ബ്ലോഗ്‌ മാന്ദ്യമോ? ചില ചിന്തകൾ

No Comments

ശ്രീ. ഇ എ സജിം തട്ടത്തുമല
"പ്രസിദ്ധ  എഴുത്തുകാരനും, ബ്ലോഗറും, പത്രാധിപരുമായ ശ്രീ. ഇ എ സജിം തട്ടത്തുമലയുമായി" ഇന്ന് അൽപ്പ സമയം  ചാറ്റിലൂടെ സംസാരിക്കുകയുണ്ടായി, വിവിധ വിഷയങ്ങൾ സംസാരിച്ചെങ്കിലും,  പെട്ടന്നു ബ്ലോഗെഴുത്തും  അതിന്റെ ഇപ്പോഴത്തെ 'മന്ദതയും' അഥവാ 'മെല്ലപ്പോക്കും' ആയി പ്രധാന സംസാര വിഷയം.

ഞാൻ പറഞ്ഞു, 'വളരെ ഗൗരവതരമായ ഒരു വിഷയം തന്നെ,  എഴുത്തുകാരിൽ പലരും ഇന്ന് ബ്ലോഗ്‌ ഉപേക്ഷിച്ചു സോഷ്യൽ സൈറ്റുകളിൽ അഭയം തേടുന്നതിനാൽ പലരുടേയും ബ്ലോഗിൽ കാര്യമായൊന്നും പ്രത്യക്ഷപ്പെടുന്നുമില്ല.' ഒരു പക്ഷെ തങ്ങൾക്കു കിട്ടുന്ന സമയത്തിന്റെ  ഒരു നല്ല പങ്കും അവിടെ ചിലവഴിക്കുന്നതായിരിക്കാം ഒരു കാരണം.   എന്തായാലും ഇതൊരു സത്യമായി തന്നെ അവശേഷിക്കുന്നു.

ഈ നില തുടർന്നാൽ ബ്ലോഗെഴുത്തിന്റെ ഭാവി എന്താകും ?

ആശങ്കാജനകമായ ഒരു ചോദ്യമത്രേ ശ്രീ സജിം ഉന്നയിച്ചത് !

അതേപ്പറ്റി ചിന്തിച്ച എനിക്കും അതു തന്നെ തോന്നി.

ഇവിടെ നമുക്കു എന്ത് ചെയ്യുവാൻ കഴിയും!

നമുക്കൊന്നുറക്കെ ചിന്തിക്കാം!

ബ്ലോഗെഴുത്തിന്റെ സാദ്ധ്യതകൾ സീമാതീതമത്രെ, ഇവിടെ അതിനൊരു വിലക്കോ, നിയന്ത്രണമോ ഇല്ല എന്നതു തന്നെ അതിന്റെ മുഖ്യ കാരണവും.  ഈ നല്ല സന്ദർഭം നമുക്കു തക്കത്തിൽ ഉപയോഗിക്കാം. നമ്മുടെ സർഗ്ഗ സൃഷ്ടികൾ നമുക്കു കുറിച്ചു വെക്കാം, അത് വരും തലമുറകൾക്കു ഒരു മുതൽക്കൂട്ടാകും എന്നതിൽ സംശയം വേണ്ട.  

ഇവിടെ നാം തന്നെ എഴുത്തുകാരും പ്രസാധകരും ആകുമ്പോൾ  അത് വായിക്കുന്നവർ അതിൽ വരുത്തേണ്ട മാറ്റങ്ങൾ, കുറവുകൾ പരസ്പരം പറയുകയും ചർച്ച ചെയ്യുകയും ചെയ്താൽ നമ്മുടെ സൃഷ്ടികൾ ഉത്തമ രചനകളുടെ കൂട്ടത്തിൽ എത്തുകയും ചെയ്യും. അത് ബ്ലോഗെഴുത്തിനെ സംശയ ദൃഷ്ടിയോടെ കാണുന്നവർക്കും, അതിനെ ചവറെഴുത്തെന്നും, മറ്റു ചില സാഹിത്യങ്ങൾ എന്നു ഓമനപ്പേരിട്ടു വിളിക്കാൻ  വെമ്പൽ കൊള്ളുന്നവർക്കും ഒരു നല്ല തിരിച്ചടിയാകും.

