Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts
കറുത്ത ബോർഡും വെളുത്ത ചോക്കും ഒരു ചിത്രശലഭവും Blackboard White Chalk And A Butterfly

കറുത്ത ബോർഡും വെളുത്ത ചോക്കും ഒരു ചിത്രശലഭവും Blackboard White Chalk And A Butterfly

1 comment

കറുത്ത ബോർഡും വെളുത്ത ചോക്കും ഒരു ചിത്രശലഭവും 

Blackboard, white chalk and a butterfly
കറുത്ത ബോർഡും വെളുത്ത ചോക്കും ഒരു ചിത്രശലഭവും ഒപ്പം ഒരു വലിയ ചിന്തയും 
പഴയകാല സ്‌മരണകൾ അയവിറക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുക,  ബാല്യകാല സംഭവങ്ങൾ തന്നെയാണല്ലോ!
ഇതാ അത്തരത്തിലുള്ള ഒരു ചെറിയ അനുഭവവും ഒപ്പം ഒരു ചിന്തയും.
നീണ്ടു നിവർന്ന ഭിത്തിയിൽ പതിപ്പിച്ചു വെച്ചപോലെ തോന്നിക്കുന്ന കറുത്ത ബോർഡുകൾ (പുത്തൻ തലമുറക്കിതൊരു  അപവാദമാണെങ്കിലും)  നമ്മിൽ പലരുടേയും പഠനകാലത്തെ ഓർമ്മകളിൽ തങ്ങി നിൽക്കുന്ന ഒന്ന് തന്നെ ഈ നീണ്ടു നിവർന്നു കാണുന്ന കറുത്ത ബോർഡുകൾ .
അധ്യാപകർ നീണ്ട ചോക്കുപയോഗിക്കുമ്പോൾ പലപ്പോഴും അവ ഒടിഞ്ഞു വീഴാറുണ്ട് അതവർ എടുക്കാൻ ശ്രമിക്കുന്നത് ഒരിക്കലും കണ്ടിട്ടില്ല.  കുനിയുവാൻ കഴിയാത്തതോ  അതോ അതിനു വേണ്ടിയവരുടെ വിലയേറിയ സമയം പാഴാക്കേണ്ടാ എന്നു കരുതിയോ, അതോ, ഒന്നു പോയാൽ മറ്റൊന്നു കിട്ടുമല്ലോ എന്നോർത്തോ എന്തോ, എന്തായാലും മിക്ക അധ്യാപകരും അത് പെറുക്കിയെടുത്തു വീണ്ടും ഉപയോഗിക്കുന്നതു കണ്ടിട്ടില്ല.
അങ്ങനെ താഴെ വീഴുന്ന ചോക്കുകഷണങ്ങൾ  പെറുക്കിയെടുക്കാൻ ഞങ്ങളിൽ ചിലർ കാട്ടിയ ആവേശം (ഒരു തരം മത്സരം എന്നുവേണമെങ്കിൽ പറയാം) അന്നെന്നപോലെ ഇന്നും ഓർമ്മയിൽ നിൽക്കുകയാണ്.
ഒരു പക്ഷെ സ്‌കൂൾ നാളുകളിൽ അങ്ങനെ ഒരു ചോക്കു കഷണം ലഭിക്കുന്നത് ഒരു വലിയ സമ്മാനമായി കരുതിയിരുന്നു.
ഒരിക്കൽ അങ്ങനെ വീണുകിട്ടിയ ചോക്കുകൊണ്ടു ക്ലാസ്സു കഴിഞ്ഞു ഉച്ച ഭക്ഷണത്തിനുശേഷമുള്ള  സമയത്ത് ബോർഡിൽ ഒരു ചിത്രശലഭത്തിന്റെ പടം വരച്ചതും പിന്നീടുണ്ടായ സംഭവങ്ങളും ഇത്തരുണത്തിൽ ഓർത്തുപോവുകയാണ്.
ബോർഡിൽ വരച്ച പടം മായിച്ചു കളയാൻ കഴിഞ്ഞില്ല.  അടുത്ത ക്ലാസ്സിൽ സയൻസ് ടീച്ചർ വന്നതും ഞാൻ വരച്ച ചിത്രം കണ്ട ടീച്ചർ ആദ്യം തിരക്കിയത് ഈ പടം വരച്ച ആൾ ആരെന്നായിരുന്നു.
സഹപാഠികൾ ഒന്നടങ്കം എൻ്റെ പേർ വിളിച്ചു പറഞ്ഞു.
വിറയ്ക്കുന്ന കാലുകളോടെ ഞാൻ എഴുന്നേറ്റു നിന്നു, ഇന്ന് ടീച്ചറിൽ നിന്നും നല്ല ശകാരം ലഭിച്ചതു തന്നെ.
ഞാനോർത്തു.
പക്ഷെ, പേരു പോലെ തന്നെ സ്നേഹസമ്പന്നയായ സൗമിനി ടീച്ചർ, ഫിലിപ്പ് ഇവിടെ വരൂ എന്നു പറയുന്നത് കേട്ട് ഞാൻ ടീച്ചറിൻറെ അടുത്തെത്തി.
 ഫിലിപ്പ്, കൊള്ളാമല്ലോ നന്നായി വരച്ചല്ലോ എന്ന് പറഞ്ഞ് എൻ്റെ തോളിൽ തട്ടി അഭിനന്ദിച്ചു.
ആവൂ രക്ഷപ്പെട്ടു എന്നറിയാതെ മനസ്സിൽ പറഞ്ഞു പോയി.
അന്ന് മുതൽ സയൻസ് ക്ലാസ്സിൽ ടീച്ചർ എന്നെക്കൊണ്ട് പല ചിത്രങ്ങളും ക്ലാസ് എടുക്കുമ്പോൾ വിരപ്പിച്ചിരുന്നു.
അതെനിക്കൊരു വലിയ പ്രോത്സാഹനം തന്നെയായിരുന്നു.
പിന്നീട് നിരവധി ചിത്രങ്ങൾ കടലാസ്സിൽ പകർത്താൻ എനിക്ക് സാധിച്ചുഎന്നുള്ളതും ഈ സമയം ഓർക്കുകയാണ്.
കാലങ്ങൾ കടന്നു പോയി, വരയെക്കാൾ എനിക്കു കൂടുതൽ കമ്പം വായനയിലായിരുന്നു.
അതെ, വായനയായിരുന്നു എൻ്റെ പ്രധാന ഹോബിയെങ്കിലും വല്ലപ്പോഴും ചിത്രങ്ങളും വരച്ചിരുന്നു.
പിന്നീട്,  വർഷങ്ങൾക്കു  ശേഷം,    മലയാള മനോരമ ആഴ്ചപ്പതിപ്പിൽ നിന്നും ഞാൻ വരച്ച ഒരു കാർട്ടൂണിനു 15 രൂപയുടെ മണിയോഡർ പോസ്റ്റുമാൻ കൊണ്ടുതന്നപ്പോൾ സത്യത്തിൽ ഞാൻ അത്ഭുതപ്പെട്ടുംപോയി.
പിന്നേയും വർഷങ്ങൾക്കുശേഷം  ഞാൻ വരച്ച  ചില കാർട്ടൂണുകൾ, ചില മലയാളം വാരികകളിലും ചില ഇംഗ്ലീഷ് പത്രങ്ങളിലും പ്രസിദ്ധീകരിക്കുകയുണ്ടായി ഒപ്പം അതിനുള്ള പ്രതിഫലങ്ങൾ ലഭിക്കുകയുമുണ്ടായി.
മേൽ വിവരിച്ച സംഭവത്തിൽ നിന്നും ഞാനൊരു വലിയ പാഠം ഉൾക്കൊണ്ടു, അന്ന്  സൗമിനി ടീച്ചർ ഞാൻ ബോർഡിൽ പടം വരച്ചതിനു എന്നെ ശകാരിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ പിന്നീടൊരിക്കലും പടം വരക്കാൻ മുതിരുമായിരുന്നില്ല.
എൻ്റെ പടം വര എന്നെ മലയാള മനോരമയിലെ പ്രസിദ്ധമായ കുഞ്ചുക്കുറിപ്പ് കാർട്ടൂൺ കോളത്തിന്റെ   ഉപജ്ഞാതാവായ  പ്രശസ്‌ത കാർട്ടൂണിസ്റ്റ് ശ്രീ യേശുദാസനുമായി സമ്പർക്കം പുലർത്തുന്നതിലേക്കു വരെ അത് വഴി തെളിച്ചു എന്നു പറയുന്നതിൽ അത്യധികം സന്തോഷമുണ്ട്.  അതേപ്പറ്റി ഒരു കുറിപ്പ് എൻ്റെ ബ്ലോഗിൽ അന്യത്ര ചേർത്തിട്ടുണ്ട്.
നിർഭാഗ്യവശാൽ എന്തുകൊണ്ടോ, എനിക്ക് ആ വഴിക്കു തിരിയുവാൻകഴിഞ്ഞില്ല. പകരം അത് എഴുത്തിലേക്ക്, അക്ഷരങ്ങളിലേക്ക് വളരുകയാണുണ്ടായത് .
