തിരസ്കരണക്കുറിപ്പോ?!..വിഷമിക്കേണ്ടാ...ഒപ്പം ചില പൂർവ്വകാലസ്മരണകളും
കനൽ മാസികയിൽ പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് ചില ഭേദഗതികൾ വരുത്തി ഇവിടെ പ്രസിദ്ധീകരിക്കുന്നതിൽ സന്തോഷിക്കുന്നു.
പ്രസാധകരില്‍നിന്നും ഒരു തിരസ്ക്കരണക്കുറിപ്പ് ലഭിക്കുന്നതോടെ തളരുന്നവരാണ് തുടക്കക്കാരായ പല എഴുത്തുകാരും. എന്നാല്‍ അവരൊന്നുമനസ്സിലാക്കുന്നില്ലാ അത് വിജയത്തിൻറെ മുന്നോടിയാണെന്ന്.. പിന്‍വലിയാതെ വീണ്ടും എഴുതുക! എഴുത്തു തുടരുക!
കനലിലെ പുതിയ എഴുത്തുകാർക്കിതാ, ചില നിർദ്ദേശങ്ങൾ അഥവാ ചില അനുഭവപാഠങ്ങൾ.
പത്രാധിപരുടെ പക്കൽനിന്നുലഭിക്കുന്ന റിജെക്ഷൻസ്ലിപ്പുകൾ അഥവാ, "നിങ്ങളുടെ സൃഷ്ടികൾ പ്രസിദ്ധീകരണ യോഗ്യമല്ല" എന്നുകുറിച്ചുകൊണ്ടുള്ള കുറിപ്പുകളെപ്പറ്റിയാണ് ഞാൻ പറഞ്ഞുവരുന്നത്...
മാറിയ യുഗത്തിൽ കത്തെഴുത്ത് ഇലക്‌ട്രോണിക് രൂപത്തിൽ കംപ്യൂട്ടറിലൂടെ ഒഴുകിയെത്തുന്നതിനാൽ, പലർക്കും പ്രത്യേകിച്ച് യുവതലമുറയ്ക്ക് എന്താണീ റിജെക്ഷൻ സ്ലിപ്പുകൾ എന്നതിനെക്കുറിച്ച് ഒരു രൂപവും ഇല്ലായിരിക്കും. എനിക്ക് ലഭിച്ച നിരവധി റിജെക്ഷൻ സ്ലിപ്പുകളിൽ ചിലത് ഇവിടെ ചേർത്തിരിക്കുന്നത് കാണുക.
ഇനി കഥയിലേക്ക് കടക്കാം. എഴുതിത്തുടങ്ങുന്ന നാളുകളിൽ ഇത്തരം കത്തുകൾ അല്ലെങ്കിൽ പത്രാധിപരിൽനിന്നുള്ള ഇത്തരം കുറിപ്പുകൾ ലഭിക്കാത്ത ഒരു പ്രസിദ്ധനായ എഴുത്തുകാരനേയും കാണാൻ കഴിയില്ല. ചരിത്രം പരിശോധിച്ചാൽ പേരെടുത്ത എല്ലാ എഴുത്തുകാരും തങ്ങളുടെ കുറിപ്പുകളിലും, ജീവചരിത്രങ്ങളിലും എല്ലാം തങ്ങൾക്കുലഭിച്ച ഇത്തരം കുറിപ്പുകളേപ്പറ്റി പ്രത്യേകം പരാമർശിച്ചു എഴുതിയിട്ടുണ്ട്.
അവിടെയല്ലാം നമുക്കൊരു കാര്യം പ്രത്യേകം കാണുവാൻ കഴിയുന്നത്, അവർ ആരുംതന്നെ അത്തരം ദുഃഖം ഉളവാക്കുന്ന കുറിപ്പുകൾ കണ്ട് എഴുത്ത് നിറുത്തിയിട്ടില്ലാ എന്നതാണ് മനസ്സിലാക്കുവാൻ കഴിയുന്നത്. മറിച്ച്, അവർ തങ്ങളുടെ എഴുത്ത് പൂർവ്വാധികം ശക്തിയോടെ നടത്തി, വിജയത്തിൽ എത്തിച്ചേര്‍ന്നുവെന്നാണ് കാണുവാൻ കഴിയുന്നത്. ചുരുക്കത്തിൽ അത്തരം കുറിപ്പുകൾ ഇമെയിൽവഴിയുംമറ്റും ലഭിക്കുന്നവ, നിങ്ങളുടെ വിജയത്തിലേക്കുള്ള വിജയരഹസ്യം തന്നെയാണെന്ന് ഓർക്കുക. അതത്രേ, നമുക്കുമുൻപേ കടന്നുപോയ പ്രസിദ്ധരായ എഴുത്തുകാരുടെ ചരിത്രം നമ്മേ ഓർമ്മപ്പെടുത്തുന്നത്.