അതുകൊണ്ടു നമ്മുടെ രചനകൾ കഴിവുള്ളിടത്തോളം ബ്ലോഗിൽ തന്നെ എഴുതുവാനും അതു മറ്റുള്ളവരിലേക്ക് എത്തിക്കാനും നമുക്കു പരമാവധി ശ്രമിക്കാം, ഇക്കാര്യത്തിൽ നമുക്കു തീർച്ചയായും മറ്റു സോഷ്യൽ വെബ്‌ സൈറ്റുകളെ ആശ്രയിച്ചേ മതിയാകൂ.

ബ്ലോഗ്‌ എഴുതുന്ന സുഹൃത്തുക്കൾ, ഇപ്പോൾ കൂടുതലും സോഷ്യൽ സൈറ്റുകളിൽ സമയം ചിലവഴിക്കുന്ന എഴുത്തുകാർ, ഇത് വളരെ ഗൌരവതരമായി തന്നെ എടുക്കേണ്ടതുണ്ട്‌.  പലപ്പോഴും ഫേസ് ബുക്ക്‌ തുടങ്ങിയ സൈറ്റുകളിൽ എഴുതുന്നതു പിന്നീട് വായിക്കാനോ ചിലപ്പോൾ തിരഞ്ഞു പിടിക്കാനോ കഴിയാതെ വരുന്നു. ചിലപ്പോൾ ഒരിക്കലും പിന്നീടത്‌ കണ്ടെത്താനും കഴിഞ്ഞെന്നു വരില്ല. ഫേസ് ബുക്കിന്റെ അടിത്തട്ടിലേക്കതു ഇനി ഒരിക്കലും പൊങ്ങി വരാതവണ്ണം താഴ്ന്നു പോകുന്നു, എത്ര മുങ്ങിത്തപ്പിയാലും കണ്ടെത്താനാകാതെ അത് നഷ്ടമാകുന്നു.  അങ്ങനെ അനേകരിലേക്കു എത്തേണ്ട നല്ല നല്ല രചനകൾ പലപ്പോഴും നഷ്ടമാവുകയും ചെയ്യുന്നു. ഇവിടെയാണ്‌ ബ്ലോഗെഴുത്തിന്റെ പ്രസക്തി പ്രബലപ്പെടുന്നതും.

ബ്ലോഗിൽ ഒരു കാലത്തു സജീവമായിരുന്ന പലരും ഇന്ന് മാറി നിൽക്കുന്നതുപോലെ ഒരു  തോന്നൽ, ഒരു പക്ഷെ അവർക്കിവിടെ ലഭിക്കുന്ന പ്രതികരങ്ങങ്ങളുടെ/പ്രോത്സാഹനങ്ങളുടെ കുറവോ, അതോ സമയ ദാരിദ്ര്യമോ എന്താണന്നറിയില്ല, തീർച്ചയായും സമയം ഇവിടെ ഒരു വില്ലൻ ആണെന്നതിൽ സംശയം ഇല്ല. 

പിന്നെ ബ്ലോഗിൽ ഇപ്പോൾ കണ്ടു വരുന്ന ഈ മാന്ദ്യതക്കുള്ള മറ്റൊരു കാരണം.  തങ്ങൾ എഴുതുന്നവ വായിക്കുവാൻ ആളെ കിട്ടാതെ പോകുന്നു എന്നൊരു തോന്നൽ മൂലം പലരും ബ്ലോഗ് ഉപേക്ഷിച്ചു പോകുവാൻ തീരുമാനിക്കുന്നു. എങ്കിലും എഴുത്തുകാർ കുറേക്കൂടി മുൻകൈ എടുത്താൽ ബ്ലോഗുകൾ സജീവം ആകും എന്നതിലും  സംശയം ഇല്ല.  

