ചത്ത ഈച്ചകളെ സൂക്ഷിച്ചു കൊള്‍ക! (Beware of Dead Flies!)

No Comments

ചത്ത ഈച്ചകളെ സൂക്ഷിച്ചു കൊള്‍ക! 
(Beware of Dead Flies!)

ഫിലിപ്പ് വറുഗീസ്, സിക്കന്തരാബാദ്

പ്രത്യക്ഷത്തില്‍ നിസ്സാരമെന്നു തോന്നുന്ന പലതും ഫലത്തില്‍ നിസ്സാരമായിരിക്കില്ല. ചെറിയ പാപം വലിയ പാപത്തിലേക്ക് നയിക്കുവാന്‍ പര്യാപ്തമാണ്. നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍ പാപത്തിനു ഇട നല്‍കരുതെന്ന് ആഹ്വാനം ചെയ്യുകയാണ് ഈ ചെറു ലേഖനത്തിലൂടെ ലേഖകന്‍.... 

ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു, അല്‍പ്പ  ഭോഷത്വം ജ്ഞാനമാനങ്ങളേക്കാള്‍ ഘനമേറുന്നു . (സഭ. 10 : 1). 

ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോൻറെ വാക്കുകളത്രേ ഇവിടെ ഉദ്ധരിച്ചത് . സഭാപ്രസംഗിയുടെ  എഴുത്തുകാരനായ ശലോമോന്റെ ഓരോ വാക്കുകളും ശ്രദ്ധേയവും ചിന്തനീയവുമത്രേ.


Picture Credit: Suviseshadhwani Weekly
ദൈവത്തില്‍ നിന്നും അസാമാന്യ  ജ്ഞാനം പ്രാപിച്ച ഒരു വ്യക്തിയായിരുന്നു ശലോമോന്‍, ആ സ്ഥിതിക്ക്  അദ്ദേഹത്തിന്റെ ഈ വാക്കുകളും ഘനമേറിയതും, ശ്രദ്ധേയവുമത്രേ.  കേവലം ഒരു വാമൊഴിയായി ഇതിനെ ഗണിക്കുക സാദ്ധ്യമല്ല  മറിച്ച ദൈവീക ശക്തി പ്രാപിച്ചു മൊഴിഞ്ഞിരിക്കുന്ന ഒരു ആത്മീയ സത്യമായത്രേ ഇതിരിക്കുന്നത് .

വളരെ വില പിടിച്ച സുഗന്ധ വസ്തുക്കള്‍  നിശ്ചിത അളവിലും തൂക്കത്തിലും വേണ്ട വിധം ചേര്‍ത്ത്  രൂപപ്പെടുത്തിയെടുത്ത സുഗന്ധമേറിയതും  വിലപിടിപ്പുള്ളതുമായ തൈലം തൈലക്കാരന്റെ അല്‍പ്പനേരത്തെ അശ്രദ്ധയുടെ ഫലമായി ദുര്‍ഗന്ധ-പൂരിതമായിത്തീരുന്നു.  കേവലം ചെറുതും, നിസ്സാര ജീവിയുമായ ദുര്‍ഗന്ധ വാഹിയായ ഈച്ച സുഗന്ധമേറിയ ആ തൈലത്ത്തില്‍ അകപ്പെട്ടതിന്റെ ഫലമായി  വിലയേറിയ തൈലം നിമിഷങ്ങള്‍ക്കുള്ളില്‍ വിലയറ്റതും, വെറുക്കപ്പെട്ടതുമായ  ഒരു വസ്തുവായി മാറി.

എത്രമാത്രം ബുദ്ധിയും സ്ഥാന മാനങ്ങളും എല്ലാം എല്ലാം ഉണ്ടെന്നു പറഞ്ഞാലും കേവലം ഒരു നിസ്സാര ബുദ്ധിമോശം മതി താങ്കള്‍ക്കുള്ള സകല ബുദ്ധികൂര്‍മതയും നിഷ്ഫലമാകാന്‍...... .വളരെ വലിയ ഉണര്‍വോടും തീഷ്ണതയോടും  കര്‍ത്താവിനായി   എരിഞ്ഞു ശോഭിക്കുന്നതും കര്‍ത്താവിന്റെ സുവാര്‍ത്തയാകുന്ന സുവിശേഷത്തിന്റെ സുഗന്ധം  പുറത്തേക്കു പുറപ്പെടുവിച്ചുകൊണ്ട് കഴിയുന്നതുമായ വിശ്വാസികളുടെ മദ്ധ്യേ അശ്രദ്ധ കാരണം ചത്ത ഈച്ചകള്‍ ഉള്ളില്‍ കടന്നു സുഗന്ധവാഹിയായ സഭ മറ്റുള്ളവര്‍ക്ക്  ദുര്‍ഗന്ധ വാഹിയായിത്തീരുന്നതിനിടയാകും. 



























ഒരു ചെറിയ അശ്രദ്ധ എത്രയോ കഠിനമേറിയതും  ദുഃഖകരവുമായ ഒരു അവസ്ഥയില്‍ എത്തിക്കും.

നിന്റെ തൈലം സൌരഭ്യമായത് ; നിന്റെ നാമം പകര്‍ന്ന തൈലം പോലെ ഇരിക്കുന്നു. ഉത്തമഗീതം 1:3 .