ഒരുകാലത്തു പത്രാധിപരിൽനിന്നും ഇത്തരം കത്തുകൾ കിട്ടാൻ ആഴ്ചകളും ചിലപ്പോൾ മാസങ്ങൾ പോലും കാത്തിരിക്കേണ്ടി വരും.
ചില പത്രാധിപന്മാർ എത്ര തിരക്കുള്ളവർ ആയാലും എഴുത്തുകാരുമായി ഒരു അഭേദ്യ ബന്ധം പുലർത്താൻ ശ്രമിച്ചിരുന്നു. അത്തരത്തിൽ എനിക്കു ലഭിച്ച ചില കുറിപ്പുകൾ താഴെ ചേർക്കുന്നു.
മലയാള മനോരമയുടെ ബാലരമ മാസികയിൽ നിന്നും എൺപതുകളിൽ എനിക്കു ലഭിച്ച ഒരു കത്താണ് താഴെ കൊടുക്കുന്നത്.
അന്നത്തെ പത്രാധിപരായിരുന്ന ശ്രീ കടവനാട് കുട്ടി കൃഷ്‌ണൻ സാർ ഇത്തരത്തിൽ താനുമായി ബന്ധപ്പെടുന്നവരുമായി ഒരു നല്ല ബന്ധം പുലർത്തിയിരുന്ന ഒരാളായിരുന്നുയെന്ന് പലരിൽനിന്നും അറിയുവാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹവുമായുള്ള നിരന്തര സമ്പർക്കം മൂലം എൻറെ പല കഥകളും ലേഖനങ്ങളും ബാലരമയിൽ പ്രസിദ്ധീകരിക്കുന്നതിനു കഴിഞ്ഞു. ഒരിക്കൽ ഞാൻ പാർക്കുന്ന പട്ടണത്തെപ്പറ്റി, ഇവിടുത്തെ കുട്ടികളേപ്പറ്റി ഒരു സചിത്ര ലേഖനം തയാറാക്കി അയക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു . ആദ്യമായി ഒരു പ്രസിദ്ധയനായ പത്രാധിപരിൽ നിന്നും ലഭിച്ച ഒരു ക്ഷണം.
സെക്കന്തരാബാദിൽ വന്നിട്ട് അധികകാലമായില്ല പട്ടണത്തെപ്പറ്റി വല്യ പിടിയൊന്നുമില്ല എങ്കിലും വർഷങ്ങളായി സെക്കന്തരാബാദിൽ സ്ഥിര താമസമാക്കിയ ജേഷ്ഠ സഹോദരിയിൽ നിന്നും ഇവിടുത്തെ കുട്ടികളേപ്പറ്റിയുള്ള ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇനി കുറെ ചരിത്രങ്ങൾ കൂടിയറിഞ്ഞാൽ ലേഖനം ശരിയാക്കാം എന്നെനിക്കുന്നു തോന്നി, വേഗത്തിൽ തന്നെ പത്രാധിപർക്കു മറുപടിയും നൽകി.
അധികം വൈകാതെ ലേഖനം തയാറാക്കി അയച്ചു തരാം എന്ന മറുപടിയും കൊടുത്തു.