ചിലതെല്ലാം മലയാളത്തിലും പിന്നീട്  ഇംഗ്ലീഷിലും എഴുതിത്തുടങ്ങി.
വിശ്രമജീവിതത്തിൽ ഇപ്പോഴും അതൊരു ആദായമാർഗ്ഗമായിരിക്കുന്നു എന്നു കുറിക്കുന്നതിൽ അത്യധികം സന്തോഷമുണ്ട്.
ആ എഴുത്തുസപര്യ ഇന്നും തുടരുന്നു.
ഈ ചെറിയ സംഭവത്തിൽ നിന്നും മറ്റൊരു വലിയ ചിന്തയാണ് എനിക്ക് ലഭിച്ചത് അതിവിടെ കുറിക്കട്ടെ.
ഒരുപക്ഷെ അധ്യാപകർ ബോർഡിൽ എഴുതുമ്പോൾ ഒടിഞ്ഞു വീഴുന്ന ചോക്കു മുറികൾ പെറുക്കി അവരുടെ വിലയേറിയ സമയം അൽപ്പമെങ്കിലും പാഴാക്കാതെ അവരുടെ കൃത്യം നിർവഹിക്കുന്നതിൽ അവർ മുന്നോട്ടു പോകുന്നതിനാൽ അവരുടെ പ്രവർത്തി നിർവിഘ്‌നം തുടരുവാൻ കഴിയുന്നു എന്നാണ് എൻ്റെ  വിശ്വാസം.
അതെ, ഒരു മാർഗ്ഗതടസ്സവും കാര്യമാക്കാതെ നമ്മുടെ പ്രവർത്തിയിൽ മാത്രം ലക്ഷ്യമൂന്നി മുന്നോട്ടുപോയാൽ നമുക്കു നമ്മുടെ ലക്ഷ്യത്തിലെത്താൻ അനായാസേന കഴിയും.
ചിലപ്പോൾ ഈ മാർഗ്ഗ തടസ്സങ്ങൾ തികച്ചും നിസ്സാരമായവയാകാം അതിനെ അങ്ങനെ തന്നെ അവഗണിച്ചു മുന്നോട്ടു പോയാൽ തീർച്ചയായും നമുക്ക് ലക്ഷ്യത്തിലെത്താം.  അല്ലാതെ അതിനു പുറകെ പോയാൽ, അല്ല അതിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നാൽ, സമയ നഷ്ടവും ലക്ഷ്യപ്രാപ്തിയിലെത്താൻ അതൊരു തടസ്സവും ആകും എന്നതിൽ സംശയമില്ല.
മറിച്ചു, നിസ്സാരമായ അതിനെ തലയിലേറ്റി പർവ്വതീകരിച്ചു മുന്നോട്ടു പോയാൽ അത് തീർച്ചയായും നമ്മുടെ ലക്ഷ്യത്തിലെത്താൻ  ഒരു വലിയ തടങ്കൽ പാറ തന്നെയായി മാറും.
ഇത്തരം ചെറിയ മാർഗ്ഗ തടസ്സങ്ങൾ ഏതൊക്കെയെന്നു തിരിച്ചറിയുക, അതിനെ അതിൻ്റെ തന്നെ വഴിക്കു വിടുക, അങ്ങനെയെങ്കിൽ അത് നമ്മുടെ ലക്ഷ്യത്തിനൊരു തടസ്സമാകില്ല!
അതെ, അങ്ങനെയുള്ളവയെ അതിൻ്റെ വഴിക്കു വിട്ടു  നമ്മുടെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടുപോയാൽ ജീവിതപാതയിൽ നമുക്ക് തടസ്സമില്ലാതെ മുന്നേറാം.
ഒടിഞ്ഞു വീഴുന്ന ചോക്കു കഷണങ്ങൾക്കു പിന്നാലെ പോയാൽ അതൊരു പക്ഷെ അധ്യാപകരുടെ അൽപ്പസമയം അതുമൂലം നഷ്‌ടമാകാനും ഇടയാകാം.   ഒരു പക്ഷേ അതു തന്നെയായിരിക്കുമോ അവർ അതെടുക്കാൻ മുതിരാതിരുന്നത് എന്നെനിക്കറിയില്ല.
അതെന്തായാലും അതിൽനിന്നും വലിയൊരു പാഠം ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞു എന്നു കുറയ്ക്കുന്നതിൽ വളരെ സന്തോഷമുണ്ട്.
നമുക്ക് ഇത്തരം ചെറിയ ചെറിയ തടസ്സങ്ങളെ അതിന്റെ വഴിക്കു വിട്ടു ലക്ഷ്യത്തിലേക്കു മുന്നേറാം.
അതിനു സർവ്വേശ്വരൻ ഏവർക്കും സഹായിക്കട്ടെ.
അനുബന്ധമായി ചേർത്തിരിക്കുന്ന കുറിപ്പ് ഇതോടു ചേർത്തുവായിക്കുക (ഇന്ന്  ഒരു മാന്യ മിത്രം വാട്ട്സാപ്പിൽ അയച്ചുതന്നത്)
നിങ്ങളുടെ പ്രതികരണങ്ങൾ ഈ കുറിപ്പിനോടുള്ള  ബന്ധത്തിൽ, അതെന്തുമാകട്ടെ കമന്റു ബോക്സിൽ ഇടുക. അത് മറ്റു വായനക്കാർക്കും ഒരു പ്രചോദനമാകും എന്നതിൽ സംശയമില്ല.
ഇവിടെ ഒരു കാര്യം കൂടി പറയാതെ പോയാൽ അതുശരിയാകില്ലായെന്നു തോന്നുന്നു!
ഞങ്ങളുടെ കുടുംബത്തിൽ പലർക്കും ഇത്തരം കലാവാസനയുണ്ടായിരുന്നു, ഒരു പക്ഷെ എൻ്റെ പിതാവ് ഒരു തച്ചനായിരുന്നതിനാലോ എന്തോ, മക്കൾക്കും കൊച്ചുമക്കൾക്കും ആ വാസന ലഭിച്ചത്.
എൻ്റെ പിതാവ് പുളിക്കീഴ് പഞ്ചസാര ഫാക്ടറിയിലെ പകൽ ജോലി കഴിഞ്ഞു ലഭിക്കുന്ന സമയം വീട്ടിലിരുന്നു നിരവധി കൗതുകവസ്തുക്കൾ തടിയിൽ നിർമ്മിച്ച് വിറ്റിരുന്നു,
ഏഴ് അംഗങ്ങൾ അടങ്ങുന്ന ഒരു കുടുംബം പുലർത്താൻ ഫാക്ടറിയിൽ നിന്നും കിട്ടുന്ന തുശ്ചമായ വരുമാനം മതിയാകുമായിരുന്നില്ല, അതിനാൽ വീട്ടുപകരണങ്ങൾ ഉൾപ്പടെ പലതും തടിയിൽ  തീർത്തു വിൽപ്പന നടത്തിയായിരുന്നു കുടുംബം പുലർത്തിയിരുന്നത്.
മക്കൾക്കും കൊച്ചുമക്കൾക്കും എല്ലാം ഈ വാസന കിട്ടിയിട്ടുണ്ട്, എൻ്റെ മക്കൾ രണ്ടു പേരും നല്ല പടം വരക്കാരായിരുന്നു. ജേഷ്ഠസഹോദരിയുടെ കൊച്ചുമകളും ഒരു നല്ല ആർട്ടിസ്‌റ്റാണ്‌.
എന്നാൽ തൻ്റെ കൊച്ചുമക്കളിൽ ഒരാൾ  ആഷ്‌ലിൻ (എൻ്റെ നേരേ ഇളയ അനുജൻറെ മകൾ)  ഇന്നും ചിത്രരചന തുടരുന്നു.
നിരവധി സമ്മാനങ്ങൾ വരയിലൂടെ  സ്‌കൂൾ കോളേജ് തലത്തിൽ അവൾ വാരിക്കൂട്ടി.  ഇപ്പോൾ Central Institute of English and Foreign Languages (CEFL) ൽ ഉപരിപഠനം തുടരുന്ന അവൾ അവിടെയും ചിത്രരചനയിൽ മികവു കാട്ടുന്നു.
സ്‌കൂൾ പഠനകാലത്തു ഒരിക്കൽ സ്‌കൂളിൽ മുഖ്യാഥിതിയായെത്തിയ പ്രശസ്ത കാർട്ടൂണിസ്റ്റിൻറെ ചിത്രം നിമിഷങ്ങൾക്കുള്ളിൽ വരച്ചു നൽകി. അതദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ ഒരു അടിക്കുറിപ്പോടെ ചേർക്കുകയുണ്ടായി. ആ ചിത്രങ്ങൾ അന്യത്ര ചേർത്തിരിക്കുന്നു.


