മലയാളിയുടെ ഇംഗ്ലീഷ് - മലയാളം

No Comments

 
മലയാളിയുടെ ഇംഗ്ലീഷ് - മലയാളം



ഇന്ന്  കമ്പ്യൂട്ടറിൽ നിന്നും മാറി  അൽപ്പസമയം വായനക്കായി മാറ്റിവെക്കാം എന്നു കരുതി പുസ്തക ശേഖരം ഒന്നു പരതിയപ്പോൾ 
ഹമീദ് ​ചേന്ദമംഗല്ലൂർ


തികച്ചും അവിചാരിതമായി ​ഒരു പുസ്തകത്തിൽ നിന്നും ആ കുറിപ്പ് കിട്ടി 1980 സെപ് സ്തംബർ  14 ന്  മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ  പ്രശസ്ത എഴുത്തുകാരനും നിരൂപകനും, 

കോളേജ് അധ്യാപകനുമായിരുന്ന ശ്രീ ഹമീദ് ​ചേന്ദമംഗല്ലൂർ​​ ​എഴുതിയ ഒരു കുറിപ്പ്: (വിജ്ഞാനപ്രദവും രസകരവുമായ കുറിപ്പുകൾ പത്രമാസികളിൽ വരുന്നവ വെട്ടിയെടുത്തു സൂക്ഷിച്ചു വെക്കുക എന്നത്  ചെറുപ്പകാലത്ത് എന്റ്  ഒരു പതിവായിരുന്നു, പലതും ഇതിനകം നഷ്ടമായെങ്കിലും ചിലത് ഇപ്പോഴും ഫയലിലും പുസ്തകങ്ങൾക്കുള്ളിലും വിശ്രമിക്കുന്നു, അതിലൊന്നത്രേ ഇന്ന് വീണു കിട്ടിയ ഈ കുറിപ്പ്)
വർഷങ്ങൾക്കു മുൻപ് എഴുതിയതെങ്കിലും അതിൻറെ പ്രസക്തി ഇന്നും നഷ്ടമായിട്ടില്ല,ദേശത്തും വിദേശത്തും ഉള്ള മലയാളികൾ ഇന്നുപയോഗിക്കുന്ന മലയാളം സംസാര ഭാഷയെപ്പറ്റി രസകരമായ ചില കാര്യങ്ങൾ എഴുത്തുകാരൻ ഈ കുറിപ്പിലൂടെ വിവരിക്കുന്നു. വായനക്കു രസം പകരുന്ന രീതിയിലാണിത് എഴുതിയിരിക്കുന്നതെങ്കിലും  ഗൗരവമായ ഒരു വിഷയം കൂടിയത്രേ ഇത്. തികച്ചും കാലോചിതമായ, ചിന്തക്ക് വക നൽകുന്ന ആ കുറിപ്പ് ഇവിടെ പകർത്തട്ടെ!

അടുത്തിടെ ആരംഭിച്ച ഗസ്റ്റ് എഴുത്ത് സംരഭത്തിൽ മലയാള ഭാഷയുടെ പ്രയോഗത്തെക്കുറിച്ച് ശ്രീ റോയി ഇ ജോയി എഴുതിയ ലേഖനത്തിൽ നമ്മുടെ മദ്ധ്യേ മലയാളികളുടെ സംസാര ഭാഷയെക്കുറിച്ച് ചിലത് സൂചിപ്പിക്കുകയുണ്ടായി, ഈ കുറിപ്പ് അതിനൊരു അനുബന്ധം കൂടി ആയിരിക്കുന്നു. വായിക്കുക അതിവിടെ. 

ശ്രീ റോയിയുടെ ലേഖനം വായിക്കാത്തവർക്കു അതിവിടെ ഈ ലിങ്കിൽ വായിക്കാം. 
സമർഥനായ ലേഖകൻറെ എഴുത്തുകോൽ 


 ഇംഗ്ലീഷ് - മലയാളം 
                                                         
                                                 ഹമീദ് ​ചേന്ദമംഗല്ലൂർ​​ 

മാതൃഭൂമിയിൽ വന്ന കുറിപ്പ്   (1980 സെപ്റ്റംബർ 14)
നെക്സ്റ്റ് സണ്ടേ എന്‍റെ സിസ്റ്ററുടെ മാര്യേജാണ് അതുകൊണ്ട്  ഫ്രൈഡേയും

സേട്ടർഡേയും ഞാൻ ലീവിലായിരിക്കും.

ഷെൽഫിന്‍റെ കീ  എന്‍റെ ഡ്രോവറിൽ ഉണ്ട്. സേട്ടർഡേ പോകുമ്പോൾ ഷെൽഫ് ലോക്ക് ചെയ്യാൻ മറക്കരുത്.