ബ്ലോഗ്‌ എഴുത്തിനൊപ്പം മറ്റുള്ളവരുടെ ബ്ലോഗു സന്ദർശിക്കാനും അവിടെ ക്രീയാത്മകമായ ചില കുറിപ്പുകൾ അഥവാ കമന്റുകൾ എഴുതാൻ അൽപ്പസമയം കണ്ടെത്തുകയും ചെയ്താൽ പുതുതായി ബ്ലോഗ്‌ എഴുത്തിലേക്ക്‌ വരുന്നവർക്കു അതൊരു വലിയ പ്രോത്സാഹനം ആവുകയും അവർക്ക് ഇനിയും ഇനിയും എഴുതണം ഇവിടെത്തന്നെ പിടിച്ചു നിൽക്കണം എന്നൊരു തോന്നൽ ഉണ്ടാകുന്നതിനും സംഗതിയാകുന്നു, ഒപ്പം, അത്, കൂടുതൽ എഴുതണം എന്നുള്ള ഒരു പ്രേരണ ലഭിക്കുന്നതിനും കാരണമാകുന്നു. 

കമന്റു ഇടുന്നവർ, ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ബ്ലോഗു വായിക്കാതെ വെറുതെ രണ്ടു വാക്ക് കമന്റിനു വേണ്ടി മാത്രം പറയാതിരിക്കുക, ബ്ലോഗ്‌ വായിച്ചു തന്നെ, ഉള്ളത് ഉള്ളത് പോലെ മുഖസ്തുതിയല്ലാതെ  പറയുവാൻ ശ്രമിച്ചാൽ മിക്കവർക്കും അവർക്ക് സംഭവിച്ച പാളിച്ചകൾ മനസ്സിലാക്കുവാനും അത് തിരുത്തി കൂടുതൽ നല്ല രചനകൾ സൃഷ്ടിക്കുവാനും അത് സഹായകമാകുന്നു. 

കുറേക്കാലം മുൻപ് ബ്ലോഗ്‌ കമന്റുകളോടുള്ള ബന്ധത്തിൽ ഞാൻ എഴുതിയ ഒരു ലേഖനം ഇത്തരുണത്തിൽ പ്രസ്താവ്യമത്രേ, അത്  ഇവിടെ വായിക്കുക. കമന്റു എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അനുഭവത്തിലൂടെ പഠിച്ചവ അവിടെ കുറിച്ചിരിക്കുന്നു.


മറ്റൊരു നിർദ്ദേശം:
ബ്ലോഗ്‌ എഴുത്തിലും വായനയിലും താല്പര്യം ഉള്ളവർ. ഓരോ ദിവസവും തങ്ങൾക്കു ലഭിക്കുന്ന സമയത്തിൽ ഒരു പങ്കു മറ്റു ബ്ലോഗുകൾ സന്ദർശിക്കാനും, (കുറഞ്ഞത്‌ ഒരു മൂന്നോ നാലോ എണ്ണം, സമയ ലഭ്യതയനുസരിച്ച് എണ്ണം കൂട്ടുകയും ചെയ്യാം) അവിടെ ക്രീയാത്മകാമായ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ശ്രമിക്കും എന്നൊരു തീരുമാനം എടുക്കുകയും, അത് പ്രാവർത്തികമാക്കുകയും ചെയ്താൽ പിന്മാറി നില്ക്കുന്ന പലരും വീണ്ടും ബ്ലോഗിൽ എത്താനും, സജീവമാകാനും  സാദ്ധ്യതയുണ്ട്. ഇത്തരം ഒരു തീരുമാനം എടുക്കുവാൻ നമ്മിൽ ചിലർ ഒരുമിച്ചു ശ്രമിച്ചാൽ അതൊരു വലിയ കൂട്ടായ്മയുടെ തുടക്കമാകും. ഇങ്ങനെ ഒരു ശ്രമം നമുക്ക് നടത്തിക്കൂടെ!!!
ചിന്തിക്കുക.