ഈ ബ്ലോഗിൽ വന്നു വീണ്ടും വായന നടത്തിയ എല്ലാ പ്രിയ മിത്രങ്ങൾക്കും എൻ്റെ നന്ദി നമസ്‌കാരം.
നേരത്തെ സൂചിപ്പിച്ചതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ് അതെന്തായാലും കമൻറ് ബോക്സിൽ നിക്ഷേപിക്കുക, ഏവർക്കും മറുപടി നൽകുന്നതായിരിക്കും.
സസ്നേഹം നിങ്ങളുടെ  സ്വന്തം
ഏരിയൽ ഫിലിപ്പ് വർഗീസ് 
സിക്കന്തരാബാദ്
അനുബന്ധം:
ഒരിക്കൽ ഒരു പ്രഭാഷകൻ തന്റെ പ്രസംഗത്തിന് ഇടയ്ക്കു ഒരു ഗ്ലാസ്‌ വെള്ളം ഉയർത്തി കാണിച്ചുകൊണ്ടു ചോദിച്ചു ഇതിനു എത്ര ഭാരമുണ്ടെന്നു..
സദസ്സിൽ നിന്നും പല ഉത്തരങ്ങൾ വന്നു.  നൂറു ഗ്രാം, ഇരുനൂറു ഗ്രാം, അഞ്ഞൂറ് ഗ്രാം എന്നിങ്ങനെ..
പ്രഭാഷകൻ പറഞ്ഞു, അല്ല നിങ്ങൾ പറഞ്ഞ ഉത്തരങ്ങൾ തെറ്റാണ്..
സദസ്സിൽ നിന്നും ഒരാളെ വിളിച്ചു ആ ഗ്ലാസ്‌ വെള്ളം ഉയർത്തി പിടിക്കാൻ പറഞ്ഞു.  പ്രഭാഷകൻ അയാളോട് ചോദിച്ചു, എത്ര ഭാരം ഉണ്ടെന്നു,  അയാൾ പറഞ്ഞു  ചെറിയ ഭരമേയുള്ളു..  അയാളോട് അത് അങ്ങിനെ തന്നെ പിടിക്കാൻ പറഞ്ഞു അദ്ദേഹം പ്രഭാഷണം തുടർന്നു..
ഇടയ്ക്കു അയാളോട് ചോദിച്ചു, ഇപ്പോൾ എത്ര ഭാരം ഉണ്ട്?
ഭാരം കൂടുന്നുണ്ട്, അയാൾ പറഞ്ഞു.
അദ്ദേഹം പ്രഭാഷണം തുടർന്നു, ഇടക്കിടക്ക് അയാളോട് ഭാരം ചോദിച്ചു കൊണ്ടിരിന്നു.  അയാൾക്കു കയ്യിലെ ഗ്ളാസിനു ഭാരം കൂടി കൂടി വന്നു.
പ്രഭാഷണത്തിനിടക്ക് അയാൾ വിളിച്ചു പറഞ്ഞു, സാർ ഇപ്പോഴെന്റെ കൈ കഴക്കുന്നു  എനിക്കിനി ഒരു നിമിഷം പോലും പിടിച്ചു നിൽക്കാൻ കഴിയില്ല, ഗ്ലാസ് താഴെ വീണു പൊട്ടിപ്പോകും.
അദ്ദേഹം പ്രഭാഷണം നിറുത്തി, അയാളോടതു താഴെ വെക്കാൻ പറഞ്ഞു. എന്നിട്ട് സദസ്സിനോടായി പറഞ്ഞു,  ആ ഗ്ലാസ്സിനും അതിലെ വെള്ളത്തിന്റെ അളവിനും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല പക്ഷെ അത് നിങ്ങൾ കയ്യിൽ വെക്കുംതോറും നിങ്ങള്ക്ക് ഭാരം കൂടുതൽ അനുഭവപ്പെട്ടു തുടങ്ങി..
അതുപോലെയാണ്‌ നമ്മുടെ പ്രശ്നങ്ങളും.  നമ്മുടെ സങ്കടങ്ങളും വിഷമങ്ങളും ദുഃഖങ്ങളും  ദേഷ്യവും നമ്മൾ  എത്ര നേരം മനസ്സിൽ സൂക്ഷിക്കുന്നുവോ അതിന്റെ ഭാരം കൂടി കൊണ്ടേയിരിക്കും അത് മൂലമുള്ള പ്രശ്നങ്ങൾ നമ്മളെ അലട്ടി കൊണ്ടേയിരിക്കും..
നമ്മുടെ വിഷമങ്ങളും ദേഷ്യവും  മോശം ചിന്തകളും മനസ്സിൽ നിന്നും മാറ്റി വെച്ചാൽ അതുമൂലമുള്ള പ്രശ്നങ്ങളും ഇല്ലാതാകും..
മനസ്സിനെ ശാന്തമാക്കുക, പ്രശ്നങ്ങൾ ലഘൂകരിക്കപ്പെടും..
പ്രശസ്തമായൊരു വാചകമുണ്ട്. അതിന്റെ ആദ്യ ഭാഗം ഇങ്ങനെയാണ്,
" നിങ്ങളുടെ വിഷമങ്ങൾക്കു  ഒരു പ്രതിവിധി ഉണ്ടെങ്കിൽ നിങ്ങൾ വിഷമിച്ചിരിക്കുന്നതു എന്തിന്? "
വിഷമിച്ചിരിക്കാതെ ആ പ്രതിവിധി നടപ്പാക്കാൻ ശ്രമിക്കുക.
അതിന്റെ രണ്ടാം ഭാഗം ഇങ്ങിനെയാണ്,
"നിങ്ങളുടെ വിഷമത്തിനു ഒരു പ്രതിവിധിയും ഇല്ലാത്തതാണെങ്കിൽ നിങ്ങൾ വിഷമിച്ചിരിക്കുന്നതു എന്തിന്? "
ഒരിക്കലും മാറ്റാൻ കഴിയാത്ത ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചു സമയം കളയാതെ അടുത്ത കാര്യങ്ങൾ ചെയ്യുക..
വിഷമങ്ങളും ദുഖങ്ങളും ഇല്ലാത്തവരായി ആരുമില്ല, പണക്കാരനും പാമരനും എല്ലാം അതുണ്ട്..   വിഷമങ്ങളെയും ദുഃഖങ്ങളേയും അതിജീവിക്കുന്നവരാണ്  വിജയിക്കുന്നവർ..
ഓർക്കുക നിങ്ങളുടെ മനസ്സിലേ മോശം ചിന്തകളെ മാറ്റി നിർത്താൻ നിങ്ങൾക്ക്  മാത്രമേ കഴിയൂ..
നിങ്ങൾക്ക് നിങ്ങളുടെ മനസ്സിന് മുന്നിൽ വിജയിക്കാൻ കഴിഞ്ഞാൽ ഈ ലോകത്ത്  നിങ്ങൾ വിജയിച്ചിരിക്കും തീർച്ച....


Blackboard white chalk and butterfly

ആദ്യം പ്രസിദ്ധീകരിച്ചത് ഇവിടെ 


പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ 

ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ  ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ  അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും  ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ  നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ. 
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
  6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ. 
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ  പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോമിന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ. 
നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ  നിക്ഷിപ്തമാണ്. സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.

 നന്ദി, നമസ്‌കാരം.

 For Philipscom Associates


  ഫിലിപ്പ് വർഗീസ് ഏരിയൽ  

സീമ എന്ന സാമുവേൽ മാത്യു (Seema, The Samuel Mathew) A Mini Story

No Comments

"സാമുവേൽ മാത്യു"
തന്റെ ജീവിത സപര്യയിൽ നാളിതുവരെ ഇത്രയധികം ആത്മാർഥതയോടെ താൻ ആരേയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?  
Image Credit: Google.com
അങ്ങനെ മറ്റൊരു വ്യക്തിയേ തനിക്കു കണ്ടെത്താനും നാളിതുവരെ കഴിഞ്ഞിട്ടില്ലല്ലോ!