അന്ന് ഇന്നത്തെപ്പോലെ ഇന്റർനെറ്റ് സൗകര്യം ഒന്നുമില്ലായിരുന്നു, ചരിത്ര പുസ്തകങ്ങളെ തന്നെ ആശ്രയിച്ചേ മതിയാകൂ, അതിനിനിയെന്നാ ചെയ്ക വളരെ ആലോചിച്ചു ഒടുവിൽ ചേച്ചിയുടെ നിർദ്ദേശപ്രകാരം സിറ്റി സെൻട്രൽ ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ തിരയാൻ തീരുമാനിച്ചു. അങ്ങനെ രണ്ടു ദിവസം അവധിയെടുത്തു അഫ്‌സൽഗഞ്ചിലുള്ള സിറ്റി സെൻട്രൽ ലൈബ്രറിയിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു. ഇനി ചിത്രങ്ങൾ എങ്ങനെ ശരിയാക്കും. അതിനായി ഒരു ക്യാമറയും കരസ്ഥമാക്കി, ഫിലിം റോളിൽ പടം എടുക്കുന്ന ഒരു ക്യാമറ അഗ്‌ഫാ II എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്, കേവലം 13 ചിത്രങ്ങൾ മാത്രം ഒരു റോളിൽ നിന്നും എടുക്കുവാൻ കഴിയുന്ന ഒരു ക്യാമറ. അങ്ങനെ ചില പട്ടണത്തിൻറെ ചില ചിത്രങ്ങളും പിടിച്ചു ഒരു ലേഖനവും എഴുതി കുട്ടികൃഷ്ണൻ സാറിനു അയച്ചു. അധികം വൈകാതെ അദ്ദേഹം അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒപ്പം പ്രതിഫലമായി 75 രൂപയുടെ ഒരു മണിയോഡർ അയച്ചു തരികയും ചെയ്‌തു. ആ ലേഖനം ഈ ബ്ലോഗിൽ അന്യത്ര ചേർത്തിട്ടുണ്ട്.
അന്ന് ഇന്നത്തെപ്പോലെ ഇന്റർനെറ്റ് സൗകര്യം ഒന്നുമില്ലായിരുന്നു, ചരിത്ര പുസ്തകങ്ങളെ തന്നെ ആശ്രയിച്ചേ മതിയാകൂ, അതിനിനിയെന്നാ ചെയ്ക വളരെ ആലോചിച്ചു ഒടുവിൽ ചേച്ചിയുടെ നിർദ്ദേശപ്രകാരം സിറ്റി സെൻട്രൽ ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ തിരയാൻ തീരുമാനിച്ചു. അങ്ങനെ രണ്ടു ദിവസം അവധിയെടുത്തു അഫ്‌സൽഗഞ്ചിലുള്ള സിറ്റി സെൻട്രൽ ലൈബ്രറിയിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു. ഇനി ചിത്രങ്ങൾ എങ്ങനെ ശരിയാക്കും. അതിനായി ഒരു ക്യാമറയും കരസ്ഥമാക്കി, ഫിലിം റോളിൽ പടം എടുക്കുന്ന ഒരു ക്യാമറ അഗ്‌ഫാ II എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്, കേവലം 13 ചിത്രങ്ങൾ മാത്രം ഒരു റോളിൽ നിന്നും എടുക്കുവാൻ കഴിയുന്ന ഒരു ക്യാമറ. അങ്ങനെ ചില പട്ടണത്തിൻറെ ചില ചിത്രങ്ങളും പിടിച്ചു ഒരു ലേഖനവും എഴുതി കുട്ടികൃഷ്ണൻ സാറിനു അയച്ചു. അധികം വൈകാതെ അദ്ദേഹം അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒപ്പം പ്രതിഫലമായി 75 രൂപയുടെ ഒരു മണിയോഡർ അയച്ചു തരികയും ചെയ്‌തു. ആ ലേഖനം ഈ ബ്ലോഗിൽ അന്യത്ര ചേർത്തിട്ടുണ്ട്.
പത്രാധിപന്മാർക്കിടയിൽ ഇത്തരം സ്വഭാവം ഉള്ളവർ വളരെ വിരളം തന്നെ എന്നു പറയുന്നതിനാണ് ഈ വരികൾ കുറിച്ചത്.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ രീതി പാലിച്ചിരുന്ന പത്രാധിപന്മാരും ഉണ്ടായിരുന്നു. താഴെ കൊടുക്കുന്ന കത്തുകളുടെ പകർപ്പ് അതിനുദാഹരണങ്ങളാണ്.