ഈ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിച്ചാൽ ഇപ്പോഴുള്ള ഈ മാന്ദ്യതക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും എന്നാണെന്റെ വിശ്വാസം 

ഇക്കാര്യത്തിൽ നമുക്കോരോരുത്തർക്കും എന്തു ചെയ്യുവാൻ കഴിയും? 

കമന്റു ബോക്സിലൂടെ നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും പങ്കു വെക്കുക. അങ്ങനെ അതിൻപ്രകാരം മുൻപോട്ടു പോകുവാനും ബ്ലോഗുലകം തന്മൂലം കൂടുതൽ സജീവമാകുവനും, അത് കൂടുതൽ പേരിലേക്ക്  എത്തിക്കുവാനും കാരണമാകും.

ഈ കാര്യത്തിൽ സഹകരിക്കാൻ താൽപ്പര്യം ഉള്ളവർ ദയവായി ശ്രീ സജിം തട്ടത്തുമലയുമായി ബന്ധപ്പെടുക. 
അദ്ദേഹത്തിന്റെ ഈ മെയിൽ വിലാസം: easajim@gmail.com 
ബ്ലോഗിലേക്കുള്ള വഴി: വിശ്വമാനവികം

ബ്ലോഗ്‌ എഴുത്തിനോടുള്ള ബന്ധത്തിൽ തരംഗിണി ഇ. മാസിക ഈ ലക്കത്തിൽ പ്രസിദ്ധീകരിച്ച ഈ ഇന്റർവ്യൂ കൂടി ചേർത്തു വായിക്കുക.  ബ്ലോഗിന്റെ അനന്ത സാദ്ധ്യതകളെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും ചിന്തിക്കാനും അതു സഹായകമാകും.  അതിനായി ഇവിടെ അമർത്തുക. ഏതായാലും ബ്ലോഗെഴുത്തുകാർ കുറേക്കൂടി പരസ്പരം സഹകരിച്ചാൽ ഇപ്പോഴുള്ള ഈ മാന്ദ്യത്തിനു ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും എന്നാണെന്റെ വിശ്വാസം.


വാൽക്കഷണം:
ബ്ലോഗ്‌ എഴുത്തിൽ അടുത്തിടെ ശ്രദ്ധയിൽപ്പെട്ട ഒരു വസ്തുത ചില പ്രീയപ്പെട്ടവരുടെ അറിവിലേക്കായി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.