അല്ല അങ്ങനെ ഒരു വ്യക്തി ഉണ്ടോ!

അയാൾ വീണ്ടും വീണ്ടും ഓർത്തു.

ഇല്ല സാമുവേൽ മാത്യുവിനു പകരം സാമുവേൽ മാത്യു മാത്രം. 

സാമുവേൽ മാത്യുവിന്റ് സ്ഥാനത്തു മറ്റൊരാളെ സ്ഥാപിക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ല.

ആ പഴയ കാലങ്ങളിലേക്ക് തന്റെ ചിന്തകൾ വീണ്ടും  ഊളിയിട്ടു.

ഒരേ ബെഞ്ചിൽ തോളോടു തോളുരുമ്മിയിരുന്ന ആ സുന്ദര ദിനങ്ങൾ.

കൊച്ചു കൊച്ചു കാര്യങ്ങൾക്ക് പോലും വെറുതെ ഒരു രസത്തിനു വേണ്ടി വഴക്കിട്ട നാളുകൾ.

എത്ര പിണങ്ങിയാലും വേഗത്തിൽ അടുക്കുന്ന ഒരു പ്രകൃതിക്ക് ഉടമായായിരുന്നു സാമുവേൽ മാത്യു.

സ്കൂളിനു അടുത്ത വീടായിരുന്നതിനാൽ മിക്കപ്പോഴും അയാൾ തന്നെയായിരുന്നു ആദ്യം സ്കൂളിൽ എത്തുക. പക്ഷെ സാമുവേൽ മാത്യുവിന്റ് വീട് സ്കൂളിൽ നിന്നും കുറെ അകെലെയായതിനാൽ പലപ്പോഴും താൻ വരുന്നതും നോക്കി അയാൾ ഗയിറ്റിങ്കൽ തന്നെ നിൽക്കുമായിരുന്നു. സാമുവേൽ മാത്യു വന്ന ശേഷം അവർ ഒരുമിച്ചു മാത്രമേ ക്ലാസ്സിലേക്ക് കയറിയിരുന്നുള്ളൂ. അത്രമാത്രം ആത്മ ബന്ധം അവർ തമ്മിൽ ഉണ്ടായിരുന്നു.

തികച്ചും ഒരു സാധു ആയിരുന്നു സാമുവേൽ മാത്യു.  അയാൾ അവനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു.  തന്റെ ശബ്ദത്തിനു പോലും ഒരു മൃദുത്വം അനുഭവപ്പെട്ടിരുന്നു.  അത് വളരെ സത്യവും ആയിരുന്നു, കാരണം തന്റെ ശബ്ദം ഒരു പുരുഷന്റെ ശബ്ദം അല്ലായിരുന്നതു തന്നെ!

ഒരു സ്ത്രീ ശബ്ദം പോലെ തികച്ചും മൃദുവും കർണ്ണാനന്ദകരവുമായ ഒരു ശബ്ദത്തിനു ഉടമയായിരുന്നു സാമുവേൽ മാത്യു.

ക്ലാസ്സിലെ ചില കുസൃതികൾ സാമുവേൽ മാത്യുവിനെ "പെണ്ണ്" എന്നു കളിയാക്കി വിളിക്കുന്നതിനും മടി കാട്ടിയിരുന്നില്ല.

അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, കാരണം ഒരു പെണ്ണിനുള്ള മിക്ക ഗുണങ്ങളും തന്നിൽ കണ്ടിരുന്നു.
തന്റെ ശബ്ദത്തിനു മാത്രമല്ല തന്റെ നടത്തം, മറ്റു ചലനങ്ങൾ ഇവയിൽ എല്ലാ സ്ത്രീത്വത്തിന്റെ ഒരു വകഭേദം വളരെ വ്യക്തമായി സാമുവേൽ മാത്യുവിൽ ദൃശ്യമായിരുന്നു.

സാമുവേൽ മാത്യു അയാളെ വിളിച്ചിരുന്നത്‌ "കുഞ്ഞേ" എന്നായിരുന്നു. മറിച്ചു അയാൾക്ക്‌ അവനെ എന്തു വിളിക്കണം എന്ന പ്രതിസന്ധിയിലും.  

ഒരു ദിവസം അയാൾ അതു ചോദിക്കാനും മടിച്ചില്ല 

"സാംകുട്ടി എനിക്കിനി നിന്നേ സാംകുട്ടീന്നു വിളിക്കാൻ വയ്യാ, പകരം ഞാൻ നിന്നെ 'സീമേ' എന്നു' വിളിച്ചോട്ടെ! 
അതായത് നിന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ, അതായത് സാമുവേലിന്റെ "സാ" യും മാത്യുവിന്റ്  "മ" യും ചേർന്നുള്ള രൂപം "സീമ"

അല്പം ദേക്ഷ്യത്തിലുള്ള ഒരു നോട്ടമായിരുന്നു അയാൾക്കതിനു ലഭിച്ച പ്രതികരണം.

നാളിതുവരെ ദേഷ്യത്തിൽ ഒന്നും പറയുകയോ നോക്കുകയോ പോലും ചെയ്യാത്ത സാമുവേൽ മാത്യുവിന്റെ നോട്ടം അയാളെ കൂടുതൽ അസ്വസ്ഥനാക്കി.

ആ നോട്ടത്തിനു മുന്നിൽ അയാൾ ശരിക്കും ചൂളിപ്പോയി.
എങ്കിലും സാംകുട്ടി അത് വലിയ കാര്യമാക്കിയില്ല എന്ന് പിന്നീടുള്ള സാമുവേൽ മാത്യുവിന്റെ പെരുമാറ്റത്തിലൂടെ അയാൾക്ക്‌ മനസ്സിലായി.

അങ്ങനെ നീണ്ട നാളുകൾ അവർ പിരിച്ചു മാറ്റാൻ പറ്റാത്ത വിധം നല്ല സുഹൃത്തുക്കളായി മുന്നോട്ടു പോയി.

അത് സുഹൃത്തുക്കളിൽ പലർക്കും അസൂയക്കു വക നൽകി.
അങ്ങനെ അവരെ രണ്ടു പേരേയും ചേർത്ത് പല കഥകളും മെനയുവാൻ മറ്റു കുട്ടികൾ മടിച്ചില്ല.

കൂട്ടത്തിൽ ചില കൊമ്പൻമാർ  "കൊച്ചു പെണ്ണിനൊരു ആണ്‍ തുണ", "നല്ല ജോഡികൾ തന്നെ",  "മെയിഡ് ഫോർ ഈച്ച്തർ" എന്നിങ്ങനെ പലതും പറയുവാൻ തുടങ്ങി. 
ആദ്യം അയാൾക്കതൽപ്പം ദുഃഖം ഉളവാക്കിയെങ്കിലും സാംകുട്ടിയുടെ സ്വാന്തന വാക്കുകൾ തനിക്കു കരുത്തേകി.
"കുഞ്ഞു എന്തിനു വിഷമിക്കണം പറയുന്നവർ പറയട്ടെ, നമ്മുടെ സുഹൃദ് ബന്ധം നമുക്കല്ലേ അറിയൂ"  എന്നിങ്ങനെ പറഞ്ഞു പുറത്തു തട്ടി സാമുവേൽ മാത്യു അയാളെ ആശ്വസിപ്പിച്ചു.

ആ സ്വാന്തന വാക്കുകൾ അയാൾക്ക്‌ ബലമേകിയെങ്കിലും തന്റെ ഉള്ളിന്റെ ഉള്ളിൽ സാം കുട്ടിയോടുള്ള സ്നേഹത്തിനു മറ്റൊരു മുള പൊട്ടി മുളക്കുന്നതു പോലൊരു തോന്നൽ ഉടലെടുക്കുകയും ചെയ്തു.

ചുരുക്കത്തിൽ 'സീമയായി ത്തന്നെ സാമുവേൽ മാത്യുവിനെ അയാൾ  കാണാൻ തുടങ്ങി.

ഒരിക്കൽ അയാൾ അങ്ങനെ വിളിക്കുകയും ചെയ്തു.

അതിനും രൂക്ഷമായ ഒരു നോട്ടം മാത്രം സാമുവേൽ മാത്യുവിൽ  നിന്നും ഉണ്ടായുള്ളൂ.