പ്രസിദ്ധനായ ഒരു കവിയും പത്രാധിപരുമായ ശ്രീ എം ഈ ചെറിയാൻ സാറിൽ നിന്നും ലഭിച്ച ഒരു കത്താണ് താഴെ കൊടുത്തിരിക്കുന്നത്. വളരെയധികം യാത്രയും, മറ്റു തിരക്കുകളും ഉള്ളയാളായിരുന്നു അദ്ദേഹമെങ്കിലും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഞാൻ എഴുതിയ ചില പാട്ടുകൾ തിരുത്തലിനായി അയച്ചുകൊടുത്തതിനു കിട്ടിയ മറുപടിയാണ് താഴെ ചേർത്തത്. പിന്നീടവ പാട്ടു പുസ്തകത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഒരു വാരികയിൽ നിന്നും ലഭിച്ച മറ്റൊരു കുറിപ്പാണു താഴെ ചേർത്തിരിക്കുന്നത്. ചിലർ മറുപടി തരാൻ സമയം കണ്ടെത്തുന്നു മറ്റു ചിലർ മറിച്ചും.
അതുപോലെ തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിക്കുന്ന കലാകൗമുദിയിൽ നിന്നും ലഭിച്ച ഒരു കത്താണ് താഴെ ചേർക്കുന്നത്. ഇവരെല്ലാം തങ്ങൾ ചെയ്‌യുന്ന ജോലിയോട് പ്രതിബദ്ധത പുലർത്തിയിരുന്നു.
ചില മുഖ്യപത്രാധിപന്മാർ അവരുടെ തിരക്കുകാരണം മറുപടി കൊടുക്കാൻ പലപ്പോഴും സഹപത്രാധിപരെയോ, ചിലപ്പോൾ അവരുടെ സെക്രട്ടറിമാരേയോ ഏൽപ്പിക്കുകയാണ് പതിവ്. എന്നാൽ, മുഖ്യപത്രാധിപരേക്കാൾ കുറേക്കൂടി പത്രാസുകാട്ടുന്ന സെക്രട്ടറിമാരോ സഹപത്രാധിപരോ അതു മിക്കപ്പോഴും ചവറ്റുകുട്ടയിൽ തള്ളാറാണ് പതിവ്. കാരണം, പിന്നീട് അതേപ്പറ്റി പത്രാധിപഅവരോടു തിരക്കാൻ സാധ്യത കുറവായതിനാൽ തന്നേ.. ഒപ്പം അവരുടെ പണി എളുപ്പമാവുകയും ചെയ്യുമല്ലോ!
എന്നാൽ ഇപ്പോൾ, ഈ ആധുനികയുഗത്തിൽ, എല്ലാം മിന്നൽവേഗത്തിൽ നടക്കുന്നതിനാൽ, പലപ്പോഴും നമ്മുടെ സൃഷ്ടികൾ, മിന്നൽവേഗത്തിൽ പത്രാധിപർക്കു ലഭിക്കുകയും, അതേ വേഗത്തിൽ അതിനുള്ള മറുപടി മിക്കപ്പോഴും അവര്‍തന്നെ സൃഷ്ടികർത്താവിനെ ഇമെയിലിലൂടെ അറിയിക്കുകായും ചെയ്യുന്നു.
എന്നാൽ ഇപ്പോൾ, ഈ ആധുനികയുഗത്തിൽ, എല്ലാം മിന്നൽവേഗത്തിൽ നടക്കുന്നതിനാൽ, പലപ്പോഴും നമ്മുടെ സൃഷ്ടികൾ, മിന്നൽവേഗത്തിൽ പത്രാധിപർക്കു ലഭിക്കുകയും, അതേ വേഗത്തിൽ അതിനുള്ള മറുപടി മിക്കപ്പോഴും അവര്‍തന്നെ സൃഷ്ടികർത്താവിനെ ഇമെയിലിലൂടെ അറിയിക്കുകായും ചെയ്യുന്നു.