ദൈവവചനത്തെ സൌരഭ്യമേറിയ പകര്‍ന്ന തൈലത്തോടാണ്  ഉപമിച്ചിരിക്കുന്നത് . പിതാവായ ദൈവം ഒരുക്കിയ സൌരഭ്യമേറിയ തൈലം പുത്രനായ യേശുക്രിസ്തുവിന്റെ തന്നെ മാധുര്യമേറിയതും അനുകരണാര്‍ഹവുമായ സ്വഭാവത്തെയത്രെ ചിത്രീകരിച്ചിരിക്കുന്നത് .
അപ്പോസ്തലനായ പൌലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, 

“ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോല്‍സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ട് തന്റെപരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം (2 കൊരി. 2:14).  ഇത് വിശ്വാസികള്‍ക്ക്  ഉത്തേജനമേകുന്ന വാക്കുകളത്രേ.
വലിയ സുഗന്ധദാതാവായ ദൈവത്തിന്റെ കരങ്ങളിലെ ചെറിയ സുഗന്ധവാഹികളത്രേ നാം എന്ന് ചിന്തിക്കുന്നത് തന്നെ എത്രയോ അഭിമാനകരം.  അല്ലാതെ നാം സ്വയം സുഗന്ധവാഹികളായിത്തീരുന്നതിനു കാട്ടിക്കൂട്ടുന്ന പരിശ്രമങ്ങള്‍ എല്ലാം തന്നെ വൃഥാവും വെള്ളത്തിൽ വരച്ച വരപൊലെയുമാകുന്നു.  
ചത്ത ഈച്ചകള്‍ (ഇംഗ്ലീഷിലുള്ള ഭാഷാന്തരം ശ്രദ്ധിക്കുക DEAD FLIES).  തൈലം മുഴുവന്‍ നാറുമാറാക്കിയതുപോലെ
കേവലം ചുരുക്കം ചിലരോ കേവലം ഒരാള്‍ മാത്രമോ മതി സന്തോഷകരമായ ആത്മീയ ചുറ്റുപാടിന്  കളങ്കം സൃഷ്ടിക്കുവാന്‍. കര്‍ത്താവിന്റെ പരിജ്ഞാനത്തിന്റെ വാസന പുറപ്പെടുവിക്കണ്ടവര്‍ അത് ത്യജിച്ച് ചത്ത ഈച്ചകളുടെ ദുര്‍ഗന്ധം പരത്തുന്നവരായി മാറിയാലുള്ള സ്ഥിതി എത്ര പരിതാപകരം.

കര്‍ത്താവിന്റെ പരിജ്ഞാനത്തിന്റെ വാസന ലഭിക്കുന്നതിനു യാതൊരു പ്രയഗ്നങ്ങളും കാരണമാകുന്നില്ല, അത് മാനുഷ പ്രയഗ്നഫലമായി ലഭ്യമാകുന്നതുമല്ല. കര്‍ത്താവ്‌ താന്‍ തന്നെ സൌജന്യമായി  പകര്‍ന്നു തരുന്ന ഒന്നത്രേ അത്.  

ക്രിസ്തു നമ്മില്‍ വരുമ്പോള്‍ നാം അവന്റെ സൌരഭ്യം പുറപ്പെടുവിക്കുന്നവരായി മാറുന്നു. എന്നാല്‍ സുക്ഷിക്കുക! ചത്ത ഈച്ചകള്‍ (നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ പാപ പ്രവര്‍ത്തികള്‍) ആ വലിയ ഉദ്ദേശ്യത്തിനു വിനാശം വരുത്തും.  എത്ര ചെറുതും നിസ്സാരവുമായ പൈശാചിക ചിന്തകളും പ്രവര്‍ത്തനങ്ങളും  ദൈവവുമായുള്ള യഥാര്‍ത്ഥ കൂട്ടായ്മക്ക്  വിഘ്നം വരുത്തും.  ഈ ലോകത്തില്‍ പാപ പ്രവര്‍ത്തികളാകുന്ന ചത്ത ഈച്ചകള്‍ നമുക്ക് ചുറ്റും എപ്പോഴും ഉടാടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യം നാം ഒരിക്കലും മറന്നുപോകരുത് .  അത്തരം ഈച്ചകള്‍ക്ക് ഇടം കൊടുക്കാതുള്ള ഒരു ജീവിതം നാം നയിക്കേണ്ടതുണ്ട്.

യഥാര്‍ത്ഥ വിശ്വാസത്തിനു തടസ്സമായി വരുന്നതിനിടയാകുന്ന സ്വയം, അസൂയ, പക, പിണക്കം, അവിശ്വാസം, ദ്രവ്യാഗ്രഹം, ദുര്‍ചിന്ത, തുടങ്ങിയ ചത്ത ഈച്ചകള്‍  നമ്മുടെ വിശ്വാസ ജീവിതത്തില്‍ കടന്നു കൂടുന്നതിനു അനുവദിക്കാതെ ശ്രദ്ധയോട് കൂടി കര്‍ത്താവിന്റെ വരവ് വരെയും നമുക്ക് ജീവിക്കാം. കര്‍ത്താവതിനു ഏവര്‍ക്കും സഹായിക്കട്ടെ.
ശുഭം





Source: 
Suvisesha Dhwani, Alappuzha, Kerala
Email: suviseshadhwani2011@gmail.com


Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.