സമയ ലഭ്യത അനുസരിച്ച് നാം പല ബ്ലോഗുകളും സന്ദർശിക്കുന്നവരാണല്ലോ, ഒപ്പം മിക്കപ്പോഴും ആ ബ്ലോഗുകളിൽ നാം ഫോളോവെർസ് ആയി ചേരാറുമുണ്ടല്ലോ അതുപോലെ മറ്റു സന്ദർശകർ നമ്മുടെ ബ്ലോഗുകളിലും എത്തുകയും ബ്ലോഗിൽ ചേരുകയും ചെയ്യാറുണ്ടല്ലോ, എന്നാൽ നിർഭാഗ്യവശാൽ അവരുടെ അവതാർ ചിത്രത്തിൽ അമർത്തി  അവരുടെ പേജിൽ എത്തിയാൽ അവരുടെ ബ്ലോഗിലേക്കുള്ള വഴി കണ്ടെത്താൻ കഴിയാതെ വരുന്നു. പ്രാധാനമായും ഗൂഗിൾ പ്ലസ്സിൽ ചേർന്നവരുടെ ഗൂഗിൾ പ്ലസ് പേജിൽ ചെന്നാൽ അവരുടെ ബ്ലോഗിലേക്കുള്ള ലിങ്കിന്റെ ഒരു തരി പോലും അവിടെ കാണില്ല,  അതുകൊണ്ട് പലപ്പോഴും അവർ എഴുതിയത് വായിക്കാനോ അവരുടെ ബ്ലോഗിൽ ചേരാനോ കഴിയാതെ വരുന്നു. ഈ നാളുകളിൽ നിരവധിപ്പേർ ഗൂഗിൾ പ്ലസ്സിൽ ചേരുന്നു, അതിനുള്ള ഒരു കാരണം ഗൂഗിൾ പ്ലസ് പേജിൽ ഇടുന്ന പ്രതികരണങ്ങൾ അപ്പോൾ തന്നെ അവരുടെ ബ്ലോഗുകളിലും പ്രത്യക്ഷമാകുന്നു എന്നതു തന്നെ.ഇവിടെ  ഗൂഗിൾ പ്ലസ് അവതാർ പിക്ചർ ആയി നൽകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക: അവരുടെ about പേജിൽ കുറഞ്ഞ പക്ഷം തങ്ങളുടെ ബ്ലോഗ്‌ പേജിൽ എത്താനുള്ള വഴി  url (ലിങ്ക്) തീർച്ചയായും ചേർക്കുക (ഒപ്പം മറ്റു കോണ്ടാക്റ്റ് വിവരങ്ങളും ഇവിടെ നൽകാവുന്നതാണ്) ഇല്ലെങ്കിൽ നിങ്ങൾ സന്ദർശിക്കുകയും, ചേരുകയും, കമന്റു ഇടുകയും ചെയ്യുന്ന ബ്ലോഗിൽ നിന്ന് പോലും അവർക്കു നിങ്ങളുടെ പേജിൽ എത്താൻ കഴിയാതെ പോകുന്നു. 

ഇങ്ങനെ എന്റെ ബ്ലോഗിൽ ചേർന്ന പലരുടെ ബ്ലോഗുകളിലും എനിക്കു ചെന്നു ചേരുവാനോ അവരുടെ ബ്ലോഗിൽ ചേരാനോ  കഴിയാതെ പോയി എന്നതു ഖേദത്തോടെ ഇവിടെ കുറിക്കുന്നു. 

എന്നാൽ ഇവർ ബ്ലോഗിൽ ചെരുന്നതോടൊപ്പം ഒന്നോ രണ്ടോ വാക്കിൽ ഒരു കമന്റു പോസ്റ്റു ചെയ്താൽ അവരുടെ ബ്ലോഗിൽ എത്താൻ എളുപ്പമായിരിക്കും എന്നും തോന്നുന്നു. ഇതിന്റെ ടെക്നിക്കൽ വശം അറിയാവുന്നവർ അതേപ്പറ്റി വിവരങ്ങൾ നൽകിയാൽ നന്നായിരിക്കും.

ഈ കാര്യങ്ങൾ ബ്ലോഗ്‌ എഴുത്തുകാരും, സന്ദർശകരും വായനക്കാരും ഓർക്കുന്നത് വളരെ നല്ലതാണ്.

ഇവിടെ വന്നു ഇത് വായിക്കുന്നതിനും അഭിപ്രായം കുറിക്കുന്നതിനും മുൻ‌കൂർ നന്ദി രേഖപ്പെടുത്തുന്നു.


വീണ്ടും ഒരു വാൽക്കഷണം
എന്റെ ബ്ലോഗിൽ കഴിഞ്ഞ നാളുകളിൽ ചേർന്ന താഴെക്കുറിക്കുന്നവരുടെ ബ്ലോഗുകളിൽ ഇന്നുവരേയും ചെന്നെത്താൻ കഴിഞ്ഞിട്ടില്ല കാരണം അവരുടെ അവതാർ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ താഴെ ചിത്രത്തിൽ കാണുന്ന  ഒരു ബോക്സ് പ്രത്യക്ഷപ്പെടുന്നു. അവരുമായി