സാമാന്യ വിദ്യാഭ്യാസം നേടിയ മലയാളിയുടെ മൊഴിയാണിത്.

അഞ്ചോ ആറോ വാക്കുകളുളള  വാചകത്തിൽ അയാൾ ഉപയോഗിക്കുന്ന മലയാള പദങ്ങൾ ഒന്നോ രണ്ടോ മാത്രം.  ബാക്കിയുള്ളവ  ഇംഗ്ലീഷിൽ നിന്നും കടം എടുത്തവയാണ്.

കടമെടുപ്പിൽ നാം  എന്നും മിടുക്കന്മാരായിരുന്നു. അങ്ങനെയാണല്ലോ മലയാളത്തിലെ മണിയും സംസ്കൃതത്തിലെ  പ്രവാളവും ചേർന്ന് മണിപ്രവാളമെന്ന സംസ്കൃത മലയാളം

ആവിർഭവിച്ചത്.  കുറെ  അറബി പദങ്ങൾ കൂട്ടിക്കുഴച്ച അറബി മലയാളമെന്ന ഒരു ഭാഷയുംനാമുണ്ടാക്കി.  നമ്മുടെ മനോഹരമായ മലയാളത്തിൽ  ഇംഗ്ലീഷ് പദങ്ങൾ കൂട്ടിക്കലർത്തി വികൃതമായ ഒരു ആംഗല മലയാളവും  നാം രൂപപ്പെടുത്തിയിരിക്കുന്നു.


നമുക്കിപ്പോൾ സംസ്കൃത മലയാളവും, അറബിമലയാളവും, അംഗലമലയാളവുമുണ്ട്. നമുക്കില്ലാത്തത് മലയാളംമാത്രമാണ്.

ഒരു ഹൈ സ്കൂൾ വിദ്യാർഥി പറയുന്നത് നോക്കൂ:


"നയൻതിലെ എക്സാം ഫോർട്ടീൻന്തിനാണ്"  'ഒൻപതിലെ പരീക്ഷ പതിനാലിനാണ് 'എന്നു പറയുവാൻ നമ്മുടെ കുട്ടികൾക്ക് പ്രയാസം.  റിസൽറ്റ് പബ്ലിഷ് ചെയ്യുന്ന ഡേറ്റ്

അവൈറ്റ് ചെയ്യാനല്ലാതെ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തുന്ന  തീയ്യതി കാത്തിരിക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിയില്ല.  ഓണം ഹോളീഡേയ്സിന് ക്ലോസ് ചെയ്യുന്ന കോളേജു ടെൻ ഡേയ്സ് കഴിഞ്ഞു ഇവിടെ റീ ഓപ്പണ്‍ ചെയ്യുന്നു.

തീവണ്ടിയില്ലാനാട്  

വിദ്യാർഥികളുടെ മാത്രം കഥയല്ല ഇത് - വിദ്യാഭ്യാസം പൂർത്തിയാക്കിയവരും,ദീർഘകാലം

വിദ്യാഭ്യാസ യെന്ജം നടത്താൻ അവസരം കിട്ടാതെ പോയവരുമെല്ലാം ട്രെയിനിലെ ഇവിടെ യാത്ര ചെയ്യൂ.


വണ്ടിയും തീവണ്ടിയും ഇന്നാട്ടിലില്ല.  ഇനി ഉണ്ടെങ്കിൽ തന്നെ അവ വൈകിയോടുന്ന സമ്പ്രദായം ഇവിടെ അശേഷം ഇല്ല. വല്ല സമ്പ്രദായവും ഇവിടെയുണ്ടെങ്കിൽ അത് ട്രെയിൻ
വണ്‍ അവർ ലയിറ്റാകുന്ന സമ്പ്രദായം മാത്രമാകുന്നു.

നമ്മുടെ ചായക്കടകളിൽ കടുപ്പം കുറഞ്ഞ ചായ കിട്ടില്ല.  കടുപ്പം കൂടിയതും കിട്ടില്ല ഇടത്തരം ചായുയും അലഭ്യം.  എന്നാൽ ലൈറ്റും സ്ട്രോങ്ങും മീഡിയവും വേണ്ടുവോളം കിട്ടും.

ഉണ്ണുമ്പോൾ ഹോട്ടൽ കാരനോട് പൊരിച്ച മീൻ ആവശ്യപ്പെടാതിരിക്കുക.  അത് അയാളെ
അപമാനിക്കലാണ്.  അയാൾ ഫിഷ് ഫ്രൈ എത്ര വേണമെങ്കിലും തരാൻ തയ്യാർ.