അന്നും പതിവ് പോലെ സ്കൂൾ വിട്ടു ബൈ പറഞ്ഞു ഇരുവരും തങ്ങളുടെ വീടുകളിലേക്കു മടങ്ങി.

അതിൽ പിന്നെ സാമുവേൽ മാത്യു സ്കൂളിൽ വന്നില്ല.

അതിനടുത്ത ദിവസവും അവൻ വന്നില്ല. 

ദിവസങ്ങൾ മാസങ്ങൾ കടന്നു പോയി.

സാമുവേൽ മാത്യുവിന്റെ ഒരു വിവരവും ഇല്ല.

സ്കൂളിൽ നിന്നും വളരെ അകലെയായ തന്റെ വീട്ടിലെത്താൻ ഒരു വഴിയും അയാൾക്ക്‌ കണ്ടെത്താനായില്ല.

ആരോട് ചോദിക്കാൻ.

ഒരു ദിവസം പോലും സാമുവേൽ മാത്യുവിനെ കണ്ടില്ലങ്കിൽ ഉറക്കം വരാത്ത അയാൾ ആകെ അസ്വസ്ഥനായി കാണപ്പെട്ടു.
മനസ്സിന് ഒരു സുഖവും ലഭിക്കാതെ അയാൾ ജ്വരം പിടിച്ചു കുറേ നാൾ കിടപ്പിലായി.

അങ്ങനെ നാളുകൾ പലതു കടന്നു പോയെങ്കിലും സാമുവേൽ മാത്യുവിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

നാളുകൾക്കു ശേഷം സ്കൂളിൽ പിന്നീട് ആരോ പറയുന്നത് കേട്ടു സാമുവേൽ മാത്യു തന്റെ ജ്യേഷ്ഠ സഹോദരനൊപ്പം അമേരിക്കയിലേക്ക് പോയെന്നും അവിടെ പഠിക്കാനായി പോയതാണെന്നും.

പിന്നീടൊരിക്കലും അയാൾക്ക്‌ സാമുവേൽ മാത്യുവിനെ കാണാനോ അയാളെപ്പറ്റി ഒന്നും കേൾക്കുവാനോ കഴിഞ്ഞില്ല.
അമേരിക്കയുടെ ഏതോ ഒരു കോണിൽ ഭാര്യയോടും മക്കളോടുമൊപ്പം സുഖമായി സാമുവേൽ മാത്യു കഴിയുന്നുണ്ടാകും.
അയാൾ ആശ്വസിച്ചു. 

സീമയായി വന്നു അയാളുടെ മനസ്സിന്റെ കോണിൽ ഇടം പിടിച്ച ആ നല്ല വ്യക്തിത്വത്തിന് നല്ലതു വരട്ടെ എന്നയാൾ 
ആത്മാർഥമായി ആഗ്രഹിച്ചു. 


                                         ശുഭം 



ഒരു പാസ്സ്പോര്‍ട്ടു സൈസ് പടം വരുത്തി വെച്ച വിന! ? അഥവാ ഒരുപിടി പഴയ ഓർമ്മകൾ

73 comments

ഒരു പാസ്സ്പോര്‍ട്ടു സൈസ് പടം വരുത്തി വെച്ച വിന!?അഥവാ ഒരുപിടി പഴയ ഓർമ്മകൾ 

അടുത്തിടെ പോസ്റ്റു ചെയ്ത ഒരു കവിതയും അതിനൊപ്പം ചേര്‍ത്തിരുന്ന എന്റെ ഒരു പഴയ ചിത്രവും കണ്ടു ഒരു ബ്ലോഗു മിത്രം ഇപ്രകാരം കുറിച്ചു "ഹോ, പഴേ ഫോട്ടോ കണ്ടീട്ട് അസൂയ വരുന്നു."

പെട്ടന്നാണ് ഞാന്‍ എന്റെ ഒരു പഴയ, അല്ല ആദ്യ പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോയെപ്പറ്റി ഓര്‍ത്തു പോയത്.

പത്താം ക്ലാസ്സ് പരീക്ഷക്ക്‌ ഹാള്‍ ടിക്കറ്റില്‍ ചേര്‍ക്കാന്‍ ചിത്രം ആവശ്യമായി വന്നു, അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഒരു സ്റ്റുഡിയോയുടെ ഉള്‍വശം കണ്ടു. അന്നൊരു ചിത്രം എടുത്തു.  എന്റെ ആദ്യ പാസ്സ്പോര്‍ട്ട് ചിത്രം!

ഈ ചിത്രം പിന്നീട് വരുത്തി വെച്ച വിന ഒന്ന് പറയേണ്ടത് തന്നെ!

വിന എന്ന് അതിനെ വിളിക്കാമോ എന്തോ! ഏതായാലും അത് ഈ കുറിപ്പു മുഴുവനും വായിച്ച ശേഷം നിങ്ങള്‍ തന്നെ വിധി എഴുതിയാല്‍ മതി!

ഹൈസ്കൂള്‍ കോളേജു പഠനം കഴിഞ്ഞു ഉദ്യോഗാര്‍ത്ഥം സിക്കന്ത്രാബാദിലേക്ക് വണ്ടി കയറി. തുടര്‍ന്നുള്ള ആ  ചരിത്രത്തെപ്പറ്റി അല്‍പ്പം കാര്യങ്ങള്‍ ഇവിടെ വായിക്കാം. 

കഥയിലേക്കു വീണ്ടും വരട്ടെ. 

ഇവിടെയെത്തിയതും വായന ഭ്രാന്തനായ ഞാന്‍ പുതിയൊരു ലോകത്തേക്കും പുതിയൊരു പാതയിലേക്കും മെല്ലെ നടന്നു നീങ്ങി.  മലയാളം പുസ്തകങ്ങളില്‍ നിന്നും ഇംഗ്ലീഷ് പുസ്തകങ്ങളിലേക്കും, പ്രസിദ്ധീകരണങ്ങളിലേക്കും ഉള്ള ഒരു വഴിത്തിരിവ്. 

അങ്ങനെ അത് ആദ്യം കുട്ടികളുടെ പ്രസിദ്ധീകരണങ്ങളായ Children's World, Target, തുടങ്ങിയ മാസികകളിലേക്ക് എന്നെ നയിച്ചു.

Pic. by P V A
ടാര്‍ജെറ്റ്‌ എന്ന പരിതസ്ഥിതി മാസികയില്‍ കുട്ടികളില്‍ പരിതസ്ഥിതി സംരക്ഷണത്തെപ്പറ്റി, അതിന്റെ ആവശ്യകതയെപ്പറ്റി മനസ്സിലാക്കാന്‍ ഉതകുന്ന നിരവധി ലേഖനങ്ങള്‍ വായിച്ചിരുന്നു. അതെന്നെ ഒരു പ്രകൃതി സ്നേഹിയാക്കി മാറ്റി എന്നു പറഞ്ഞാല്‍ മതി.  അതെനിക്കും പിന്നീട് ആ വിഷയങ്ങളില്‍ ചിലതെല്ലാം എഴുതാനും സഹായകമായി. അങ്ങനെ മരങ്ങളോടുള്ള ബന്ധത്തില്‍ എഴുതിയ ഒരു കുറിപ്പ് ഇവിടെ വായിക്കുക:മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!! Human Existence Depends On Our Natural Resources

അയ്യോ ഞാന്‍ എന്റെ വിഷയം വിട്ടു കാട് കയറുകയാണോ!

ക്ഷമിക്കുക.

വീണ്ടും വിഷയത്തിലേക്ക് വരട്ടെ!

എന്റെ പത്താം തരത്തില്‍ പരീക്ഷയെഴുതാന്‍ എടുത്ത പടത്തെപ്പറ്റിയാണല്ലോ പറഞ്ഞു വന്നത്.

അതെ ആ ചിത്രം ടാര്‍ജെറ്റ്‌ എന്ന മാസികയില്‍ penpals (തൂലികാ മിത്രം) എന്ന പേജില്‍ വിലാസം സഹിതം പ്രസിദ്ധീകരിച്ചു.

ഈശരോ രക്ഷതു എന്ന് പറഞ്ഞാല്‍ മതി!

തൂലികാ മിത്രങ്ങളുടെ കത്തുകളുടെ ഒരു പ്രവാഹം തന്നെ വീട്ടിലേക്കു.

അതില്‍ കൂടുതലും പെണ്‍കുട്ടികളുടെതും,കവറുകള്‍ക്കുള്ളില്‍ അവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും ചിലര്‍ മറന്നില്ല.

