുക വെള്ളിത്തളികയിൽ
സ്നാപകജോണിൻതലയതുപോരുമേ”
ഞെട്ടിയോ മന്നവൻ, കൊട്ടാരഭേരിക-
ളൊട്ടാകെ ഭീകരനാദം മുഴക്കിയോ?
തേങ്ങിയോ പൊട്ടിത്തകർന്ന ചിലങ്കകൾ
നീങ്ങിയോ നീലത്തിരശ്ശീല ചുറ്റിലും?
പാപമെന്നോതുന്നു സ്വന്തം മനസ്സാക്ഷി
സ്നാപകജോണിനെ കൊല്ലുവതെങ്ങനെ?
കൊല്ലാതിരിക്കണമെന്നതുകൊണ്ടല്ലോ
കല്ലറയ്ക്കുള്ളിൽ കുടുക്കി താനീവിധം
ദൈവചൈതന്യംതുടിക്കും ശിരസ്സിനെ
യീവിധം വാളാലറുപ്പതു നീതിയോ?
‘എന്തുവേണെങ്കിലും ചൊല്ലൂ’ സദസ്സിന്റെ
മുമ്പാകെ താൻചൊന്ന വാചകമോർക്കവേ
ഭീരുവായ്പ്പോകയോ മന്നൻ, സലോമിക്കു
നേരേണ്ട സമ്മാനമെന്തെന്നറിയവേ
* * * * * * * * * * * * * *
ചക്രവാളത്തിൽ തെറിച്ചു കിടക്കുന്ന
രക്തബിന്ദുക്കളിൻ തേജസ്സുയർന്നപോൽ
പശ്ചിമസാഗരംനീട്ടും തളികയിൽ
രക്തശിരസ്സേന്തിനില്ക്കുന്നു സന്ധ്യയും
വൈതാളികന്റെ കൊലവാളറുത്തതാം
ദൈവീകകാന്തിചിതറും ശിരസ്സുമായ്
നില്പൂ ഹെറോദേസ്, വെള്ളിത്തളികയൊ-
ന്നല്പംവിറച്ചുവോ, വെള്ളിടിവീണുവോ?
കൈനീട്ടിവാങ്ങിയാസമ്മാനമമ്മതൻ
കാലടിതന്നിൽ സമർപ്പിച്ചനന്തരം
കാല്മുട്ടു മണ്ണിലമർത്തി ചുടുകണ്ണു-
നീരാൽ പവിത്രതകൈവരുത്തി സ്വയം
ചൊന്നു സലോമി സഗദ്ഗദം “നിർത്തി, ഞാ-
നിന്നുമുതല്ക്കു നടനവും ഗാനവും”.

അദ്ദേഹത്തിന്റെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ: വസുധ

മധുസൂദനൻ പി വി


കടപ്പാട്  വസുധ 

5 comments

നന്ദി.സന്തോഷം ഫിലിപ്പ്.

ee peril c.j Thomasinte oru nadakavum und.....athimanoharam aayath...ee kavithayeppole...

നല്ല വരികൾ...
കെട്ടിപ്പടുത്ത കരിങ്കല്ലറയ്ക്കുള്ളിൽ
ദുഷ്ടർതൻ പീഡനമേറ്റൊരാസ്നാപകൻ
കട്ടിയിരുമ്പഴിതന്നിൽ തലചായ്ച്ചു
കേട്ടൊരു സാന്ദ്രമധുരമാംഗീതിക.
സപ്തസ്വരദിവ്യമാലാഖമാർ കാറ്റി-
ലുല്പക്ഷമായ് നീങ്ങിടുന്നതാം വീഥിയിൽ
എല്ലാം മറന്നങ്ങുയർന്നുപോയ് മഞ്ഞുപോൽ
കല്ലിനാൽചുറ്റിവരിഞ്ഞൊരാ ചേതന.

മനോഹരമായ കവിത...

മനോഹരമായ വരികൾ
ആശംസകൾ

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.