വിളക്കു കെടുത്താൻ മലയാളിക്കു അറിയില്ല, അവൻ ലൈറ്റ് ഓഫ് ചെയ്തു ശീലിച്ചു പോയി.

ലെറ്റർ പോസ്റ്റു ചെയ്യാനേ അവനറിയൂ.  കത്ത് തപാൽപ്പെട്ടിയിൽ ഇടാൻ വേറെ ആളു വരണം.  രോഗികളെ ആശുപത്രിയിൽ ആക്കുന്ന കാലമൊക്കെ കഴിഞ്ഞു.  ഇപ്പോൾ

നാമവരെ ഹോസ്പ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുകയാണ്.  പതിവ് സൂചി വെച്ചാലും  ഗുളിക കഴിച്ചാലും നമുക്കിപ്പോൾ തൃപ്തിയാവുന്നില്ല ഇഞ്ജക്ഷനും പിൽസും തന്നെ വേണം.  മന്ത്രി

വരുന്നു എന്നു പറയാൻ ഇന്നു മലയാളിക്കു മടിയാണ്, മിനിസ്റ്റർ വരുന്നു എന്നേ അവൻ പറയൂ.
എന്തിനാണ് മിനിസ്റ്റർ വരുന്നത്?  മിഷൻ ഹോസ്പിറ്റലിന്റെ ഇനാഗുറെഷന്.  അതു കഴിഞ്ഞു അദ്ദേഹം  ഓർഫനേജ് വിസിറ്റ് ചെയ്യും.  പിന്നീട് രണ്ടു മണിക്കൂർ അദ്ദേഹം റസ്റ്റ്‌
ഹൗസിലുണ്ടായിരിക്കും.  വൈകുന്നേരം ഫൈവ് തേർട്ടിയുടെ ഫ്ലൈറ്റിനേ അദ്ദേഹം പോകൂ.

സംഘടനകളിലും ഇംഗ്ലീഷ് 

സംഘടനകൾ ഉണ്ടാക്കുന്നതിൽ നാമെന്നും മുന്നോക്കമാണ്, പക്ഷെ അവിടെയും  മലയാളം


നമുക്ക് വർജ്ജ്യമാണ്.  അംഗലമലയാളമായാൽ സംഘടനകൾക്ക് എരിവും പുളിയും കൂടുമെന്ന്

ധരിച്ചുവശായതുകൊണ്ടാണോ നാം അട്ടിമറി തൊഴിലാളി യൂണിയനും, ചെത്തു തൊഴിലാളി യൂണിയനും, വിദ്യാർഥി ഫ്രെഡറേഷനും, മഹിളാ ഫ്രെഡറേഷനുമൊക്കെ ഉണ്ടാക്കിയത്?

അംഗലമലയാളത്തേക്കാൾ ഉഗ്രനാവുക ശുദ്ധ ഇംഗ്ലീഷ് ആണെന്ന് കരുതുന്നവർ പോർട്ടേഴ്സ് യൂണിയനും, ബാർബേർഴ്സ് യൂണിയനും, മിൽക്ക് സൊസൈറ്റിയും, ഫിലിം ഗോവേർഴ്സ്   അസോസ്സിയേഷനുമൊക്കെ വേറെയുണ്ടാക്കിയിട്ടുണ്ട്. കടകൾക്ക് പേർ നൽകുമ്പോൾ പ്രിയ ഫുട്ട് വെയേർഴ്സ്, എന്നോ ആർ കെ ടെക്സ്റ്റയിൽസ്  എന്നോ ഫേഷൻ സെൻററെന്നോ,  പാരമൌണ്ട് ട്രേഡ്ഴ്സ് എന്നോ ഒക്കെയല്ലാതെ മറ്റൊരു പേരും നമുക്കു തോന്നുകയില്ല.


ഇംഗ്ലീഷ് പദങ്ങളും പ്രയോഗങ്ങളും മലയാളത്തിൽ കൂട്ടിക്കുഴക്കുന്ന ബദ്ധപ്പാടിൽ ഇംഗ്ലീഷുകാരനും  മനസ്സിലാകാത്ത ചില പുത്തൻ ഇംഗ്ലീഷ് പ്രയോഗങ്ങളും നാം ആവിഷ്കരിച്ചിട്ടുണ്ട്.