സംഗതി ആകെ ഗുലുമാലാകുമെല്ലൊ, ഉപരിപഠനത്തിനും ഉദ്യോഗത്തിനുമായി നാടു വിട്ടു മറുനാട്ടില്‍, ചേച്ചിയുടെ വീട്ടിലെത്തിയവന്‍ ഇതാ പ്രേമ ലേഖനങ്ങള്‍ക്ക്  പിന്നാലെ!

ശ്ചെ!! ഓര്‍ത്തപ്പോള്‍ ഉള്ളില്‍ ഒരു ഭയം.  എങ്കിലും ചേച്ചിയോട്  സംഗതി തുറന്നു പറഞ്ഞു. ഗുലുമാലില്‍ ഒന്നും പോയി ചാടെല്ലേടാ  മോനേ എന്നൊരു താക്കീതു മാത്രം കിട്ടി.

ഞാനുണ്ടോ വിടുന്നു 

The Fascinating Story of Philately
ചേച്ചി തരുന്ന പോക്കറ്റ് മണിയില്‍ നിന്നും മിച്ചം പിടിച്ചു മിത്രങ്ങള്‍ക്ക് കത്തുകള്‍ കുത്തിക്കുറിച്ചു തുടങ്ങി. അങ്ങനെ അമേരിക്ക ഇസ്രയേല്‍ ഇന്‍ഡോനേഷ്യ ഫിലിപ്പ്യന്‍സ് കാനഡ ജെര്‍മ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നു പോലും പെണ്‍കുട്ടികളുടെ കത്തും ഫോട്ടോയും പിന്നെ ജന്മ ദിനങ്ങളില്‍ പ്രത്യേകം സമ്മാനപ്പൊതികളും ആശംസാ കാര്‍ഡുകളും കിട്ടിക്കൊണ്ടിരുന്നു. എല്ലാറ്റിലും ഉപരി ഞാന്‍ ഒരു സ്റ്റാമ്പു പ്രേമിയുമായിരുന്നു, നിരവധി വിദേശ സ്റ്റാമ്പുകള്‍ ഇങ്ങനെ ശേഖരിക്കാന്‍ എനിക്കു കഴിഞ്ഞു.  അത് പിന്നീട് സ്റ്റാമ്പുകളേപ്പറ്റി പല ലേഖനങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാന്‍ സഹായിച്ചു. എന്റെ ജേര്‍ണലിസം പരീക്ഷക്ക്‌ അവതരിപ്പിച്ച പ്രബന്ധവും സ്റ്റാമ്പുകളെക്കുറിച്ചുള്ളതായിരുന്നു, അതിനെനിക്കു നല്ല മാര്‍ക്ക് ലഭിക്കുകയും ചെയ്തു.

അന്ന് ഞങ്ങള്‍ ഒരു വാടക വീട്ടില്‍ രണ്ടാം നിലയിലായിരുന്നു താമസം, പുതിയ താമസക്കാരനു കത്തുകളുടെ ആഘോഷം കണ്ട പോസ്റ്റുമാന് ഒടുവില്‍ കലി കയറി, അയാള്‍ കത്തുകള്‍ താഴത്തെ നിലയില്‍ ഇട്ടിട്ടു പോകുവാന്‍ തുടങ്ങി, അങ്ങനെ പല കത്തുകളും ചിത്രങ്ങളും എനിക്കു നഷ്ടമായിക്കൊണ്ടിരുന്നു.  വിവരം പോസ്റ്റുമാനോട് തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞു ഇത്രമാത്രം കത്തുകള്‍ കിട്ടുന്നുണ്ടല്ലോ സാറൊരു പോസ്റ്റു ബോക്സിനു അപക്ഷിക്കുക, കത്തുകള്‍ നഷ്ടമാവുകയുമില്ല എനിക്കെന്റെ രണ്ടു നിലക്കയറ്റം ഒഴിവാക്കുകയും ചെയ്യാമല്ലോ! അയാള്‍ പറഞ്ഞു, അതൊരു നല്ല ആശയമായി എനിക്കും തോന്നി, വിവരം ചേച്ചിയെ ധരിപ്പിച്ചു, ചേച്ചിയുടെ സമ്മതപ്രകാരം പിറ്റേ ദിവസം തന്നെ പോസ്റ്റുമാസ്റ്ററെക്കണ്ട് വിവരം പറഞ്ഞു, സ്വകാര്യ വ്യക്തികള്‍ക്ക് ബോക്സ് ഇപ്പോള്‍ കൊടുക്കാറില്ല എന്നയാള്‍ പറഞ്ഞു, യഥാര്‍ത്ഥ സത്യം മറച്ചു പിടിച്ചു കൊണ്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു, സര്‍,  ഞാന്‍ ഒരു ഫ്രീലാന്‍സ് റൈറ്റര്‍ ആണെന്നും നിരവധി കത്തുകളും പത്ര മാസികകളും എനിക്കു വരാറുണ്ടെന്നും അതില്‍ പലതും നഷ്ടമാകുന്നു എന്ന്  എന്ന് അറിയിച്ചപ്പോള്‍ ഒടുവില്‍ ഒരു അപേക്ഷ എഴുതി തരാന്‍ പറഞ്ഞു.  അപ്പോള്‍ തന്നെ അപേക്ഷ എഴുതി കൊടുത്തു, അങ്ങനെ അധികം വൈകാതെ ഒരു ബോക്സ് ലഭ്യമാവുകയും ചെയ്തു, അന്ന് വെറും അറുപതു രൂപ മാത്രമായിരുന്നു അതിന്റെ വാര്‍ഷിക ഫീസ്‌. അങ്ങനെ കത്തുകളുടെ പ്രവാഹം തുടര്‍ന്നു കൊണ്ടിരുന്നു.  എല്ലാം സമയത്തു തന്നെ കിട്ടിക്കൊണ്ടുമിരുന്നു.

ഉദ്യോഗരഹിതനായ ഞാന്‍ ഇവര്‍ക്കെല്ലാം കത്തെഴുതാനും സമ്മാനം അയക്കാനും ഹെന്റമ്മോ!! ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.

ഒടുവില്‍ ഒരു ഫില്‍ട്ടറിംഗ് നടത്തി ചുരുക്കം ചിലരുമായി കത്തിടപാടുകള്‍ നടത്തി.  അങ്ങനെ ഇന്ത്യയില്‍ ഉള്ള പലരുമായി ഈ അടുത്ത കാലം വരെ (അതായത് വിവാഹം കഴിക്കുന്നതു വരെ) സൗഹൃദം പുലര്‍ത്തിയിരുന്നു.  ഇതിനര്‍ത്ഥം ഭാര്യ വന്നതോടെ കുടുംബ കലഹം ഒഴിവാക്കാനായി ഇതെല്ലാം നിര്‍ത്തി എന്നു ആരും തെറ്റിദ്ധരിക്കണ്ട കേട്ടോ!

എനിക്കു കിട്ടിയ പ്രിയതമക്ക് ഇതിലൊരു പരിഭവവും ഇല്ലായിരുന്നു.

അന്ന് ലഭിച്ച കത്തുകള്‍, ചിത്രങ്ങള്‍ എല്ലാം തന്നെ ഇന്നും ഒരു ഫയലില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. ഇത് തന്നെ അതിനൊരു തെളിവാണല്ലോ! :-)

ഞങ്ങളുടെ വിവാഹ ജീവിതം കാല്‍ നൂറ്റാണ്ടു പിന്നിട്ടിരിക്കുന്ന  ഈ നാളുകളിലും അതിനൊരു പോറലും വന്നിട്ടില്ല കേട്ടോ!!!

ഇന്നത്തെ ഈ ആധുനിക യുഗത്തിലായിരുന്നെങ്കില്‍ സംഗതി എത്ര എളുപ്പം ആകുമായിരുന്നു അല്ലെ! ഇന്റര്‍നെറ്റ്‌ യുഗം! അത്ഭുതം തന്നെയല്ലേ!!

എന്തായാലും ഇങ്ങനൊരു കുറിപ്പെഴുതാന്‍ വഴിയൊരുക്കിയ
എന്റെ ബ്ലോഗു മിത്രം ശ്രീ അജിത്‌ കുമാര്‍ മാഷിനു എന്റെ കൂപ്പു കൈ വീണ്ടും.

നന്ദി മാഷെ നന്ദി!!