ഇവിടെ എനിക്കു പറയുവാനുള്ളത്, ഇത്തരം കുറിപ്പുകൾ കിട്ടിയാലും എഴുത്തു നിറുത്തി, പുറകോട്ടു പോകരുതെന്നാണ്. കാരണം പലയാവർത്തി എഴുതിയെങ്കിൽമാത്രമേ നമ്മുടെ സൃഷ്ടികളുടെ പോരായ്‌മ നമുക്കുപോലും മനസ്സിലാവുകയുള്ളു. അതുകൊണ്ട്, എഴുത്തുതുടരുക.. എഴുതിയത് വീണ്ടുംവീണ്ടും വായിച്ച് (ഇടവേളകളിലായി വായിച്ച്), വേണ്ട തിരുത്തലുകൾവരുത്തി, വീണ്ടുംവായിച്ച് പകർപ്പാക്കിയശേഷം, നമുക്കു തൃപ്‌തിവന്നുവെന്നു ബോധ്യമായ ശേഷംമാത്രം പ്രസിദ്ധീകരണങ്ങൾക്കു അയക്കുക.
കഴിയുമെങ്കിൽ, എഴുതിയത് മറ്റൊരാളെക്കൊണ്ടു വായിപ്പിക്കുക അപ്പോൾത്തന്നെ, നമ്മുടെ എഴുത്തിലെ ചില പോരായ്മ്മകൾ കണ്ടെത്താനും തിരുത്താനും കഴിയും. പിന്നൊരു കാര്യം... എഴുതിയത് അല്പം ഉച്ചത്തിൽ സ്വയം വായിക്കുക.. അങ്ങനെയും നമ്മുടെ എഴുത്തിലെ ചില കുറവുകൾ വേഗത്തിൽ കണ്ടെത്താം അപ്പോൾത്തന്നെ അതു തിരുത്തുകയും ചെയ്യാം.
പലപ്പോഴും നമ്മുടെ സൃഷ്ടികളിൽ, നിരവധി പോരായ്‌മകൾ കടന്നുവരാം, അതുകൊണ്ട്, നാം എഴുതുന്ന സൃഷ്ടികളുടെ ആദ്യപകർപ്പുതന്നെ ഒരിക്കലും ഒരു പത്രാധിപർക്കും അയക്കരുത്. കാരണം, അത്തരം കുറിപ്പുകളിൽ അക്ഷരപ്പിശക്, വ്യാകരണപ്പിശക് തുടങ്ങിയവ കടന്നുകൂടാൻ സാദ്ധ്യതകൾ വളരെയേറെയാണ്. അപ്പോള്‍ അതുവായിക്കുന്ന തിരക്കുള്ള ഒരു പത്രാധിപരും അതിനുമേൽ തങ്ങളുടെ സമയം നഷ്ടപ്പെടുത്തില്ല എന്നതാണ് വാസ്‌തവം. പകരം, അതവരുടെ ചവറ്റുകുട്ടകളിൽതന്നേ ഇടം പിടിക്കുകയും ചെയ്യും എന്നതിൽ സംശയം വേണ്ട. അങ്ങനെയായാൽ, തിരസ്ക്കരണക്കുറിപ്പുപോലും കിട്ടാതെ അതവിടെ വിശ്രമംകൊള്ളും.
അതെന്തായാലും ഓർക്കുക! ഇത്തരം തിരസ്കരണക്കുറിപ്പുകൾ ഒരു എഴുത്തുകാരന്‍റെ എഴുത്തുജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നതാണു സത്യം. അതിനാൽ, അതുകണ്ട് പിന്‍തിരിയാതെ, നമ്മുടെ എഴുത്തിലെ പോരായ്‌മകൾ മനസ്സിലാക്കി, എഴുത്തുമായി, മുന്നോട്ടു പോവുകതന്നേ ചെയ്യണം.. വിജയം സുനിശ്ചിതം!..
"പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം" എന്ന കവിവചനമാണ് പെട്ടെന്ന് ഓർമ്മയിൽ ഓടിയെത്തിയത്!
പരിശ്രമിക്കുക, പരിശീലിക്കുക, പ്രവർത്തിപഥത്തിലെത്തിക്കുക.. ഈ ലക്ഷ്യത്തോടുകൂടെ മുന്നോട്ടു നീങ്ങുക.. ആത്യന്തികമായ വിജയം നിങ്ങളെ കാത്തിരിക്കും..
കനലിലെ പുതു എഴുത്തുകാർക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് നിറുത്തുന്നു...
സസ്‌നേഹം,
Thanks, Joy Guruvayoor for the editorial support to this post. I appreciate. 

Comments