ബന്ധപ്പെടുവാനോ അവരുടെ ബ്ലോഗിൽ എത്തുവാനോ ഉള്ള വഴി അവിടെ ഇല്ല. ദയവായി താഴെ കൊടുത്തിരിക്കുന്ന പേരുകാർ ഒന്നുകിൽ അവരുടെ ബ്ലോഗ്‌ പേജ് ലിങ്ക് അവരുടെ പേജിൽ കൊടുക്കുകയോ അല്ലെങ്കിൽ അവരുടെ ലിങ്ക് ഒരു കമന്റായി ഇവിടെ ചേരർക്കുകയോ ചെയ്താൽ നന്നായിരുന്നു.  അവരുടെ ബ്ലോഗ്‌ പേജിലേക്ക് എത്താൻ അതു സഹായകമാകും. 

എന്റെ ബ്ലോഗിൽ വന്നതിനും ചേർന്നതിനും വീണ്ടും നന്ദി  

1.       Sharath Prasad
2.       Elizebeth Thomas
3.       Rajeev
4.       Haadik Ali
5.       Rani Priya
6.       Kuriachen
7.       Swantham Suhruth
8.       Girish Kalleri
9.       Anil Kumar
10.   Lali tsy
11.   Lijitha T Thampy
12.   Admi jabeer
13.   Rajesh Rajashekharan

Mr. Sankaranarayana Panikar's Google+ page
മറ്റൊരുദാഹരണം: 
മുകളിൽ സൂചിപ്പിച്ചതുപോലെ പലരുടേയും ഗൂഗിൾ പ്ലസ് പേജിൽ അവരുടെ ബ്ലോഗിലേക്കുള്ള ലിങ്ക് കാണുന്നില്ല ഉദാഹരണത്തിന്  പണിക്കർ സാറിന്റെ ഗൂഗിൾ പ്ലസ് പേജിൽ  (സ്ക്രീൻ ഷോട്ട് കാണുക) പോയാലോ അവിടെ അദ്ദേഹത്തിന്റെ  YouTube ലിങ്ക് മാത്രം കാണാം.   അദ്ദേഹത്തിന്റെ പ്രധാന ബ്ലോഗിലേക്കുള്ള ലിങ്ക് അവിടെ കാണുന്നില്ല, പിന്നെ, അദ്ദേഹത്തിന്റെ post പേജിൽ പോയി ലിങ്ക് കണ്ടുപിടിക്കണം എന്നിട്ടു വേണം അവിടേക്കു പോകുവാൻ.  അധികമാരും അതിനു മുതിരുകയില്ല, പകരം അവർ മടങ്ങിപ്പോകുന്നു.  ഇങ്ങനെ പുതുതായി ബ്ലോഗിൽ വന്നവരുടേയും  ഗൂഗിൾ പ്ലസ്സിൽ പുതുതായി അക്കൗണ്ട് തുറന്നവരുടെയും പേജിൽ അവരുടെ പ്രധാന ബ്ലോഗ്‌ പേജിലേക്കുള്ള വഴി അഥവാ ലിങ്ക് ഇല്ല.  ഇവിടെ പണിക്കർ സാർ ഒരു കമന്റു നൽകിയതിന്നൽ അദ്ദേഹത്തിന്റെ പേജിൽ എത്താൻ ബുദ്ധിമുട്ടുണ്ടായില്ല.


ബ്ലോഗ്‌ എഴുത്തുകാർ ഈ സംഗതികൾ ഗൌരവമായി എടുത്താൽ തീർച്ചയായും നമ്മുടെ ബ്ലോഗുകളിൽ സന്ദർശകരുടെ തിരക്കു വർദ്ധിക്കും, നാം ചേരുന്ന ബ്ലോഗിൽ  നിന്നും തിരിച്ചു അവർ നമ്മുടെ ബ്ലോഗും സന്ദർശിക്കാൻ ഇടയുണ്ട്.
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.