ഒരു അനുബന്ധം;
ഈ ചിത്രത്തിലുള്ള ആളെപ്പറ്റി കൂടുതല്‍ അറിവാന്‍ പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഷെറില്‍ യെങ്ങു (Sheryl Young) മായി നടത്തിയ ഒരു ഇന്റര്‍വ്യൂ ഇവിടെ വായിക്കുക 

ഇതോടൊപ്പം  മറ്റൊരു അമേരിക്കന്‍ എഴുത്തുകാരനുമായി ഡോണാലഡ് പെനിംഗ്ടനുമായി (Donald Pennington) നടത്തിയ ഒരു അഭിമുഖം ഇവിടെ വായിക്കുക



ശുഭം 

കപ്പലണ്ടിപ്പൊതിയും പണിക്കര്‍ സാറും

50 comments

 കപ്പലണ്ടിപ്പൊതിയും പണിക്കര്‍ സാറും
                                                      പി വി ഏരിയല്‍, സിക്കന്ത്രാബാദ്

Picture Credit: Harleena Singh

മറക്കാനാവാത്ത അദ്ധ്യാപകനെപ്പറ്റി ഒരു കുറിപ്പെഴുതാന്‍ ഇതാ മാതൃഭൂമിയില്‍ ഒരു അറിയിപ്പ് സുഹൃത്തിന്റെ ഫോണ്‍ സന്ദേശം ലഭിച്ചതും പെട്ടന്ന് ഓര്‍മ്മയില്‍ ഓടിയെത്തിയത് എന്റെ സ്കൂള്‍ അദ്ധ്യാപകരില്‍ എനിക്കേറ്റം പ്രീയപ്പെട്ട അദ്ധ്യാപകന്‍ മാധവപ്പണിക്കര്‍ സാറിന്റെ പേരായിരുന്നു. 

ഞങ്ങളുടെ പ്രീയപ്പെട്ട ഹിന്ദി അദ്ധ്യാപകന്‍.

അദ്ദേഹം ഒരു ഹിന്ദി ഭാഷാ അദ്ധ്യാപകനെങ്കിലും  ഞങ്ങളുടെ സ്കൂളിലെ (തിരുവല്ലക്ക് സമീപമുള്ള വളഞ്ഞവട്ടം കടപ്ര ഗവന്മെന്റെ ഹൈസ്കൂള്‍) ഏതൊരു കലോല്‍ത്സവ പരിപാടികള്‍ക്കും സാറിന്റെ സാന്നിദ്ധ്യമായിരിക്കും എപ്പോഴും മുന്നില്‍,  



പേരെടുത്ത നിരണം കണ്ണശക്കവികളുടെ കുടുംബത്തില്‍ ഭൂജാതനായ സാര്‍ നിരവധി മലയാളം ഗാനങ്ങളും, കവിതകളും എഴുതിയിട്ടുണ്ട്. ഒരു മലയാള ഭാഷാദ്ധ്യാപകനാകേണ്ട  സാര്‍ എന്തേ ഒരു ഹിന്ദി അധ്യാപകനായി എന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്, എങ്കിലും നേരിട്ട് ചോദിക്കുവാന്‍ ആ കാലത്ത് ഒരിക്കലും ധൈര്യം വന്നിരുന്നില്ല.

താന്‍ എഴുതിയ കവിതകള്‍ സ്കൂള്‍ കലോത്സവങ്ങളില്‍  സാര്‍ തന്നെ സ്റ്റേജില്‍ പാടി കേള്‍പ്പിക്കുമായിരുന്നു.


ആ മധുരോദരമായ വരികള്‍/വാക്കുകള്‍ ഇന്നു വെറും ഓര്‍മ്മകളില്‍ മാത്രമായി മാറി നില്‍ക്കുന്നു.

ഒരു സ്കൂളിന്റെ പ്രധാനാദ്ധ്യാപക പദവി അലങ്കരിക്കാന്‍ എന്തുകൊണ്ടും യോഗ്യനായിരുന്ന സാര്‍ ഞാന്‍ പഠിക്കുന്ന കാലം വരെയും ഒരു ഹിന്ദി അധ്യാപകനായിത്തന്നെ തുടര്‍ന്നു.

എന്റെ ക്ലാസ് അദ്ധ്യാപകന്‍ കൂടി ആയിരുന്ന സാര്‍ പഠന കാര്യങ്ങളില്‍ വളരെ കര്‍ക്കശ നയം പാലിച്ച ഒരാള്‍ ആയിരുന്നു.

കപ്പലണ്ടിയോട് വളരെ ഇഷ്ടമുണ്ടായിരുന്ന ഞാന്‍ പലപ്പോഴും പിതാവിന്റെ കൈയ്യില്‍ നിന്നും പൈസ വാങ്ങി സ്കൂളിന്റെ മതിലിനു പുറത്തു കപ്പലണ്ടിക്കച്ചവടം നടത്തുന്ന മൊയ്തു മൂപ്പരുടെ മാടക്കടയില്‍ നിന്നും  കടലയോ കപ്പലണ്ടിയോ വാങ്ങുക പതിവുണ്ടായിരുന്നു. അത് വാങ്ങി വിഷ്ണുവിനും മത്തായിക്കും ബഷീറിനും മറ്റും പങ്കു വെക്കുക എന്റെ
ഒരു  പതിവായിരുന്നു.

അന്നൊരിക്കല്‍ പതിവ് പോലെ കപ്പലണ്ടിയും വാങ്ങി ക്ലാസ്സിലെത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു. 
പണിക്കര്‍ സാര്‍ അന്നത്തെ പാഠം പഠിപ്പിച്ചു തുടങ്ങിയിരുന്നു.

ഇന്നു സാറിന്റെ ചൂരല്‍ക്കഷായം  കിട്ടിയത് തന്നെ എന്ന് മനസ്സില്‍ ഉറച്ചു വിറയലോടെ ഞാന്‍ ക്ലാസ്സിന്റെ വാതില്‍ക്കല്‍ എത്തി.

എന്നെക്കണ്ടതും സാര്‍ ഒന്ന് തുറിച്ചു നോക്കി

ഞാനാകെ വിയര്‍ത്തു പോയി

അപ്പോഴാണ്‌ ഞാന്‍ വാങ്ങിയ കപ്പലണ്ടിപ്പൊതി എന്റെ കയ്യില്‍ ഇരിക്കുന്ന കാര്യം ഞാന്‍ ഓര്‍ത്തത്‌.

പെട്ടന്ന് അത് മറയ്ക്കാനായി ഒരു വിഫല ശ്രമം ഞാന്‍ നടത്തി.

കപ്പലണ്ടിപ്പൊതി നിക്കറിന്റെ കീശയിലേക്ക്‌ വേഗം ഞാന്‍ തിരുകിക്കയറ്റി,

അത് കണ്ട സാര്‍.

ഡാ  എന്താണതു?   

ഞാന്‍ കപ്പലണ്ടിപ്പൊതി പുറത്തെടുത്തു,

അഴിക്കെടാ അത്.

ഞാന്‍ പൊതിയഴിച്ചു.

ക്ലാസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു.

കുട്ടികളില്‍ ചിലര്‍ കുശുകുശുക്കുവാന്‍ തുടങ്ങി.

ഞാന്‍ നിന്നിടം താഴേക്കു താഴുന്നത് പോലെ എനിക്കു തോന്നി.

ഇനിയെന്താണോ സാറിന്റെ അടുത്ത പരിപാടി എന്നോര്‍ത്തു ഞാന്‍ വിയര്‍പ്പില്‍ കുളിച്ചു നില്‍ക്കുന്നത് കണ്ട സാര്‍ എന്റെ അടുത്തേക്ക് വന്ന് തോളില്‍ പിടിച്ചു ചോദിച്ചു,

"ഇതാണോ കാരണം ക്ലാസ്സിലെത്താന്‍ വൈകിയത്?

ഒരക്ഷരം ഉരിയാടാന്‍ കഴിയാതെ ഞാന്‍ മൂകനായി നിന്നു.

സാര്‍ പിന്നീടൊന്നും ചോദിച്ചില്ല.

ആ പൊതി മേശമേല്‍ വെച്ചിട്ട് പോയി സീറ്റില്‍ ഇരിക്കൂ എന്നു മാത്രം പറഞ്ഞു.

അത് കേട്ടതും ഒരു യന്ത്രം കണക്കെ ഞാനാ പൊതി സാറിന്റെ മേശമേല്‍ നിക്ഷേപിച്ചു എന്നിട്ട് എന്റെ സീറ്റില്‍ പോയിരുന്നു.

ദൈവമേ ഇനി എന്തെല്ലാമാണോ സംഭവിക്കാന്‍ പോകുന്നത്.