അവയിലൊന്നാണ് "വൈഫ് "   ഹൗസ് "  എവിടെപ്പോകുന്നു എന്നു ചോദിച്ചാൽ "ഭാര്യാവീട്ടിൽ" എന്നോ ഭാര്യാ ഹൃഹത്തിൽ എന്നോ മറുപടി പറയുന്നവർ ഇവിടെ നന്നേ

ചുരുങ്ങും.   ഇവിടെ മിക്ക ആളുകളും പോകുന്നത് "വൈഫ്‌ ഹൗസിലേക്കാണ്.  ഭാര്യാ ഹൃഹത്തെ ഇംഗ്ലീഷിലേക്കു പദാനു പദ തർജ്ജമ ചെയ്തു നാമുണ്ടാക്കിയത്  "വൈഫ്‌ ഹൗസിൽ" വൈഫ്‌ ഹൗസിൽ ആംഗ്ലേയർ   ഒരിക്കലും പോകാറില്ല പകരം അവർ വൈഫ്‌ 'സ്  ഹൗസിലോ ഇൻലോസ് ഹൗസിലോ പോകുന്നു.


നാം അയണ്‍  ബോക്സ് കൊണ്ട് ഇസ്തിരിയിടുമ്പോൾ ആംഗ്ലേയർ അയണ്‍ കൊണ്ട് ഇസ്തിരിയിടുന്നു.   അവർ ബെഡ് ക്ലോത്ത്സ് ഉപയോഗിക്കുന്നിടത്ത് നാം ബെഡ് ഷീറ്റ് ഉപയോഗിക്കുന്നു.  അവരുടെ ട്രങ്കിനെ നാം ട്രങ്ക് പെട്ടിയും പോസ്റ്റിനെ പോസ്റ്റിൻ കാലുമാക്കിമാറ്റിയിട്ടു കാലം ഒത്തിരിയായി.

ചുംബിക്കാനറിയാത്ത കാമുകി.  
നമ്മുടെ കാമുകീ കാമുകന്മാർക്കു ചുംബിക്കാനറിയല്ലന്നു കേട്ടാൽ അത്ഭുതം തോന്നും.  പക്ഷെ കാര്യം ശരിയാണ് അവർ കിസ്സ്‌ ചെയ്യാനേ  പഠിച്ചിട്ടുള്ളൂ.  വിവാഹം  കഴിക്കാനല്ല മേരി ചെയ്യാനാണ് അവർ ഇഷ്ടപ്പെടുന്നത്.  ഹസ്ബന്റെ  ആൻറ് വൈഫ്‌ ആയി ജീവിക്കാനും ഡാഡി മമ്മി  എന്നോ പപ്പാ മോം  എന്നോ വിളിക്കപ്പെടാനും അവർ ആഗ്രഹിക്കുന്നു.

അവരെ കുറ്റം പറയുന്നതെന്തിനാണ്‌?  അവരുടെ അച്ഛൻ അമ്മമാരുടെ സ്ഥിതി എന്താണ്?

അവർക്കു കുളിക്കാൻ ഷവർ വേണം, തോർത്താൻ ടവ്വൽ  വേണം പല്ലു തേക്കാൻ ബ്രഷും

പേസ്റ്റും വേണം.  ഉണ്ണാൻ ഡൈനിംഗ്  റൂമും ഡൈനിംഗ് ടേബിളും വേണം.  ഇരിക്കാൻ പോർട്ടിക്കോ വേണം, ഉറങ്ങാൻ ബെഡ് വേണം. വിരിക്കാൻ ഷീറ്റ് വേണം തല വെക്കാൻ
പില്ലോ വേണം, പുതക്കാൻ ബ്ലാന്കെട്റ്റ് വേണം.

അംഗല മലയാളം ഇവിടെ വളർന്നു കൊണ്ടിരിക്കുന്നു.  കുട്ടിക്കൃഷമാരാർ 'മലയാള ശൈലിയിൽ എഴുതിയതു പോലെ "ഭാര്യ പെറ്റു" എന്നു പറയുന്നതായിരുന്നു പണ്ട് ശരിയായ മലയാളം:  പിന്നീട് സംസ്കൃത  പ്രചാരകാലത്തു വിദ്വജ്ജനങ്ങളുടെ ഇടയിൽ അതു 'ഭാര്യ പ്രസവിച്ചു'
എന്നായി മാറി;  ഇന്ന് അത് രണ്ടും കണ്‍ട്രി മട്ടായി തള്ളപ്പെട്ടു, വൈഫിൻറെ ഡെലിവറി കഴിഞ്ഞ്' എന്നായിരിക്കുന്നു ഫാഷൻ.


ശുഭം 


കടപ്പാട്:
ശ്രീ ഹമീദ് ​ചേന്ദമംഗല്ലൂർ​
മാതൃഭൂമി ദിനപ്പത്രം 


Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.