പിതാവിനെക്കൂട്ടി വരാന്‍ പറയുമോ എന്തോ, അതോ ഇനി മറ്റു വല്ല ശിക്ഷയോ മറ്റോ കിട്ടുമോ, ആകെ കുഴപ്പം ആയല്ലോ. ഇങ്ങനെ നിരവധി ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി.

ഒന്നും സംഭവിക്കാത്ത മട്ടില്‍ സാര്‍ വീണ്ടും പാഠം പഠിപ്പിക്കുവാന്‍ തുടങ്ങി.

അക്ഷമയോടെ എല്ലാം കേട്ടിരുന്നു എങ്കിലും ഒന്നും മനസ്സില്‍ പതിഞ്ഞില്ല.

സാര്‍ തരാന്‍  പോകുന്ന ശിക്ഷ എന്തായിരിക്കുമോ എന്നത് മാത്രമായ്രിരുന്നു എന്റെ അപ്പോഴത്തെ ചിന്ത.

പെട്ടന്ന് ആദ്യ ക്ലാസ് അവസാനിച്ചു എന്നുള്ള മണി ശബ്ദം മുഴങ്ങി.

അടുത്തതു പീ ടീ ക്ലാസ് ആണ്. 

എല്ലാവരും പുറത്തേക്കു പോകുവാനായി എഴുന്നേറ്റു.

കുട്ടികള്‍ എല്ലാവരും ക്ലാസ്സിനു പുറത്തെത്തി ഞാനും പതിയെ പുറത്തേക്കു പോകുവാനായി തുടങ്ങുന്നത് കണ്ടു സാര്‍ എന്നെ വിളിച്ചു.

ഫിലിപ്പ് ഇവിടെ വരൂ,

മേശമേല്‍ ഇരിക്കുന്ന കപ്പലണ്ടിപ്പൊതി ചൂണ്ടി സാര്‍ പറഞ്ഞു.

ഈ പൊതിക്കെട്ടു നിന്റേതല്ലേ എടുത്തോളൂ, ഉം  പൊയ്ക്കോ, ഇനി ഇതാവര്‍ത്തിക്കരുത്‌ കേട്ടോ!

എന്റെ ശ്വാസം നേരെ വീണതപ്പോള്‍  മാത്രമായിരുന്നു.

പൊതിയുമായി ക്ലാസ്സിനു പുറത്തിറങ്ങിയ എന്നെ കൂട്ടുകാര്‍ വട്ടം പൊതിഞ്ഞു.

എന്താടാ സാര്‍ എന്തു പറഞ്ഞു?.

ഞാന്‍ നടന്ന സംഭവം അവരോടു പറഞ്ഞു.

കൂട്ടത്തില്‍ സരസ്സനായ കുട്ടന്‍ പറഞ്ഞു.

സംഭവം കൊള്ളാമല്ലോ, "
ക്യാപ്റ്റന്‍ കുക്കിനെ സൂയസ് കാനാലില്‍ വെച്ച് കപ്പലണ്ടിപ്പൊതി സഹിതം തൊണ്ടിയോടെ പിടിച്ചേ!!! പൂ ഹോയി!!!

മറ്റു കുട്ടികള്‍ അത് കേട്ടു വീണ്ടും വീണ്ടും കൂകി വിളിച്ചു. ഒപ്പം കുട്ടന്‍ തട്ടി വിട്ട പല്ലവി അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

അങ്ങനെ എന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിയുന്നത്‌ വരെ "ക്യാപ്റ്റന്‍ കുക്ക്" എന്നൊരു നാമധേയവും എനിക്കു ലഭിച്ചു.

സാറിന്റെ അന്നത്തെ ആ പ്രതികരണം എന്നില്‍ സാറിനോടുള്ള ആദരവ് വര്‍ദ്ധിപ്പിച്ചു എന്നു ഞാന്‍ എടുത്തു പറയട്ടെ.

സാര്‍ എന്നും എല്ലാവര്‍ക്കും ഒരു മാതൃകാ അദ്ധ്യാപകനായിരുന്നു.

                              
              ശുഭം
 

 

പേരിലെന്തിരിക്കുന്നു? അഥവാ 'ഏരിയല്‍' എന്ന എന്റെ തൂലികാ നാമത്തിനു പിന്നിലെ കഥ What's There in a Name? Or The Story Behind My Pen Name Ariel

40 comments
What's There in a Name? ഒരു പേരിലെന്തിരിക്കുന്നു?

നാം സര്‍വ്വ സാധാരണയായി കേള്‍ക്കാറുള്ളതും പറയാറുള്ളതുമായ  ഒരു പല്ലവി അല്ലേ?

പലപ്പോഴും നാമതങ്ങനെ പറഞ്ഞു വിടുന്നു. എന്നാല്‍ അതേപ്പറ്റി അല്‍പ്പം കൂടി ഗഗനമായി ചിന്തിച്ചാല്‍ അതില്‍ കുറേക്കൂടി സത്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ കഴിയും.

ഒരുദാഹരണത്തിന് എന്റെ തന്നെ പേര്‍ എടുക്കാം  "ഏരിയല്‍" എന്ന നാമം അതെന്റെ യഥാര്‍ത്ഥ നാമം അല്ല മറിച്ച് ഞാന്‍ എടുത്ത അല്ലെങ്കില്‍,എനിക്കു വന്ന് ചേര്‍ന്ന ഒരു പേരത്രേ!

ബ്ലോഗെഴുത്തിലൂടെ ഇന്നു പലര്‍ക്കും ഈ പേര് പരിചിതമെങ്കിലും, പലര്‍ക്കും അതിന്റെ പിന്നിലെ കഥ/ചരിത്രം അറിയില്ല, നിരവധി സുഹൃത്തുക്കള്‍ ഈ അടുത്ത നാളുകളിലായി ഇതോടുള്ള ബന്ധത്തില്‍ തൊടുത്തു വിട്ട ചോദ്യ / സംശയ ശരങ്ങള്‍ ആണീ കുറിപ്പിന്നാധാരം. ചുരുക്കം ചില വാക്കുകളില്‍ അതിവിടെ കുറിക്കട്ടെ!


Cloud Created by pva
ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു സംഭവം: എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം.

വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍: Web Comments Some Thoughts and Suggestions....

118 comments
(Blog Comments Some Thoughts: Or A Personal Experiences of a Blogger) 

Pic.Credit. Google/man made design studio
ബ്ലോഗ്‌ പേജുകളില്‍ നാം കൊടുക്കുന്ന കമന്റുകള്‍  നമ്മുടെ ഓണ്‍ലൈന്‍ ജീവിതത്തിലും ഓഫ്‌ ലൈന്‍ ജീവിതത്തിലും വിവിധങ്ങളായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവയത്രേ.   ഒരു പ്രത്യേക വിഷയത്തിലോ വ്യക്തിപരമായ വിഷയത്തിലോ തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തുന്നതിനു നമ്മുടെ കമന്റുകള്‍ വഴിയൊരുക്കും. അനേകായിരം മൈലുകള്‍ അകലെയുള്ള ഒരു വ്യക്തിയുമായി നല്ലൊരു ബന്ധം തുടങ്ങുന്നതിനും, അത് അരക്കിട്ടുറപ്പിക്കുന്നതിനും നമ്മുടെ കമന്റുകള്‍ വഴി വെക്കുന്നു.  ഒപ്പം ചില അവസരങ്ങളില്‍ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തന മണ്ഡലങ്ങളിലേക്കതു നീങ്ങുന്നതിനും,അതുമൂലം അത് വിപുലീകരിക്കുന്നതിനും അത് കാരണമാകാം.   ഒപ്പം നാം ആയിരിക്കുന്ന സമൂഹത്തില്‍ നിന്നും വളരെ വിസ്തൃതമായ ഒരു സമൂഹത്തിലെ അംഗങ്ങള്‍ ആണ് നാം എന്ന ഒരു ബോധം നമ്മില്‍ ഉണര്‍ത്തുന്നതിനും അത് കാരണമാകുന്നു.

ഈ ചെറു ലേഖനത്തിലൂടെ ഓരോ ബ്ലോഗര്‍മാരും വിശേഷിച്ചു ബ്ലോഗുകളില്‍ കമന്റു എഴുതുന്നവരും അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ എന്റെ അനുഭവ വെളിച്ചത്തില്‍ മനസ്സിലാക്കിയവ പറയുവാന്‍ താത്പര്യപ്പെടുന്നു.

Visit PHILIPScom

PHILIPScom On Facebook